ഇന്ത്യയിലെ കറുത്ത മണല്‍ ബീച്ചുകള്‍
![beach1 beach1](https://img-mm.manoramaonline.com/content/dam/mm/mo/travel/travel-india/images/2022/11/2/beach1.jpg?w=1120&h=583)
Mail This Article
അലതല്ലി തീരത്തേക്ക് പാഞ്ഞടുക്കുന്ന തിരമാലകളും നീലാകാശവും സൂര്യന്‍റെ പൊന്‍കിരണങ്ങളേറ്റ് വജ്രം പോലെ തിളങ്ങുന്ന പഞ്ചാരമണല്‍ത്തരികളുമെല്ലാമാണ് നാം കണ്ടിട്ടുള്ള മിക്ക ബീച്ചുകളുടെയും മുഖമുദ്ര. ഈയൊരു കാഴ്ച്ചയില്‍ നിന്നു തികച്ചും വ്യത്യസ്തമായി, കറുത്ത നിറമുള്ള മണല്‍ത്തരികള്‍ നിറഞ്ഞ സുന്ദരമായ ചില ബീച്ചുകളും ഇന്ത്യയിലുണ്ട്. അത്തരത്തിലുള്ള ചില ഇടങ്ങള്‍ പരിചയപ്പെടാം.
മണ്ഡവ ബീച്ച്
മഹാരാഷ്ട്രയിലെ കിഹിം ബീച്ചിൽ നിന്ന് 13 കിലോമീറ്ററും അലിബാഗിൽ നിന്ന് 19 കിലോമീറ്ററും അകലെയായി, റായ്ഗഡ് ജില്ലയിലെ മണ്ഡവ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ബീച്ചാണ് മണ്ഡവ ബീച്ച്. മുംബൈ നഗരത്തിൽ നിന്നുള്ളവര്‍ക്ക് പ്രശസ്തമായ വാരാന്ത്യ ബീച്ച് ഡെസ്റ്റിനേഷനാണിത്. മുംബൈയിൽ നിന്ന് ഫെറിയിൽ ഇവിടേക്ക് എത്തിച്ചേരാം. ബീച്ചിൽ നിന്നുള്ള സൂര്യാസ്തമയ കാഴ്ച ശരിക്കും മനോഹരമാണ്. കൂടാതെ ബുദ്ധ ഗുഹകൾ, സിനഗോഗ് തുടങ്ങിയ കാഴ്ചകള്‍ക്കും ജെറ്റ് സ്കീ, കയാക്കിങ്, ബനാന ട്യൂബ് റൈഡ്, വാട്ടർ സ്‌കൂട്ടറുകൾ തുടങ്ങിയ ജല കായിക വിനോദങ്ങൾക്കും പേരുകേട്ടതാണ് ഇവിടം.
തിൽമതി ബീച്ച്, കർണാടക
![beach beach](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ബെംഗളൂരുവിൽ നിന്ന് ഏകദേശം 435 കിലോമീറ്റർ അകലെയായി, ഉത്തര കന്നഡ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കാർവാറിലെ തിൽമതി ബീച്ച് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. കറുത്ത എള്ള് പോലെയുള്ള മണലാണ് ഇവിടെയുള്ളത്, അതുകൊണ്ടാണ് ബീച്ചിന് ‘തില്‍മതി’ എന്ന പേര് ലഭിച്ചത്. ചുറ്റുമുള്ള ബസാൾട്ടിക് പാറകളുടെ സാന്നിധ്യമാണ് മണലിന് ഈ നിറം വരാന്‍ കാരണം. ഉദയാസ്തമയ സമയങ്ങളില്‍ ബീച്ചിന്‍റെ മനോഹാരിത ആസ്വദിക്കാനായി ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം വളരെയേറെയാണ്.
നവപൂർ ബീച്ച്, മഹാരാഷ്ട്ര
പൂനെ നഗരത്തില്‍ നിന്നും നിന്ന് അഞ്ച് മണിക്കൂർ മാത്രം അകലെയാണ് ഈ മനോഹരമായ ബീച്ച്. ബീച്ചില്‍ നിറയെ തെങ്ങിന്‍തോപ്പുകളാണ്. കൂടാതെ, പോഹ, ചായ, വട പാവ് എന്നിവ വിളമ്പുന്ന പ്രാദേശിക ഫുഡ് സ്റ്റാളുകളും ഇവിടെ ധാരാളമുണ്ട്. ഫാമിലി പിക്നിക്കിനും സുഹൃത്തുക്കളുമൊത്തുള്ള ഔട്ടിങ്ങിനും അനുയോജ്യമായ സ്ഥലമാണ് ഇവിടം.
![beach2 beach2](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
രേവദണ്ഡ ബീച്ച്
കറുത്ത മണലും ശാന്തമായ തിരമാലകളുമാണ് രേവദണ്ഡ ബീച്ചിന്‍റെ പ്രധാന ആകര്‍ഷണം. ഒരു ചിത്രമെന്ന പോലെ മനോഹരമാണ് ഈ ബീച്ച്. രേവദണ്ഡ ബീച്ചില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കോട്ടയുണ്ട്, മുന്‍പ് രാജാക്കന്മാരും രാജ്ഞിമാരുമെല്ലാം താമസിച്ചിരുന്ന ഒരു കൊട്ടാരമായിരുന്നു ഈ കോട്ട. പൂനെയിൽ നിന്നും മുംബൈയിൽ നിന്നും ഏതാനും മണിക്കൂറുകൾ മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ.
കൊർളായി ബീച്ച്
കരിമണൽ കൊണ്ട് ചുറ്റപ്പെട്ട മനോഹരമായ മറ്റൊരു ബീച്ചാണ് മഹാരാഷ്ട്രയിലെ കൊർലായ് ബീച്ച്. അലിബാഗ് പട്ടണത്തിൽ നിന്ന് അൽപം അകലെയായി, കോർലായ് എന്ന മത്സ്യത്തൊഴിലാളികളുടെ ഗ്രാമത്തിലാണ് ബീച്ച് സ്ഥിതി ചെയ്യുന്നത്. മഴക്കാലമാകുമ്പോള്‍ പച്ച, മഞ്ഞ നിറങ്ങളില്‍ കളകളും പിങ്ക് ഓക്സലിസ് പൂക്കളുമെല്ലാം നിറയുന്ന തീരം കാണാന്‍ നിരവധി ആളുകള്‍ എത്തുന്നു. കൂടാതെ, പുരാതനമായ ഒരു കോട്ടയും ഒരു വിളക്കുമാടവും ചെറിയ വർണാഭമായ ധാരാളം വീടുകളും ബീച്ചിന് ചുറ്റുമായി കാണാം.
English Summary: Black Sand Beaches in India