കേസും പൊല്ലാപ്പും വേണ്ട; ഗോവയിലെ നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കാം

Mail This Article
ഇന്ത്യയിലെ സഞ്ചാരികളുടെ പറുദീസകളിലൊന്നായി അറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമാണ് ഗോവ. സുന്ദരമായ ബീച്ചുകളും അസ്തമയവും സംഗീതവും കോക്ടെയിലുമെല്ലാം ഗോവന്‍ യാത്രകളുടെ സൗന്ദര്യം വര്‍ധിപ്പിക്കാറുണ്ട്. വിനോദസഞ്ചാരത്തിന് ഗുണകരമാകുമെന്ന പ്രതീക്ഷയില്‍ സഞ്ചാരികള്‍ക്ക് മാത്രമല്ല തദ്ദേശീയര്‍ക്കും കൂടി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ഗോവന്‍ സര്‍ക്കാര്‍. അറിവില്ലായ്മകൊണ്ട് ചെയ്താല്‍ പോലും കേസും പൊല്ലാപ്പുമാവാന് ഇടയുള്ള ഈ നിയന്ത്രണങ്ങളെക്കുറിച്ച് ഗോവയിലേക്ക് യാത്ര പുറപ്പെടും മുമ്പ് ഓരോ സഞ്ചാരികളും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ബീച്ചുകള്‍ സുരക്ഷിതമാക്കാന്‍
ഗോവയുടെ പ്രധാന സമ്പത്ത് കടല്തീരങ്ങള് തന്നെയാണ്. അവ വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ സുരക്ഷിതമാക്കാനായി ഗോവന്‍ വിനോദസഞ്ചാരവകുപ്പ് ചില കാര്യങ്ങള്‍ ബീച്ചുകളില്‍ നിരോധിച്ചിരിക്കുകയാണ്. ടിക്കറ്റുകളും പാക്കേജുകളും മറ്റും ബീച്ചുകളില്‍ വിനോദസഞ്ചാരികള്‍ക്ക് വില്‍ക്കരുത്. അതിനൊപ്പം ബീച്ചുകളില്‍ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത് ഇനിമുതല്‍ സാധിക്കില്ല. മാത്രമല്ല ബീച്ചുകളില്‍ ഇരുന്നുകൊണ്ട് മദ്യപിക്കുന്നതിനും വിലക്കുണ്ട്. വിലക്ക് മറികടക്കുന്നവര്‍ക്ക് പിഴ ഒടുക്കേണ്ടി വരും.
പ്ലാസ്റ്റിക് വേണ്ട
ഇനി ഗോവയിലേക്ക് പോകുമ്പോള്‍ പ്ലാസിക് നിരോധനമുള്ളിടത്തേക്കാണ് പോകുന്നതെന്ന ധാരണ വേണം. 2022 ജൂലൈ ഒന്ന് മുതല്‍ ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മാത്രമാണ് നിയമപരമായി ഗോവയില്‍ വില്‍ക്കാനാവുക. എങ്കിലും ഗോവക്കു പുറത്തു നിന്നു വരുന്ന സഞ്ചാരികളുടെ കൈവശം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടേക്കാം. അലക്ഷ്യമായി കൈവശമുള്ള പ്ലാസ്റ്റിക് കുപ്പിയോ മറ്റോ വലിച്ചെറിയുന്നത് പണി ക്ഷണിച്ചു വരുത്തിയേക്കും.

വാട്ടര്‍ ആക്ടിവിറ്റീസിന് പോകുമ്പോള്‍
ഗോവന്‍ തീരങ്ങള്‍ വാട്ടര്‍ സ്പോര്‍ട്സിന്റെ കേന്ദ്രങ്ങള്‍ കൂടിയാണ്. എന്നാല്‍ അനുമതിയുള്ള ഭാഗത്താണോ ഈ വാട്ടര്‍ ആക്ടിവിറ്റീസ് നടക്കുന്നതെന്ന് സഞ്ചാരികള്‍ പരിശോധിച്ചറിയുന്നത് ഇനി മുതല്‍ നന്നായിരിക്കും. ഔദ്യോഗിക അനുമതിയില്ലാത്ത കേന്ദ്രങ്ങളില്‍ നിന്നും ടിക്കറ്റെടുത്ത് വാട്ടര്സ്പോര്ട്സിനു പോയാല്‍ ചിലപ്പോള്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.
റോഡരികിലെ പാചകം
കടല്‍ തീരങ്ങളില്‍ മാത്രമല്ല റോഡരികിലും പാചകം ചെയ്യുന്നതിന് വിലക്കുണ്ട്. റോഡിനോട് ചേര്‍ന്ന് പാചകം ചെയ്ത് ഭക്ഷണം കഴിക്കാമെന്നു കരുതി ഗോവക്കു പോകുന്ന സഞ്ചാരികള്‍ ജാഗ്രതൈ! നിങ്ങള്‍ നിയമത്തിന്റെ മുന്നില്‍ കുറ്റക്കാരായി മാറിയേക്കാം. റോഡരികിലെ പാചകം പലപ്പോഴും മാലിന്യങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നടപടിക്ക് ഗോവന്‍ അധികൃതര്‍ തയ്യാറായിരിക്കുന്നത്.
ബീച്ചില്‍ കിടക്കും മുമ്പ്
മണലില്‍ വെയിലു കായാന്‍ മരക്കിടക്കയില് കിടക്കുന്ന സഞ്ചാരികള്‍ ഗോവയിലെ ബീച്ചുകളിലെ സ്ഥിരം കാഴ്ചയാണ്. അനുവാദമില്ലാത്ത പ്രദേശങ്ങളില്‍ ഇങ്ങനെ ചെയ്യുന്ന സഞ്ചാരികളും ഇനി മുതല്‍ നടപടികള്‍ നേരിടേണ്ടി വരും.
English Summary: These Touristy Things Are Illegal In Goa!