മൂന്നാർ തോൽക്കും അഴക്; ആരാരും കാണാത്ത ആകാശപ്പൊയ്ക
Mail This Article
കോടമഞ്ഞില്‍ പൊതിഞ്ഞ മലനിരകളില്‍ ഒഴുകിയെത്തുന്ന മായക്കാറ്റ്... ചുറ്റും സുന്ദരമായി നീണ്ടുനിവര്‍ന്നു കിടക്കുന്ന കാട്... ദൂരേയ്ക്ക് നോക്കുമ്പോള്‍ തേയിലത്തലപ്പുകളില്‍ സൂര്യന്‍ സ്വര്‍ണം കോരിയൊഴിക്കുന്ന കാഴ്ച... ഏതോ സ്വര്‍ഗീയ ഉദ്യാനം കണക്കെ, അവിടവിടെയായി ആകാശത്തെ നെഞ്ചിലേറ്റുന്ന നീല ജലാശയങ്ങള്‍... കയ്യിലൊരു ചൂടന്‍ ചായയുമായി ബാല്‍ക്കണിയില്‍ നിന്ന് ഈ കാഴ്ചകള്‍ ആസ്വദിക്കണോ? പോരൂ മേഘമലയിലേക്ക്!
എറണാകുളത്തു നിന്ന് പാലാ–മുണ്ടക്കയം– കുട്ടിക്കാനം–കുമളി–കമ്പം– ഉത്തമപാളയം– ചിന്നമണ്ണൂർ വഴി മേഘമലയിലേക്ക് 250 കി.മീ ദൂരമുണ്ട്. പഴം–പച്ചക്കറി ചന്തയായ ചിന്നമണ്ണൂരിൽ നിന്ന് റോഡ് മാർഗം മേഘമലയിലേക്കെത്താന്‍ വീണ്ടും 43 കിലോമീറ്റർ താണ്ടണം. അത്യാവശ്യം ദുർഘടമായ പാതയും പതിനെട്ടോളം ഹെയര്‍പിന്‍ വളവുകളുമാണ് ഈ വഴിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.
ദക്ഷിണേന്ത്യയിൽ സഞ്ചരിക്കാൻ കഴിയുന്ന ഏറ്റവും ജനവാസമില്ലാത്തതും വിജനവുമായ പ്രദേശങ്ങളിലൊന്നാണ് ഇത്. റോഡിനിരുവശവും ജനവാസകേന്ദ്രങ്ങള്‍ കാണാനാവില്ല. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ സ്വന്തം വാഹനത്തില്‍ പോകുന്നതിനേക്കാള്‍, ഇതിലൂടെ സര്‍വീസ് നടത്തുന്ന ബസില്‍ കയറി മുകളിലേക്ക് പോകുന്നതാണ് നല്ലത്.
യാത്രയിലുടനീളം എവിടെ നോക്കിയാലും പച്ചനിറം മാത്രമേ കാണാനാവൂ. ദൂരെ തോട്ടങ്ങളില്‍ കാട്ടുപോത്തുകൾ അലയുന്നത് കാണാം. വിശാലമായ വുഡ്ബ്രിയർ തേയിലത്തോട്ടങ്ങൾ കാണുന്നതുവരെ ഇരുവശവും റിസർവ് വനമാണ്. ഈ പ്രദേശത്ത് മനുഷ്യരുടെ ഇടപെടൽ വളരെ കുറവാണ്, പെരിയാർ ടൈഗർ റിസർവുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്ത് ധാരാളം സസ്യജാലങ്ങളും മൃഗങ്ങളുമുണ്ട്. തേയിലത്തോട്ടങ്ങൾക്ക് നടുവിലായി സഞ്ചാരികള്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
പേരുപോലെ തന്നെ മേഘങ്ങള്‍ നിറഞ്ഞ സുന്ദരമായ പര്‍വതനിരകളാണ് മേഘമലയിലെങ്ങും. ഈ പർവതങ്ങൾ സൃഷ്ടിക്കുന്ന തരംഗങ്ങൾ പോലെയുള്ള പാറ്റേണുകൾ കാരണം ബ്രിട്ടീഷ് പ്ലാന്റർമാർ ഇതിന് ‘ഹൈവേവീസ്’ എന്ന് പേരിട്ടു. അതിരാവിലെ, മഞ്ഞിന്‍റെ വെള്ള റിബണുകൾ ഈ പർവതങ്ങൾക്ക് ചുറ്റും പൊതിഞ്ഞ്, തേയിലത്തോട്ടങ്ങള്‍ക്ക് മുകളിലൂടെ അവ മേഘങ്ങളായി മുകളിലേക്ക് ഉയരുന്ന കാഴ്ച ഇവിടെ താമസിക്കുന്ന സഞ്ചാരികള്‍ക്ക് മാന്ത്രിക നിമിഷങ്ങൾ സമ്മാനിക്കുന്നു.
English Summary: Megamalai Travel Experience