ADVERTISEMENT

യാത്രകളും സംഗീതവും പരസ്പരം ഇഴചേര്‍ന്നുനില്‍ക്കുന്നവയാണ്. ഒപ്പം സംഗീതമുണ്ടെങ്കില്‍ ആ യാത്രയുടെ മൂഡ് തന്നെ മാറിപ്പോകും. അത്തരത്തില്‍ സംഗീതം അലിഞ്ഞുചേര്‍ന്ന യാത്രകളോടാണ് സംഗീതസംവിധായകൻ ഷാന്‍ റഹ്‌മാന് പ്രിയം. ജിമിക്കി കമ്മല്‍ എന്ന ഒറ്റപ്പാട്ടുകൊണ്ട് സംഗീതത്തിന് അതിരുകളില്ലെന്ന് തെളിയിച്ച, ലോകത്തെമ്പാടുമുളളവരെ ഈ പാട്ടിനൊപ്പം ചുവടു വയ്പിച്ച ഷാന്‍ നിരവധി ഹിറ്റുകളാണ് നമുക്ക് സമ്മാനിച്ചിട്ടുളളത്. ആ സംഗീത യാത്ര ഇപ്പോഴും തുടരുന്നു... ഒപ്പം കുടുംബവുമൊത്തുളള രസകരമായ യാത്രകളും. ഷാന്‍ റഹ്‌മാന്‍ പങ്കുവയ്ക്കുന്നു തന്റെ യാത്രാവിശേഷങ്ങള്‍, മനോരമ ഓണ്‍ലൈനുമായി...

ഓര്‍മകളിലേക്കൊരു യാത്ര...

ഓര്‍മകളിലേക്ക് യാത്ര പോവാനാണ് ഷാന് കൂടുതലിഷ്ടം. ചെറുപ്പത്തില്‍ കളിച്ചു വളര്‍ന്ന ഇടങ്ങള്‍, പഠിച്ച സ്‌കൂള്‍, കൂട്ടുകാര്‍... ഒഴിവുകിട്ടിയാല്‍ ആ നല്ല ഓര്‍മകളിലേക്കു മടങ്ങിപ്പോവാനാണ് ഷാന്‍ ശ്രമിക്കാറ്.

ShaanRahman2
Image Source: Shaan Rahman

ഈ ഓര്‍മകള്‍ ദുബായിലാണ്. ഒമ്പതാം ക്ലാസു വരെ ദുബായില്‍ പഠിച്ച ഷാനിന് കേരളത്തില്‍ ജീവിക്കുമ്പോഴും സ്വന്തം വീടെന്നാല്‍ ദുബായാണ്. തിരക്കിനിടയിലും എല്ലാ കൊല്ലവും കൂട്ടുകാരെയും ജനിച്ചുവളര്‍ന്ന നാടും ഒക്കെ കാണാനായി ദുബായില്‍ പോകാൻ‌ സമയം കണ്ടെത്തും.

വിനീതിനായുളള യാത്രകള്‍

ഷാന്‍ റഹ്‌മാന്റെ സംഗീതമുണ്ടെങ്കില്‍ അതില്‍ വിനീത് പാടുന്ന ഒരു പാട്ടുണ്ടാവും, ഇനി വിനീതിന്റെ സിനിമയാണെങ്കില്‍ അതില്‍ മിക്കവാറും ഷാനായിരിക്കും സംഗീതം. ഈ രണ്ടുപേരുകളും പലപ്പോഴും ഒരുമിച്ചാണ് നമ്മള്‍ കേള്‍ക്കുക പോലും. അവരുടെ ആത്മബന്ധവും അങ്ങനെതന്നെ. 

ShaanRahman3
Image Source: Shaan Rahman

‘‘വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രങ്ങള്‍ വരുമ്പോള്‍ അവനൊരു വിളിയാണ്.. നീ നിന്റെ സാധനങ്ങളൊക്കെ എടുത്ത് പുറപ്പെട്ടോ എന്നു പറയും. പിന്നെ ഞാന്‍ എന്റെ പെട്ടിയും സാധനങ്ങളും എല്ലാം കെട്ടിപ്പൂട്ടി യാത്രയ്ക്കിറങ്ങും. വളരെ രസകരമായ, ഞാനൊരുപാടിഷ്ടപ്പെടുന്ന ഒരു യാത്രയാണത്’’ - ഷാന്‍ പറയുന്നു. പിന്നെ ലക്ഷ്യം ചെന്നൈയാണ്. എന്നാലോ, ഒറ്റയടിക്ക് ചെന്നൈയിലെത്തുകയൊന്നുമില്ല. അല്‍പം ചുറ്റി വളഞ്ഞൊക്കെയാവും പലപ്പോഴും പോക്ക്. എറണാകുളത്തുനിന്ന് പാലക്കാട് വഴി ആദ്യം സേലത്തു പോകും. പിന്നെ അവിടെ ഒരു ദിവസം തങ്ങി സേലമൊക്കെ ചുറ്റിക്കറങ്ങിയാണ് ചെന്നൈയിലേക്ക് പോവുക. 

