ഹിമാചലിലെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് കസൗളി, മനോഹരമായ ഭൂപ്രകൃതി, അതിശയിപ്പിക്കുന്ന വ്യൂ പോയിന്റുകള്‍, കൊളോണിയല്‍ കാലത്തെ കെട്ടിടങ്ങളും നഗരവീഥികളും,ആരാധനാലയങ്ങളും അങ്ങനെ ഒരു സഞ്ചാരിയെ മോഹിപ്പിക്കുന്ന കാഴ്ചകള്‍ കൊണ്ട് നിറഞ്ഞതാണ് കസൗളി. ഷിംലയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കസൗളി, പകൃതിസ്നേഹികള്‍ക്കും നഗരത്തിരക്കുകളില്‍ നിന്നും രക്ഷപ്പെടാനാഗ്രഹിക്കുന്നവര്‍ക്കും മികച്ച ചോയ്‌സാണ്. വെക്കേഷന്‍ പരമാവധി ആഘോഷിക്കണമെങ്കില്‍ കസൗളി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം വേനല്‍ക്കാലമാണ്. മഞ്ഞുവീഴ്ച്ചയുള്ള സമയത്ത് കസൗളി തിരക്കിന്റെ ലോകമായി മാറും. കസൗളിയിലെത്തിയാല്‍ എന്തൊക്കെയാണ് പ്രധാനമായും കാണേണ്ടതെന്ന് നോക്കാം.
സണ്‍റൈസ് പോയിന്റ

സൂര്യോദയം കണ്ടുകൊണ്ട് കസൗളിലെ യാത്ര തുടങ്ങാം. കസൗളിലെ സൂര്യോദയത്തിന്റെ ഏറ്റവും പൂര്‍ണമായ കാഴ്ച ആസ്വദിക്കാനുള്ള മികച്ചയിടമാണ് സണ്‍റൈസ് പോയിന്റ്. അതിരാവിലെ എഴുന്നേറ്റ് കൃത്യസമയത്ത് ഇവിടെയെത്തുകയാണെങ്കില്‍, താഴ്‍വരയിൽ ഉദിക്കുന്ന സൂര്യനെ അതിന്റെ സ്വര്‍ണ കിരണങ്ങളോടെ കാണാന്‍ കഴിയും. സൂര്യോദയത്തിനു പുറമേ, ഈ മനോഹരമായ വ്യൂ പോയിന്റ് ശിവാലിക് പര്‍വതനിരകളുടെയും ചണ്ഡീഗഡ് നഗരത്തിന്റെയും വിശാലമായ കാഴ്ച സഞ്ചാരികള്‍ക്ക് നല്‍കും. കസൗളി ബസ്റ്റാന്റില്‍ നിന്നും 1.5 കിലോമീറ്റര്‍ യാത്ര ചെയതെത്തുന്ന ലോവര്‍ മാള്‍ റോഡിന് സമീപത്താണ് ഈ വ്യൂ പോയിന്റ്.
ടോയ് ട്രെയിന്‍ റൈഡ്
നമ്മുടെ ഊട്ടിയിലെ ടോയ് ട്രെയിന്‍ യാത്രപോലെ തന്നെ അതിമനോഹരമാണ് കസൗളിലെ ടോയ് ട്രെയിന്‍ റൈഡും. ഹില്‍ സ്‌റ്റേഷന്റെ സൗന്ദര്യം മുഴുവന്‍ നിങ്ങള്‍ക്ക് ഈ ഒരൊറ്റ് ട്രെയിന്‍ യാത്രയിലൂടെ സാധ്യമാകും. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ടോയ് ട്രെയിന്‍ കസൗളില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ധരംപൂരില്‍ നിന്ന് ആരംഭിച്ച് ബറോഗില്‍ അവസാനിക്കുന്നു. 4 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ യാത്രയിലുടനീളം മഞ്ഞുമൂടിയ മലനിരകളും പച്ച താഴ്‍വാരങ്ങളും നിങ്ങളെ കടന്നുപോകും. നിരവധി തുരങ്കങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നുപോവുക. ബറോഗിന് അടുത്തെത്താറാകുമ്പോൾ ഒരു വലിയ തുരങ്കമുണ്ട്. അതില്‍ നിന്നും പുറത്തെത്താന്‍ ഏകദേശം 4 മിനിറ്റെങ്കിലും എടുക്കും. ഈ യാത്രയില്‍ ഏറ്റവും രസം പിടിക്കുന്ന മറ്റൊരു കാര്യമാണിത്. ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.

