20 ഹെയര്‍പിന്‍ വളവുകള്‍ താണ്ടിയാൽ പാവങ്ങളുടെ ഉൗട്ടിയിലെത്താം

Yercaud1
Yercaud hairpin bend roads- P.V.R.M/shutterstock
SHARE

തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ മനോഹരമായൊരു ഹില്‍ സ്‌റ്റേഷനാണ് യേര്‍ക്കാട്. തമിഴില്‍ യേര്‍ എന്നാല്‍ തടാകമെന്നാണ് അര്‍ഥം. പേരു സൂചിപ്പിക്കും പോലെ മലമുകളില്‍ ശുദ്ധ ജല തടാകവും സഞ്ചാരികളെ കാത്തിരിപ്പുണ്ട്. പൊതുവേ തിരക്കും ചെലവും കുറഞ്ഞ വിനോദ സഞ്ചാരമായ കേന്ദ്രമായ യേര്‍ക്കാടിന് പാവങ്ങളുടെ ഊട്ടിയെന്ന വിളിപ്പേരുമുണ്ട്. 

സേലത്തു നിന്നും 30 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള യേര്‍ക്കാടിലെത്താന്‍ 20 ഹെയര്‍പിന്‍ വളവുകളും താണ്ടണം. പൂര്‍വഘട്ടത്തിലെ സഞ്ചാരികളുടെ തിരക്ക് അധികമില്ലാത്ത ഹില്‍സ്റ്റേഷനാണിത്. ബെംഗളൂരുവില്‍ നിന്നും 230 കിലോമീറ്റര്‍ അകലെ അല്ലെങ്കില്‍ നാലര മണിക്കൂര്‍  ഡ്രൈവിനപ്പുറത്തെ സ്ഥലം കൂടിയാണ് യേര്‍ക്കാട്. മഞ്ഞു പുതച്ച മല നിരകളും പതിയെ വീശുന്ന തണുത്തകാറ്റും കാടിന്റെ അന്തരീക്ഷവുമെല്ലാം യേര്‍ക്കാടിലേക്ക് സഞ്ചാരികളുടെ മനസ് നിറക്കും. 

Yercaud
Yercaud-gnanistock/shutterstock

കാടിനൊപ്പം ചന്ദനം, തേക്ക് മരങ്ങളുടെ തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളും യേര്‍ക്കാടിലുണ്ട്. കുരുമുളകും ഏലവും കാപ്പിയും പേരക്കയും ചക്കയുമൊക്കെ സമുദ്ര നിരപ്പില്‍ നിന്നും 4,970 അടി ഉയരത്തിുലുള്ള ഇവിടെ കൃഷി ചെയ്യുന്നു. അന്നാ പാര്‍ക്ക്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍ എന്നിവയും ഇവിടുത്തെ കാഴ്ച്ചകളാണ്. ലേഡി സീറ്റ്, ജെന്‍സ് സീറ്റ്, ചില്‍ഡ്രന്‍സ് സീറ്റ് എന്നിങ്ങനെ ആകൃതികളുടെ പ്രത്യേകതകള്‍ കൊണ്ട് പേരിട്ടിരിക്കുന്ന മൂന്ന് പാറകളും സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. 

കാടും മലകളും കനിഞ്ഞനുഗ്രഹിച്ച യേര്‍ക്കാട് മലകയറ്റക്കാരുടേയും സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടേയും ഇഷ്ട കേന്ദ്രമാണ്. അന്ന പാര്‍ക്കില്‍ നിന്നും ഒരു മണിക്കൂര്‍ കാട്ടിലൂടെ നടന്നാലാണ് കിള്ളിയൂര്‍ വെള്ളച്ചാട്ടത്തിലേക്കെത്തുക. മഴക്കാലത്ത് കൂടുതല്‍ സജീവമാവുന്ന വെള്ളച്ചാട്ടമാണിത്. ടിപ്പെററി പോയിന്റാണ് മറ്റൊരു മലകയറ്റക്കാരുടെ ഇഷ്ട കേന്ദ്രം. യേര്‍ക്കാടിന്റെ തെക്കേ അറ്റമാണിത്. 

തെക്കേ ഇന്ത്യയിലെ പ്രകൃതി നിര്‍മിത തടാകങ്ങളില്‍ പ്രധാനമാണ് യേര്‍ക്കാട് തടാകം. എമറാള്‍ഡ് ലെയ്ക് എന്നും ഇതിന് പേരുണ്ട്. ബോട്ട് സവാരിയും വള്ളത്തിലുള്ള യാത്രയും ഇവിടെ സാധ്യമാണ്. യേര്‍ക്കാടിന്റെ പേരിലുള്ള തടാകമാണിത്. യേര്‍ക്കാടിന്റെ പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് സമയം ചിലവിടാന്‍ പറ്റിയ മാര്‍ഗങ്ങളിലൊന്നാണ് ഈ ബോട്ട് യാത്ര. 

കുട്ടികള്‍ക്ക് യേര്‍ക്കാടില്‍ ഏറ്റവും ഇഷ്ടപ്പെടാനിടയുള്ള സ്ഥലമാണ് മാനുകളുടെ പാര്‍ക്ക്. യേര്‍ക്കാട് തടാകത്തിന് സമീപത്തായാണ് ഡീര്‍ പാര്‍ക്കുമുള്ളത്. മാനുകള്‍ക്ക് പുറമേ അരയന്നങ്ങളും മയിലുകളുമൊക്കെയുണ്ട് ഇവിടെ. വെള്ള നിറത്തിലുള്ള ഒരു പാറയാണ് യേര്‍ക്കാടിലെ മറ്റൊരു കാഴ്ച. വൈറ്റ് എലിഫെന്റ് ടൂത്ത് റോക്‌സ് എന്നാണ് ഇതിന്റെ പേര്. 

യേര്‍ക്കാട് തടാകത്തില്‍ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്ന 32 കിലോമീറ്റര്‍ നീളമുള്ള റോഡിലൂടെയുള്ള ഡ്രൈവിങും വ്യത്യസ്തമായ അനുഭവമായിരിക്കും സമ്മാനിക്കുക. റോഡിന് ഇരുവശവും ഇടതൂര്‍ന്ന കാടുകളും കാപ്പി തോടങ്ങളുമൊക്കെയാണുള്ളത്. മനുഷ്യ നിര്‍മിത തേക്കിന്‍ കാടായ കൊട്ടച്ചേട് തേക്ക് ഫോറസ്റ്റും സഞ്ചാരികള്‍ സന്ദര്‍ശിക്കാറുണ്ട്. ഒരിക്കല്‍ നാട്ടുകാര്‍ താമസിച്ചിരുന്ന ഗ്രാമമായിരുന്നു ഇവിടം. പ്ലേഗ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഒഴിഞ്ഞു പോയ ഗ്രാമം പിന്നീട് സര്‍ക്കാര്‍ തേക്കിന്‍ തോട്ടമാക്കി മാറ്റുകയായിരുന്നു. 

വര്‍ഷം മുഴുവന്‍ പോകാനാവുമെങ്കിലും മണ്‍സൂണ്‍ കാലം ഒഴിവാക്കുന്നത് നന്നായിരിക്കും. മണ്‍സൂണ്‍ വ്യത്യസ്തമായ അനുഭവമാവുമെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷവും മഴയും തണുപ്പുമെല്ലാം എല്ലാ സഞ്ചാരികള്‍ക്കും ആസ്വദിക്കാനായെന്ന് വരില്ല. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് തെളിഞ്ഞ കാലാവസ്ഥയും 14 ഡിഗ്രി മുതല്‍ 25 ഡിഗ്രി വരെയുള്ള ആസ്വാദ്യകരമായ കാലാവസ്ഥയുമുള്ളത്. 

English Summary: A Trip to Yercaud - a picturesque Hill Station in South India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS