ഇവിടുത്തെ ഗ്രാമവാസികൾ തരുന്നത് കഴിക്കരുത്, കഥകളെ വെല്ലുന്ന നിഗൂഢത ഒളിപ്പിച്ച ദോദ്ര ഗാമം

travel-dodra-village1
SHARE

വർഷം 1982. പർവതാരോഹണത്തിനിടെ വഴി തെറ്റിയ ഒരു കൂട്ടം യാത്രികർ ദേവദാരു വൃക്ഷങ്ങളാൽ നിബിഢമായ ഹിമാചലിലെ ദോദ്ര ഗ്രാമത്തിൽ എത്തിപ്പെട്ടു. അതൊരു മഴക്കാലമായിരുന്നു. ദോദ്രയിലെ രീതികളോ ആചാരാനുഷ്ഠാനങ്ങളോ അറിയാതെ അവർ ഗ്രാമത്തിലേക്ക് പ്രവേശിച്ചു. വിശന്ന് അവശരായ യാത്രികർ ഗ്രാമത്തിൽ നിന്നു വെള്ളവും ഭക്ഷണവും വാങ്ങി കഴിച്ചു. രാത്രി കൂടാരം കെട്ടി താമസിച്ചു. അടുത്ത ദിവസം ലോകം ഉണർന്നത് ആ യാത്രികരുടെ മരണവാർത്ത കേട്ട ഞെട്ടലിലാണ്. ശരീരത്തിൽ മുറിവുകളോ വിഷം അകത്തു ചെന്നതിന്റെ ലക്ഷണങ്ങളോ ഒന്നും തന്നെ കുറ്റാന്വേഷകർക്കു കണ്ടെത്താൻ കഴിഞ്ഞില്ല.. പിന്നീട് വർഷങ്ങളോളം ആ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ ആളുകൾ ഭയപ്പെട്ടു.

travel-dodra-village1pabbar-valley2

അന്യമനുഷ്യരുടെ ഗന്ധമേൽക്കാത്ത നിഗൂഢതകൾ നിറഞ്ഞ ആ താഴ്‌വരയിലേക്ക് പിന്നീട് എപ്പോഴോ വീണ്ടും യാത്രികർ സഞ്ചരിച്ചു തുടങ്ങി. ജിം കോർബറ്റിന്റെ ‘കുമയൂണിലെ നരഭോജി കടുവ; എന്ന കൃതിയിലിലെ വരികൾക്കിടയി‘ൽ നിന്നുമാണ് ദോദ്രയിലെ വിചിത്ര മനുഷ്യരുടെ കഥ വായിച്ചത്. അന്നു മുതൽ മനസ്സിൽ കുറിച്ചിട്ടതാണ് എന്നെങ്കിലും ഒരിക്കൽ ആ ഗ്രാമം സന്ദർശിക്കണം എന്ന്. അങ്ങനെ കെട്ടുകഥകളുടെ ഭാണ്ഡവും പേറി 2019 ലെ വേനൽക്കാലത്ത്, നിഗൂഢത വട്ടമിട്ടു പറക്കുന്ന ദോദ്ര ഗ്രാമത്തിലേക്ക് കുടുംബവുമൊത്ത് യാത്ര തിരിച്ചു.

ഷിംലയിലേക്ക് കുടുംബസമേതം

ഡൽഹിയിൽ നിന്നു രണ്ടു ദിവസം യാത്രയുണ്ട് ഹിമാചൽ -ഉത്തരാഖണ്ഡ് അതിർത്തിയിലുള്ള ദോദ്രയിലേക്ക്. ഡൽഹിയിൽ നിന്നു ഹിമാചലിന്റെ തലസ്ഥാനമായ ഷിംലയിലേക്കാണ് പോയത്. ചാറ്റൽമഴയിൽ ഷിംല പട്ടണം കുളിച്ചു നിൽക്കുകയാണ്. അടുക്കി വച്ച തീപ്പെട്ടിക്കൂടുകൾ പോലെ പല നിറത്തിൽ, തട്ടുതട്ടുകളായി കിടക്കുന്ന ഷിംല. പച്ചവിരിച്ച മലനിരകളും തേയിലത്തോട്ടങ്ങളും കണ്ണിനും മനസ്സിനും വിരുന്നൊരുക്കി. മറ്റൊരു അവസരത്തിൽ ഷിംലയിലെ കാഴ്ചകൾ കാണാം എന്നു നിശ്ചയിച്ച്, സമയം ഒട്ടും പാഴാക്കാതെ അടുത്ത ലക്ഷ്യസ്ഥാനമായ റോഹ്റു പട്ടണത്തിലേക്കു യാത്ര തുടർന്നു.

പബ്ബാർ താഴ്‌വരയിലെ റോഹ്റു

ഹിമാചലിലെ ഏറ്റവും ചെറുതും മനോഹരവുമായ നിശബ്ദ താഴ്‌വരകളിൽ ഒന്നാണ് പബ്ബാർ. പബ്ബാർ നദിയാണ് ഈ താഴ്‌വരയുടെ ജീവസ്രോതസ്. പബ്ബാർ നദിയുടെ തീരത്താണ് റോഹ്റു പട്ടണം. ഷിംലയിലെ പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രങ്ങളായ നർക്കണ്ടയും കുഫ്രിയും പിന്നിട്ട് ഉച്ചയോടെ റോഹ്റുവിൽ എത്തി. റോഹ്റുവിൽ ആദ്യദിനം അവസാനിപ്പിച്ചു പിറ്റേന്ന് ദോദ്രയിലേക്കു പോകാനായിരുന്നു പ്ലാൻ. എന്നാൽ പബ്ബാർ താഴ്‌വരയിലുള്ള ഏതെങ്കിലും ഗ്രാമത്തിൽ താമസിക്കാനായിരുന്നു ഉച്ചഭക്ഷണം ക ഴിക്കാൻ കയറിയ കടയുടെ ഉടമയുടെ നിർദേശം. അങ്ങനെ റോഹ്റുവിൽ നിന്നു ദോദ്ര ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ ചിരഗാവ് എന്ന ഗ്രാമത്തിൽ ആദ്യദിനം അവസാനിപ്പിക്കാമെന്നു ഞങ്ങൾ തീരുമാനിച്ചു. 

മൂന്നു മണിയോടു കൂടി റോഹ്റു വിട്ടു ചിരഗാവിലേക്കു യാത്ര തിരിച്ചു. ഇടുങ്ങിയ ഹിമാചൽ വഴികളിലൂടെയുള്ള ബസ് യാത്ര. പഹാഡി ഗാനങ്ങൾ കേട്ട്, പർവതശിഖരങ്ങളും ചെമ്മരിയാടുകളും കാട്ടരുവികളും കണ്ട് വൈകിട്ട് അഞ്ചു മണിയോടെ ചിരഗാവിൽ എത്തി. ഉത്തരേന്ത്യയിൽ ഉഷ്ണകാലമാണെങ്കിലും ഹിമാചലിലെ ഉൾഗ്രാമങ്ങളിൽ വേനൽക്കാലത്തും സൂര്യാസ്തമയം കഴിഞ്ഞാൽ തണുപ്പു കൂടിവരും. കമ്പിളി വസ്ത്രങ്ങൾ ധരിച്ചു. 21 മണിക്കൂർ ബസ് യാത്രയ്ക്കു ശേഷം ചിരഗാവിൽ മുറിയെടുത്ത് ഞങ്ങൾ വിശ്രമിച്ചു.

pabbar-valley22

ചിരഗാവിലെ പ്രഭാതം

അതിരാവിലെ എഴുന്നേറ്റു ചിരഗാവ് കാണാൻ പുറത്തിറങ്ങി. പച്ചക്കറി കടകളും ഭക്ഷണ ശാലകളും അത്യാധുനിക സാധന സാമഗ്രികൾ വിൽക്കുന്ന കടകളുമെല്ലാമുള്ള ഗ്രാമമാണ് ചിരഗാവ്. ഗ്രാമവാസികളിൽ പലരും അതിരാവിലെ പാതയോരത്തിരുന്നു തീ കായുന്നു. ഹിമാചൽ നദികളിൽ കണ്ടുവരുന്ന ട്രൗട് മീനുകളെ ചൂണ്ടയിട്ട് പിടിക്കാനായി കുറച്ചു പേർ പബ്ബാർ നദിക്കരയിലേക്ക് പോകുന്നതു കണ്ട് അവരുടെ പിന്നാലെ നടന്നു. നദിയിൽ ഇറങ്ങി തണുത്തവെള്ളം കയ്യിലെടുത്ത് മുഖം കഴുകിയപ്പോൾ യാത്രാക്ഷീണം ‘പബ്ബാർ കടന്നു’. ചിരഗാവിൽ നിന്നു ഹിമാചൽ - ഉത്തരാഖണ്ഡ് അതിർത്തിയിലുള്ള ക്വാർ ഗ്രാമത്തിലേക്ക് എല്ലാ ദിവസവും രാവിലെ 9 നുബസുണ്ട്. അതിൽ കയറിയാൽ പോകുന്ന വഴി ദോദ്ര ഗ്രാമത്തിൽ ഇറങ്ങാം. ഞ ങ്ങൾ ബസ് സ്റ്റാന്റിലേക്ക് നടന്നു. ഹിമാചൽ പരിവഹൻ ബസ് ഒരുങ്ങി നിൽപ്പുണ്ട്. ചിരഗാവിൽ നിന്ന് 50 കിലോ മീറ്റർ ദൂരമുള്ള ദോദ്രയിൽ എത്തിച്ചേരാൻ കുറഞ്ഞത് അഞ്ചു മണിക്കൂർ എടുക്കും.

ചൻസാൽ ചുരം വഴി

വർഷത്തിൽ ഏറിയപങ്കും മഞ്ഞുറഞ്ഞു കിടക്കുന്ന ചൻസാൽ ചുരം വഴിയാണു യാത്ര. മറ്റുള്ള ഹിമാലയൻ ചുരങ്ങളിൽ നിന്നു വ്യത്യസ്തമായി കാട്ടുമൃഗങ്ങളും അപൂർവയിനം പക്ഷിലതാദികളുമുള്ള കാനനപാതയാണ് ചൻസാൽ. കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ പ്രകൃതി ഹിമകണങ്ങളാൽ വെള്ള പുതച്ചു തുടങ്ങി. മൊണാൽ പക്ഷികളും മാനുകളും വേഴാമ്പലും കണ്ണിനു വിരുന്നായി. ചൻസാൽ ചുരത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ ‘ചൻസാൽ പീക്ക്’ വഴി ടിസെർ, ജക്കാലി, പേക്ക എന്നീ ഗ്രാമങ്ങൾ താണ്ടി സമുദ്രനിരപ്പിൽ നിന്ന് 12,600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദോദ്ര ഗ്രാമത്തിൽ ബസ്സ് എത്തി. കുറച്ചു യാത്രക്കാർ ബസ്സിൽ നിന്ന് ഇറങ്ങി ദോദ്ര ഗ്രാമത്തിലേക്ക് നടത്തം ആരംഭിച്ചു. ഞങ്ങൾ അവിടെ നിന്നു പരുങ്ങുന്നതു കണ്ടു ബസ് ഡ്രൈവർ വന്നു കാര്യം തിരക്കി. എവിടെ താമസിക്കുമെന്നതാണ് പ്രശ്നം. ‘‘അതിർത്തി ഗ്രാമങ്ങൾ കാണാൻ വരുന്ന സഞ്ചാരികൾ ചിരഗാവിൽ നിന്നു കാറിലോ ജീപ്പിലോ ഇവിടെ വന്നു ഗ്രാമക്കാഴ്ചകൾ കണ്ട് ഇരുട്ടും മുന്‍പ് തിരിച്ചു പോകാറാണു പതിവ്. താമസത്തിനുള്ള സൗകര്യം ദോദ്രയിൽ ഇല്ല. താമസിക്കാൻ പറ്റിയ ഇടവുമല്ല ഇത്’’ ബസ് ഡ്രൈവർ പറഞ്ഞു. ദേവദൂതനെ പോലെ രാമേശ്വർ നേഗി അപ്പോഴാണ് ദോദ്രയ്ക്കു പുറത്തു ചായക്കട നടത്തുന്ന രാമേശ്വർ നേഗി എന്നയാൾ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ദോദ്ര ഗ്രാമത്തിനു പുറത്തുള്ള ഫോറസ്റ്റ് റെസ്റ്റ് ഹൗസിൽ മുറി ഒരുക്കിത്തരാം എന്നയാൾ ഉറപ്പു നൽകി. അങ്ങനെ ഞങ്ങൾ രാമേശ്വർ ഭായിയുടെ കൂടെ റെസ്റ്റ് ഹൗസിലേക്ക് നടന്നു. വനപാലകർക്ക് വേണ്ടി ദോദ്ര ഗ്രാമത്തിനു സമീപമുള്ള ഒറ്റനില കെട്ടിടമാണ് ഫോറസ്റ്റ് റെസ്റ്റ് ഹൗസ്. ദോദ്ര ഗ്രാമം സന്ദർശിക്കാൻ വരുന്ന സഞ്ചാരികൾക്കു രാമേശ്വർ ഇവിടെ മുറി ഒരുക്കി കൊടുക്കാറുണ്ട്. അങ്ങനെ കിട്ടുന്ന മുറി വാടകയാണ് അദ്ദേഹത്തിന്റെ മറ്റൊരു വരുമാനം.

രാമേശ്വർ റെസ്റ്റ് ഹൗസിനകത്തെ ഒരു മുറി ഞങ്ങൾക്കു തന്നു. അൽപം വിശ്രമിച്ച ശേഷം അത്താഴം കഴിക്കാൻ തന്റെ ചായക്കടയിലേക്ക് വന്നോളൂ എന്നു പറഞ്ഞ് അദ്ദേഹം മടങ്ങി. ബാഗ് മുറിയിൽ വച്ചു റെസ്റ്റ് ഹൗസിനു പുറത്തിറങ്ങി. വരാന്തയിൽ നിന്നാൽ ദോദ്ര ഗ്രാമം കാണാം. കുന്നിൻ ചെരുവിൽ മരങ്ങൾ കൊണ്ടുണ്ടാക്കിയ വീടുകൾ കൊണ്ട് അലങ്കരിച്ച ഗ്രാമം. ആ ഗ്രാമത്തിലേക്കുള്ള നാട്ടുപാതയിലൂടെ ചെമ്മരിയാടുകൾ മേഞ്ഞു നടക്കുന്നു. അവിടുത്തെ കുട്ടികളും മുതിർന്നവരും വീടുകളിലേക്ക് ചേക്കറുന്ന കാഴ്ച്ചകൾ കണ്ടങ്ങനെ വരാന്തയുടെ പടവുകളിൽ ഇരുന്നു.

സമയം അഞ്ചുമണി കഴിഞ്ഞു. ഞങ്ങള്‍ രാമേശ്വർ ഭായിയുടെ കടയിലേക്കു പോയി. അദ്ദേഹം റൊട്ടിയും ചോറും ദാൽ കറിയും ഉണ്ടാക്കുന്ന തിരക്കിലാണ്. ദോദ്ര ഗ്രാമത്തിന്റെ ചരിത്രം വെറും കെട്ടുകഥയാണോ എന്ന് രാമേശ്വർ ഭായിയോട് ചോദിച്ചു. ‘‘ചില സത്യങ്ങൾ കണ്ടറിയണം’’, അദ്ദേഹം ചിരിച്ചു കൊണ്ട് മറുപടി നൽകി. എന്നാൽ ദോദ്ര ഗ്രാമത്തിൽ പ്രവേശിക്കും മുൻപ് മൂന്നു കാര്യങ്ങൾ ഓർത്തിരിക്കണമെന്നു ഭായി ഉപദേശിച്ചു.

‘‘ഗ്രാമത്തിന് അകത്തു നിന്നു വെള്ളമോ ഭക്ഷണമോ വാങ്ങി കഴിക്കരുത്. ക്ഷേത്രനടയിൽ കാണിക്ക സമർപ്പിക്കരുത്, പൂജാരിയുടെ കയ്യിൽ ഏൽപ്പിക്കണം. അനുവാദമില്ലാതെ ആരുടേയും ചിത്രങ്ങൾ പകർത്തരുത്.’’ രാമേശ്വർ ഭായിയുടെ ഉപദേശം കേട്ട് ഉറക്കം നഷ്ടപ്പെട്ട ആ രാത്രിയിൽ തിരിച്ചു പോകുന്നതിനെകുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സ് മുഴുവനും.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}