മണ്ണിനടിയിലെ അദ്ഭുതലോകം; ഒരിക്കലെങ്കിലും കാണണം

1185635497
SurabhiArtss/shutterstock
SHARE

ചുരങ്ങളും മലകളും തണുപ്പും മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും ഗോത്ര വര്‍ഗക്കാരും മാത്രമല്ല ഇനിയുമേറെയുണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍. ആ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കേണ്ട ഒന്നാണ് ഗുഹകള്‍. ഇന്ത്യയിലെ തന്നെ ഏറ്റവും ആഴവും നീളമുള്ള ഗുഹകളില്‍ പലതും മേഘാലയയിലാണ്. ഏതാണ്ട് 1,500 ഓളം ഗുഹകള്‍ മേഘാലയയിലുണ്ടെന്നാണ് കണക്ക്. ഇതില്‍ 980 എണ്ണം മനുഷ്യര്‍ പര്യവേഷണം നടത്തിയിട്ടുള്ളതാണ്. ഇക്കൂട്ടത്തിലൊന്നാണ് മൗസ്മായ് ഗുഹ. 

നാട്ടുകാര്‍ ക്രം മൗസ്മായ് എന്നു വിളിക്കുന്ന ഈ ഗുഹ കാട്ടിനുള്ളിലാണുള്ളത്. മരങ്ങള്‍ തിങ്ങി നിറഞ്ഞ വനത്തിലൂടെ പക്ഷികളുടെ ശബ്ദങ്ങളും കേട്ടുകൊണ്ടുള്ള നടത്തം തന്നെ മനസിനെ ശാന്തമാക്കുന്നതാണ്. വലിയ ബുദ്ധിമുട്ടില്ലാത്ത ട്രെക്കിങ്ങിനൊടുവില്‍ മൗസ്മായിലേക്ക് എത്തിച്ചേരാനാകും. നമ്മുടെ കാലിനടിയിലും അദ്ഭുതലോകങ്ങളുണ്ടെന്ന് തെളിയിക്കുന്നതാണ് മൗസ്മായിലെ കാഴ്ചകള്‍

1697446657
MAWSMAI Cave-Duttagupta M K/shutterstock

മഴയുടെ പേരില്‍ പേരുകേട്ട ചിറാപുഞ്ചിയിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മൗസ്മായ് ഗുഹ. ലോകത്തിലെ ഏറ്റവും വലിയ ഗുഹയായ ക്രം ലിയാത് പ്രാഹുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുതാണിത്. എങ്കിലും ഇന്ത്യയിലെ നീളം കൂടിയ ഗുഹകളുടെ പട്ടികയില്‍ മൗസ്മായ് മുന്നിലുണ്ട്. ഇന്ത്യയില്‍ നീളം കൂടുതലുള്ള ഗുഹകളില്‍ പത്തെണ്ണവും മേഘാലയയിലാണ്. ചുണ്ണാമ്പുകല്ലുകള്‍ക്കിടയിലൂടെ പതിനായിരക്കണക്കിന് വര്‍ഷങ്ങളോളം വെള്ളം ഒഴുകിയാണ് ഇതില്‍ പലതും രൂപപ്പെടുന്നത്. മനുഷ്യര്‍ക്ക് നടന്നു പോകാനും മാത്രം വലുപ്പമുള്ള നിരവധി ഗുഹകള്‍ ഇവിടെയുണ്ട്. 20 രൂപയാണ് മൗസ്മായ് ഗുഹയിലേക്കുള്ള പ്രവേശന ഫീസ്. മറ്റൊരു 20 രൂപകൂടി നല്‍കി ക്യാമറയും കൂടെ കരുതാം. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ ഇവിടേക്ക് പ്രവേശനം അനുവദിക്കും.

വലിയൊരു പ്രവേശന ദ്വാരമാണെങ്കിലും ഗുഹയുടെ പല ഭാഗങ്ങളും ഇടുങ്ങിയതാണ്. ചില പ്രദേശങ്ങളിലൂടെ നിരങ്ങി നീങ്ങിയാല്‍ മാത്രമേ മുന്നോട്ടു നീങ്ങാനാകൂ. 150 മീറ്റര്‍ പ്രദേശം മാത്രമേ സഞ്ചാരികള്‍ക്കുവേണ്ടി തുറന്നു കൊടുത്തിട്ടുള്ളൂ. ബാക്കിയുള്ള ഗുഹയുടെ ഭാഗങ്ങളിലേക്കുള്ള പ്രവേശനം സുരക്ഷാ കാരണങ്ങളാല്‍ നിരോധിച്ചിരിക്കുകയാണ്. 

ഫോസിലുകള്‍ക്കും പ്രസിദ്ധമാണ് മൗസ്മായ് ഗുഹ. അങ്ങ് മലമുകളില്‍ സമുദ്ര ജീവികളെ അധികമാരും പ്രതീക്ഷിക്കില്ല. എന്നാല്‍ സമുദ്ര ജീവികളുടെ ഫോസിലുകള്‍ ഈ ഗുഹകളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഗുഹയുടെ ചുവരുകളിലും തറയിലുമെല്ലാം സൂഷ്മമായി നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്കും ഫോസിലുകളുടെ സാന്നിധ്യം കണ്ടെത്താനായേക്കും.  തിരക്കേറിയതും മനോഹരവുമായ ഷില്ലോങ് സോഹ്‌റ റോഡിലൂടെയാണ് മൗസ്മായിലേക്ക് എത്തേണ്ടത്. ഈ വഴിയിലൂടെയുള്ള യാത്ര ചെയ്യേണ്ടതുണ്ടെങ്കില്‍ ഒരു ചായയും കുടിച്ച് കാഴ്ച്ചകള്‍ കാണാന്‍ പറ്റിയ ഇടത്താവളമായി തെരഞ്ഞെടുക്കാം മൗസ്മായ് ഗുഹയെ. സിപ്പ് ലൈനുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അര്‍വാഹ് ഗുഹ, നോഷ്ജിതിയാങ് വെള്ളച്ചാട്ടം, നോന്‍ഹ്രിയാറ്റ് റൂട്ട് ബ്രിഡ്ജ് എന്നിവയും സമീപത്തെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളാണ്. 

English Summary: Mawsmai Cave, Cherrapunji, Meghalaya

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS