ADVERTISEMENT

വിദേശ രാജ്യങ്ങളുമായി കിടപിടിക്കുന്ന എത്രയെത്ര നാടുകളാണ് ഇന്ത്യയിലുള്ളത്! എത്ര പേർക്ക് മഞ്ഞും സ്മാരകങ്ങളും ഒക്കെ കാണാൻ വേണ്ടി സ്വിറ്റ്സര്‍ലൻഡിലും ഗ്രീക്കിലും ഒക്കെ പോകാനാകും? വിദേശ രാജ്യങ്ങളിൽ യാത്ര പോവുക സാധാരണ മനുഷ്യരെ സംബന്ധിച്ച് പലപ്പോഴും എളുപ്പമല്ല. നീണ്ട യാത്രയ്ക്ക് വേണ്ടിയുള്ള അവധി, പണം തുടങ്ങി എല്ലാം പ്രശ്നമാണ്. എന്നാൽ അത്തരം മനോഹര കാഴ്ചകൾ നമ്മുടെ രാജ്യത്തു തന്നെയുണ്ട്. അതിൽപെട്ട ചില ഇടങ്ങളെപ്പറ്റി അറിയാം.

ഹംപി

ഇന്ത്യയിലെ ക്ഷേത്ര നഗരങ്ങളിലൊന്നാണ് ഹംപി. ചരിത്രത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും ഹൃദയത്തിൽ പേറുന്ന നഗരം. സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ള ഇന്ത്യൻ ഡെസ്റ്റിനേഷൻ കൂടിയാണ് ഹംപി. ഉത്തര കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ തുംഗഭദ്ര നദിക്കരയിലാണ് ഹംപി. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമെന്ന നിലയില്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഈ നഗരം ഇടം പിടിച്ചിട്ടുണ്ട്. 1565 ല്‍ ഡക്കാന്‍ സുല്‍ത്താന്‍മാരുടെ ആക്രമണത്തില്‍ തകർന്നു പോയ ഈ പ്രദേശത്തിന് ഒരുപാട് കഥകൾ പറയാനുണ്ട്. ദ്രവീഡിയൻ വാസ്തു ശില്‍പ ചാരുതയും കൊത്തുപണികളും നിറഞ്ഞ ക്ഷേത്രങ്ങളാണ് ഹംപിയെ ഏറ്റവും മനോഹരമാക്കുന്നത്. വിറ്റല ക്ഷേത്രത്തിലെ സംഗീതം പൊഴിക്കുന്ന തൂണുകള്‍ ലോകപ്രശസ്തമാണ്.  

destination2
leshiy985/shutterstock

56 പ്രധാന തൂണുകളും അവയെ ചുറ്റി 7 ചെറിയ തൂണുകളുമുണ്ട്. ഓരോന്നും ഓരോ രാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നു. പണ്ട് ബ്രിട്ടിഷുകാര്‍ ഇതിന്‍റെ രഹസ്യമറിയാനായി ഈ തൂണുകൾ പിളർത്തി നോക്കിയെന്നാണ് കഥ, ഇതേ പ്രാധാന്യമുള്ള ഒരു വിദേശ രാജ്യമാണ് ഗ്രീസ്. പാരമ്പര്യത്തിന്റെയും മിത്തുകളുടെയും നഗരമാണത്. ഗ്രീസിലും ഹംപിയിലും സമാനമായ പല കാഴ്ചകളും ആസ്വദിക്കാനാകും. തകർന്നു കിടക്കുന്ന ചരിത്രാവശിഷ്ടങ്ങളാണ് അവയിൽ പ്രധാനം. ഒന്നും ഒന്നിനും പകരമാകില്ലെങ്കിലും വിദേശ യാത്രകൾ ബുദ്ധിമുട്ടായ സഞ്ചാരികൾക്ക് ഹംപി മികച്ച ഒരു അനുഭവമായിരിക്കും. ഗ്രീസിലെ കാഴ്ചകളെ അവ ഓർമിപ്പിക്കുകയും ചെയ്യും. 

