ADVERTISEMENT

മേഘാലയയിലെ ചിറാപുഞ്ചിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ഡെയ്ൻത്‌ലെൻ വെള്ളച്ചാട്ടം. ചിറാപുഞ്ചിയിൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളിൽ ഒന്നാണിത്. ഏകദേശം 90 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഡെയ്ൻത്‌ലെൻ വെള്ളച്ചാട്ടം, എല്ലാ വർഷവും ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 

ചിറാപുഞ്ചി നഗരത്തില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയാണ് ഡെയ്ൻത്‌ലെൻ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച ആസ്വദിക്കാനായി ഇരുമ്പുവേലി കെട്ടിത്തിരിച്ച വ്യൂപോയിന്‍റുണ്ട്. ഇവിടേക്ക് എത്താന്‍ ശരിയായ റോഡില്ല. പാറക്കെട്ടുകള്‍ നിറഞ്ഞ വഴിയിലൂടെ നടന്നുവേണം മുകളില്‍ എത്താന്‍. വെള്ളച്ചാട്ടത്തിനരികിലൂടെ ഒഴുകുന്ന അരുവിയില്‍ ജലനിരപ്പ് കുറയുന്ന സമയത്ത് മാത്രമേ ഇവിടേക്ക് നടന്നു പോകാനാവൂ. രാവിലെ ആറുമണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ ഇവിടം തുറന്നിരിക്കും, പ്രവേശനം തികച്ചും സൗജന്യമാണ്.

dainthlen2
Dainthlen Waterfalls at Cherrapunje,ePhotocorp/Istock

കട്ടിയുള്ള പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകുന്ന വെള്ളച്ചാട്ടവും നിരന്തരം വീശുന്ന കാറ്റും ചുറ്റുമുള്ള സമൃദ്ധമായ വനങ്ങളുമെല്ലാം അതിമനോഹരമായ കാഴ്ചയാണ്. ഖാസി ഗോത്രവർഗക്കാരുടെ താമസസ്ഥലമായതിനാല്‍ സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലം കൂടിയാണിത്. പരിസര പ്രദേശങ്ങളിൽ ധാരാളം റിസോർട്ടുകളും പിക്നിക് ഏരിയകളുമുണ്ട്. ഡെയ്ൻത്‌ലെൻ വെള്ളച്ചാട്ടത്തിന് താഴെയായി സ്ഥിതിചെയ്യുന്ന വെയ് സോ ഡോങ് വെള്ളച്ചാട്ടം മറ്റൊരു ആകർഷകമായ കാഴ്ചയാണ്. മൗസ്മൈ ഗുഹ, നോഹ് കലികൈ വെള്ളച്ചാട്ടം, ഡബിൾ ഡെക്കർ റൂട്ട് ബ്രിഡ്ജ്, നോൺഗ്രിയറ്റ് എന്നിവയും ഇതിനു സമീപത്ത് സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങളാണ്.

 കഥ ഇങ്ങനെ

ഡെയ്ൻത്‌ലെൻ വെള്ളച്ചാട്ടത്തിനെക്കുറിച്ച് നാട്ടുകാര്‍ക്കിടയില്‍ ഒരു ഐതിഹ്യം നിലനില്‍ക്കുന്നുണ്ട്. 'ത്‌ലെൻ' എന്നു പേരായ ഒരു ഭീമന്‍ പാമ്പ് ഇവിടെയുള്ള ഒരു ഗുഹയ്ക്കുള്ളില്‍ വസിച്ചിരുന്നു. അടുത്തുള്ള ഗുഹയിലേക്ക് പോകുന്ന ആളുകളെ അത് പതിയിരുന്ന് ആക്രമിക്കുന്നത് പതിവായിരുന്നു. അതുവഴി പോകുന്ന ആളുകളില്‍ പകുതി പേരെ വിഴുങ്ങുകയും ബാക്കിയുള്ളവരെ തൊടാതെ വിടുകയും ചെയ്യുന്ന വിചിത്രമായ ഒരു ശീലം അതിനുണ്ടായിരുന്നു. രണ്ടുപേർ കടന്നുപോകുകയാണെങ്കിൽ, അത് ഒരാളെ ആക്രമിക്കുകയും മറ്റേയാളെ വിട്ടയക്കുകയും ചെയ്യും. 

 

dainthlen
AmitRane1975/Istock

പാമ്പിന്‍റെ ഈ സ്വഭാവം മനസ്സിലാക്കിയ നാട്ടുകാര്‍ പരമാവധി ഒറ്റയ്ക്ക് മാത്രം ആ വഴി നടന്നുപോകാന്‍ തുടങ്ങി. എന്നാല്‍ അവരെപ്പോഴും പരിഭ്രാന്തരായിരുന്നു. തങ്ങളുടെ ഭയത്തിനറുതി വരുത്താന്‍ എന്തു ചെയ്യുമെന്ന് അവര്‍ ആലോചിച്ചു. അങ്ങനെയിരിക്കെ, അടുത്തുള്ള  ലൈട്രിംഗ്യൂ ഗ്രാമത്തിലെ യു സുയ്ദ്നോ എന്നു പേരായ ഒരാള്‍ ത്‌ലെനെ നേരിടാൻ മുന്നോട്ട് വന്നു. 

 

സുയ്ദ്നോ ഒരു കൂട്ടം ആടുകളുമായി പാമ്പിന്‍റെ അടുത്തെത്തി. ആട്ടിറച്ചി നല്‍കി പാമ്പുമായി സൗഹൃദം സ്ഥാപിച്ചു. അയാള്‍ വിളിക്കുമ്പോഴെല്ലാം തന്‍റെ വലിയ വാ തുറന്നുപിടിച്ചു കൊണ്ട് പാമ്പ് പുറത്തേക്ക് വരുന്നത് പതിവായി.അങ്ങനെയിരിക്കെ ഒരു ദിവസം, സുയ്ദ്നോ വലിയ ഒരു ഇരുമ്പുകഷണം ചൂളയില്‍ വെച്ച് ചൂടാക്കി. എന്നിട്ട് ഗുഹയുടെ അടുത്തെത്തി ത്ലനെ വിളിച്ചു. പതിവുപോലെ വായ തുറന്ന് പാമ്പ് ആര്‍ത്തിയോടെ പാഞ്ഞെത്തിയതും ചൂടുള്ള ഇരുമ്പ്, അയാള്‍ പാമ്പിന്‍റെ വായിലൂടെ കുത്തിക്കയറ്റി. അല്‍പ്പനേരത്തിനുള്ളില്‍ പാമ്പ് പിടഞ്ഞുചത്തു. ആ സന്തോഷവാര്‍ത്ത കേട്ടറിഞ്ഞ് സമീപപ്രദേശങ്ങളിൽ നിന്നും ആളുകൾ വന്നെത്തി. പാമ്പിനെ അവര്‍ കഷണങ്ങളാക്കി അടുത്തുള്ള നദീതടത്തിലേക്ക് വലിച്ചെറിഞ്ഞു.

 

 ഈ പ്രദേശത്തുള്ള പാറക്കെട്ടുകള്‍ കാണുമ്പോള്‍ അരിഞ്ഞ ഇറച്ചിക്കഷണങ്ങൾ പോലെയാണ്. പാമ്പിനെ മുറിച്ച സ്ഥലം എന്നാണ് ഡെയ്ൻത്‌ലെൻ എന്ന വാക്കിനര്‍ത്ഥം. സുയ്ദ്നോ താമസിച്ചിരുന്ന സ്ഥലം ഇപ്പോൾ ലോ സുയ്ദ്നോ എന്നും അറിയപ്പെടുന്നു.

English Summary: Dainthlen and Wei-Sawdong Falls - Meghalaya Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com