ADVERTISEMENT

നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറിയ സീരീസായിരുന്നു ബ്രിഡ്ജർടൺ. ഇന്ത്യയിലും ഈ ഷോയ്ക്ക് നിരവധി ആരാധകരുണ്ട്. ബ്രിഡ്ജർടൺ രണ്ടാം സീസണിൽ എഡ്വിന ശർമ എന്ന പ്രധാന കഥാപാത്രമായി എത്തിയ നടിയാണ് ചരിത്ര ചന്ദ്രൻ. ചരിത്ര ഇൗയിടെ തമിഴ്‌നാട്ടിലെ തന്‍റെ ജന്മസ്ഥലം സന്ദർശിച്ചതിന്‍റെ ഒട്ടേറെ ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരുന്നു. തഞ്ചാവൂരിലെ ഐരാവതേശ്വര ക്ഷേത്രം സന്ദര്‍ശിക്കുന്നതിന്‍റെയും കുടുംബത്തോടൊപ്പം സമയം ചിലവിടുന്നതിന്‍റെയുമെല്ലാം ചിത്രങ്ങള്‍ ചരിത്ര പോസ്റ്റ്‌ ചെയ്തു. 

നെറ്റിയിൽ വെള്ളയും ചുവപ്പും നിറത്തിലുള്ള തിലകവും പിങ്ക് കുർത്തയുമണിഞ്ഞ ചരിത്രയുടെ ക്ലോസ് അപ്പ് ആണ് ആദ്യ ചിത്രം. തോളിൽ ഒരു ബാഗുമായി ചിരിച്ചുനില്‍ക്കുന്ന ചരിത്രയെ ഇതില്‍ കാണാം. കുംഭകോണത്തെ ഭക്ഷണശാലയും വാഴയിലയിൽ വിളമ്പുന്ന ഭക്ഷണവും മറ്റൊരു ചിത്രത്തിലുണ്ട്. തഞ്ചാവൂരിലെ പ്രശസ്തമായ ഐരാവതേശ്വര ക്ഷേത്രമാണ് മറ്റൊന്ന്.

തമിഴ്നാട്ടിലെ കുംഭകോണത്തിനു സമീപം ദാരാസുരത്താണ് പ്രസിദ്ധമായ ഐരാവതേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 'ഐരാവതേശ്വരൻ' എന്നും അറിയപ്പെടുന്ന ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഹിന്ദു പുരാണങ്ങള്‍ പ്രകാരം വെളുത്ത നിറമുള്ള ഒരു ആനയാണ് ഐരാവതം. ഒരിക്കല്‍ മഹര്‍ഷിയായ ദുര്‍വാസാവിന്‍റെ ശാപം മൂലം ഐരാവതത്തിന് വെളുത്ത നിറം നഷ്ടപ്പെട്ടു. തന്‍റെ നിറം തിരിച്ചുകിട്ടാനായി ഐരാവതം  ശിവനെ തപസ്സു ചെയ്തു എന്നും ശിവന്‍ പ്രത്യക്ഷനായി എന്നും അദ്ദേഹം നിര്‍ദേശിച്ചതനുസരിച്ച് ഇവിടുത്തെ കുളത്തിൽ ഇറങ്ങിയ ഐരാവതത്തിന് വെളുപ്പ് നിറം തിരികെ ലഭിച്ചു എന്നുമാണ് ഐതിഹ്യം. ഐരാവതത്തിന്‍റെ വിഷമം മാറ്റിയ ശിവനെ ഐരാവതേശ്വര രൂപത്തില്‍ ഇവിടെ ആരാധിക്കുന്നു.

ഐരാവതേശ്വര ക്ഷേത്രത്തിന്‍റെ വടക്കു ഭാഗത്തായി പെരിയ നായകി അമ്മൻ കോവിലുമുണ്ട്. പാര്‍വ്വതീദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഐരാവതേശ്വര ക്ഷേത്രം സന്ദര്‍ശിക്കുന്ന ആളുകള്‍ ഇവിടെയും വന്നു തൊഴാറുണ്ട്.

മനോഹരമായ ദ്രാവിഡശൈലിയില്‍ രൂപകല്‍പ്പന ചെയ്ത ഐരാവതേശ്വര ക്ഷേത്രം, പന്ത്രണ്ടാം നൂറ്റാണ്ടിലെ ചോളരാജാവായിരുന്ന രാജരാജ ചോളൻ രണ്ടാമനാണ് നിര്‍മിച്ചത്. ഐരാവതേശ്വര ക്ഷേത്രം, ബൃഹദീശ്വര ക്ഷേത്രം, ഗംഗൈകൊണ്ടചോളീശ്വര ക്ഷേത്രം എന്നീ മൂന്ന് ക്ഷേത്രങ്ങളെയും ചേർത്ത് 'ചോള മഹാക്ഷേത്രങ്ങൾ' എന്നു വിളിച്ചുവരുന്നു. 1987-ൽ യുനെസ്‌കോ ഐരാവതേശ്വര ക്ഷേത്രത്തെ ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നായി പ്രഖ്യാപിച്ചിരുന്നു.

English Summary: Charithra Chandran visits temple in Thanjavur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com