ADVERTISEMENT

രാത്രിയിൽ മരങ്ങളില്‍ നിറയെ മിന്നാമിനുങ്ങുകള്‍ മാല ബള്‍ബു കൊരുത്തപോലെ വെളിച്ചം വിതറുന്നതു കണ്ടിട്ടുണ്ടോ? അത്തരം അപൂര്‍വ കാഴ്ചകളുടെ ഭണ്ഡാരമാണ് ഭണ്ഡാര്‍ദര. അതുകൊണ്ടൊക്കെയാണ് നിധികളുടെ താഴ്‌വരയെന്ന പേര് ഭണ്ഡാര്‍ദരക്ക് ലഭിച്ചത്. മഹാരാഷ്ട്രയില്‍ സഹ്യാദ്രി മലനിരകളുടെ ഭാഗമായ ഭണ്ഡാര്‍ദരയുടെ സമ്പത്ത് പ്രകൃതിയാണ്. അഹ്‌മദ് നഗര്‍ ജില്ലയിലെ ഈ വിനോദ സഞ്ചാര കേന്ദ്രം മുംബൈയില്‍ നിന്നു 185 കിലോമീറ്ററും പുണെയില്‍ നിന്നു 162 കിലോമീറ്ററും ദൂരത്തിലാണുള്ളത്. 

മൺസൂൺ യാത്രയുടെ പ്രത്യേകത

ഭണ്ഡാര്‍ദരയിലേക്ക് മണ്‍സൂണില്‍ പോകണമെന്ന് പറയുന്നതില്‍ മറ്റൊരു കാര്യം കൂടിയുണ്ട്. മഴക്കാല രാത്രികളില്‍ ഭണ്ഡാര്‍ദരയില്‍ മിന്നാമിനുങ്ങുകള്‍ അദ്ഭുതകാഴ്ചകള്‍ ഒരുക്കും. രാത്രിയിൽ കാടുകളിലെ മരങ്ങളിൽ ‌മിന്നി തിളങ്ങുന്നത് ആരെയും അമ്പരപ്പിക്കുന്ന കാഴ്ചയാണ്. മഴയൊഴിഞ്ഞ് തെളിഞ്ഞ നിലാവുള്ള രാത്രികളാണെങ്കില്‍ ഈ മിന്നാ മിനുങ്ങുകളുടെ വെളിച്ചം സഞ്ചാരികളെ മാസ്മരിക പ്രപഞ്ചത്തിലേക്ക് കൊണ്ടുപോവുകതന്നെചെയ്യും. 

bhandardara3
Fireflies Lighting Up the Forest Night- higrace/shutterstock

ഈയൊരു സാധ്യത മുതലെടുക്കാനായി ഭണ്ഡാര്‍ദരയില്‍ ജുഗ്നു(മിന്നാമിന്നി) ഫെസ്റ്റിവല്‍ സംഘടിപ്പിക്കാറുണ്ട്. ഏതാണ്ട് മെയ് രണ്ടാം വാരം മുതല്‍ ജൂണ്‍ മൂന്നാം വരെയാണ് ഇത് സംഘടിപ്പിക്കാറ്. കാടിന്റെയും പ്രകൃതിയുടെയും മിന്നാമിനുങ്ങുകളുടേയുമെല്ലാം തീരുമാനങ്ങള്‍ക്കനുസരിച്ച് ഈ തിയതികളില്‍ മാറ്റം വരാറുണ്ട്. ചുറ്റും മല നിരകളും അതില്‍ കാടും കാട്ടരുവിയും വെള്ളച്ചാട്ടങ്ങളുമെല്ലാമുള്ള ഒരു കൊച്ചു ഗ്രാമമാണ് ഭണ്ഡാര്‍ദര. 185 കിലോമീറ്റര്‍ ദൂരെയുള്ള മുംബൈ പോലുള്ള വന്‍ നഗരങ്ങളില്‍ നിന്നു ജീവിതം യാത്രകള്‍കൊണ്ട് റീ ചാര്‍ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലമാണിത്.

മലകളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും 

സഞ്ചാരികള്‍ക്ക് മലകളും പുഴകളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെ ചേര്‍ന്നുള്ള പാക്കേജാണ് ഭണ്ഡാര്‍ദര. ഗോദാവരിയുടെ ഒരു പോഷകനദിയായ പ്രവരയുടെ തീരത്താണ് ഭണ്ഡാര്‍ദരയുടെ സ്ഥാനം. മലകയറ്റക്കാരേയും പ്രകൃതിയേയും കാടിനെയും ഇഷ്ടപ്പെടുന്നവരേയും ഇരുകയ്യും നീട്ടി സ്വീകരിക്കും ഭണ്ഡാര്‍ദര. ഭംഗിയും ഗാംഭീര്യവുമുള്ള മണ്‍സൂണ്‍ കാലത്താണ് കൂടുതല്‍ സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്. 

2002441991
Waterfalls at Bhandardhara, - RealityImages/shutterstock

വില്‍സണ്‍ ഡാം, അംബര്‍ല ഫാള്‍സ്, ആര്‍തര്‍ തടാകം എന്നിങ്ങനെ നിരവധി ടൂറിസ്റ്റ് സ്‌പോട്ടുകള്‍ ഇവിടെയുണ്ട്. 1910ലാണ് വില്‍സണ്‍ ഡാം നിര്‍മിക്കുന്നത്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മഴ സജീവമായ കാലത്താണ് അബ്രല്ല ഫാള്‍സ് വെള്ളച്ചാട്ടത്തിന്റെ കുടവിരിക്കുന്നത്. ഭണ്ഡാര്‍ദരയില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെയാണ് രന്ധാ വെള്ളച്ചാട്ടമുള്ളത്. 

ഇനി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് രത്തന്‍ഗഡ്, ഹരിചന്ദ്രഗഡ് കോട്ടകളു സന്ദര്‍ശിക്കാം. സാഹസികരായ സഞ്ചാരികള്‍ക്ക് നിരവധി സാധ്യതകളും ഇവിടെയുണ്ട്. അജോബ, ഘഞ്ചാക്കര്‍ കൊടുമുടികളിലേക്കുള്ള ട്രെക്കിങ് പാതകള്‍ ഇവിടെ നിന്നുണ്ട്. 

മഹാരാഷ്ട്രയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കള്‍സുബായ്(1,646 മീറ്റര്‍) ഭണ്ഡാര്‍ദരക്ക് സമീപത്താണ്. ഭണ്ഡാര്‍ദരയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ബാരി ഗ്രാമത്തില്‍ നിന്നാണ് കള്‍സുബായ് മലകയറ്റം ആരംഭിക്കുന്നത്. സഞ്ചാരികൾ പോകാൻ പറ്റിയയിടമാണ് ഭണ്ഡാര്‍ദര.

English Summary: Places to visit in Bhandardara in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com