ADVERTISEMENT

സോനാക്ഷി സിൻഹയുടെ ദഹാട് എന്ന ഹിറ്റ് സീരീസിൽ ജയ്പുർ ഗ്രാമങ്ങൾ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. അതിൽ ഒരു ക്ഷേത്രം പ്രത്യേക ശ്രദ്ധയാകർഷിക്കും. കൗതുകമുള്ളൊരു ശ്രീകോവിൽ ആണ് ആ കല്ലമ്പലത്തിന്റെ സവിശേഷത. ഭക്തയായ മീരാബായി മൂർത്തിയായ കൃഷ്ണനോടൊപ്പം ഒരേ ശ്രീകോവിലിൽ ദർശനമേകുന്നൊരു ക്ഷേത്രമാണിത്. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പുർ - രാജസ്ഥാന്റെ തലസ്ഥാന നഗരം- കൊട്ടാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും കൂടി നഗരമാണ്. അതിൽ ഏറ്റവും തലപ്പൊക്കത്തോടെ ഒരു കുന്നിൽ സ്ഥിതി ചെയ്യുന്ന ആമേർ കോട്ടയിലേക്കുള്ള ചെറുവഴിയിലാണ് മീരാബായിയുടെ ക്ഷേത്രം. നരച്ച മതിലുകൾക്കിടയിൽ ഒരു വാഹനത്തിനു മാത്രം പോകാവുന്ന കല്ലുപാകിയ വഴിയിൽ ഇടതുവശത്തായി മീരാബായി ക്ഷേത്രത്തിലേക്കുള്ള പടവുകൾ കാണാം. മീരാഭജനുകൾ മൈക്കിൽനിന്നുയരുന്നുണ്ട്. ജഗദ് ശിരോമണി ക്ഷേത്രം എന്നാണ് ഔദ്യോഗികനാമമെങ്കിലും മീരാബായി ടെംപിൾ എന്നു പറഞ്ഞാലേ ആമേറിലുള്ളവർ വഴി പറഞ്ഞുതരുകയുള്ളൂ. ക്ഷേത്രപടവുകൾ കയറുംമുൻപു നമുക്കു ചില കഥകളും ചരിത്രങ്ങളും അറിയണം. 

Read Also : മഴകൊണ്ടു മാത്രം ജനിക്കുന്ന ജലപാതങ്ങൾ... ആ റൂട്ടിലൂടെ ഒരു ദിവസത്തെ ബൈക്ക് റൈഡ്...
 

Amer Fort, Image Credit : Praveen Elayi
Amer Fort, Image Credit : Praveen Elayi

ഭക്തിയുടെ പാരമ്യമെന്താണ്‌? ചൈതന്യസങ്കൽപത്തിൽ വിലയം പ്രാപിക്കൽ എന്നാണു ഭക്തരുടെ ഉത്തരം. മൂർത്തിയെ മനസ്സാ വരിക്കുകയും ജീവിതം ആരാധനയ്ക്കായി മാറ്റിവയ്ക്കുകയും ചെയ്ത മീരാബായിയെ നമുക്കറിയാം. പരിചിതമായ ക്ഷേത്രസങ്കൽപങ്ങളെ മാറ്റിമറിക്കുന്നൊരു കലാസൃഷ്ടി കൂടിയാണ് ഈ കുഞ്ഞുക്ഷേത്രം.   

 

മീരാബായി

കൃഷ്ണനോടുള്ള അകമഴി‍ഞ്ഞ ഭക്തിയാൽ ലൗകികസുഖങ്ങൾ വെടിഞ്ഞ രാജകുടുംബാംഗമാണു മീരാബായി. ജോധ്പുരിലെ മേവാർ രാജാവായിരുന്ന ഭോജരാജന്റെ പത്നിയായിരുന്ന മീരാബായി, കൃഷ്ണഭക്തിയാൽ എഴുതിയ ഭജനുകളിലൂടെയാണു ജനഹൃദയങ്ങളിൽ എന്നെന്നും നിലനിൽക്കുന്നത്; ലിഖിതചരിത്രത്തിൽ മീരാഭായിക്കു സ്ഥാനമില്ലെങ്കിലും..! 

