ആളും കൂട്ടവും ബഹളങ്ങളുമില്ലാത്ത നടുക്കടലിലെ ഒരു കൊച്ചു ദ്വീപ്... ദ്വീപിനു ചുറ്റും പവിഴ പുറ്റുകള്‍... പവിഴപ്പുറ്റുകള്‍ക്ക് മുകളില്‍ നീല നിറത്തിലുള്ള സമുദ്രം, മണലിന് മുകളിലൂടെ നമ്മളെ കടന്നു പോകുന്ന ഉപ്പു ചുവയുള്ള കടല്‍കാറ്റ്... ആരെയും പ്രണയാതുരാക്കുന്ന ഇത്തരം തനതു സവിശേഷതകളാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളെ ദമ്പതികളുടെ ഹണിമൂണ്‍ കേന്ദ്രമാക്കി മാറ്റുന്നത്.
ഹണിമൂണ്‍ സ്വര്‍ഗമായ ആന്‍ഡമാനിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടെ കാണാന്‍ പലതുമുണ്ട്. അധികമെവിടെയും കാണാന്‍ കിട്ടാത്ത മനോഹര ബീച്ചുകളും സൂര്യോദയങ്ങളും അസ്തമയങ്ങളും പച്ചപ്പും മാത്രമല്ല ചരിത്രസ്മാരകങ്ങളും ഗോത്രവര്‍ഗക്കാരും കടലിലെ സാഹസിക വിനോദങ്ങളുമെല്ലാം ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാറില്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും. പോര്‍ട് ബ്ലെയര്‍, ഹാവ്‌ലോക് ദ്വീപ്, ദ ഗ്രേറ്റ് നികോബാര്‍ ദ്വീപ്, നെയ്ല്‍ ദ്വീപ്, റോസ് ദ്വീപ്, ചുണ്ണാമ്പുകല്ല് ഗുഹകള്‍... എന്നിങ്ങനെ ആന്‍ഡമാന്‍ യാത്രയെ സവിശേഷ അനുഭവമാക്കുന്ന കേന്ദ്രങ്ങള്‍ പലതാണ്.
പോര്‍ട് ബ്ലെയര്‍
ആന്‍ഡമാന്‍ നിക്കോബാറിന്റെ തലസ്ഥാനം. ഈ പേരു കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളേയും അവര്‍ രാജ്യത്തിന് വേണ്ടി അനുഭവിച്ച ത്യാഗവുമാവും ഓര്‍മ വരിക. ഇതിനു കാരണം ഇവിടുത്തെ സെല്ലുലാര്‍ ജയിലാണ്. ഭൂമിയിലെ നരകമെന്ന വിശേഷണം ചാര്‍ത്തിക്കിട്ടിയ സെല്ലുലാര്‍ ജയില്‍ ഇന്നും കാര്യമായ കേടുപാടുകളില്ലാതെ നില നില്‍ക്കുന്നുണ്ട്. സെല്ലുലാര്‍ ജയിലിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും തത്സമയ സംഗീത പരിപാടികളുമെല്ലാം സഞ്ചാരികള്‍ക്ക് പുതിയ അനുഭവമായിരിക്കും.
പോര്‍ട് ബ്ലെയറില്‍ നിന്നും ട്രാവല്‍ ഗൈഡുകളുടെ സഹായത്തില്‍ മറൈന്‍ പാര്‍ക്കുകളിലേക്കും ആഢംബര ബീച്ചുകളിലേക്കും സഞ്ചാരികള്‍ക്ക് എളുപ്പം സന്ദര്‍ശനം നടത്താം. മഹാത്മാഗാന്ധി മറൈന്‍ നാഷനല്‍ പാര്‍ക്ക്, ജാപ്പനീസ് ബങ്കറുകള്‍, മൗണ്ട് ഹാരിയറ്റ് നാഷണല്‍ പാര്‍ക്ക്, ആന്ത്രോപോളജിക്കല്‍ മ്യൂസിയം, ഹാരിയറ്റ് മല എന്നിങ്ങനെ നിരവധി കേന്ദ്രങ്ങള്‍ പോര്‍ട് ബ്ലയറിലുണ്ട്.
ഹാവ്‌ലോക് ദ്വീപ്
2004ല്‍ ടൈം മാഗസിന്‍ ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചായി തെരഞ്ഞെടുത്ത രാധാനഗര്‍ ബീച്ച് ഇവിടെയാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ബീച്ചുകളിലൊന്നാണിത്. ഉയരത്തില്‍ ആഞ്ഞടിക്കുന്ന തിരകള്‍ ഇവിടെ വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ കേന്ദ്രമാക്കിയും മാറ്റുന്നുണ്ട്. സ്‌കൂബ ഡൈവിങ്, ബോട്ടിങ്ങ്, മീന്‍പിടുത്തം, സ്‌നോര്‍കെല്ലിങ്ങ് എന്നിങ്ങനെ ഹാവെലോകിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇഷ്ടം പോലെ പരിപാടികള്‍ തെരഞ്ഞെടുക്കാനുണ്ടാവും.
എലിഫെന്റ് ബീച്ച്, കാലാപാന്തര്‍ ബീച്ച്, വിജയനഗര്‍ ബീച്ച് എന്നിവയും ഇവിടുത്തെ പ്രസിദ്ധമായ കടല്‍തീരങ്ങളാണ്. ആന്‍ഡമാന്‍ നിക്കോബാറിലെ മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ് ഈ ദ്വീപ്. ചുണ്ണാമ്പുകല്ലില്‍ കടല്‍ തിരകള്‍ അടിച്ച് രൂപപ്പെട്ട ഗുഹകളും ചെളി തെറിക്കുന്ന അഗ്നിപര്‍വതങ്ങളുമെല്ലാം ഹാവ്‌ലോകിന്റെ മറ്റു സവിശേഷതകളാണ്.
ദ ഗ്രേറ്റ് നികോബാര്‍ ദ്വീപ്
പ്രകൃതിഭംഗി കൊണ്ടും വലിപ്പം കൊണ്ടും ആന്‍ഡമാന്‍ നിക്കോബാറിലെ പ്രസിദ്ധമായ ദ്വീപാണ് ദ ഗ്രേറ്റ് നികോബാര്‍. പോര്‍ട്ട്‌ബ്ലെയറില്‍ നിന്നും ഹെലിക്കോപ്റ്ററിലോ ബോട്ട്, ഫെറി സര്‍വീസുകള്‍ വഴിയോ ദ ഗ്രേറ്റ് നിക്കോബാര്‍ ദ്വീപിലേക്ക് സഞ്ചാരികള്‍ക്ക് എത്തിച്ചേരാം. ഇന്ത്യയുടെ തന്നെ ഏറ്റവും തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന ഇന്ദിരാ പോയിന്റ്, കാംപെല്‍ ബേ ദേശീയ പാര്‍ക്ക്, ഗ്രേറ്റ് നിക്കോബാര്‍ ബയോസ്ഫിയര്‍ റിസര്‍വ് എന്നിവയും സഞ്ചാരികള്‍ക്ക് കണ്ട് ആസ്വദിക്കാനാവും.
നെയ്ല്‍ ദ്വീപ്
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹങ്ങളിലെ ഏറ്റവും പ്രശാന്ത സുന്ദരമായ സ്ഥലം ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നെയ്ല്‍ ദ്വീപ്. ശാന്തിയും സമാധാനവും നിറഞ്ഞ ഈ മനോഹര ദ്വീപ് പോര്‍ട്ട് ബ്ലെയറില്‍ നിന്നും 37 കിലോമീറ്റര്‍ തെക്കു മാറിയാണുള്ളത്. പവിഴപ്പുറ്റുകളും തീരവും അതിന്റെ പരമാവധിയില്‍ ആസ്വദിക്കണമെങ്കില്‍ നെയ്ല്‍ ദ്വീപിലെ ഉദയാസ്തമയങ്ങള്‍ നഷ്ടപ്പെടുത്തരുത്. ലക്ഷ്മണ്‍പൂര്‍ ബീച്ച്, സീതാപൂര്‍ ബീച്ച്, ഭരത്പൂര്‍ ബീച്ച് എന്നിവയാണ് ദ്വീപിലെ പ്രധാന ബീച്ചുകള്‍.
റോസ് ദ്വീപ്
ബ്രിട്ടീഷ് കാലത്തെ നിര്‍മിതികളുടെ അവശേഷിപ്പുകളുള്ള ചരിത്രപ്രാധാന്യമുള്ള ദ്വീപാണ് റോസ് ദ്വീപ്. ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ആന്‍ഡമാന്‍ നിക്കോബാറിലേക്കുള്ള ഹണിമൂണ്‍ പാക്കേജ് ബുക്കു ചെയ്യുന്നതിന് മുമ്പായി അതില്‍ റോസ് ദ്വീപു കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പിക്കുക. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പള്ളികളും അവര്‍ താമസിച്ചിരുന്ന ക്വാട്ടേഴ്‌സുകളുമെല്ലാം ഇവിടെയുണ്ട്.
ലിറ്റില്‍ ആന്‍ഡമാന്‍
പോര്‍ട്ട് ബ്ലെയറില്‍ നിന്നും 120 കിലോമീറ്റര്‍ ദൂരമുണ്ട് ലിറ്റില്‍ ആന്‍ഡമാനിലേക്ക്. ആന്‍ഡമാന്‍ നിക്കോബാറിന്റെ തെക്കേയറ്റത്തുള്ള ദ്വീപുകളിലൊന്ന്. മനോഹരമായ വെള്ളച്ചാട്ടങ്ങളും മഴക്കാടുകളും പഞ്ചസാര മണല്‍ ബീച്ചുകളുമെല്ലാം ചേര്‍ന്ന് മറക്കാനാവാത്ത ഹണിമൂണ്‍ ഓര്‍മകള്‍ സമ്മാനിക്കും ഇവിടം. പോര്‍ട്ട്‌ബ്ലെയറില്‍ നിന്നും ഫെറിയില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ സമയമെടുത്ത് യാത്ര ചെയ്താല്‍ മാത്രമേ ഈ ഒറ്റപ്പെട്ട ദ്വീപിലേക്കെത്താനാവൂ. ഹട്ട് ബേ, ബട്ട്‌ലര്‍ ബേ ബീച്ച്, ഹര്‍മിന്ദര്‍ ബേ ബീച്ച് എന്നിവയാണ് പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍.
ഡിജ്‌ലിപൂര്‍
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ വടക്കേയറ്റത്തെ പ്രദേശമാണിത്. അതീവസുന്ദരങ്ങളായ ബീച്ചുകള്‍ തന്നെയാണ് ഡിജ്‌ലിപൂരിന്റേയും പ്രധാന ആകര്‍ഷണം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന ദ ഗ്രേറ്റ് ആന്‍ഡമാന്‍ ട്രങ്ക് റോഡിനെ ആശ്രയിച്ചാല്‍ ഈ വടക്കന്‍ തീരത്തേക്കെത്താം. പോര്‍ട്ട് ബ്ലെയറില്‍ നിന്നും ബസ് മാര്‍ഗം ഇവിടേക്ക് എത്തിച്ചേരാനാവും. അതിനായി അഞ്ചര മണിക്കൂര്‍ സമയമെടുക്കുമെന്ന് മാത്രം. പാത്തി ലെവല്‍ ബീച്ച്, കാലിപൂര്‍ ബീച്ച്, ആല്‍ഫ്രഡ് ഗുഹകള്‍ എന്നിവയാണ് പ്രധാന കേന്ദ്രങ്ങള്‍.
ഭൂരിഭാഗം പേര്‍ക്കും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന യാത്രകളിലൊന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹങ്ങളിലേക്കുള്ളത്. അതുകൊണ്ടുതന്നെ യാത്രക്ക് മുൻപ് സ്ഥലങ്ങളുടേയും വിശദാംശങ്ങള്‍ പരമാവധി മനസിലാക്കുക. ഇത് യാത്രയെ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കും.
English Summary: Visit Honeymoon destination Andaman and Nicobar Islands