ShaanRahman1
Image Source: Shaan Rahman

സേലം - ചെന്നൈ ഹൈവേയിലൂടെ വണ്ടി ഓടിക്കാനും വളരെ ഇഷ്ടമാണെന്ന് ഷാന്‍ പറയുന്നു. സിനിമയുടെ തിരക്കെല്ലാം കഴിഞ്ഞ് തിരിച്ച് എറണാകുളത്തേക്കു വരാനും ഇതേ റൂട്ട് തന്നെയാണ് പിടിക്കാറ്. ഈ യാത്രകളെന്നും പ്രിയപ്പെട്ടതെന്ന് ഷാന്‍ പറയുന്നു.

കേരളത്തിലൂടെയുളള യാത്രകള്‍

ചൂട് ഒട്ടും ഇഷ്ടമില്ലാത്ത ആളാണ് ഷാന്‍ റഹ്‌മാന്‍. അതേസമയം അധികം തണുപ്പും അദ്ദേഹത്തിന് പറ്റില്ല. അതിനാല്‍ കാലാവസ്ഥ നോക്കിയാണ് മിക്കപ്പോഴും യാത്രപോവുന്നതും യാത്രയ്ക്കായുളള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതും. കേരളത്തിലെ യാത്രകളില്‍ ഇഷ്ടസ്ഥലം വയനാടാണ്. അവിടത്തെ കാലാവസ്ഥയും പ്രകൃതിഭംഗിയും ഒക്കെത്തന്നെ കാരണം.

ShaanRahman5
Image Source: Shaan Rahman

വയനാട്ടിലെ വൈത്തിരിയൊക്കെ ഒരുപാടു തവണ പോയിട്ടുളള സ്ഥലങ്ങളാണ്. നാട് കോഴിക്കോടായതു കൊണ്ടുതന്നെ തൊട്ടടുത്ത ജില്ലയായ വയനാടാണ് യാത്രകള്‍ക്കായി മിക്കപ്പോഴും തിരഞ്ഞെടുക്കാറ്. മൂന്നാറാണ് യാത്ര പോവാന്‍ പ്രിയം തോന്നുന്ന മറ്റൊരു സ്ഥലം. ആദ്യം മൂന്നാറില്‍ പോയത് തന്റെ പ്രിയപ്പെട്ട റേഞ്ച് റോവറിലായിരുന്നുവെന്നും ഷാന്‍ റഹ്‌മാന്‍ ഓര്‍മിക്കുന്നു. 

അവരില്ലാതെ എന്തു യാത്ര..

ജോലി സംബന്ധമായതും അപ്രതീക്ഷിതവുമായ യാത്രകള്‍ മാറ്റിനിര്‍ത്തിയാല്‍ ഷാന്‍ എവിടെ പോയാലും ഭാര്യ സൈറയും മകന്‍ റയാനും കൂടെയുണ്ടാവും. അവരില്ലാത്ത യാത്രകളില്ലെന്നാണ് ഷാന്‍ പറയുന്നത്. സ്റ്റുഡിയോയിലേക്കും തിരിച്ചു വീട്ടിലേക്കും മാത്രമാണ് ഇപ്പോഴത്തെ യാത്രകള്‍. തിരക്കിനിടയില്‍ മിക്കപ്പോഴും യാത്രകള്‍ക്കായി സമയം കിട്ടാറില്ലെന്ന പരാതി വീട്ടുകാരില്‍ നിന്ന് ഉയരാറുണ്ടെങ്കിലും കൊല്ലത്തില്‍ ഒരിക്കല്‍ മുടങ്ങാതെ യാത്രപോവാറുണ്ടെന്ന് ഷാന്‍ പറയുന്നു. 