ലാച്ചുങ്

വടക്കു കിഴക്കൻ ഇന്ത്യയുടെ സ്വിറ്റ്സര്‍ലൻഡ് എന്ന് അറിയപ്പെടുന്ന മനോഹര സ്ഥലമാണ് സിക്കിമിലെ ലാചുങ്. വിദേശ രാജ്യത്തിലെ മഞ്ഞു മലകളാൽ ചുറ്റിയ നഗരങ്ങളിൽ പോയി രാപ്പാർക്കുന്നതിനെക്കുറിച്ചോർക്കുമ്പോൾ എന്തുകൊണ്ടും ലാചുങ് മനസ്സിൽ വരാം. 

.
Lachung river in North Sikkim,jayanta basu/shutterstock

വിദേശ യാത്രകൾക്ക് ബുദ്ധിമുട്ടുള്ളവർക്ക് മഞ്ഞിന്റെ വന്യതയും തണുപ്പും ആസ്വദിക്കാൻ പറ്റിയ നല്ലൊരു ഡെസ്റ്റിനേഷനാണ് ലാച്ചുങ്. ഇവിടുത്തെ ഗ്രാമങ്ങൾ നടന്നു തന്നെ കണ്ടു ആസ്വദിക്കേണ്ടതാണ്. സമുദ്രനിരപ്പിൽനിന്ന് 9600 അടിയോളം ഉയർന്ന ഈ സ്ഥലം ഇന്ത്യ-ചൈന അതിർത്തിയോടു ചേർന്നു കിടക്കുന്നു. പണ്ട് ഇന്ത്യ-ടിബറ്റ് എന്നീ പ്രദേശങ്ങൾക്കിടയിലെ പ്രധാന വ്യാപാര പാതയായിരുന്നു ലാച്ചുങ്, പിന്നീട് ഈ വഴി ചൈന അടച്ചു. മനുഷ്യവാസം അധികമൊന്നുമില്ലാതിരുന്ന ഈ പ്രദേശം പിന്നീട് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി മാറി.  

കശ്മീർ 

destination6
Dal lake, Srinagar, Kasmir, Vivek BR/shutterstock

യാത്രകളെ പ്രണയിക്കുന്നവരുടെ ഹൃദയത്തിൽ എന്നുമുയർന്നു കേൾക്കുന്ന പേരാണ് കശ്മീർ. എന്തൊക്കെ പ്രശ്ങ്ങളുണ്ടെങ്കിലും ഒരിക്കലെങ്കിലും അതിന്റെ താഴ്‍‍‍‍വരകളിൽ പോകുകയും മഞ്ഞിനെ അനുഭവിക്കുകയും ചെയ്യാൻ സഞ്ചാരികൾക്കിഷ്ടമാണ്. ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നും അറിയപ്പെടുന്നു കശ്മീർ.

നാസിക് 

ഇന്ത്യയിലെ ഏറ്റവും കൂടുതൽ വൈൻ ഉൽപാദിപ്പിക്കുന്ന നാടാണ് നാസിക്. ഇന്ത്യയുടെ വൈൻ ക്യാപിറ്റൽ എന്ന പേരും ഇവിടം അർഹിക്കുന്നുണ്ട്. ഇറ്റലിയിലെ പ്രധാന വൈൻ നിർമാണ ശാലയാണ് ടസ്കനി. അതുകൊണ്ടു തന്നെ ഇന്ത്യൻ യാത്രികർക്ക് ടസ്കനി യാത്രയ്ക്ക് പകരമായി നാസിക്കിനെ കാണാം. 

destination4
Vineyard. Pikoso.kz/shutterstock

മുംബൈയിൽനിന്ന് 180 കിലോമീറ്ററും പുണെയിൽനിന്ന് 200 കിലോമീറ്ററും അകലെയാണ് നാസിക്. സ്റ്റാർ ഹോട്ടൽ മുതൽ നിരവധി ധർമ സ്ഥലങ്ങൾ വരെ താമസത്തിനായി ഇവിടെ ലഭ്യമാണ്. വൈൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഇവിടെ, നിരവധി വൈൻ നിർമാണ ശാലകളും യാർഡും സഞ്ചാരികളെ ആകർഷിക്കുന്നു.

മൂന്നാർ

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് മൂന്നാർ. മഞ്ഞും മലകളും കാനന ഭംഗിയും ഈ പ്രദേശത്തെ അഴകുറ്റതാക്കി മാറ്റുന്നു. പോർച്ചുഗലിലെ അസോറസ് എന്ന സ്ഥലവുമായി മൂന്നാറിന് സാദൃശ്യമുണ്ട്. മൂന്നാറിന്റെ ഏറ്റവും വലിയ ആകർഷണം തേയിലത്തോട്ടങ്ങളാണ്. 

destination7
Munnar. Dmitry Rukhlenko/shutterstock

ഏക്കറുകൾ പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളും അവയ്ക്കിടയിൽ കൊളുന്ത് നുള്ളുന്നവരും അവരുടെ ലയങ്ങളുമെല്ലാം യാത്രികർക്ക് കൗതുക കാഴ്ചകളാണ്. നിരവധി തേയില ഫാക്ടറികൾ മൂന്നാറിൽ പല ഭാഗത്തുമുണ്ട്, ഇവിടേക്കുള്ള ഓഫ് റോഡ് യാത്രയ്ക്കായി മാത്രം മൂന്നാറിലെത്തുന്നവരുണ്ട്. 

ആൻഡമാൻ നിക്കോബാർ ദ്വീപ്

destination
Andaman. Roop_Dey/shutterstock

നീലാകാശത്തിന്റെ ഭംഗിയും കടൽക്കാഴ്ചയും. അതാണ് ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിന്റെ പ്രധാന ആകർഷണം. ഗ്രീസിലെ സാന്റോറിനി ഉൾപ്പെടെയുള്ള ദ്വീപുകളെ ഓർമിപ്പിക്കുന്നു ഇവിടം. വെളുത്ത മണൽത്തീരവും തെളിഞ്ഞ സമുദ്രവും സാന്റോറിനിയെപ്പോലെ ആൻഡമാൻ ദ്വീപിലും സഞ്ചാരികളെ കാത്തിരിക്കുന്നു. പവിഴപ്പുറ്റുകളുടെയും സമുദ്രജീവികളുടെയും ആവാസ സ്ഥാനമാണിവിടം. അതുകൊണ്ടു തന്നെ ഏറ്റവും മനോഹരമായ കാഴ്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്. 

പോണ്ടിച്ചേരി 

destination1
Pondicherry beach. Kirubakaran J/shutterstock

ഫ്രാൻസിന്റെ അധിനിവേശത്തിലായിരുന്ന പുതുച്ചേരി പോണ്ടിച്ചേരിയായപ്പോഴും ഫ്രഞ്ച് സംസ്കാരത്തിന്റെ അലയൊലികളുണ്ട്. പോണ്ടിച്ചേരി തെരുവുകളും ആളുകളും അവരുടെ രീതികളും പഴയ ഫ്രാൻസിനെ ഓർമ്മിപ്പിക്കുന്നുണ്ട്. ഫ്രാൻസിലെ തെരുവുകള്‍ക്കു സമാനമായ ഇടങ്ങളാണ് ഇപ്പോഴും പോണ്ടിച്ചേരിയിലുള്ളത്. അതുകൊണ്ടു തന്നെ ഫ്രാൻസിലേയ്ക്കൊരു യാത്ര ബുദ്ധിമുട്ടാണെങ്കിൽ വിഷമിക്കേണ്ടതില്ല, നേരെ പോണ്ടിച്ചേരിക്കു വിടാം. പോണ്ടിച്ചേരിയിലെ ഏറ്റവും വലിയ ആകർഷണം അവിടെനിന്ന് ഏകദേശം 10 കിലോമീറ്റർ ദൂരെയുള്ള ഓറോവില്ല എന്ന ടൗൺഷിപ്പാണ്. വിവിധ രാജ്യങ്ങളിൽനിന്നുള്ള മനുഷ്യരെയും സംസ്കാരങ്ങളും ഇവിടെ കാണാം.

English Summary: European Travel Experience in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com