കസൗളി ബ്രൂവറി
ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും സ്‌കോച്ച് വിസ്‌കിയുടെ ഏറ്റവും ഉയര്‍ന്ന ഡിസ്റ്റിലറിയുമാണ് കസൗളി ബ്രൂവറി. 1820 ന്റെ അവസാനത്തില്‍ എഡ്വേര്‍ഡ് ഡയര്‍ ആണ് ഇത് നിര്‍മിച്ചത്. ഇവിടുത്തെ വെള്ളവും സ്‌കോട്ട്‌ലന്‍ഡിന് സമാനമായ കാലാവസ്ഥയും കാരണം അദ്ദേഹത്തെ ഇവിടെ ഒരു ഡിസ്റ്റലറി തുടങ്ങാൻ പ്രേരിപ്പിച്ചത്. ബ്രുവറിയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സ്‌കോട്ട്‌ലന്‍ഡില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്നതാണ്. ഇവിടെ എത്തിയാൽ സമീപത്തെ പ്രശസ്തമായ മാര്‍ക്കറ്റ് സന്ദര്‍ശിക്കാന്‍ മറക്കരുത്. ഇവിടെ വന്ന് ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയുടെ ഒരു ഗ്ലാസ് ആസ്വദിച്ച് കസൗളിന്റെ സൗന്ദര്യം ആസ്വദിക്കണം.
മങ്കി പോയിന്റ്
നഗരത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് മങ്കി പോയിന്റ്. കസൗളിലെ ഏറ്റവും പ്രശസ്തവും പ്രധാനപ്പെട്ടതുമായ ആകര്‍ഷണങ്ങളിലൊന്ന്. ബസ് സ്റ്റാന്‍ഡില്‍ നിന്ന് കേവലം 4 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ ഹനുമാന്‍ പ്രതിഷ്ഠയുള്ള ഒരു ചെറിയ ക്ഷേത്രമുണ്ട്, ഏറ്റവും ഉയരം കൂടിയ സ്ഥലമായതിനാല്‍ തന്നെ മങ്കി പോയിന്റില്‍ നിന്നാല്‍ ചണ്ഡീഗഢ്, കല്‍ക്ക, പഞ്ച്കുല, സത്‍ലജ് നദി എന്നിവയുടെയും സമീപ നഗരങ്ങളുടെയും വിദൂര ദൃശ്യം ആസ്വദിക്കാം. നല്ല തെളിഞ്ഞ ദിവസമാണെങ്കില്‍,ഹിമാലയന്‍ ബെല്‍റ്റിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ 'ചൂര്‍ ചാന്ദ്നി' എന്ന മഞ്ഞുമൂടിയ കൊടുമുടിയും കാണാം. ലക്ഷ്മണനുവേണ്ടി സഞ്ജീവനി സസ്യം കൊണ്ടുവരുമ്പോള്‍ ഭഗവാന്‍ ഹനുമാന്റെ പാദം ഈ സ്ഥലത്ത് സ്പര്‍ശിച്ചതായും കുന്നിന്റെ മുകള്‍ഭാഗം കാല്‍പ്പാദത്തിന്റെ ആകൃതിയിലാണെന്നും ക്ഷേത്രത്തില്‍ ഭഗവാന്റെ കാല്‍പ്പാടുകള്‍ കൊത്തിവച്ചിട്ടുണ്ടെന്നും അതിനാലാണ് ഈ സ്ഥലത്തിന് മങ്കി പോയിന്റ് എന്ന പേര് വന്നെതുമാണ് ഐതിഹ്യം.
ഗില്‍ബര്‍ട്ട് ട്രയല്‍
പ്രകൃതി സ്‌നേഹികള്‍ക്കും പക്ഷി നിരീക്ഷകര്‍ക്കും ഫോട്ടോഗ്രാഫി പ്രേമികള്‍ക്കും ഇടയില്‍ പ്രശസ്തമായ കസൗളിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് ഗില്‍ബെര്‍ട്ട് ട്രയല്‍. പൈന്‍ മരങ്ങളാലും കുന്നിന്‍ ചെരിവുകളാലും ചുറ്റപ്പെട്ട ഗില്‍ബെര്‍ട്ട് വനാന്തരങ്ങള്‍ ഹിമാലയന്‍ കാടകങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നൊരിടമാണ്. 1.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രെക്കിങ്ങിലൂടെ നമുക്ക് പ്രകൃതിയോട് ഇണങ്ങി നടക്കാം. കസൗളി ക്ലബില്‍ നിന്നും ആരംഭിച്ച് എയര്‍ഫോഴ്‌സിന്റെ സണ്‍സെറ്റ് പോയിന്റില്‍ അവസാനിക്കുന്ന 2-3 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഹൈക്കിങ്ങാണ് ഗില്‍ബര്‍ട്ട് ട്രയല്‍.
English Summary: Best Places to Visit and Things to Do in Kasauli