ADVERTISEMENT

കല്ലിലെഴുതിയ കനകകാവ്യം പോലെ നീണ്ടുനിവർന്നു കിടക്കുന്ന കൽമണ്ഡപങ്ങൾ, ശിൽപങ്ങൾ, സ്തംഭങ്ങൾ, ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ.. വിസ്മയിപ്പിക്കുന്ന കാഴ്ചകളുടെ ഒരു നീണ്ട നിര. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഹംപി മറ്റു പൗരാണിക നഗരങ്ങളെക്കാൾ പ്രൗഢഗംഭീരമാണ്. രാജഭരണകാലത്തിന്റെ ഓർമകൾ പേറുന്ന, കല്ലിൽ കൊത്തിയുണ്ടാക്കിയ നിരവധി ശേഷിപ്പുകൾ ഇപ്പോഴും ഇവിടെയുണ്ട്. നശിപ്പിക്കപ്പെട്ടിട്ടും ശിലാപാളികളിൽ പണിതുയർത്തിയ കൽനിർമിതികൾക്ക് കാലപ്പഴക്കത്തിന്റെ മങ്ങലുപോലുമില്ല. നൂറ്റാണ്ടുകളുടെ പഴക്കവും ചരിത്രവും പേറുന്ന ഈ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കാണുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉചിതമായ സമയമാണ് പുതുവർഷത്തിലെ ആദ്യമാസം. 

 

pawopa3336 | iStock
pawopa3336 | iStock

ഹംപിയുടെ സംസ്കാരവും ചരിത്രവും വിശദമാക്കുന്ന ഹംപി ഉത്സവ് നടക്കുന്നത് ജനുവരി മാസത്തിലാണ്. കർണ്ണാടകയിലെ അതിപുരാതന നഗരങ്ങളിൽ ഒന്നായ ഹംപിയിലെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവങ്ങളിലൊന്നാണിത്. കോവിഡിന്റെ വരവോടെ മുടങ്ങി പോയ ഈ ആഘോഷം പുനഃസംഘടിപ്പിക്കുന്നത് ജനുവരി 27, 28, 29 എന്നീ തീയതികളിലാണ്. രാജക്കാലത്തിന്റെ പ്രൗഢിയും പ്രതാപവും വെളിവാക്കപ്പെടുന്ന ഉത്സവ കാഴ്ചകൾ ചരിത്രാന്വേഷികളെ മാത്രമല്ല, ഏതൊരു സന്ദർശകന്റെയും മനസ് നിറയ്ക്കും. ഹംപിയുടെ സൗന്ദര്യവും സംസ്കാരവും സംരക്ഷിക്കുക, ഒപ്പം തന്നെ അതിഗംഭീരമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന അതിന്റെ ചരിത്രത്തെ കുറിച്ച് അതിഥികൾക്ക് അവഗാഹം നൽകുക എന്നതാണ് ഉത്സവം കൊണ്ട് ലക്ഷ്യമിടുന്നത്. 

 

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷം ആദ്യം തീരുമാനിച്ചിരുന്നത് ജനുവരി മാസത്തിലെ 7-8 ദിവസങ്ങളിൽ നടത്തുവാനായിരുന്നുവെങ്കിലും സംസ്ഥാന ഗവണ്മെന്റ് നിശ്ചയിച്ച തീയതികളിൽ മാറ്റങ്ങൾ വരുത്തുകയായിരുന്നു. പ്രധാനമായും മൂന്ന് സ്ഥലങ്ങളാണ് ഉത്സവത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ഗായത്രി പീഠം, വിരൂപാക്ഷേശ്വര ക്ഷേത്രം, എഡൂരു ബസവണ്ണ ക്ഷേത്രം എന്നിവിടങ്ങളാണ് അതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

 

വളരെയധികം പഴക്കമുള്ള ഹംപി ഉത്സവ്, വിജയനഗര സാമ്രാജ്യത്തിന്റെ കാലത്തു തന്നെ ആഘോഷിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു എന്ന് കരുതപ്പെടുന്നു. സുവർണ കാലമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന വിജയനഗര രാജാക്കന്മാരുടെ മഹത്വം ഉദ്ഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ഗവണ്മെന്റ് വർഷാവർഷം ഹംപി ഉത്സവ് സംഘടിപ്പിക്കുന്നത്. മൂന്നു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ ആഘോഷത്തിൽ സംഗീതവും നൃത്തവും ഉൾപ്പെടെയുള്ള വിനോദങ്ങളെല്ലാം തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആ ദിവസങ്ങളിൽ ഹംപിയിലെ ചരിത്രസ്മാരകങ്ങളെല്ലാം തന്നെ ദീപാലങ്കാരത്തിൽ മുങ്ങി നിൽക്കും. പ്രശസ്തരായ നർത്തകരും ഗായകരും കലാകാരന്മാരും അവതരിപ്പിക്കുന്ന കലാപ്രകടനങ്ങൾ, കൂടാതെ പട്ടം പറത്തൽ, വാട്ടർ സ്പോർട്സ്, ഫോട്ടോഗ്രാഫി തുടങ്ങിയ മത്സരങ്ങളും ധാരാളം വിനോദങ്ങളും  ഹംപിയിലെത്തുന്ന സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.  

 

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഇടമാണ് ഹംപി. അവിടുത്തെ പ്രധാന കാഴ്ചകളിൽ എടുത്തു പറയേണ്ട ഒന്നാണ് വിരൂപാക്ഷ ക്ഷേത്രം. ധാരാളം സന്ദർശകരെത്തുന്ന ഒരു തീർത്ഥാടന കേന്ദ്രമാണിത്. ഇതുകൂടാതെ വിജയ വിത്തല ക്ഷേത്രം, പാൻ - സുപാരി ബസാർ, രാജ്ഞിയുടെ കൊട്ടാരം, ലോട്ടസ് മഹൽ, ആന പന്തി, മന്മഥ തീർത്ഥക്കുളം, ഹേമകൂടാദ്രി, ശ്രീകൃഷ്ണക്ഷേത്രം, ഉഗ്രനരസിംഹമൂർത്തി, ബാദവ ലിംഗം, ചണ്ഡികേശ്വര ക്ഷേത്രം, വീരഭദ്ര പ്രതിമ, ഭൂഗർഭ ശിവക്ഷേത്രം, ഹസാര രാമക്ഷേത്രം തുടങ്ങിയവയാണ് ഹംപിയിലെ പ്രധാന ആകർഷണങ്ങൾ.

 

English Summary: Hampi Utsav 2023, perfect way to experience the UNESCO World Heritage Site

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT