ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ആന്‍ഡമാന്‍ നിക്കോബാാര്‍ ദ്വീപുകള്‍ പഞ്ചാരമണൽ ബീച്ചുകളും കണ്ടല്‍ കാടുകളും അപൂര്‍വ ജൈവവൈവിധ്യമുള്ള മഴക്കാടുകളും സ്‌കൂബ ഡൈവിങുമൊക്കെ ആസ്വദിക്കാന്‍ പറ്റിയ ഇടമാണ്. ദ്വീപ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. 

ഇതാണ് ബെസ്റ്റ് ടൈം

കാലാവസ്ഥയിൽ‌ വലിയ വ്യതിയാനങ്ങൾ പതിവില്ലാത്തതിനാൽ വര്‍ഷത്തില്‍ എപ്പോഴും ആന്‍ഡമാന്‍ സന്ദര്‍ശിക്കാമെങ്കിലും ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള യാത്ര കൂടുതല്‍ മികച്ച അനുഭവമാകും. ഇതില്‍ തന്നെ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മഞ്ഞുകാലമാണ് ഏറ്റവും ഗംഭീരം. എന്തുകൊണ്ടാണ് ഈ സമയം തിരഞ്ഞെടുക്കാന്‍ പറയുന്നതെന്ന് നോക്കാം. സ്‌കൂബ ഡൈവിങ് ആന്‍ഡമാനിലേക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാനിടയുള്ളതിനാൽ സ്‌കൂബ ഡൈവിങ് തുടക്കക്കാര്‍ ഒഴിവാക്കുന്നതാണ് നല്ലത്. 

andaman
snorkeling. Aleksei Kornev/shutterstpck

അതേസമയം കൂടുതല്‍ ആഴങ്ങളിലേക്ക് സ്‌കൂബ ഡൈവിങ് നടത്തുന്ന പരിചയസമ്പന്നര്‍ക്ക് വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം. മഴ പെയ്താല്‍ കടലിന്റെ മുകള്‍ ഭാഗം കലങ്ങുമെങ്കിലും താഴെയുള്ള കാഴ്ചകളെ കാര്യമായി ബാധിക്കാറില്ല. ശക്തമായ കാറ്റുള്ള സമയത്തും സ്‌കൂബ ഡൈവിങ് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഈ കാറ്റ് കടല്‍ പ്രക്ഷുബ്ധമായേക്കാമെന്ന മുന്നറിയിപ്പ് കൂടിയാണ്. 

ആന്‍ഡമാനിലെ ചൂട് 

പൊതുവേ ചൂട് കൂടിയ പ്രദേശമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകൾ. ഫെബ്രുവരിയാണ് ഏറ്റവും തണുപ്പേറിയ മാസമെങ്കിലും അപ്പോള്‍ പോലും ശരാശരി ഉയര്‍ന്ന താപനില 29 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്താറുണ്ട്. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളാണ് പ്രധാന മഴക്കാലം. ആന്‍ഡമാനിലെ ചൂടന്‍ മാസം ഏപ്രിലാണ്. ഏപ്രിലിലെ ശരാശരി ഉയര്‍ന്ന താപനില 32 ഡിഗ്രി സെല്‍ഷ്യസായിരിക്കും. 

ബീച്ചുകളാണ് ആന്‍ഡമാനിലേക്കുള്ള യാത്രകളുടെ ജീവനെന്നതിനാല്‍ ചൂടുകാലത്ത് ആന്‍ഡമാനിലേക്കെത്തുന്നതാവും യാത്രികർക്കു നല്ലത്. ട്രെക്കിങ്ങിനും പറ്റിയ സമയമാണിത്. ഇനി വാട്ടര്‍സ്‌പോര്‍ട്‌സ് പ്രേമിയാണ് നിങ്ങളെങ്കില്‍ ജൂണും ജൂലൈയും ആയിരിക്കും പറ്റിയ മാസങ്ങള്‍. സ്‌നോര്‍ക്കലിങ്ങിനും സര്‍ഫിങ്ങിനും സ്‌കൂബ ഡൈവിങ്ങിനുമൊക്കെ പറ്റിയ സമയമാണിത്.

രണ്ട് മണ്‍സൂണ്‍

രണ്ട് മണ്‍സൂണ്‍ ലഭിക്കുന്ന പ്രദേശമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകൾ. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണും വടക്കു കിഴക്കന്‍ മണ്‍സൂണും ആന്‍ഡമാനിലെത്താറുണ്ട്. നവംബര്‍ മുതല്‍ ജനുവരി വരെയാണ് വടക്കു കിഴക്കന്‍ മണ്‍സൂണ്‍ കാലമെങ്കില്‍ മേയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍. ആന്‍ഡമാനിലെത്തിയ ശേഷമാണ് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ത്യന്‍ ഉപദ്വീപിലേക്കെത്തുക. മാസത്തില്‍ 180 ദിവസം മഴ ലഭിക്കുന്ന പ്രദേശമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹം. സൂര്യപ്രകാശം കുറഞ്ഞ തണുപ്പും കാറ്റുമുള്ള മഴക്കാലം യാത്രകളെയും ബാധിക്കും. 

പ്രത്യേക ശ്രദ്ധയ്ക്ക്

എടിഎമ്മുകള്‍ കുറവായതിനാൽ ആന്‍ഡമാനിലേക്കുള്ള യാത്രകളില്‍ ആവശ്യത്തിനു പണം കൈവശം വയ്ക്കുന്നത് നല്ലതാണ്. ഡെബിറ്റ് കാര്‍ഡില്‍ പണമുണ്ടായതുകൊണ്ട് പലപ്പോഴും സാമ്പത്തിക ആവശ്യങ്ങള്‍ നടക്കണമെന്നില്ല. 

andaman3
mall boats at the Andaman Sea . Marina113/Istock

ഇന്ത്യക്കാര്‍ക്ക് ആന്‍ഡമാനിലേക്ക് പോകാനായി പ്രത്യേകം അനുമതി ആവശ്യമില്ല. എന്നാല്‍ വിദേശികള്‍ക്ക് റെസ്ട്രിക്റ്റഡ് ഏരിയ പെര്‍മിറ്റിന്റെ ആവശ്യമുണ്ട്. 30 ദിവസത്തേക്കാണ് ആര്‍എപി അനുവദിക്കുക. പോര്‍ട്ട്‌ബ്ലെയര്‍ വിമാനത്താവളത്തിലിറങ്ങുമ്പോള്‍ത്തന്നെ ആര്‍എപി ലഭിക്കും. ഹോട്ടലുകളിലും മറ്റും താമസിക്കണമെങ്കില്‍ ആര്‍എപി ആവശ്യമാണ്.

 

ആന്‍ഡമാനിലേക്കുള്ള യാത്രകള്‍ അവിടുത്തെ കാലാവസ്ഥയും പ്രത്യേകതകളും യാത്രക്കാരുടെ അഭിരുചികളും അനുസരിച്ച് പ്ലാന്‍ ചെയ്യുന്നതാണ് ഉചിതം. അവിചാരിതമായ അനുഭവങ്ങളാണ് ഓരോ യാത്രയെയും മറക്കാനാവാത്തതാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കുള്ള യാത്ര ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.

English Summary: Andaman and Nicobar Islands Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com