രജപുത്രരുടെ നാടായ രാജസ്ഥാന്‍ നിറങ്ങളുടേയും ആഘോഷങ്ങളുടേയും ഉത്സവങ്ങളുടേയും കോട്ടകളുടേയും നാടുകൂടിയാണ്. നാട്ടുകാരും കലാപ്രതിഭകളും നാടോടി കലാകാരന്മാരുമെല്ലാം ചേരുന്ന രാജസ്ഥാനിലെ ഉദയ്പൂരിന്റെ ഉത്സവമാണ് മേവാര്‍ ഫെസ്റ്റിവല്‍. മേവാര്‍ ഫെസ്റ്റിവലിന്റെ സാംസ്‌കാരികവും വിശ്വാസപരവുമായ പ്രാധാന്യത്തെക്കുറിച്ചും എന്നാണ് നടക്കുന്നതെന്നും എങ്ങനെ എത്തിച്ചേരാമെന്നുമെല്ലാം വിശദമായി അറിയാം.
രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെല്ലാമായി വിപുലമായി നടക്കുന്ന 16 ദിവസം നീണ്ട ഗന്‍ഗൂര്‍ ഫെസ്റ്റിവെലിനോട് ചേര്‍ന്നാണ് മേവാര്‍ ഫെസ്റ്റിവെല്‍ നടക്കുന്നത്. ഗന്‍ഗൂര്‍ ഉത്സവത്തിന് സമാനമായി ശിവ- പാര്‍വതി വിശ്വാസങ്ങളും മേവാര്‍ ഉത്സവവുമായും ബന്ധപ്പെട്ടിരിക്കുന്നു. മേവാര്‍ ഫെസ്റ്റിവലിന് മാസങ്ങള്‍ക്ക് മുമ്പു തന്നെ ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. ഉത്സവത്തിന്റെ ദിവസങ്ങളില്‍ ഉദയ്പൂരിലേക്ക് നാട്ടുകാരുടേയും വിനോദ സഞ്ചാരികളുടേയും പല വിധ കലാകാരന്മാരുടേയും ഒഴുക്കാണ്. നാട്ടുകാരുടെ കടും നിറത്തിലുള്ള വസ്ത്രങ്ങളും തോരണങ്ങളുമെല്ലാം ഉത്സവ കാഴ്ച്ചക്ക് മാറ്റു കൂട്ടും.
വിശ്വാസവും സ്ത്രീകളും
ഹൈന്ദവ വിശ്വാസങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന വിശ്വാസമാണ് മേവാര്‍ ഫെസ്റ്റിവെലിനുള്ളത്. സ്ത്രീകള്‍ക്ക് ഇതിന്റെ ചടങ്ങുകളില്‍ വലിയ പങ്കുണ്ട്. ഹോളിയുടെ പിറ്റേന്നു മുതല്‍ തന്നെ മേവാര്‍ ഫെസ്റ്റിവെലിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കും. ഹോളി ആഘോഷങ്ങളുടെ ഭാഗമായ തീയുടെ ചാരത്തില്‍ ബാര്‍ലി വിത്തുകള്‍ വിതറുകയും ഓരോ ദിവസവും നനച്ചു കൊടുക്കുകയും ചെയ്യും. വിവാഹിതകളായ സ്ത്രീകള്‍ 18 ദിവസമാണ് നോമ്പെടുക്കുക.
വിവാഹിതരല്ലാത്ത സ്ത്രീകളും ഇതേ കാലയളവില്‍ നോമ്പെടുക്കാറുണ്ട്. ഈ ദിവസങ്ങളില്‍ ഒരുദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുക. വിവാഹിതര്‍ സന്തുഷ്ടമായ കുടുംബജീവിതത്തിനും പങ്കാളിയുടെ ആരോഗ്യത്തിനും വേണ്ടിയാണ് നോമ്പെടുക്കുന്നത്. ആഗ്രഹിക്കുന്നതു പോലുള്ള പങ്കാളിയെ ലഭിക്കാന്‍ വേണ്ടിയാണ് വിവാഹിതരല്ലാത്ത പെണ്‍കുട്ടികള്‍ നോമ്പെടുക്കുന്നത്. ഉത്സവദിനത്തില്‍ പുതു വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട് ശിവന്റേയും പാര്‍വതിയുടേയും വിഗ്രഹങ്ങള്‍ ഗന്‍ഗൂര്‍ ഘട്ടിലെ പിചോല തടാകത്തിലേക്ക് തോണികളില്‍ കൊണ്ടുവരുന്നു. നൂറു കണക്കിന് ബോട്ടുകളും തോണികളും ഇങ്ങനെ വിഗ്രഹങ്ങളുമായി എത്തുന്നത് മേവാര്‍ ഉത്സവത്തിലെ സവിശേഷ കാഴ്ചയാണ്.
രാജസ്ഥാന്റെ സാംസ്‌കാരിക കലണ്ടറില്‍ സവിശേഷ സ്ഥാനമുള്ള മേവാര്‍ ഫെസ്റ്റിവല്‍ മാര്‍ച്ച് 24, 25, 26 ദിവസങ്ങളിലാണ് നടക്കുക. ഗൂമര്‍, കല്‍ബേലിയ തുടങ്ങിയ നൃത്ത രൂപങ്ങളും നാടന്‍ പാട്ടുകളുടെ അവതരണവുമെല്ലാം ഈ ദിവസങ്ങളില്‍ നടക്കും. മൂന്നു ദിവസം നീളുന്ന ആഘോഷങ്ങള്‍ വര്‍ണവും ശബ്ദവും നിറച്ച കരിമരുന്നു പ്രയോഗത്തോടെയാണ് അവസാനിക്കുക.
എത്തിച്ചേരാന്‍
ഉദയ്പൂരിലെ മഹാറാണാ പ്രതാപ് വിമാനത്താവളത്തിലേക്ക് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളുരു തുടങ്ങിയ പ്രധാന വിമാനത്തില്‍ നിന്നെല്ലാം വിമാന സര്‍വീസികളുണ്ട്. വിമാനത്താവളത്തില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഉദയ്പൂരിലേക്ക് ഒരു ടാക്‌സി വിളിച്ചാല്‍ മതിയാകും.
റെയില്‍ മാര്‍ഗമാണെങ്കില്‍ ഉദയ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ മതി. നഗരകേന്ദ്രത്തില്‍ തന്നെയാണ് റെയില്‍വേസ്റ്റേഷനുള്ളത്. ഓട്ടോറിക്ഷയോ ടാക്‌സിയോ പിടിച്ച് മേവാര്‍ ഫെസ്റ്റിവല്‍ കേന്ദ്രത്തിലേക്കെത്താം. റോഡ് മാര്‍ഗമാണെങ്കില്‍ ഡല്‍ഹിയില്‍ നിന്നും 670 കിലോമീറ്ററും ജയ്പൂരില്‍ നിന്നും 400 കിലോമീറ്ററും അഹമ്മദാബാദില്‍ നിന്നും 260 കിലോമീറ്ററും അകലെയാണ് ഉദയ്പൂര്‍. ഇന്ത്യയുടെ എവിടെ നിന്നുള്ളവരാണെങ്കിലും രാജസ്ഥാനിലെ ഉദദയ്പൂരിലേക്കുള്ള യാത്ര സവിശേഷ അനുഭവമാവുകയും ചെയ്യും.
English Summary: Mewar Mahotsav The Magnificent Festival of Udaipur