ADVERTISEMENT

ഒരു പെരുമ്പാമ്പ് ചുരുണ്ടു മടങ്ങിക്കിടക്കുന്നതു പോലെ തോന്നിക്കും കൊല്ലിമലയിലേക്കുള്ള പാതയുടെ ആകാശദൃശ്യം. 70 ഹെയര്‍പിന്‍ വളവുകള്‍ താണ്ടി വേണം തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ കൊല്ലിമലയിലേക്കെത്താന്‍. സമുദ്രനിരപ്പില്‍നിന്ന് 1,000 മുതല്‍ 1,300 മീറ്റര്‍ വരെ ഉയരത്തിലുള്ള കൊല്ലിമല പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. സഞ്ചാരികളുടെ തിക്കും തിരക്കുമില്ലാത്ത മനോഹരമായ ഹില്‍സ്‌റ്റേഷന്‍ തിരയുന്നവര്‍ക്ക് യോജിച്ച ഇടമാണ് കൊല്ലിമല. 

കൊല്ലിമലയുടെ പേരിനു പിന്നില്‍ പ്രധാനമായും രണ്ടു കഥകളാണ് പ്രചരിക്കുന്നത്. അറപ്പാലീശ്വരന്‍ എന്ന ശിവന്റെ ചൈതന്യമുള്ളതിനാല്‍ എല്ലാ അസുഖങ്ങളെയും കൊല്ലാന്‍ കൊല്ലിമലയിലെ ആകാശഗംഗ എന്ന വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ മതിയെന്നാണ് ഒരു വിശ്വാസം. മുനിമാരുടെ കൊടുംതപസ്സുമൂലമുണ്ടായ തീയും ചൂടും കൊണ്ട് നാട്ടുകാരുടെ ജീവിതം അസഹ്യമായി. അപ്പോള്‍ കൊല്ലിപ്പാവൈ എന്ന അതിസുന്ദരിയായ ദേവത തന്റെ സുന്ദരമായ പുഞ്ചിരിയാല്‍ ചൂടിനെയും തീയേയും ഇല്ലാതാക്കി നാട്ടുകാരെ രക്ഷിച്ചുവെന്നതാണ് രണ്ടാമത്തെ കഥ. കൊല്ലിപ്പാവൈ അമ്പലവും തൊട്ടടുത്ത് തന്നെയാണുള്ളത്.

kolli-hills1
Kolli hiils the 70 bends road in Tamilnadu-shutterlk/shutterstock

ഒരുഭാഗത്ത് ചെങ്കുത്തായ ഭാഗമുള്ളതുകൊണ്ട് അപകട സാധ്യതയുള്ള പാതയാണ് കൊല്ലിമലയിലേക്കുള്ളത്. മരച്ചീനി, പൈനാപ്പിള്‍, വാഴ എന്നിവക്ക് പുറമേ വലിയ തോതില്‍ പ്ലാവും ഇവിടെയുണ്ട്. ചിലപ്പതികാരം, മണിമേഖല തുടങ്ങിയ പഴയകാല കൃതികളില്‍ വരെ കൊല്ലിമലയെക്കുറിച്ച് പറയുന്നുണ്ട്. ഏകദേശം 280 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പ്രദേശമാണ് കൊല്ലിമല. അറപ്പാലീശ്വരന്‍ ക്ഷേത്രത്തിന് പുറമേ ഇവിടുത്തെ കൊല്ലിപ്പാവൈ അമ്മന്‍ ക്ഷേത്രവും പ്രസിദ്ധമാണ്.

അറപ്പാലീശ്വരന്‍ കോവില്‍

എഡി ഒന്നാം നൂറ്റാണ്ടില്‍ വാല്‍വില്‍ ഓരിയുടെ ഭരണകാലത്ത് നിര്‍മിച്ചതാണ് ഈ ക്ഷേത്രമെന്ന് കരുതപ്പെടുന്നു. അറപ്പാലീശ്വരനെന്ന ശിവനെയാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. ആകാശ ഗംഗ ക്ഷേത്രത്തിന് സമീപത്തെ പെരിയ കോവിലൂരിലാണ് ഈ ക്ഷേത്രം. കാരവല്ലിയില്‍ നിന്നും ഹെയര്‍പിന്‍ വളവുകള്‍ കയറിയെത്തുന്നത് ദ്രാവിഡ ശൈലിയില്‍ നിര്‍മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന് മുന്നിലാണ്. 

ആകാശ ഗംഗ വെള്ളച്ചാട്ടം

കൊല്ലിമലയിലെത്തിയാല്‍ കാണേണ്ട കാഴ്ചകളിലൊന്നാണിത്. രണ്ട് വന്‍മലകള്‍ക്കിടയില്‍ മലകളുടെ നടുവിലായാണ് ഈ വെള്ളച്ചാട്ടമുള്ളത്. കൊല്ലിമലയിലെ ശിവക്ഷേത്രത്തിനോട് ചേര്‍ന്ന് താഴേക്ക് 1,086 പടികളിറങ്ങി വേണം ആകാശ ഗംഗയിലേക്കെത്താന്‍. ഈ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നവര്‍ക്ക് രോഗശമനമുണ്ടാവുമെന്നാണ് വിശ്വാസം. 

kolli-hills2
ELAMARAN ELAA PHOTOGRAPHY/shutterstock

ബോട്ടാണിക്കല്‍ ഗാര്‍ഡന്‍

സെമ്മേടില്‍നിന്നു മൂന്നു കിലോമീറ്റര്‍ അകലെയാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍. കൊല്ലിമലയിലെത്തുന്നവര്‍ സന്ദര്‍ശിക്കേണ്ട മറ്റൊരു സ്ഥലമാണിത്. മനോഹരമായ റോസ് പൂന്തോട്ടവും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന കോട്ടേജുകളും വ്യൂപോയിന്റും കുട്ടികള്‍ക്കായുള്ള പാര്‍ക്കുമൊക്കെ ഇവിടെയുണ്ട്. 

എത്തിച്ചേരാന്‍

കേരളത്തില്‍നിന്നു കാര്‍ മാര്‍ഗം പോകുമ്പോള്‍ പാലക്കാട് വഴിയാണ് നല്ലത്. പാലക്കാട്ടുനിന്ന് ഏകദേശം 250 കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും മികച്ച പാതയാണെന്നത് യാത്രാ സമയം കുറയ്ക്കും. പാലക്കാട് –സേലം ദേശീയപാതയില്‍ കക്കാ പാളയത്തുനിന്നു വലത്തോട്ടു തിരിഞ്ഞ് നാമക്കല്‍– സേലം ദേശീയപാതയിലേക്കെത്തണം. നാമക്കല്‍ ദിശയില്‍  സഞ്ചരിച്ച് കലങ്കണിയില്‍നിന്ന് ഇടത്തോട്ട് ചേര്‍ന്ന് തിരുമലപ്പട്ടി റൂട്ടില്‍ കൊല്ലിമലയിലേക്കെത്താം. 

അടുത്തുള്ള വിമാനത്താവളം തൃച്ചിയാണ്. അവിടെ നിന്ന് ഏതാണ്ട് 90 കിലോമീറ്റര്‍ ദൂരമുണ്ട് കൊല്ലിമലയിലേക്ക്. സേലമാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. ഇവിടെനിന്നു നേരിട്ട് കൊല്ലിമലയിലേക്ക് ബസുകളുണ്ട്. 

എപ്പോള്‍ പോകാം

കനത്ത മഴയുള്ള മണ്‍സൂണ്‍ കാലമൊഴികെ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാവുന്ന സ്ഥലമാണ് കൊല്ലിമല. എങ്കിലും മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഏറ്റവും നല്ല കാലാവസ്ഥയുള്ള സമയമെന്ന് പറയാം. ഇവിടേക്ക് യാത്ര തിരിക്കുമ്പോള്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമുള്ള വസ്ത്രങ്ങളെടുക്കാന്‍ മറക്കരുത്. വര്‍ഷത്തില്‍ ഏത് സമയത്താണെങ്കിലും താഴ്‌വാരങ്ങളെ അപേക്ഷിച്ച് തണുപ്പു കൂടുതലാണ് കൊല്ലിമലയില്‍.

English Summary: Kolli Hills Guide: Know How To Reach This Offbeat Paradise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com