ADVERTISEMENT

മഞ്ഞിലൂടെ നടക്കണം, കാഴ്ചകൾ കാണണം മഞ്ഞിന്റെ നാട്ടിൽ താമസിക്കണം ഇതൊക്കെയാണ് മിക്ക സഞ്ചാരികളുടെയും ഉള്ളിലൂള്ള ആഗ്രഹം. സീസൺ ആകുന്നതോടെ മഞ്ഞിന്റെ നാട്ടിലേക്കുള്ള യാത്രക്കാരുടെ ഒഴുക്കും വർദ്ധിക്കും. മണാലിയാണ് മിക്കവരുടെയും മികച്ച ചോയ്സ്. മഞ്ഞുമൂടിയ തരുക്കളും മലനിരകളും, സ്വർഗം താണിറങ്ങി വന്നതോ എന്ന പാട്ടിന്റെ ഈരടികൾ ഓർമയിലേക്ക് കൊണ്ടുവരും. സഞ്ചാരികളുടെ സ്വർഗമെന്നു വിളിക്കപ്പെടുന്ന മണാലി, മധുവിധു ആഘോഷിക്കാനെത്തുന്നവരുടെയും പ്രിയയിടമാണ്. 

jungle-hut-manali2
മണാലിയിലെ ജംഗിൾ റിസോർട്ട്

ഹിമാചൽപ്രദേശിലെ കുളു താഴ്‍‍‍‍വരയിലാണ് മണാലി സ്ഥിതി ചെയ്യുന്നത്. ഡൽഹിയിൽ നിന്നും പതിനഞ്ചുമണിക്കൂർ യാത്രയുണ്ട് ഈ മനോഹരതീരത്തേക്ക്. പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല മണാലി സന്ദർശകരെ സ്വീകരിക്കുന്നത്. ട്രെക്കിങ് പ്രിയരായ സാഹസികർക്കും ഏറെ ഇഷ്ടപ്പെടും ഈ ഭൂമി.  വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്, പാരാഗ്ലൈഡിങ്, സ്കീയിങ് മലകയറ്റം, ഹൈക്കിങ് തുടങ്ങി നിരവധി വിനോദോപാധികൾ കൊണ്ടാണ് തന്നരികിലെത്തുന്നവരെ മണാലി സ്വീകരിക്കുന്നത്. മഞ്ഞുക്കാലം യാത്രകാർക്ക് ദുസ്സഹമാണെങ്കിലും കാഴ്ചകൾ ആസ്വദിക്കുവാനായി എങ്ങനെയും എത്തിച്ചേരുന്ന സഞ്ചാരപ്രേമികളുമുണ്ട്.

ആപ്പിൾത്തോട്ടങ്ങൾക്ക് നടുവിലെ താമസം

അവധിക്കാലം ആഘോഷമാക്കാൻ മണാലിയിലേക്ക് പോകുന്നവർക്ക് പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് താമസിക്കാൻ അവസരമൊരുക്കുകയാണ് ജംഗിൾ ഹട്ട് കോട്ടേജ്. പരമ്പരാഗത ഹിമാചൽ ശൈലിയിൽ ആപ്പിൾ ,വാൾനട്ട് മരങ്ങൾക്കു നടുവിലാണ് വിനോദസഞ്ചാരികൾക്കായി ഈ കോട്ടേജ് ഒരുക്കിയിരിക്കുന്നത്. തടിയിലും കല്ലിലുമാണ് കോട്ടേജ് പണിതുയർത്തിയിരിക്കുന്നത്. 

jungle-hut-manali1
മണാലിയിലെ ജംഗിൾ റിസോർട്ട്

മണാലിയിൽ നിന്ന് 8 കിലോമീറ്റർ അകലെ കന്യാൽ എന്ന ഗ്രാമത്തിലാണ് ഇൗ മനോഹര താമസയിടം.പർവതനിരയിൽ സ്ഥിതി ചെയ്യുന്ന കോട്ടേജിൽ രണ്ടു ബെഡ്റൂമും ഒരു ഹാളും അടുക്കളയും ശുചിമുറിയുമുണ്ട്. നയനമനോഹര കാഴ്ചകൾക്കു പുറമേ മികച്ച ട്രെക്കിങ് അനുഭവങ്ങളും ഇവിടെനിന്ന് ലഭിക്കും. 

സഞ്ചാരികൾക്കായി ഒരുക്കിയ താമസയിടം

അതുൽ ബോസ് എന്ന വ്യക്തിയുടെ ഉടമസ്ഥതിയിലുള്ളതാണ് ജംഗിൾ ഹട്ട്. ഐയൺ ബട്ട് അസോസിയേഷന്റെ സാഡിൽ സോർ ചലഞ്ചിൽ മത്സരിച്ച് തന്റെ 21ാം വയസ്സിൽ തന്നെ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുള്ളയാളാണ് അതുൽ. യാത്രയോടുള്ള പ്രണയം തന്നെയാണ് അതുലിന്റെ പുതിയ സംരഭത്തിന്റെ തുടക്കത്തിന് കാരണം. ഇൗ കോട്ടേജിന് പിന്നിൽ ഒരു കഥയുണ്ട്. മണാലി താഴ്‌വരയിൽ വിദേശികൾക്കും ബൈക്കിൽ ട്രെക്കിങ്ങിനെത്തുന്ന സംഘങ്ങളെയും ഗൈഡ് ചെയ്തായിരുന്നു അതുൽ മണാലിയിൽ ജീവിച്ചിരുന്നത്. കോവിഡ് മഹാമാരിയിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചതോടെ ടൂറിസം മേഖലയിലുണ്ടായ തിരിച്ചടി വളരെ വലുതായിരുന്നു.  ഹോംസ്റ്റേകളും അടച്ചുപൂട്ടുകയും മിക്കവരുടെയും ജോലി നഷ്ടപ്പെടുകയും ചെയ്തു. സഞ്ചാരികളുടെ വരവ് നിലച്ചതോടെ കോവിഡ്ക്കാലം അതുലിനും പ്രയാസമേറിയതായിരുന്നു. 

manali-trip5

അതുൽ മണാലിയിൽ വാടകയ്ക്ക് താമസം ആരംഭിച്ചു. ഒരിക്കൽ താമസസ്ഥലത്തിന് അടുത്തുള്ള ഒരു വെള്ളച്ചാട്ടത്തിനരികിലേക്ക് ട്രെക്കിങ്ങിന് പോയപ്പോഴാണ് മലമുകളിൽ പൊട്ടിപ്പൊളിഞ്ഞ കോട്ടേജ് അതുലിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് അതുൽ അത് ഏറ്റെടുക്കുകയും നവീകരിച്ച് വിനോദസഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം പകരുന്ന താമസസ്ഥലമാക്കി മാറ്റുകയും ചെയ്തു. അതുലിന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ് എന്നു തന്നെ പറയാം. മണാലിയിലേക്ക് എത്തിച്ചേരുന്ന നിരവധിപോരാണ് ഇവിടേയ്ക്ക് താമസത്തിനായി എത്തിച്ചേരുന്നത്. മഞ്ഞിന്റെ കാഴ്ചകണ്ട് അടിപൊളി താമസം അതാണ് ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. 

English Summary: Jungle Hut in Manali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com