നവരാത്രി ആഘോഷം കാണാന്‍ ഇക്കുറി എവിടെപ്പോകണം?

navratri-festival3
The Captured Creations/shutterstock
SHARE

ഇരുട്ടിനു മേല്‍ വെളിച്ചത്തിന്‍റെ വിജയം ഘോഷിക്കുന്ന നവരാത്രി ഉത്സവാഘോഷങ്ങള്‍ക്ക് ഓരോ നാട്ടിലും രൂപവും ഭാവവും വ്യത്യസ്തമാണ്. നവരാത്രി മുതൽ ദുർഗ്ഗാപൂജ വരെ, നിറങ്ങളും രുചികളും ഒത്തുകൂടലുകളുമെല്ലാമായി ഒന്‍പതു രാത്രികള്‍. വിവിധ സംസ്ഥാനങ്ങളിൽ പാരമ്പര്യങ്ങളും പുരാണങ്ങളും സംയോജിപ്പിച്ച് വ്യത്യസ്ത രീതിയില്‍ അവ കൊണ്ടാടപ്പെടുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നവരാത്രി ആഘോഷിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

വടക്കേ ഇന്ത്യ

സീതയെ തട്ടിക്കൊണ്ടുപോയ രാവണനു മേൽ ശ്രീരാമൻ നേടിയ വിജയമാണ് ഉത്തരേന്ത്യയിലെ നവരാത്രി ആഘോഷത്തിന്‍റെ കാതല്‍. സീതയ്ക്കും സഹോദരൻ ലക്ഷ്മണനുമൊപ്പം പതിനാലു വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയെത്തുന്നതും ഈ വേളയില്‍ ആഘോഷിക്കുന്നു. ധാരാളം മധുരപലഹാരങ്ങളും രുചികരമായ ഭക്ഷണവിഭവങ്ങളുമെല്ലാം ആഘോഷത്തിനുണ്ടാവും. ഈ സമയത്ത് സ്ത്രീകൾ ഉപവാസമാചരിക്കുന്നതും പതിവാണ്.

navratri-festival1
CRS PHOTO/shutterstock

കല്‍ക്കട്ടയിലെ ഏ‌റ്റവും വ‌ലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദുര്‍ഗപൂജ. എല്ലാവര്‍ഷവും നവരാത്രി കാലത്താണ് ദുര്‍ഗപൂജ നടക്കുന്നത്. ജാതിമത വ്യത്യാസമില്ലാതെയാണ് ആഘോഷം നടത്തുന്നത്‌. നഗരവാസികളുടെ ഐക്യവും സാഹോദര്യവും പ്രകടമാകുന്ന സന്ദര്‍ഭങ്ങളാണിത്‌.

നവരാത്രി ആഘോഷവേളയിൽ ദുർഗാദേവിയുടെ എല്ലാ ക്ഷേത്രങ്ങളും മനോഹരങ്ങളായ പൂക്കൾ,  ഇലകൾ എന്നിവ കൊണ്ട് അലങ്കരിക്കുന്നു. ദുർഗ ദേവിയെ സർവാഭരണവിഭൂഷിതയായി ഒരുക്കുന്നു. ചൈതന്യം തുളുമ്പുന്ന വിഗ്രഹം ആരെയും വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. സംഗീതത്തിന്റേയും സൗരഭ്യത്തിന്റേയും ഭക്തിയുടേയും മാസ്മരികലോകം. നഗരവീഥികള്‍ വർണശബളമായ പ്രകാശം ചൊരിഞ്ഞ് ഉൽസവലഹരിയിലാകുന്നു. ഇൗ ദിവസങ്ങളിൽ ഇവിടെ എത്തിയാൽ സഞ്ചാരികള്‍ക്ക് മനംനിറച്ച് കാഴ്ചകൾ ആസ്വദിക്കാം. കൂടാതെ ധാരാളം വിഭവങ്ങളും മധുര പലഹാരങ്ങളും അതിഥികൾക്കായി ഈ ദിനങ്ങളിൽ ഒരുക്കും. 

navratri-festival
Nehdesign/shutterstock

കിഴക്കേ ഇന്ത്യ

ബംഗാളിലും വടക്കുകിഴക്കൻ ഇന്ത്യയിലും നവരാത്രി ദുർഗാ പൂജ എന്നാണ് അറിയപ്പെടുന്നത്. മഹിഷാസുരനു മേൽ ദുർഗ്ഗാദേവി നേടിയ വിജയമാണ് ഇവിടെ നവരാത്രി സമയത്ത് ആഘോഷിക്കുന്നത്. സ്ത്രീകൾ വെള്ളയും ചുവപ്പും നിറമുള്ള പരമ്പരാഗത സാരി ധരിച്ച് അണിനിരക്കുന്നു, പട്ടണം മുഴുവന്‍ ദീപാലങ്കാരങ്ങള്‍ നിറയുന്നു. മഹാലയ ദിവസം മുതൽ ബിജോയ ദശമി ദിവസം വരെയാണ് ഇവിടെ ആഘോഷം. അവസാനദിനം വിഗ്രഹങ്ങൾ വെള്ളത്തിൽ നിമജ്ജനം ചെയ്യുന്നതോടെ ഒരു വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴുന്നു. ബംഗാളിലെ വര്‍ണാഭമായ നവരാത്രി ആഘോഷങ്ങള്‍ കാണാനും ആസ്വദിക്കാനുമായി മറ്റു രാജ്യങ്ങളില്‍ നിന്നുവരെ സഞ്ചാരികള്‍ എത്തുന്നത് പതിവാണ്. അലങ്കരിച്ച ദുർഗ്ഗാദേവി ക്ഷേത്രങ്ങൾ ഓരോ നഗരത്തിലെയും കാഴ്ചകളെ കൂടുതൽ പൊലിമയുള്ളതാക്കും.

പശ്ചിമ ബംഗാൾ, അസം, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ ആഡംബരത്തോടെ കൊണ്ടാടപ്പെടുന്ന വലിയ ആഘോഷങ്ങളിലൊന്നാണിത്. ഇൗ കാഴ്ചകൾ ആസ്വദിക്കുവാനായും ആഘോഷത്തില്‍ പങ്കെടുക്കുവാനായും നാനാഭാഗത്തു നിന്നും നിരവധി സഞ്ചാരികളും എത്തിച്ചേരാറുണ്ട്.

പശ്ചിമ ഇന്ത്യ

ഇന്ത്യയുടെ പടിഞ്ഞാറന്‍ സംസ്ഥാനമായ ഗുജറാത്തിൽ, നവരാത്രി പ്രധാന ഉത്സവമാണ്. ശക്തി ദേവിയെ ആരാധിക്കാനായി സ്ത്രീകൾ പകൽ വ്രതം അനുഷ്ഠിക്കുന്നു. അവർ വീടുകൾ അലങ്കരിക്കുകയും അടുത്തുള്ള ക്ഷേത്രം സന്ദർശിക്കുകയും ചെയ്യുന്നു. രാത്രിയിൽ, ഗുജറാത്തിലെ പരമ്പരാഗത നൃത്തമായ ഗർബയുടെ ചടങ്ങുകളും സംഘടിപ്പിക്കാറുണ്ട്. അവിടെ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചുചേര്‍ന്ന് ദണ്ഡിയ നൃത്തം ചെയ്യുന്നു.

ഗുജറാത്തിന്റെ മുക്കിലും മൂലയിലും ദണ്ഡിയ ദണ്ഡിന്റെയും ധോലിന്റെയും ശബ്ദമായിരിക്കും. ഭക്തർ ഉപവാസമനുഷ്ഠിച്ചാണ് ദേവിയെ ആരാധിക്കുന്നത്. ഗർബി എന്ന മൺപാത്രത്തെ ജീവന്റെ ഉറവിടമായി കാണുകയും സന്ധ്യയ്ക്കു ആ മൺപാത്രത്തെ ആരതി ഉഴിയുന്നതിനായി ഉപയോഗിക്കുകയും ചെയ്യുന്നു. പാരമ്പര്യ നൃത്തങ്ങളായ ഗർബയും ദണ്ഡിയയുമായി പുരുഷന്മാരും സ്ത്രീകളും ആഘോഷങ്ങൾക്കു മാറ്റുകൂട്ടും. ധാരാളം വിഭവങ്ങളും മധുര പലഹാരങ്ങളും അതിഥികൾക്കായി ഈ ദിനങ്ങളിൽ ഒരുക്കും. അലങ്കരിച്ച ദുർഗ്ഗാദേവി ക്ഷേത്രങ്ങൾ ഓരോ നഗരത്തിലെയും കാഴ്ചകളെ കൂടുതൽ പൊലിമയുള്ളതാക്കും.

ദക്ഷിണേന്ത്യ

നവരാത്രി സമയത്ത് ദക്ഷിണേന്ത്യയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്, വീടുകളിൽ ഒരുക്കുന്ന വിവിധ പാവകളുടെയും പ്രതിമകളുടെയും പ്രദർശനമായ കൊലു. കർണാടകയിൽ കൊലുവിനെ ബോംബെ ഹബ്ബ എന്നും തമിഴ്‌നാട്ടിൽ ബൊമ്മൈ കൊലു എന്നും വിളിക്കുന്നു. കേരളത്തില്‍ ഇതിനെ ബൊമ്മക്കൊലു എന്ന് വിളിക്കുന്നു, ആന്ധ്രാപ്രദേശിൽ ബൊമ്മല കൊളുവ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഘോഷയാത്രകളും ഈ സമയത്ത് പതിവാണ്. 

വളരെ വ്യത്യസ്തമായ രീതിയിൽ നവരാത്രിയിലെ ഒൻപത് ദിവസങ്ങളും ആഘോഷിക്കുന്നവരാണ് തമിഴ്‍നാട്ടുകാർ. ഈ ദിനങ്ങളിൽ ദുർഗ, സരസ്വതി, ലക്ഷ്മി എന്നിങ്ങനെ മൂവരെയുമാണ് ആരാധിക്കുന്നത്. നവരാത്രിയുടെ മൂന്നു ദിവസങ്ങൾ സമർപ്പിക്കപ്പെട്ടിരിക്കുന്നതും ഇവർക്കായാണ്. ഈ ആഘോഷദിനങ്ങളിൽ ബന്ധുമിത്രാദികളെ സന്ദർശിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യുക അവിടെ പതിവാണ്. ഏറെ രസകരമായ ഈ കാഴ്ചകളൊക്കെ ആസ്വദിക്കണമെങ്കിൽ നവരാത്രിദിങ്ങളിൽ നമ്മുടെ അയൽ സംസ്ഥാനമൊന്നു സന്ദർശിച്ചാൽ മതി.

English Summary: How the Navratri festival is celebrated in different parts of the country

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}