 

ക്ഷേത്രചരിത്രവും ശിൽപചാതുരിയും 

Amer Fort, Image Credit : Praveen Elayi
Amer Fort, Image Credit : Praveen Elayi

424 വർഷം പഴക്കമുള്ളതാണ് ക്ഷേത്രം. കച്‌വാ രാജവംശത്തിന്റെ ആദ്യ തലസ്ഥാനമായിരുന്ന ആമേർ പട്ടണത്തിൽ, ആമേർ കോട്ടയോടു ചേർന്നാണിതു സ്ഥിതിചെയ്യുന്നത്. മുഗൾ ചക്രവർത്തി അക്ബറിന്റെ വിശ്വസ്തനായ ജനറൽ ആയിരുന്ന, ആമേർ രാജാവ് മാൻസിങ്ങിന്റെ പത്നി ദേവി കനകാവതിയാണ് ഈ സുന്ദരമായ കല്ലമ്പലം പണിയിച്ചത്. മകനായ ജഗദ് സിങ്ങിന്റെ പേരിലാണു ക്ഷേത്രം. ഇന്നും കെട്ടുറപ്പോടെ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലേക്കു നടന്നുകയറുമ്പോൾ സ്വാഗതം ചെയ്യുക മാർബിളിൽ കൊത്തിയെടുത്ത ആനകളാണ്. തൊട്ടുതന്നെ സൂക്ഷ്മശിൽപങ്ങളാൽ അലങ്കരിക്കപ്പെട്ട കൽക്കമാനം. തറനിരപ്പിൽനിന്ന് ഉയർത്തിക്കെട്ടിയ മുറ്റത്ത് ഗരുഡന്റെ അമ്പലമാണ് ആദ്യം. കർണാടക ബേലൂരിലുള്ള ഹൊയ്‌സാല ജൈനക്ഷേത്രങ്ങളുടെ മാതൃകയിൽ പല അടരുകളായി അടിത്തറ. ആനകളുടെ ചെറുരൂപങ്ങളുണ്ട് പല പാളികളിലും. കൊത്തുപണികൾ നിറഞ്ഞതാണ് ക്ഷേത്രത്തിലെ ഓരോ ഇഞ്ചും. ഉള്ളിലേക്കു കയറുമ്പോൾ പിങ്ക് നിറമുള്ള കല്ലുകളുടെ സൗന്ദര്യമാസ്വദിക്കാം. ഓരോ തൂണിലും മാതൃഭാവത്തോടെ ശിൽപങ്ങൾ. ഫോട്ടോ എടുക്കാമോ എന്നു മുഖ്യപുരോഹിതനോടു ചോദിച്ചപ്പോൾ വിഗ്രഹങ്ങളെവരെ പകർത്തിക്കോളാൻ പുഞ്ചിരിയോടെ സമ്മതം. മറ്റ് ആരാധനാലയങ്ങളിൽനിന്നു വ്യത്യസ്തമായി, വിലക്കുകളില്ലാത്ത രീതിയാണ് മീരാബായി ക്ഷേത്രത്തിൽ. 

 

പ്രതിഷ്ഠ 

കണിക്കൊന്ന പൂത്തുനിൽക്കുന്നതു പോലെയാണ് ശ്രീകോവിലിലെ മൂർത്തികൾ. കണ്ണഞ്ചിപ്പിക്കുന്ന ആഭരണവസ്ത്രാദികൾ. മീരാബായിയും കൃഷ്ണനും വിഷ്ണുവും ഒന്നിച്ചാണ്. ഒരു പൂജാരിയും സഹായിയുമാണ് ക്ഷേത്രപരിപാലനത്തിനുള്ളത്. ഏതു ചൂടിലും ചെന്നുകയറുമ്പോൾ മനം കുളിർപ്പിക്കുന്ന കൽമണ്ഡപത്തിൽ മുഴങ്ങുന്നതു മീരാഭജനുകൾ. ശ്രീകോവിലിന്റെ മുന്നിലും കൊത്തുപണികളുടെ മായികലോകം. വെള്ള–പിങ്ക് മാർബിൾ ശിലകൾ ഇടകലർന്നൊരു പുഷ്പം പോലെ ക്ഷേത്രവും ആരാധ്യദേവന്റെ കൂടെ പൂജിക്കപ്പെടാൻ ഭക്തയ്ക്കു സ്ഥാനം നൽകുന്ന ശ്രീകോവിലും കണ്ടിറങ്ങുമ്പോൾ ഉച്ചഭാഷിണിയിൽ നിലച്ച ഭജനുകൾ ഭക്തരുടെ ചുണ്ടുകളിലേക്കു പകർന്നിട്ടുണ്ടായിരുന്നു. 

 

Content Summary : Amer Fort is a must-visit for any visitor to Jaipur. It is a stunning example of Rajput architecture and a fascinating glimpse into the history of Rajasthan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com