ഇന്ത്യയിലെ മിനി ടിബറ്റ്, മനം നിറയ്ക്കാന്‍ മക്‌ലോഡ് ഗഞ്ച്

mcleod-ganj
A panorama of Dhaulandhar Range from Triund in Himachal Pradesh, India. Naveen Kumar | iStock
SHARE

ആത്മീയവും സാഹസികവുമായ ലക്ഷ്യങ്ങള്‍ക്കായി ഹിമാലയത്തിലേക്ക് പോകുന്നവര്‍ക്ക് തെരഞ്ഞെടുക്കാന്‍ പറ്റിയ ഇടമാണ് മക്‌ലോഡ് ഗഞ്ച്. ഹിമാചല്‍ പ്രദേശിലെ ഈ ഹില്‍സ്റ്റേഷന്‍ ഇന്ത്യയിലെ ചെറു ടിബറ്റ് എന്നാണ് അറിയപ്പെടുന്നത്. വ്യത്യസ്തമായ ഭൂപ്രകൃതികൊണ്ടും ബുദ്ധ മത സംസ്‌കാരം കൊണ്ടും സഞ്ചാരികളുടെ മനം നിറയ്ക്കാന്‍ മക്‌ലോഡ് ഗഞ്ചിന് സാധിക്കും. 

എവിടെ?

ഹിമാചല്‍ പ്രദേശിലെ കാഗ്ര ജില്ലയിലാണ് മക്‌ലോഡ് ഗഞ്ച് സ്ഥിതി ചെയ്യുന്നത്. ചൈന ടിബറ്റിനെ കീഴടക്കിയപ്പോള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്ത ദലൈ ലാമയും അദ്ദേഹത്തെ അനുഗമിച്ചവരും ഈ പ്രദേശങ്ങളിലാണ് കഴിയുന്നത്. ലിറ്റില്‍ ലാസ എന്നും മക്‌ലോഡ് ഗഞ്ചിന് വിളിപ്പേരുണ്ട്. ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയ ദലൈ ലാമ ഇന്ത്യയില്‍ സ്ഥാപിച്ച ടിബറ്റന്‍ സര്‍ക്കാരിന്റെ ആസ്ഥാനവും മക്‌ലോഡ് ഗഞ്ചാണെന്നതാണ് ഈ പേരിന് പിന്നിലെ കാരണം. 

mcleod-ganj-1
Amit kg | Shutterstock

ധര്‍മ്മശാലയില്‍ നിന്നും വെറും മൂന്നു കിലോമീറ്റര്‍ മാത്രം അകലെയാണ് മക്‌ലോഡ് ഗഞ്ച്. ആത്മീയതതേടിയും വളണ്ടിയര്‍ പദ്ധതികളുടെ ഭാഗമായും ഹിമാലയത്തിലെ മലകയറ്റങ്ങള്‍ക്കും നാടുകാണാനുമൊക്കെയായി പ്രതിവര്‍ഷം പതിനായിരങ്ങളാണ് ധര്‍മശാലയിലേക്കെത്തുന്നത്. 1960ല്‍ ഇന്ത്യയിലെത്തിയ ബുദ്ധമതക്കാരുടെ പതിനാലാമത് ദലൈ ലാമയായ ലാമ ടെന്‍സിന്‍ ഗ്യാറ്റ്‌സോ താമസിക്കുന്നത് മക്‌ലോഡ് ഗഞ്ചിലാണ്. അതുകൊണ്ടുതന്നെ ധര്‍മ്മശാലയിലെത്തുന്ന ആത്മീയാന്വേഷകരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് മക്‌ലോഡ് ഗഞ്ചാണ്. 

കാണാന്‍?

