ADVERTISEMENT

മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍. അല്‍ഫോണ്‍സ് പുത്രന്‍റെ ‘നേരം’ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രലോകത്ത് എത്തിയ അഞ്ജു, സിനിമകള്‍ക്ക് പുറമേ, നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക്കൽ വിഡിയോകളിലും അഭിനയിച്ചു. മികച്ച ഒരു മോഡല്‍ കൂടിയാണ് നടി.

'സന്തോഷം നിറഞ്ഞ ഒരു ചിരി മതി ഏതു പ്രതിസന്ധിയെയും മറികടക്കാൻ. പലരേയും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകവും സന്തോഷം എന്ന വികാരമാണ്. എനിക്കും എപ്പോഴും സന്തോഷത്തോടെയിരിക്കുന്നതാണ് ഇഷ്ടം. സന്തോഷം ഇരട്ടിയാക്കുന്നത് യാത്രകളാണ്'. അഞ്ജു കുര്യന്റെ വാക്കുക്കളാണിവ. യാത്രകൾ നടത്താൻ ഒരുപാട് പ്രിയമുള്ളയാളാണ് അഞ്ജു. വീണുകിട്ടുന്ന അവസരങ്ങളൊക്കെയും യാത്രയ്ക്കായി മാറ്റിവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, ജമ്മു കശ്മീരില്‍ അവധിക്കാലം ആഘോഷിക്കുന്ന മനോഹരചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് അഞ്ജു.  മഞ്ഞിൽ പൊതിഞ്ഞ ഗുൽമർഗിൽ നിന്നുള്ള കാഴ്ചയും ദാല്‍ തടാകത്തില്‍ ഒരു തുഴക്കാരനൊപ്പം ശിക്കാരവള്ളം തുഴയുന്ന ചിത്രങ്ങളുമൊക്കെ അഞ്ജു പങ്കുവച്ചിട്ടുണ്ട്. ആദ്യമായി മഞ്ഞുവീഴ്ച ആസ്വദിക്കുന്നുവെന്നും പങ്കിട്ട ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

ഒരു കവിത പോലെ മനോഹരമായ അനുഭവം എന്നാണ് അഞ്ജു ഈ യാത്രയെ വിശേഷിപ്പിക്കുന്നത്. ഈ സമയത്ത് ദാല്‍ തടാകം അതിമനോഹരമാണ്. കശ്മീര്‍ താഴ്‍‍വര എക്കാലത്തെയും അതിമനോഹരമായ കാഴ്ചയാണ് ദാല്‍ തടാകം. മഞ്ഞില്‍ തടാകത്തിന്‍റെ പല ഭാഗങ്ങളും തണുത്തുറഞ്ഞിരിക്കും. 'കാശ്മീരിന്‍റെ രത്നം' എന്നറിയപ്പെടുന്ന ദാല്‍ തടാകത്തിലെ ഒരു പ്രധാകാഴ്ചയാണ് വിക്ടോറിയൻ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള പഴയ ഹൗസ്ബോട്ടുകള്‍.

കശ്മീരില്‍, പരമ്പരാഗതമായി ഉപയോഗിക്കുന്ന ഗൊണ്ടോള മോഡലില്‍ ഉള്ള ചെറുവള്ളങ്ങളാണ് ശിക്കാരവള്ളങ്ങള്‍. കശ്മീരിന്‍റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നായി പലപ്പോഴും കാണിക്കപ്പെടുന്ന ഇവ, ദാൽ തടാകത്തിലാണ് കൂടുതലും കാണപ്പെടുന്നത്. വിനോദസഞ്ചാര ആവശ്യങ്ങൾക്കു പുറമേ, കടൽപ്പായൽ വിളവെടുപ്പ്, മത്സ്യബന്ധനം, ഗതാഗതം എന്നിവയ്ക്കും ഇത്തരം വള്ളങ്ങള്‍ പ്രദേശവാസികൾ ഉപയോഗിക്കുന്നു.

ടൂറിസ്റ്റുകള്‍ക്ക് ശിക്കാരവള്ളത്തില്‍ യാത്ര ചെയ്യുമ്പോള്‍ വളരെയേറെ കാഴ്ചകളും ആകര്‍ഷണങ്ങളും സന്ദര്‍ശിക്കാം. നെഹ്‌റു പാർക്ക്, ചാർ ചിനാർ ദ്വീപ്, നിഷാത്, ഷാലിമാർ ഉദ്യാനങ്ങള്‍, ഹസ്രത്ബാൽ മസ്ജിദ് തുടങ്ങിയവയെല്ലാം ഇങ്ങനെ കാണാവുന്നതാണ്.

മഞ്ഞുകാലം മാത്രമല്ല, വേനലും ദാല്‍ തടാകത്തിന്‍റെ മനോഹാരിതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നില്ല. വേനല്‍ക്കാലത്ത് ദാല്‍ തടാകത്തില്‍, നിറയെ താമരപ്പൂക്കള്‍ വിരിഞ്ഞ് വര്‍ണ്ണക്കാഴ്ചയൊരുക്കുന്ന ഫ്ലോട്ടിങ് ഗാര്‍ഡന്‍ അഥവാ ഒഴുകുന്ന പൂന്തോട്ടം ഏറെ പ്രശസ്തമാണ്. റാഡ് എന്നാണ് പ്രാദേശിക ഭാഷയില്‍ ഇതിനു പേര്. ശ്രീനഗര്‍ നഗരത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്നതിനാല്‍ തടാകത്തിലേക്ക് എത്തിച്ചേരാന്‍ എളുപ്പമാണ്.ദാല്‍ തടാകത്തിനു പുറമേ, നൈജീൻ തടാകവും ശിക്കാര സവാരിക്ക് അനുയോജ്യമായ മറ്റൊരിടമാണ്. വളരെയധികം ശാന്തവും മഞ്ഞുമൂടിയ കൊടുമുടികളാൽ ചുറ്റപ്പെട്ടതുമാണ് ഈ തടാകം. ഇവിടെ നിന്നും നോക്കിയാല്‍ മനോഹരമായ ഉദയാസ്തമയക്കാഴ്ചകള്‍ കാണാം.

മഞ്ഞിൽ പൊതിഞ്ഞ ഗുൽ‍മർഗ്

ഭൂമിയിലെ സ്വർഗമാണ് കാശ്മീർ എങ്കിൽ സ്വർഗത്തിലെ പൂക്കൾ നിറഞ്ഞ താഴ്‍‍വരയാണ് ഗുൽമർഗ്. പൂക്കളാൽ സുന്ദരമായ പുൽത്തകിടി എന്നാണ് ഗുൽമർഗ് അറിയപ്പെടുന്നത്. വളരെ പ്രശസ്തമായ സ്കേറ്റിങ് ഡെസിറ്റിനേഷൻ കൂടിയാണിവിടം. ഇവിടം മിക്ക സിനിമകൾക്കും ലൊക്കോഷനായിട്ടുണ്ട്. 

വർഷത്തിൽ പന്ത്രണ്ടു മാസവും മഞ്ഞുള്ള സ്ഥലമാണ് ഗുൽമർഗ്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന സമയത്തു നോർത്തിന്ത്യയിലെ ചൂടിൽ നിന്നു രക്ഷനേടാൻ കണ്ടെത്തിയിരുന്ന സ്‌ഥലമായിരുന്നു ഗുൽമർഗ്. സമുദ്രനിരപ്പിൽ നിന്നും 14000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇന്ത്യ - പാകിസ്ഥാൻ ബോർഡറും, പാക് അധീന കശ്മീരും മഞ്ഞിലൂടെ ട്രെക്ക് ചെയ്തുപോയൽ കാണാൻ സാധിക്കും. കൂടാതെ സ്കേറ്റിങ്, സ്ലെഡ്ജിങ് അങ്ങനെ നിരവധി വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.

English Summary: Anju Kurian Enjoys Holiday in Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com