സുഹൃത്തുക്കള്‍ക്കൊപ്പവും കുടുംബത്തിനൊപ്പവും ഒറ്റക്കുമെല്ലാമുള്ള യാത്രകള്‍ വ്യത്യസ്ത അനുഭവങ്ങളാണ്. വ്യക്തികളെന്ന നിലയില്‍ നമ്മളെ കൂടുതല്‍ കരുത്തരാക്കാന്‍ ഒറ്റക്കുള്ള യാത്രകള്‍ സഹായിക്കും. ഏത് സൗകര്യങ്ങളും വിരല്‍തുമ്പിലെത്തുന്ന ആധുനിക സാങ്കേതികവിദ്യയുടെ കാലത്ത് സ്ത്രീകള്‍ക്കും സോളോ യാത്രകള്‍ സുരക്ഷിതമായി ചെയ്യാനാകും. സോളോ യാത്രികക്ക് ആസ്വദിക്കാവുന്ന മികച്ച യാത്രാ സൗകര്യങ്ങളും വ്യത്യസ്തമായ കാഴ്ചകളുമുള്ള ഏഴ് സ്ഥലങ്ങളെക്കുറിച്ച് അറിയാം.
വിശാഖപട്ടണം
ആന്ധ്രപ്രദേശിലെ തീര നഗരമായ വിശാഖപട്ടണം സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യും. വിസാഗിലെ മനോഹരമായ ബീച്ചുകളില്‍ സുന്ദരമായ സൂര്യാസ്തമയങ്ങള്‍ക്ക് സാക്ഷികളാവാം. അല്‍പം സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കില്‍ നിങ്ങള്‍ക്കിവിടെ മലകയറ്റവും ട്രെക്കിങും സര്‍ഫിങും കയാക്കിങിനുമൊക്കെ സൗകര്യമുണ്ട്. നല്ല എരിവുള്ള വിഭവങ്ങള്‍കൊണ്ടു നിറഞ്ഞ തനത് ആന്ധ്ര രുചി ആസ്വദിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്. കടല്‍വിഭവങ്ങളായാലും ബിരിയാണിയായാലും അച്ചാറുകളായാലും വിശാഖപട്ടണം നിരാശപ്പെടുത്തില്ല. ഇതിനൊപ്പം വൈവിധ്യം നിറഞ്ഞ സ്ട്രീറ്റ് ഫുഡ് കൂടി ചേരുന്നതോടെ സോളോ ട്രിപ്പിന് പറ്റിയ ബജറ്റ് ഡെസ്റ്റിനേഷനായി വിശാഖപട്ടണം മാറുന്നു.
കുടക്

മലയാളികള്‍ക്ക് സുപരിചിതമായ കര്‍ണാടകയുടെ തെക്കുകിഴക്കന്‍ ഭാഗത്തെ ഹില്‍സ്റ്റേഷനാണ് കുടക്. പ്രകൃതിഭംഗി നിറഞ്ഞ കാടുകളും മലകളും വെള്ളച്ചാട്ടങ്ങളും വന്യ ജീവികളുമെല്ലാം ഇവിടെ ആസ്വദിക്കാനാവും. താമസത്തിന് ഹോംസ്‌റ്റേകളും ഗസ്റ്റ് ഹൗസുകളും ബജറ്റ് ഹോട്ടലുകളുമെല്ലാം കുടകിലെത്തുന്ന സഞ്ചാരികള്‍ക്ക് ലഭിക്കും. പൊതുവേ സൗഹൃദത്തോടെ പെരുമാറുന്നവരാണ് നാട്ടുകാര്‍. പ്രാദേശി രുചിവൈവിധ്യവും ആസ്വദിക്കാനാവും.

പുതുച്ചേരി
തെക്കുകിഴക്കേ ഇന്ത്യയിലെ മറ്റൊരു തീര പട്ടണമാണ് പുതുച്ചേരി അഥവാ പോണ്ടിച്ചേരി. ചെറിയൊരു പട്ടണമായ പുതുച്ചേരി നടന്നു കൊണ്ടു തന്നെ കണ്ടു തീര്‍ക്കാനാവും. ഫ്രഞ്ച് ശൈലിയിലുള്ള കെട്ടിടങ്ങളും ഗംഭീര കഫേകളും മനോഹര ചിത്രങ്ങളില്‍ നിന്നും ഇറങ്ങിവന്നതുപോലുള്ള തെരുവുകളുമെല്ലാം ചേര്‍ന്ന് ഒരു യൂറോപ്യന്‍ ശൈലിയിലുള്ള അനുഭവമാണ് സഞ്ചാരികള്‍ക്ക് പുതുച്ചേരി നല്‍കുക. യോഗയും ധ്യാനവുമൊക്കെ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ നിരവധി ആശ്രമങ്ങളും യോഗ പഠിപ്പിക്കുന്ന കേന്ദ്രങ്ങളുമെല്ലാം ഇവിടെയുണ്ട്.
കോയമ്പത്തൂര്‍
സ്വച്ഛമായ കാലാവസ്ഥയും തനതായ ഭക്ഷണവും സംസ്‌കാരവുമാണ് കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ കോയമ്പത്തൂരിന്റെ ആകര്‍ഷണങ്ങള്‍. മലകളും വെള്ളച്ചാട്ടങ്ങളുമൊക്കെ ഇവിടെയുണ്ട്. ബസുകളെ യാത്രക്കായി കൂടുതല്‍ ആകര്‍ഷിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ നഗരമാണിത്. കൊയമ്പത്തൂരിന്റെ മുക്കിലും മൂലയിലും നിങ്ങള്‍ക്ക് ബസില്‍ സുഖമായി എത്തിച്ചേരാനാവും. അത്യാവശ്യം മുന്‍കരുതലുകള്‍ കൂടി എടുത്താല്‍ വളരെ അനായാസം യാത്ര ചെയ്യാവുന്ന ദക്ഷിണേന്ത്യന്‍ നഗരമാണിത്.

മണാലി
ഹിമാലയത്തിലെ ഒരു ഹില്‍സ്റ്റേഷന്‍ എന്ന ചിന്ത വന്നാല്‍ ആദ്യം എത്തുന്ന പേരുകളിലൊന്ന് മണാലിയായിരിക്കും. അത്രമേല്‍ പ്രസിദ്ധമാണ് ഹിമാചല്‍ പ്രദേശിലെ ബിയാസ് താഴ്‌വരയിലുള്ള ഈ നഗരം. നിരവധി ഹിമാലയന്‍ ട്രെക്കിങുകളുടെ തുടക്കസ്ഥലമാണ് മണാലി. ഇതിനു പുറമേ പൈന്‍ മരക്കാടുകളും ആപ്പിള്‍ തോട്ടങ്ങളും ബിയാസ് നദിയിലെ റിവര്‍ റാഫ്റ്റിങും മഞ്ഞു വീഴ്ച്ചയും മഞ്ഞിലെ വിനോദങ്ങളുമൊക്കെയായി ഒരുപാട് സൗകര്യങ്ങളൊരുക്കിയാണ് മണാലി യാത്രികരെ കാത്തിരിക്കുന്നത്. പ്രാദേശികവിഭവങ്ങളും ട്രൗട്ട് ഫിഷും മധുരമുള്ള വിഭവങ്ങളുമെല്ലാം സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും.
അമൃത്സര്‍
പഞ്ചാബിലെ അമൃത്സറിലാണ് സുവര്‍ണ ക്ഷേത്രമുള്ളത്. ലോകമെങ്ങുമുള്ള സഞ്ചാരികള്‍ സിഖുകാരുടെ പുണ്യഭൂമിയായ സുവര്‍ണ ക്ഷേത്രത്തിലേക്ക് എത്താറുണ്ട്. ചരിത്രവും സംസ്‌കാരവും ആതിഥേയ മര്യാദയുമൊക്കെ ഇവിടെ സമം ചേര്‍ന്നിരിക്കുന്നു. ഒറ്റക്കു യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായാണ് അമൃത്സര്‍ കരുതപ്പെടുന്നത്. ഡല്‍ഹിയില്‍ നിന്നും എളുപ്പം അമൃത്സറിലേക്ക് ബസില്‍ എത്താനാകും.
ഗോവ
സഞ്ചാരികളുടെ സ്വര്‍ഗമായ ഗോവ സോളോ യാത്രികരായ സ്ത്രീകളുടേയും സ്വര്‍ഗമാണ്. ഇന്ത്യയുടെ തന്നെ പാര്‍ട്ടി വെക്കേഷന്‍ കേന്ദ്രങ്ങളില്‍ മുന്നിലാണ് ഗോവ. രുചികരമായ കടല്‍ വിഭവങ്ങളും പഞ്ചസാര മണല്‍ തീരങ്ങളും പാട്ടും നൃത്തവുമെല്ലാമുള്ള രാത്രി ജീവിതവുമെല്ലാം ഗോവയെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കാറുണ്ട്. ഗോവയിലൂടെയുള്ള റോഡ് ട്രിപ്പുകള്‍ മനോഹരങ്ങളാണ്. അതുപോലെ ഇന്റര്‍സിറ്റി ബസ് സര്‍വീസുകളേയും യാത്രികര്‍ക്ക് ആശ്രയിക്കാം.

ഏതൊരു യാത്രക്കുമെന്നതുപോലെ സ്ത്രീകളുടെ ഒറ്റക്കുള്ള യാത്രക്കു മുന്നേയും കാര്യങ്ങള്‍ ആകെയൊന്നു പ്ലാന്‍ ചെയ്‌തെടുക്കുന്നത് യാത്രകളെ കൂടുതല്‍ ആസ്വാദ്യകരമാക്കും. നിങ്ങളുടെ കൈവശമുള്ള സ്മാര്‍ട്ട് ഫോണില്‍ തന്നെ യാത്രക്കുവേണ്ട മുന്നൊരുക്കങ്ങളും ബുക്കിങുകളും ചെയ്യാനാകും. സോളോ യാത്രകള്‍ യാത്രികരുടെ ഏതുപ്രശ്‌നവും നേരിടാനുള്ള ആത്മവിശ്വാസവും മനക്കരുത്തും കൂട്ടുമെന്നുറപ്പ്.
English Summary: Indian Destinations Safe for Solo Women Travellers