ADVERTISEMENT

വൃത്തിയില്ലാത്ത ടോയ്‌ലറ്റും ചുട്ടുപഴുത്ത കമ്പാര്‍ട്ട്മെന്റും തിക്കും തിരക്കും ബഹളവുമെല്ലാമാണ് ട്രെയിന്‍ യാത്രയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലേക്ക് ഓടിവരിക. അതുകൊണ്ടുതന്നെ അധികം പണം കൂടുതലാവില്ലെങ്കില്‍ ഫ്ലൈറ്റ് യാത്ര തിരഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്. എന്നാല്‍, വിമാനത്തേക്കാള്‍ സുഖകരമായി ട്രെയിനില്‍ പോകാമെന്ന് വന്നാലോ? ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന വിവിധ ലക്‌ഷ്വറി ട്രെയിനുകള്‍ സഞ്ചാരികള്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍ കണ്ടാല്‍ പിന്നീടൊരിക്കലും വിമാനയാത്രയെക്കുറിച്ച് ചിന്തിക്കുകയേയില്ല, എല്ലാ സഞ്ചാരികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവയിൽ യാത്ര ചെയ്തിരിക്കണം. അല്‍പം പണച്ചെലവുണ്ടെങ്കിലെന്താ, ജീവിതം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ അമൂല്യമായൊരു അനുഭവം കിട്ടും!

ഇന്ത്യയിലെ ഏറ്റവും മികച്ച ചില ലക്‌ഷ്വറി ട്രെയിനുകളെക്കുറിച്ച് അറിയാം.

മഹാരാജാസ് എക്സ്പ്രസ്

ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണമായ 5 ട്രെയിനുകളിൽ ഒന്നാണ് അര മൈൽ നീളമുള്ള മഹാരാജാസ് എക്സ്പ്രസ്. മികച്ച ഹോസ്പിറ്റാലിറ്റി, പുർണമായി സ്റ്റോക്ക് ചെയ്ത ബാറുകൾ, ആഡംബര സ്യൂട്ടുകൾ, ബട്ട്‌ലർ സേവനങ്ങൾ എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ ഇതിലുണ്ട്. 2012, 2013, 2014 വർഷങ്ങളിൽ തുടർച്ചയായി 'ലോകത്തിലെ മുൻനിര ലക്‌ഷ്വറി ട്രെയിൻ' ആയി മഹാരാജാസ് എക്സ്പ്രസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

train22
Marben/shutterstock

ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. അരലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് പാക്കേജുകള്‍. ഇന്ത്യയിലെ ലക്‌ഷ്വറി ട്രെയിനുകളുടെ കൂട്ടത്തില്‍ ഏറ്റവും ചെലവു കുറഞ്ഞത് ഈ ട്രെയിനാണ്. 

റൂട്ടുകള്‍:

1. മുംബൈ - അജന്ത - ഉദയ്പുർ - ജോധ്പുർ - ബിക്കാനീർ - ജയ്പുർ - രൺതംബോർ - ആഗ്ര - ഡൽഹി

2. ഡൽഹി - ആഗ്ര - രൺതംബോർ - ജയ്പുർ - ഡൽഹി

3. ഡൽഹി - ജയ്പുർ - രൺതംബോർ - ഫത്തേപുർ - സിക്രി - ആഗ്ര - ഗ്വാളിയർ - ഓർക്കാ - ഖജുരാഹോ - വാരാണസി - ലക്നൗ - ഡൽഹി

4. ഡൽഹി - ആഗ്ര - രൺതംബോർ - ജയ്പുർ - ബിക്കാനീർ - ജോധ്പുർ - ഉദയ്പുർ - ബാലസിനോർ - മുംബൈ

5. ഡൽഹി - ആഗ്ര - രൺതംബോർ - ജയ്പുർ - ഡൽഹി

പാലസ് ഓൺ വീൽസ്

സഞ്ചാരികള്‍ക്ക് ഒരു കൊട്ടാരത്തിനുള്ളില്‍ കടന്നത്ു പോലെയുള്ള അനുഭവമാണ് പാലസ് ഓണ്‍ വീല്‍സ് ട്രെയിനില്‍ ഒരുക്കിയിട്ടുള്ളത്. ആഡംബര ക്യാബിനുകൾ, സ്റ്റോക്ക് ചെയ്ത ബാർ, പെയിന്റിംഗുകള്‍, മനോഹരമായ കരകൗശലവസ്തുക്കള്‍ എന്നിവയെല്ലാം ഇതിനുള്ളിലുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ ആഡംബര ട്രെയിനായി ഇത് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയാണ് പാലസ് ഓൺ വീൽസ് ഓടുന്നത്. അല്‍പം ലക്‌ഷ്വറിയായി രാജസ്ഥാനു സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഇത്.

റൂട്ട്: 

Amit kg
Palace on Wheels.Amit kg/shutterstock

ഡൽഹി - ജയ്പുർ - സവായ് മധോപുർ - ചിത്തോർഗഡ് - ഉദയ്പുർ - ജയ്സാൽമീർ - ജോധ്പുർ - ഭരത്പുർ - ആഗ്ര - ഡൽഹി

പ്രധാന ആകര്‍ഷണങ്ങള്‍:

ഡൽഹി - ഇന്ത്യാ ഗേറ്റ്, ലോട്ടസ് ടെംപിൾ, കുത്തബ് മിനാർ, ഹുമയൂണിന്റെ ശവകുടീരം

ജയ്പുർ - ഹവാ മഹൽ, ആംബർ ഫോർട്ട്, രാജസ്ഥലി, സിറ്റി പാലസ്, ജന്തർ മന്തർ

സവായ് മധോപുർ & ചിറ്റോർഗഡ് - രൺതംബോർ നാഷനൽ പാർക്ക്, ചിറ്റോർഗഡ് കോട്ട

ഉദയ്പുർ - ജഗ് നിവാസ്, പിച്ചോല തടാകം

ജയ്സാൽമീർ - കോട്ടകള്‍, പുരാതന മാളികകൾ

ജോധ്പുർ - മെഹ്റൻഗഡ് കോട്ട, കൊട്ടാരങ്ങൾ, ഷോപ്പിംഗ് ടൂർ

ഭരത്പുർ - കിയോലാഡിയോ ഘാന നാഷണൽ പാർക്ക്

ആഗ്ര - ഫത്തേപുർ സിക്രി, താജ്മഹൽ

ഡെക്കാൻ ഒഡീസി

പുരാതന ഇന്ത്യയിലെ വിവിധ രാജകീയ കാലഘട്ടങ്ങളിലെ രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും യാത്രാ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ കൊട്ടാരസമാനമായ ട്രെയിനാണ് ഡെക്കാൻ ഒഡീസി. ആഡംബരപൂര്‍ണമായ ഇന്റീരിയറുകൾ, മൾട്ടി-ക്യുസിൻ റസ്റ്ററന്റുകൾ, ലോഞ്ചുകൾ, ഒരു കോൺഫറൻസ് കാർ, ഒരു ഓൺബോർഡ് സ്പാ തുടങ്ങിയ സൗകര്യങ്ങള്‍ക്കൊപ്പം, ഒരു പഞ്ചനക്ഷത്രഹോട്ടലിനെ അനുസ്മരിപ്പിക്കും ഈ ട്രെയിന്‍. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് ട്രെയിന്‍ ഓടുന്നത്.

റൂട്ടുകൾ:

1. മുംബൈ - നാസിക് - എല്ലോറ ഗുഹ - അജന്ത ഗുഹകൾ - കോലാപുർ - ഗോവ - രത്‌നഗിരി – മുംബൈ

2. ഡൽഹി - സവായ് മധോപുർ - ആഗ്ര - ജയ്പുർ - ഉദയ്പുർ - വഡോദര - എല്ലോറ ഗുഹകൾ - മുംബൈ

train111-1-
Deccan Odyssey. CRS PHOTO/shutterstock

3. മുംബൈ - വഡോദര - പാലിതാന - സസൻ ഗിർ - സോമനാഥ് - ലിറ്റിൽ റാൺ ഓഫ് കച്ച് - മൊധേര - പാടാൻ - നാസിക് – മുംബൈ

4. മുംബൈ - വഡോദര - ഉദയ്പുർ - ജോധ്പുർ - ആഗ്ര - സവായ് മധോപുർ - ജയ്പുർ - ഡൽഹി

5. മുംബൈ - ബീജാപുർ - ഐഹോളെ - പട്ടടക്കൽ - ഹംപി - ഹൈദരാബാദ് - എല്ലോറ ഗുഹകൾ - അജന്ത ഗുഹകൾ - മുംബൈ

6. മുംബൈ - ഔറംഗബാദ് - രാംടെക് - തഡോബ - അജന്ത - നാസിക് – മുംബൈ

ഗോൾഡൻ ചാരിയറ്റ്

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചില വിനോദസഞ്ചാര സ്ഥലങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന മികച്ച ആഡംബര ട്രെയിനുകളിലൊന്നാണ് ഗോൾഡൻ ചാരിയറ്റ് . 2008-ൽ സമാരംഭിച്ച ഗോൾഡൻ ചാരിയറ്റ് ആതിഥ്യമര്യാദയ്ക്ക് പേരുകേട്ടതാണ്. രാജകീയ ഇന്റീരിയറുകളുള്ള എസി ചേമ്പറുകൾ, ബാറുകൾ, വിവിധതരം വിഭവങ്ങൾ വിളമ്പുന്ന റസ്റ്ററന്റുകൾ, മിനി ജിം, ആയുർവേദ സ്പാ തുടങ്ങി ഒട്ടനവധി സൗകര്യങ്ങലുള്ള ട്രെയിന്‍, 2013-ൽ 'ഏഷ്യയിലെ പ്രമുഖ ലക്‌ഷ്വറി ട്രെയിൻ' എന്ന ബഹുമതിയും നേടി. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ട്രെയിന്‍ ഓടുന്നത്.

റൂട്ടുകൾ:-

1. ബെംഗളൂരു - കബനി - മൈസൂർ - ഹാസൻ - ഹംപി - ബദാമി - ഗോവ - ബെംഗളൂരു

2. ബെംഗളൂരു- ചെന്നൈ - മഹാബലിപുരം - പോണ്ടിച്ചേരി - തഞ്ചാവൂർ - മധുര - തിരുവനന്തപുരം - ആലപ്പുഴ - കൊച്ചി - ബെംഗളൂരു

ഫെയറി ക്വീൻ എക്സ്പ്രസ്

ഇന്ത്യയിലെ ഏറ്റവും പഴയ ആഡംബര ട്രെയിനുകളിലൊന്നാണ് രാജസ്ഥാനില്‍ സര്‍വീസ് നടത്തുന്ന ഫെയറി ക്വീൻ എക്സ്പ്രസ്. സരിസ്കയിലെ ലേക്ക് പാലസ്, സരിസ്ക നാഷനൽ പാർക്ക് എന്നിവയും അല്‍വാറിലെ അൽവാർ മ്യൂസിയവുമാണ് ഈ യാത്രയിലെ പ്രധാന ആകര്‍ഷണങ്ങള്‍.

റൂട്ട്: ഡൽഹി - അൽവാർ - സരിസ്ക- അൽവാർ - ഡൽഹി

ഹെറിറ്റേജ് ഓൺ വീൽസ്

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ആഡംബര ട്രെയിനുകളിലൊന്നായ ഹെറിറ്റേജ് ഓൺ വീൽസ് രാജസ്ഥാന്‍റെ പാരമ്പര്യങ്ങളും സംസ്കാരവും തുറന്നുകാട്ടുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ട്രെയിനുകളിൽ ഒന്നാണ് ഹെറിറ്റേജ് ഓൺ വീൽസ്.

റൂട്ട്: ജയ്പുർ - ബിക്കാനീർ - താൽ ഛപ്പർ, ശെഖാവതി - ജയ്പുർ 

ഹെറിറ്റേജ് ഓൺ വീൽസിൽ 3 രാത്രിയും 4 പകലും യാത്ര ചെയ്യുന്നവര്‍ സന്ദര്‍ശിക്കുന്ന ജനപ്രിയ ആകർഷണങ്ങൾ ഇവയാണ്:

ബിക്കാനീർ: ജുനഗർ കോട്ട, ഹാത്ത്, ഒട്ടക സഫാരി, ലാൽഗഡ് പാലസ്

താൽ ഛപ്പർ ആൻഡ് ഷെഖാവതി: ലക്ഷ്മൺഗഡ് കോട്ട, ഗോയങ്ക ഹവേലി, സിക്കാർ, ചുരു, മണ്ഡാവ, നവൽഗഡ്

ജയ്പുർ: ഹവാ മഹൽ, ആംബർ പാലസ്, സിറ്റി പാലസ്, ജന്തർ മന്തർ

English Summary: Super Luxury Trains In India That Are Worth Spending A Fortune In 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com