ബുദ്ധമത വിശ്വാസികളേയും അവരുടെ ജീവിതത്തേയും സംസ്‌കാരത്തേയും നേരിട്ട് അറിയുന്നതിന് പറ്റിയ ഇടമാണ് മക്‌ലോഡ് ഗഞ്ച്. പര്‍വതങ്ങള്‍ അതിരിടുന്ന പച്ചപ്പു നിറഞ്ഞ ഹിമാലയന്‍ ഗ്രാമമാണ് മക്‌ലോഡ് ഗഞ്ച്. ഹിമാചല്‍ പ്രദേശിലെ തന്നെ ഏറ്റവും മനോഹരമായ ഹില്‍ സ്‌റ്റേഷനുകളിലൊന്നാണിത്. 

mcleod-ganj-2
Amit kg | Shutterstock

ധര്‍മശാല, മക്‌ലോഡ് ഗഞ്ച്, ഭാഗ്‌സുനാഗ്, കാന്‍ഗ്ര എന്നീ നാല് വിനോദസഞ്ചാര കേന്ദ്രങ്ങളും പരസ്പരം അടുത്തു കിടക്കുന്നവയാണ്. അതുകൊണ്ടുതന്നെ മക്‌ലോഡ് ഗഞ്ച് ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് ഈ സ്ഥലങ്ങളിലേക്കും എളുപ്പം പോകാനാവും. നാമ്ഗ്യാല്‍ മൊണസ്ട്രിയും ദലൈലാമ താമസിക്കുന്ന സുഗ്‌ലകങ്ക് മൊണസ്ട്രിയും സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനാവും. മിന്‍കിയാനി പാസും ട്രയുണ്ടിലെ ദാല്‍ തടാകവും സഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളാണ്. 

ഹിമാലയന്‍ ട്രക്കിങിനെത്തുന്നവരുടെ പട്ടികയിലുള്ള ഒരു സ്ഥലവും മക്‌ലോഡ് ഗഞ്ചിലുണ്ട്. അതാണ്, ട്രയുണ്ട് ട്രക്ക്. ഈ ട്രക്കിങ് ആരംഭിക്കുന്നത് മക്‌ലോഡ് ഗഞ്ചില്‍ നിന്നാണ്. രണ്ട് പകലും ഒരു രാത്രിയും മാത്രം നീളുന്ന എളുപ്പം പൂര്‍ത്തിയാക്കാവുന്ന ഹിമാലയന്‍ മലകയറ്റങ്ങളിലൊന്നാണിത്. ആകെ 14 കിലോമീറ്ററോളമാണ് സഞ്ചാരികള്‍ക്ക് ഈ ട്രക്കിങിനിടെ നടക്കേണ്ടി വരിക. മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ ട്രയുണ്ട് ട്രക്കിങിന് പറ്റിയ സമയമാണ്. 

എങ്ങനെയെത്താം? 

ഹിമാചല്‍ പ്രദേശിലെ കാഗ്ര വിമാനത്താവളമാണ് മക്‌ലോഡ് ഗഞ്ചിനോട് ഏറ്റവും അടുത്തുള്ളത്. എങ്കിലും ഇവിടേക്കുള്ള വിമാനങ്ങള്‍ എണ്ണത്തില്‍ കുറവാണ്. അതുകൊണ്ട് ഡല്‍ഹി വിമാനത്താവളത്തിലിറങ്ങുകയാവും സഞ്ചാരികള്‍ക്ക് പലപ്പോഴും സൗകര്യപ്രദമാവുക. ഡല്‍ഹിയുമായും മറ്റ് ഇന്ത്യന്‍ നഗരങ്ങളുമായും റോഡ് മാര്‍ഗം ബന്ധപ്പെട്ടിരിക്കുന്ന സ്ഥലമാണ് മക്‌ലോഡ് ഗഞ്ച്. ഇനി ട്രെയിനിലാണ് യാത്ര ഉദ്ദേശിക്കുന്നതെങ്കില്‍ പത്താന്‍കോട്ടാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. ഇവിടെ നിന്നും 90 കിലോമീറ്റര്‍ മാത്രം അകലെയാണ് മക്‌ലോഡ് ഗഞ്ച്. ഡല്‍ഹിയില്‍ നിന്നും ജമ്മുവിലേക്കുള്ള പാതയിലാണ് പത്താന്‍കോട്ട് റെയില്‍വേ സ്‌റ്റേഷന്‍.

English Summary: Mcleod Ganj – The Mini Tibet Of India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS