മകള്‍ക്കൊപ്പം പാരാഗ്ലൈഡിങ് നടത്തി ഗായത്രി അരുണ്‍

gayathri-arun
Image Source: Gayathri Arun/Instagram
SHARE

സീരിയലുകളിലൂടെയും സിനിമകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളിപ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ഗായത്രി അരുണ്‍. അഭിനയം മാത്രമല്ല, നല്ലൊരു എഴുത്തുകാരി കൂടിയാണ് ഗായത്രി. കുടുംബത്തോടൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ ഗായത്രി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അഭിനയം പോലെ യാത്രകളും ഗായത്രിയ്ക്ക് പ്രിയമാണ്. ഒറ്റയ്ക്കും കുടുംബമായും സുഹൃത്തുക്കൾ ഒരുമിച്ചുമൊക്കെ യാത്രകൾ നടത്താറുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം കുടുംബവുമായി ഉത്തരേന്ത്യൻ ട്രിപ്പിലാണ് ഗായത്രി. ആദ്യം ഡൽഹി അവിടെ നിന്നുമാണ് യാത്രാ പ്ലാനുകളെന്നും വിഡിയോയിൽ പറയുന്നുണ്ട്. യാത്രയുടെ വിശേഷങ്ങളും കാഴ്ചകളും ലൈഫ് സ്റ്റോറീസ് വിത്ത് ഗായത്രി എന്ന യൂട്യൂബ് ചാനലിലാണ് ഗായത്രി പങ്കുവച്ചിരിക്കുന്നത്.

ഏറ്റവും പുതിയതായി പാരാഗ്ലൈഡിങ്ങ് നടത്തുന്ന വിഡിയോയാണ് ആരാധകര്‍ക്കായി താരം പങ്കുവച്ചിരിക്കുന്നത്. മകളും ഗായത്രിയും പാരാഗ്ലൈഡിങ് നടത്തുന്നുണ്ട്. രണ്ടുപേരുടെയും ആഗ്രഹവും ആവേശവും സന്തോഷവും വിഡിയോയിൽ കാണാം. പാരാഗ്ലൈഡിങ് പ്രേമികളുടെ പറുദീസയായ ബീർ ഗ്രാമത്തിൽ നിന്നുമാണ് വിഡിയോ. അവസരം കിട്ടിയാല്‍ തീർച്ചയായും ഇവിടെ എത്തി പാരാഗ്ലൈഡിങ് നടത്തണമെന്നും ഗായത്രി വിഡിയോയിലൂടെ പറയുന്നുണ്ട്. ഇവിടം വളരെ സുരക്ഷിതവും സർട്ടിഫൈഡായുള്ള പൈലറ്റുമാരാണെന്നും പറയുന്നുണ്ട്. ബീറിൽ ടെന്റടിച്ച് ക്യാംപ് ചെയ്യുന്നതും വിഡിയോയിൽ കാണാം അടുത്ത ദിവസം മാണ്ടി ലൊക്കേഷനിലേക്കാണ് യാത്രയെന്നും ഗായത്രി പറയുന്നു.

പാരാഗ്ലൈഡിങ് പ്രേമികളുടെ പറുദീസ

ആകാശവിനോദങ്ങള്‍ക്ക് പേരുകേട്ട ബീര്‍ ഗ്രാമത്തില്‍ നിന്നുമാണ് ഈ വിഡിയോ പങ്കുവച്ചിട്ടുള്ളത്. ലോകമെമ്പാടുമുള്ള പാരാഗ്ലൈഡിങ് പ്രേമികളുടെ പറുദീസയാണ് ഇവിടം. ഇന്ത്യയുടെ പാരാഗ്ലൈഡിങ് തലസ്ഥാനമെന്നും ബീര്‍ അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്നും 5,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ബീര്‍ ഗ്രാമത്തിലേക്ക് വര്‍ഷം മുഴുവനും സാഹസിക സഞ്ചാരികള്‍ ഒഴുകിയെത്തുന്നു. ഹിമാചൽ പ്രദേശിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ധർമശാലയുടെ സമീപത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 

പാരാഗ്ലൈഡിങ്ങുമായി ബന്ധപ്പെട്ട രാജ്യാന്തര മത്സരങ്ങൾക്കും ഇവന്റുകൾക്കും ഈ ഗ്രാമം വേദിയാകാറുണ്ട്. സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയാണ് ഫ്ളൈയിങ് സീസൺ. ബീറിന് 14 കിലോമീറ്റർ വടക്കായി 2400 മീറ്റർ ഉയരത്തിലുള്ള ഒരു പുല്‍മേട്ടിലാണ് പാരാഗ്ലൈഡിങ് ലോഞ്ച് സൈറ്റ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 8200 അടി ഉയരത്തിൽ നിന്നും പറക്കാം. ദൗലാധർ മലനിരകളും പച്ചപ്പ് നിറഞ്ഞ വയലുകളും  മനോഹരമായ ജലാശയങ്ങളുമെല്ലാം കണ്ട് ഏകദേശം ഇരുപതു മിനിറ്റോളം പറക്കാം. രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് ആറുമണി വരെ പാരാഗ്ലൈഡിങ് നടത്താം. 

English Summary: Gayathri Arun shares Video from Paragliding in Bir Himachal Pradesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS