ഈ യാത്ര ഒരു തെറാപ്പി പോലെ; കശ്മീർ താഴ്‌വരയിൽ ഈദ് ആഘോഷിച്ച് ബോളിവുഡ് സുന്ദരി

hinakhan
Image Source: Instagram-Hina Khan
SHARE

കശ്മീര്‍ താഴ്‌വരയുടെ ഭംഗിയില്‍ മുഴുകി ബോളിവുഡ് നടി ഹീന ഖാന്‍. ദാൽ തടാകവും ശിക്കാരയും കശ്മീരിന്റെ വശ്യഭംഗിയും ചേർന്ന ഇത്തവണത്തെ യാത്ര ഒരു തെറാപ്പി പോലെയായിരുന്നുവെന്നു നടി ഹിന പറയുന്നു. കൂടാതെ ഇൗദ് ആഘോഷം കശ്മീരിന്റെ മനോഹാരിതയിലാണ് താരം ആഘോഷമാക്കിയത്.

മനോഹരമായ ഒട്ടേറെ വെക്കേഷന്‍ ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. തിരക്കേറിയ അഭിനയജീവിതത്തിനിടയിലും ലോകമെങ്ങും സഞ്ചരിക്കാന്‍ ഹീന സമയം കണ്ടെത്തും. പിസ്ത ഗ്രീന്‍ നിറത്തിലുള്ള സൽവാർ അണിഞ്ഞ് അതിസുന്ദരിയായി ദാല്‍ തടാകത്തിലൂടെ ശിക്കാര വള്ളത്തില്‍ സവാരി നടത്തുന്ന ചിത്രങ്ങളും വിഡിയോകളും ഹിന ഖാന്റെ സോഷ്യൽമീഡിയ പേജിലുണ്ട്.

മഞ്ഞുമൂടിയ പർവതങ്ങളും, പച്ചപ്പ് നിറഞ്ഞ പുൽമേടുകളും, സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങളുമെല്ലാം നിറഞ്ഞ കശ്മീര്‍, ഭൂമിയിലെ സ്വര്‍ഗം എന്നാണറിയപ്പെടുന്നത്. കശ്മീര്‍ താഴ്‍‍വരയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ദാൽ തടാകം. ചുറ്റും ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഗംഭീരമായ പർവതങ്ങളും പരമ്പരാഗത കശ്മീരി ബോട്ടുകളായ ശിക്കാരകളും നിറഞ്ഞ ദാല്‍ തടാകം ഏതൊരു സഞ്ചാരിയും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒരു അനുഭവമാണ്. 

വിക്ടോറിയൻ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള പഴയ ഹൗസ്ബോട്ടുകളാണ് ശിക്കാരകള്‍. ഇവയുടെ അടിഭാഗം പരന്നും മുന്‍ഭാഗം കൂര്‍ത്തും പ്രത്യേക ആകൃതിയായിരിക്കും. കശ്മീരി സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ഈ വള്ളങ്ങള്‍. മനോഹരമായ വര്‍ണങ്ങളാല്‍ അലങ്കരിച്ച ശിക്കാരകളില്‍ ദാല്‍ തടാകത്തിലൂടെ വിനോദസഞ്ചാരികള്‍ക്ക് യാത്ര ചെയ്യാം. കശ്മീരിന്‍റെ സൗന്ദര്യം അടുത്ത് കാണാൻ  ശിക്കാര സവാരിയിലൂടെ കഴിയും.

ഏകദേശം 18 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ദാൽ തടാകം, നാല് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. നിരവധി ഹൗസ് ബോട്ടുകളും ഹോട്ടലുകളുമുള്ള ഗാഗ്രിബാൽ ആണ് ആദ്യഭാഗം. ഫ്ലോട്ടിങ് ഗാർഡനുകൾക്ക് പേരുകേട്ട ബോഡ് ദാലാണ് രണ്ടാമത്തേത്. ഇവിടെ പ്രദേശവാസികൾ ഈറ കൊണ്ട് നിർമിച്ച ചങ്ങാടങ്ങളിൽ പച്ചക്കറികളും പൂക്കളും വളർത്തുന്നു. മൂന്നാമത്തെ ഭാഗം പച്ചപ്പിനും ജലവിനോദങ്ങള്‍ക്കും പേരുകേട്ട നാഗിൻ തടാകമാണ്, ഇത് ദാൽ തടാകത്തിൽ നിന്ന് ഇടുങ്ങിയ ഒരു കോസ്‌വേയാൽ വേർതിരിച്ചിട്ടുണ്ട്. തടാകത്തിന്‍റെ നാലാമത്തെ ഭാഗമാണ് ഹസ്രത്ബാൽ തടാകം, ഇത് ഇസ്ലാമിക ആരാധനാലയമായ ഹസ്രത്ബാലിന് പേരുകേട്ടതാണ്. ദാൽ തടാകത്തിലെ ശിക്കാര സവാരി, ഫ്ലോട്ടിങ് ഗാർഡനുകളിലൂടെയും, ഹൗസ് ബോട്ടുകളിലൂടെയും, തീരങ്ങളിലൂടെയുമെല്ലാം സഞ്ചാരികളെ കൊണ്ടുപോകുന്നു.

ശിക്കാര സവാരിയുടെ മറ്റൊരു ഹൈലൈറ്റ്, പർവതങ്ങൾക്ക് മുകളിലൂടെ സൂര്യാസ്തമയം കാണാനുള്ള അവസരമാണ്. സൂര്യൻ അസ്തമിക്കുമ്പോൾ, ആകാശം ഓറഞ്ച്, പിങ്ക് നിറങ്ങളില്‍ മുങ്ങുന്ന കാഴ്ച അതിമനോഹരമാണ്.

കശ്മീരി സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ്‌ ശിക്കാര ഉടമകൾ. തടാകത്തിന് ചുറ്റുമുള്ള വിവിധ ലാൻഡ്‌മാർക്കുകൾ ചൂണ്ടിക്കാണിക്കാനും പ്രദേശത്തിന്‍റെ ചരിത്രത്തെക്കുറിച്ച് സഞ്ചാരികള്‍ക്ക് അറിവു പകരാനുമെല്ലാം അവര്‍ക്ക് നൂറു നാവായത് കൊണ്ടുതന്നെ, പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് പുറമേ ഈ യാത്ര ഒരു സാംസ്കാരിക അനുഭവം ആക്കി മാറ്റാനും സഞ്ചാരികള്‍ക്ക് കഴിയുന്നു. 

English Summary: Hina Khan Enjoys Holiday in Kashmir

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS