മഞ്ഞുമൂടിയ ട്രാക്കിലൂടെ ട്രെയിൻ; കശ്മീരിന്റെ ശൈത്യകാല കാഴ്ചകൾ

Mail This Article
പ്രകൃതിയൊരുക്കുന്ന മനോഹര കാഴ്ചകളാണ് കശ്മീരിനെ ഭൂമിയിലെ സ്വര്‍ഗമാക്കി മാറ്റുന്നത്. മഞ്ഞു പുതച്ചു നില്ക്കുന്ന കശ്മീരിന്റെ സുന്ദര ചിത്രങ്ങള്‍ ആരുടേയും ഹൃദയത്തിലേക്ക് ചേക്കേറും. ഒക്ടോബറില്‍ ആരംഭിക്കുന്ന കശ്മീരിലെ മഞ്ഞുകാലം മാര്‍ച്ച് പകുതി വരെ നീളും. അതുവരെ പുല്മേടുകളായി കിടന്നിരുന്ന പ്രദേശങ്ങളില്‍ മഞ്ഞിന്റെ വെളുത്ത പുതപ്പ് മുഴുവനായി മൂടുന്ന കാഴ്ച അതിമനോഹരമാണ്.
മഞ്ഞുകാലത്തും അല്ലാത്തപ്പോഴും തികച്ചും വ്യത്യസ്തമായ സൗന്ദര്യമാണ് കശ്മീരിന്. സ്കൈയിങും പൈന്‍ മരക്കാടുകള്‍ക്ക് മുകളിലൂടെയുള്ള കേബിള്‍ കാര്‍ സഫാരിയും പരമ്പരാഗതമായ മരത്തിന്റെ വണ്ടിയില്‍ മഞ്ഞിലൂടെയുള്ള യാത്രയുമൊക്കെ സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കും. ഇന്ത്യയുടെ സ്വര്‍ഗഭൂമിയില്‍ നിന്നുള്ള അതിമനോഹരമായ ചിത്രങ്ങളില്‍ ചിലത് കണ്ടുനോക്കാം.
മഞ്ഞുകാലത്തെ ബേത്താബ് താഴ്വര

മഞ്ഞുപുതച്ചു കിടക്കുന്ന താഴ്വരയിലൂടെ ഒഴുകുന്ന ലിഡാര്‍ നദി. തീരത്തു നിന്നും അങ്ങകലെ മലഞ്ചെരിവു വരെ നീളുന്ന പൈന്‍ മരക്കാടുകള്‍. വിദൂരതയില്‍ മഞ്ഞു മൂടി കിടക്കുന്ന ഹിമാലയം. എല്ലാം ചേര്‍ന്ന് യാത്രികര്‍ക്കായി മാന്ത്രിക അനുഭവമാണ് ബേത്താബ് താഴ്വര ഒരുക്കുന്നത്.
ബാനിഹാള്‍ - ബരാമുള്ള ട്രെയിന്‍ പാത

റെയില്‍ പാളത്തിന്റെ ഇരുവശവും മഞ്ഞു മൂടിക്കിടക്കുന്നു. മഞ്ഞിന് നടുവിലൂടെയൊരു മറക്കാനാവാത്ത ട്രെയിന്‍ യാത്ര. അതാണ് ബാനിഹാള്‍ - ബരാമുള്ള പാതയിലൂടെ സഞ്ചരിക്കുന്നവരെ കാത്തിരിക്കുന്നത്.
ഷാലിമാര്‍ ബാഗ് മുഗള്‍ ഗാര്ഡന്

മനോഹരമായ പൂന്തോട്ടമാണ് വേനല്‍ക്കാലത്ത് ഷാലിമാര്‍ ബാഗ് മുഗള്‍ ഗാര്ഡനെങ്കില് അത് മഞ്ഞുകാലത്ത് മറ്റൊരു സുന്ദര രൂപത്തിലേക്ക് മാറും. ആകെ മഞ്ഞിന്റെ വെള്ള പുതപ്പിട്ട രൂപം. ക്യാമറക്കും കണ്ണുകള്‍ക്കും വസന്തം തീര്‍ക്കും ഈ പൂന്തോട്ടത്തിലെ കാഴ്ച്ചകള്‍.
സോന്മാര്ഗ്

മഞ്ഞുകാലത്ത് സോന്മാര്ഗിലേക്ക് എത്തിപ്പെടുക പോലും എളുപ്പമാകണമെന്നില്ല. റോഡില്‍ പലയിടത്തും മഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടിരിക്കാം. എന്നാല്‍ ഒരിക്കലെത്തിപ്പെട്ടാല് ഒരിക്കലും മറക്കാനാവാത്ത മനോഹര ദൃശ്യങ്ങളാകും അവ. മഞ്ഞുകാലം തുടങ്ങുമ്പോഴേ പോകാന്‍ പറ്റിയ സ്ഥലമാണ് സോന്മാര്ഗ്.
ഗുല്‍മാര്‍ഗ്

വേനലില്‍ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പുല്‍മേടുകളാണ് ഗുല്മാര്ഗിലെങ്കില് മഞ്ഞുകാലമെത്തുന്നതോടെ കാഴ്ചകള്‍ മാറും. ഒരു പുല്‍നാമ്പ് പോലും കാണാനാവാത്തവിധം മഞ്ഞ് ഗുല്‍മാര്‍ഗിനെ മൂടും. യൂറോപിലെ മഞ്ഞുകാല വിനോദസഞ്ചാരകേന്ദ്രങ്ങളോട് കിടപിടിക്കും കശ്മീരിന്റെ ഗുല്‍മാര്‍ഗ് എന്ന വിന്റര്‍ വണ്ടര്‍ലാന്‍ഡ്. സ്കൈയിങ് അടക്കമുള്ള മഞ്ഞുകാല വിനോദങ്ങള്‍ക്കും പറ്റിയ ഇടമാണ് ഗുല്‍മാര്‍ഗ്. മഞ്ഞുകാലത്തെ കശ്മീരിന്റെ ആകാശ കാഴ്ചയാണ് കേബിള്‍ കാറുകള്‍ നല്കുന്ന വാഗ്ദാനം. ഗുര്മാര്ഗില് ഇതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഐസിക്കിള്‍സിനെ സൂക്ഷിക്കണേ!

തലക്കു മുകളില്‍ തൂങ്ങി നില്ക്കുന്ന ഐസിക്കിള്‍സിനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും സഞ്ചാരികള്‍ക്ക് ലഭിക്കാറുണ്ട്. മേല്‍ക്കൂരയില്‍ നിന്നും മറ്റും താഴേക്ക് വീഴുന്ന വെള്ളം മഞ്ഞാകുമ്പോള് കൂര്‍ത്ത് കത്തിപോലെ നില്ക്കുന്നതിനെയാണ് ഐസിക്കിള്‍സ് എന്നു വിളിക്കുന്നത്. സൂക്ഷിച്ചില്ലെങ്കില്‍ ഇത് കൊണ്ട് പലപ്പോഴും അപകടങ്ങളും സംഭവിക്കാറുണ്ട്.
പരമ്പരാഗത സ്ലെഡ്

കാലങ്ങളായി സ്ലെഡ് എന്ന മഞ്ഞിലൂടെ തെന്നി നീങ്ങാനുള്ള വാഹനം കശ്മീരികള്‍ ഉപയോഗിക്കുന്നുണ്ട്. ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന മരംകൊണ്ടു നിര്‍മിച്ച സ്ലെഡിലൂടെ ഇപ്പോഴും നിങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള അവസരമുണ്ട്. അതും പ്രയോജനപ്പെടുത്താം.
ഝലം നദി

മഞ്ഞു മൂടി കിടക്കുന്ന പര്‍വതവും ഓളങ്ങളില്ലാത്ത ഝലം നദിയും തോണിക്കാരനുമൊക്കെ ചേര്‍ന്ന് ഒരു പോസ്റ്റ് കാര്‍ഡിന് പറ്റിയ മനോഹര ചിത്രം നിങ്ങള്‍ക്ക് മുന്നിലും ഒരുക്കിയേക്കാം. വ്യത്യസ്ത കാഴ്ചകളുടെ വിഭവങ്ങളിലൊന്നാണ് ഝലം നദിയും.
ദാല്‍ തടാകം

കശ്മീരിലെത്തുന്ന സഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ് ദാല്‍ തടാകം. ഈ തടാകത്തിലെ ശിക്കാര വള്ളങ്ങളിലെ യാത്രയും അവിടുത്തെ ജല ജീവിതവുമെല്ലാം സഞ്ചാരികള്‍ക്ക് പുതുമയാകും. മഞ്ഞുമൂടി കിടക്കുന്ന പര്‍വതങ്ങളും കണ്ടുകൊണ്ട് ദാല്‍ തടാകത്തിലൂടെയൊരു യാത്ര എന്ത് മനോഹരമായിരിക്കും...
English Summary: Stunning Offbeat Destinations in Kashmir For A Perfect Winter Vacation