ADVERTISEMENT

അനുഷ്ക ശർമയും വിരാട് കോലിയും, ഇത്രയധികം ആരാധിക്കപ്പെടുന്ന താരജോഡികൾ ഇന്ത്യയിൽ വേറെ ഇല്ലെന്നു തന്നെ പറയാം. ട്വന്റി - ട്വന്റി ലോകകപ്പിനു ശേഷം കോലിയും സിനിമയുടെ തിരക്കുകളിൽ നിന്നുമൊഴിഞ്ഞ ഭാര്യ അനുഷ്ക ശർമയും അവധിക്കാലം ആഘോഷിക്കുകയാണിപ്പോൾ. സഞ്ചാരികളുടെ സ്വർഗം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഉത്തരാഖണ്ഡിലാണ് ഇരുവരും. താരപരിവേഷമേതുമില്ലാതെ, നൈനിറ്റാളിലെ ആശ്രമത്തിൽ സമയം ചെലവഴിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

'വിരുഷ്‌ക' എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന വിരാടിന്റെയും അനുഷ്‍കയുടെയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന പുതിയ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. നൈനിറ്റാളിലെ കാക്ടി ഘട്ടിലുള്ള  ബാബ നീം കരോലിയുടെ ആശ്രമത്തിലായിരുന്നു ഇവർ. തിരക്കുകളും ആഘോഷങ്ങളും ഏതുമില്ലാതെ അവധി ദിനങ്ങൾ ചെലവിടാനാണ് മകൾക്കൊപ്പം ഇരുവരും ഇവിടെ എത്തിയിരിക്കുന്നതെന്നു വ്യക്തമാണ്.

സമൂഹമാധ്യമങ്ങളായ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ആരാധകക്കൂട്ടം പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ കണ്ട് ധാരാളം പേരാണ് അനുഷ്കയെയും വിരാടിനെയും കാണാനായി ആശ്രമത്തിൽ എത്തുന്നത്. ഒരുപോലെയുള്ള വസ്ത്രങ്ങൾ ധരിച്ചു, ഏറെ സന്തോഷത്തോടെയാണ് ഇരുവരും ആരാധകർക്കൊപ്പം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശൈത്യകാലം തുടങ്ങിയത് കൊണ്ടുതന്നെ ചില ചിത്രങ്ങളിൽ കട്ടിയുള്ള ജാക്കറ്റും കമ്പിളി തൊപ്പിയും മഫ്ലറുമൊക്കെ ധരിച്ച താരദമ്പതികളെ കാണാം.

ഹിമാലയൻ മലനിരകൾ അതിരിടുന്ന ഉത്തരാഖണ്ഡിൽ നിന്നാണ് ഗംഗ, യമുന തുടങ്ങിയ നദികൾ ഉത്ഭവിക്കുന്നത്. തണുപ്പ് കാലത്തു ഇവിടുത്തെ ഭൂരിഭാഗം പ്രദേശങ്ങളും മഞ്ഞിൽ മൂടി കിടക്കും. ഭാരതീയരുടെ പുണ്യക്ഷേത്രങ്ങളായ ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ്‌ എന്നിവ സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ ഉത്തരാഖണ്ഡ് അറിയപ്പെടുന്നത് 'ദേവഭൂമി' എന്നാണ്. സഞ്ചാരികളുടെ പ്രിയയിടമാണ് ഉത്തരാഖണ്ഡ്. നൈനിറ്റാൾ, മസൂറി, ഗംഗോത്രി, യമുനോത്രി, ഡെറാഡൂൺ എന്നീ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രങ്ങളും റിവര്‍ റാഫ്റ്റിങ്, പാരാഗ്ലൈഡിങ് പോലുള്ള സാഹസിക വിനോദങ്ങളുമെല്ലാം കാലങ്ങളായി ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ധ്യാനം, ആത്മീയ പ്രഭാഷണങ്ങൾ, ഭക്തിഗാനാലാപനം, സത്‌സംഗമം തുടങ്ങിയ വിശുദ്ധ കർമങ്ങൾ നടക്കുന്നൊരിടമാണ് നൈനിറ്റാളിലെ ബാബ നീം കരോലിയുടെ ആശ്രമം. ഹനുമാൻ ഭക്തനായ ബാബ നീം കരോലി തന്റെ വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത് മഹാരാജാജി എന്നാണ്. 

English Summary: Virat Kohli and Anushka Sharma Holiday in Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com