ShaanRahman4
Image Source: Shaan Rahman

മകന്‍ റയാനു വേണ്ടിയാണ് ഇപ്പോഴത്തെ യാത്രകള്‍ മിക്കതും. ചുമ്മാ ഒന്നു കറങ്ങിയിട്ട് വരാമെന്ന് ചിലപ്പോള്‍ റയാന്‍ പറയും. അപ്പോള്‍ വണ്ടിയുമായി ഒന്ന് ചുറ്റിയടിക്കും. ഇപ്പോള്‍ യാത്രകള്‍ അതിലേക്കു ചുരുങ്ങി. റയാനും സൈറയുമല്ലാതെ യാത്രയ്ക്കൊപ്പം ചേരുന്ന മറ്റ് രണ്ടുപേരാണ് അടുത്ത സുഹൃത്തായ ജീവയും ഭാര്യ അപര്‍ണയും. 

വിദേശയാത്രകള്‍ വെറും യാത്രകള്‍ മാത്രം

ഷോയുടെ ആവശ്യങ്ങള്‍ക്കായി ഒരുപാട് വിദേശയാത്രകള്‍ പോയിട്ടുണ്ടെങ്കിലും ആ യാത്രകളൊക്കെ മിക്കപ്പോഴും തിരക്കേറിയതായിരിക്കും. ഷോയ്ക്കു വേണ്ടിയുളള പ്രാക്ടീസെല്ലാം കാരണം സ്ഥലങ്ങള്‍ കാണാന്‍ പോവുകയെന്നത് മിക്കപ്പോഴും ചടങ്ങായി മാറും. അതുകൊണ്ടുതന്നെ മിയാമിയില്‍ പോയോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ തീര്‍ച്ചയായും പോയിട്ടുണ്ട്, ഒരുപാട് തവണ. എന്നാലോ പ്രശസ്തമായ മിയാമി ബീച്ച് പോലും കാണാന്‍ പോയിട്ടില്ല എന്നതാണ് സത്യമെന്ന് ഷാന്‍ റഹ്‌മാന്‍ പറയുന്നു. ജനിച്ചുവളര്‍ന്ന ദുബായിലേയ്ക്കാണ് ഏറ്റവും കൂടുതല്‍ ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് ഷാന്‍ യാത്ര ചെയ്തിട്ടുളളത്. 

ഇനി ഇവിടങ്ങളിലേക്ക് പോവണം

യാത്രകളെ ഒരുപാട് ഇഷ്ടപ്പെട്ടിട്ട് മാത്രം കാര്യമില്ല, അതിനുളള സാഹചര്യവും കൂടി ഒത്തുചേര്‍ന്നാലേ അതു സംഭവിക്കൂ. അത്തരം യാത്രകള്‍ക്കായി കാത്തിരിക്കുകയാണ് ഷാന്‍. ‘‘മലയെന്ന് ആലോചിക്കുമ്പോള്‍ തന്നെ ഞാന്‍ തുമ്മാന്‍ തുടങ്ങും. ഇഷ്ടസ്ഥലങ്ങളായ വയനാടും മൂന്നാറുമൊക്കെ പോയാലും ഒന്ന് തുമ്മിയാല്‍ പിന്നെ തുമ്മിക്കൊണ്ടേയിരിക്കും. തണുപ്പ് വലിയ പ്രശ്‌നമാണ്’’ ഷാന്‍ പറയുന്നു. 

ShaanRahman6
Image Source: Shaan Rahman

മലയും കുന്നും കയറുന്നതിനേക്കാള്‍ ഷാന്‍ റഹ്‌മാന് ഇഷ്ടം കടലും തീരവുമാണ്. അതുകൊണ്ടുതന്നെ മാലദ്വീപ്, മൗറീഷ്യസ്, ബാലി എന്നിവിടങ്ങളില്‍ പോവണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരിക്കല്‍ കുടുംബത്തിനൊപ്പം ചെറായി ബീച്ചിനടുത്തുളള ഒരു റിസോര്‍ട്ടില്‍ രണ്ടുദിവസം പോയി നിന്നിരുന്നു. ഇത്തരത്തില്‍ ബീച്ചിനടുത്തുളള സ്ഥലങ്ങളില്‍ പോവാനും താമസിക്കാനുമൊക്കെ ഇഷ്ടമാണ്. ഗൃഹാതുരത ഒരുപാട് ഇഷ്ടപ്പെടുന്നതുകൊണ്ടുതന്നെ അത്തരം നിര്‍മിതികള്‍ തന്നെ മറ്റൊരു തലത്തിലേക്കെത്തിക്കുമെന്നും ഷാന്‍ പറയുന്നു. 

സംഗീത യാത്ര

സംഗീതത്തിനു വേണ്ടിയുളള യാത്രകളില്‍ ഷാനിന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന യാത്ര അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനുവേണ്ടി മൂകാംബികയില്‍ പോയതാണ്. ചെന്നൈയില്‍ ഒരു സിനിമയുടെ കമ്പോസിങ്ങിന് വേണ്ടി പോയതായിരുന്നു ഷാന്‍. അവിടുന്ന് വിനീത് ശ്രീനിവാസനൊപ്പമാണ് തിരികെ പോരാനിരുന്നത്. എറണാകുളത്തേക്ക് ടിക്കറ്റെടുക്കാനൊരുങ്ങിയപ്പോള്‍, വേണ്ട, ഞാനെടുത്തോളാമെന്ന് വിനീത് പറഞ്ഞു. അപ്പോള്‍ വിനീതിന് ഭയങ്കര സ്‌നേഹമായിരുന്നെന്ന് ഷാന്‍ ചിരിച്ചുകൊണ്ട് പറയുന്നു. 

ShaanRahman7
Image Source: Shaan Rahman

ഷാനിനെ ഒന്നിനും സമ്മതിക്കാതെ വിനീത് ഓരോന്ന് പറഞ്ഞ് ശ്രദ്ധതിരിച്ചുകൊണ്ടിരുന്നു. അങ്ങനെ ടിക്കറ്റെടുത്ത് ഭക്ഷണവും കഴിച്ച് ഫ്‌ളൈറ്റിനായി കാത്തുനില്‍ക്കുമ്പോഴാണ് നമ്മള്‍ എറണാകുളത്തേക്കല്ല, മംഗലാപുരത്തേക്കാണ് പോവുന്നതെന്ന് വിനീത് ഷാനിനോട് പറയുന്നത്. അങ്ങനെ മൂകാംബിക, കുടജാദ്രി ഒക്കെ വിനീത് പറ്റിച്ചു കൊണ്ടുപോയിട്ടുണ്ട്. എന്നാല്‍ അത് അരവിന്ദന്റെ അതിഥികൾ എന്ന സിനിമയ്ക്കുവേണ്ട പാട്ടുകളുടെ മൂഡ് കിട്ടാന്‍ ഒരുപാട് സഹായിച്ചുവെന്നും ഷാന്‍ ഓര്‍ക്കുന്നു.

ഇനി മറ്റൊരു യാത്രകഥ....

നീ ബ്രേക്ക് എടുത്തേ പറ്റൂ എന്ന് പറഞ്ഞാണ് ഒരിക്കല്‍ ആര്‍ജെ മാത്തുക്കുട്ടിയും വിനീത് ശ്രീനിവാസനും കാണാന്‍ വന്നത്. ആ കൂടിക്കാഴ്ച അപ്രതീക്ഷിതമായ ഒരു യാത്രയിലാണ് അവസാനിച്ചത്. ഒന്ന് ഭക്ഷണം കഴിച്ച് ഉടനെ വരാമെന്ന് പറഞ്ഞ് വിനീതും മാത്തുക്കുട്ടിയും ഷാനിനെ പിടിച്ച് വണ്ടിയിലിരുത്തുകയായിരുന്നു. പിന്നെ എങ്ങും നിര്‍ത്താതെ ഒറ്റപ്പോക്കായിരുന്നു അതിരപ്പിളളിയിലേക്ക്. 

നല്ല മഴയുളള ദിവസമായിരുന്നതുകൊണ്ടുതന്നെ പാട്ടൊക്കെവച്ച് നല്ലൊരു മൂഡായിരുന്നു ആ യാത്രയ്ക്ക്. പിന്നെ കാലടിയില്‍ ചെന്ന് ഭക്ഷണമൊക്കെ കഴിച്ചാണ് തിരികെപ്പോന്നത്. യാത്രകളെന്നു പറയുമ്പോള്‍ ഷാന്‍ റഹ്‌മാന്റെ ഓര്‍മകളില്‍ നിറയുന്ന ഒരു രസകരമായ യാത്രയാണിത്. 

സരസമായി സംസാരിക്കുന്ന, താനെങ്ങനെയാണോ അങ്ങിനെതന്നെ എല്ലാവരോടും പെരുമാറാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഷാന്‍. സംഗീതത്തിന് പ്രചോദനമാകുന്ന യാത്രകള്‍ക്കും കുടുംബത്തോടൊപ്പമുളള വിനോദയാത്രകള്‍ക്കുമായി ഇനിയും കാത്തിരിക്കുകയാണ് ഷാന്‍ റഹ്‌മാന്‍.

English Summary: Celebrity Travel, Travel Experience by Shaan Rahman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com