ADVERTISEMENT

ഇന്ത്യയുടെ മഞ്ഞുമരുഭൂമിയായ ലേ ലഡാക്കിലേക്ക് ബൈക്ക് യാത്ര പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ കുറവായിരിക്കും, അതിന് ആണ്‍പെണ്‍ഭേദമില്ല. മഞ്ഞുമൂടിയ പര്‍വതങ്ങള്‍ക്കിടയിലെ പരുക്കന്‍ വഴികളിലൂടെ അതിസുന്ദരമായ കാഴ്ചകള്‍ ആസ്വദിച്ച് പറന്നുപോകാന്‍ ആഗ്രഹിക്കുന്നവര്‍, യാത്രയ്ക്ക് മുന്നേ മതിയായ തയാറെടുപ്പുകളും മുന്‍കരുതല്‍ നടപടികളുമെല്ലാം എടുക്കേണ്ടതുണ്ട്. ലേ ലഡാക്ക് റോഡ് ട്രിപ്പിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാം.

ബൈക്ക് ട്രിപ്പിന് മികച്ച സമയം

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളാണ് ബൈക്കിൽ ലഡാക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ മാസങ്ങളിൽ ബൈക്ക് യാത്രക്കാർക്ക് ലഡാക്കിലെ മനോഹരമായ ടൂറിസ്റ്റ് സർക്യൂട്ടുകളിലൂടെ യാത്ര ചെയ്യാം. സാധാരണ സാഹചര്യങ്ങളില്‍ ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്ക് ബൈക്ക് ട്രിപ്പ് പോകുമ്പോള്‍ 15 ദിവസമോ അതില്‍ കൂടുതലോ സമയം എടുക്കും.

ladakh-bike3
rchphoto/Istock

ലഡാക്ക് ബൈക്ക് യാത്രയുടെ ചെലവ്

പ്രധാനമായും, യാത്രയ്‌ക്കായി തിരഞ്ഞെടുക്കുന്ന വാഹനത്തെ ആശ്രയിച്ചിരിക്കും ചിലവ്. താമസത്തിനും ഭക്ഷണത്തിനും അനുസരിച്ചും ചെലവ് വ്യത്യാസപ്പെടും. താമസം, ഭക്ഷണം, ഇന്ധനം തുടങ്ങിയ അടിസ്ഥാന ഘടകങ്ങൾ കൂടി പരിഗണിക്കുമ്പോൾ ശരാശരി 15 ദിവസത്തേക്ക് ബൈക്കിൽ ലേ ലഡാക്കിലേക്കുള്ള യാത്രയ്ക്കായി ഏകദേശം 35,000 രൂപ ചിലവാണ് വരുന്നത്. ബൈക്ക് യാത്രയ്ക്കുള്ള പെർമിറ്റുകളുടെ ചെലവും ഇതിൽ ഉൾപ്പെടുന്നു. ബൈക്ക് യാത്രയുടെ റൂട്ട് അനുസരിച്ച് ചെലവും വ്യത്യാസപ്പെടും. 

ലേ ലഡാക്ക് റോഡ് ട്രിപ്പിനുള്ള മികച്ച ബൈക്കുകൾ

ലേ ലഡാക്ക് റോഡ് ട്രിപ്പിനുള്ള ബൈക്ക് തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധ വേണം. ജനപ്രീതിയേക്കാളും സ്റ്റൈലിനേക്കാളും കൂടുതല്‍, എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്നതും പരിപാലിക്കാൻ എളുപ്പമുള്ളതുമായ ബൈക്കുകൾ വേണം തിരഞ്ഞെടുക്കാന്‍. ഇത് എല്ലായ്പ്പോഴും സുരക്ഷിതത്വം ഉറപ്പാക്കും. 

ladakh-bike
Ladakh in India,AsianDream/Istock

350 സിസി അല്ലെങ്കിൽ 500 സിസി എഞ്ചിൻ ഉള്ള റോയൽ എൻഫീൽഡ് ലേ ലഡാക്ക് യാത്രയ്ക്കുള്ള ഏറ്റവും മികച്ച ബൈക്കായി കണക്കാക്കപ്പെടുന്നു. ദുർഘടമായ പാതകളിലും ഓഫ്‌ബീറ്റ് റോഡുകളിലും മികച്ച യാത്രക്കായി 400 സിസിയുടെ കരുത്തുറ്റ എഞ്ചിനുള്ള റോയൽ എൻഫീൽഡ് ഹിമാലയൻ സഹായിക്കും. ബുള്ളറ്റുകൾക്ക് ശേഷം ഏറ്റവും പ്രിയങ്കരമായ ബൈക്ക്, ബജാജ് പൾസർ ആണ്. പള്‍സറിന്‍റെ 200CC, 220CC ബൈക്കുകള്‍ ഉപയോഗിക്കാം. കൂടാതെ, കെടിഎം ഡ്യൂക്ക് 390, ഡ്യൂക്ക് 250 എന്നിവയും ഉപയോഗിക്കുന്നവരുണ്ട്‌. സിബിആര്‍ 250, യമഹ ഫേസർ, ബജാജ് വിക്രാന്ത്, യമഹ എഫ്‌ഇസഡ്, ഹീറോ ഇംപൾസ് എന്നിവയാണ് ലേ ലഡാക്ക് യാത്രയ്ക്കുള്ള മറ്റ് മുൻനിര ബൈക്കുകൾ.

ബൈക്കില്ലെങ്കില്‍ എന്തു ചെയ്യും?

ബൈക്കില്ലെങ്കില്‍ വിഷമിക്കേണ്ട കാര്യമൊന്നുമില്ല. ഡല്‍ഹിയിലും മണാലിയിലുമെല്ലാം സഞ്ചാരികള്‍ക്ക് ബൈക്ക് വാടകയ്ക്ക് കൊടുക്കുന്ന ഒട്ടേറെ ഇടങ്ങളുണ്ട്. ഡൽഹിയിൽ കരോൾ ബാഗ് ആണ് ഇതിനുള്ള പ്രധാനകേന്ദ്രം. ഇവിടെ ഒരു ദിവസത്തിന് ഏകദേശം 1000 രൂപ നിരക്കില്‍ ബൈക്ക് വാടകയ്ക്കെടുക്കാം. ഇതിനായി, ഫോട്ടോ ഐഡി പ്രൂഫ്, ഡ്രൈവിങ് ലൈസൻസ്, സെക്യൂരിറ്റി ഡെപ്പോസിറ്റായി 10,000 രൂപ, 25 വയസ്സിന് താഴെയുള്ളവരാണെങ്കില്‍ മാതാപിതാക്കളിൽ നിന്നുള്ള സമ്മതപത്രം എന്നിവ നല്‍കണം. മണാലിയിൽ, പ്രതിദിന വാടക നിരക്ക് 1000 രൂപാ മുതൽ 1800 വരെയാണ്.

മികച്ച ലേ ലഡാക്ക് ബൈക്ക് ടൂർ റൂട്ട്

ശ്രീനഗർ മുതൽ ലേ വരെയും മണാലി മുതൽ ലേ വരെയുമുള്ള റൂട്ട് ബൈക്ക് ട്രിപ്പിന് ഏറ്റവും മികച്ചതാണ്. സുന്ദരമായ പര്‍വതക്കാഴ്ചകള്‍ക്കിടയിലൂടെയാണ് മണാലിയിൽ നിന്നുള്ള ലേ ലഡാക്ക് ബൈക്ക് ട്രിപ്പ് റൂട്ട് കടന്നുപോകുന്നത്. 

റൂട്ട് 1: ശ്രീനഗറിൽ നിന്ന് ലേയിലേക്കും തിരിച്ചും

റൂട്ട് മാപ്പ്: ഡൽഹി → ജലന്ധർ → ജമ്മു → ശ്രീനഗർ → കാർഗിൽ → ലേ → കരു → സർച്ചു → മണാലി → ഡൽഹി

ദൂരം: ഏകദേശം 2,295 കിലോമീറ്റർ

റൂട്ട് 2: മണാലിയിൽ നിന്ന് ലേയിലേക്കും തിരിച്ചും

റൂട്ട് മാപ്പ്: ഡൽഹി → മണാലി → സർച്ചു → ലേ → ഖർദുങ് ലാ → നുബ്ര വാലി → കാർഗിൽ → ശ്രീനഗർ → ഡൽഹി കവർ ചെയ്ത

ദൂരം: ഏകദേശം 2,569 കിലോമീറ്റർ

റൂട്ട് 3: ഡൽഹിയിൽ നിന്ന് ലേയിലേക്കും തിരിച്ചും

റൂട്ട് മാപ്പ്: ഡൽഹി → മണാലി → സർച്ചു → ലേ → ഖർദുങ് ലാ → നുബ്ര വാലി → കാർഗിൽ → ശ്രീനഗർ → ഡൽഹി കവർ ചെയ്ത

ദൂരം: ഏകദേശം 2,022 കിലോമീറ്റർ

 കാഴ്ചകള്‍

നുബ്ര വാലി, മാഗ്നറ്റിക് ഹിൽ, സാൻസ്കർ നദി, പാംഗോങ് തടാകം, ആശ്രമങ്ങൾ എന്നിവയാണ് ലേ ലഡാക്കിലെ പ്രസിദ്ധമായ സ്ഥലങ്ങള്‍. പഷ്മിന ഷാളുകൾ, മണ്ഡല ആർട്ട് ആൻഡ് ഡ്രോയിംഗുകൾ, ടിബറ്റൻ കരകൗശലവസ്തുക്കൾ, കൈത്തറി, വെള്ളി ആഭരണങ്ങൾ മുതലായവ ഇവിടെ നിന്നും വാങ്ങാം.

യാത്ര പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

∙ഫോട്ടോ ഐഡന്റിറ്റി പ്രൂഫ്‌, ഡ്രൈവിംഗ് ലൈസൻസ് എന്നിവ എടുക്കാന്‍ മറക്കരുത്.

∙ബൈക്ക് യാത്രയ്ക്ക് എത്രത്തോളം ത്രില്‍ ഉണ്ടോ അത്രത്തോളം തന്നെ അപകടസാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ മുന്‍കരുതലായി ഉയര്‍ന്ന ഗുണമേന്മയുള്ള ഹെല്‍മറ്റ് കൈവശം വയ്ക്കുക 

∙തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍ക്കും തൊപ്പികള്‍ക്കുമൊപ്പം, ഒന്നോ രണ്ടോ ലെതർ ജാക്കറ്റുകൾ കൂടി കരുതുക. കൂടാതെ, ഒരു ജോടി ഉറപ്പുള്ള ട്രക്കിംഗ് ഷൂകളോ ലെതർ ബൂട്ടുകളോ അധികമായി കരുതുക. റൈഡിംഗ് ഗ്ലാസുകൾ, ഫസ്റ്റ് എയ്ഡ് കിറ്റ്‌, ബൈക്ക് ടൂള്‍ കിറ്റ്‌, കൂടിയ SPF ഉള്ള ഒരു സണ്‍സ്ക്രീന്‍ എന്നിവയും കരുതുക.

∙ജിപിഎസിനെ അധികം വിശ്വസിക്കാന്‍ പറ്റാത്ത റൂട്ടുകളിലൂടെയാണ് പലപ്പോഴും കടന്നുപോകേണ്ടി വരിക. അതിനാല്‍ ഒരു മാപ്പ് കയ്യില്‍ കരുതുക.

∙ടോര്‍ച്ച്, ചാർജർ, പവർ ബാങ്കുകൾ, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, ക്യാമറ, ബാക്കപ്പിനുള്ള ബാറ്ററികൾ മുതലായവ കൊണ്ടുപോവുക.

∙ക്യാംപിങ് ടെന്റുകൾ, പാചക പാത്രങ്ങൾ, സ്ലീപ്പിങ് ബാഗുകൾ, മറ്റ് ക്യാംപിങ് ഉപകരണങ്ങൾ എന്നിവ വാടകയ്‌ക്ക് എടുക്കാം, അതിനാല്‍ ഇവ കൂടെ കൊണ്ടുപോകേണ്ടത് അത്യാവശ്യമല്ല.

English Summary: Leh Ladakh Bike Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com