മഞ്ഞിന്റെ ഉള്ളിൽ മായാജാലക്കരങ്ങൾ നീട്ടി കുടജാദ്രി

Mail This Article
കൈത്തണ്ടയിലെ രോമങ്ങൾക്ക് മുകളിൽ എഴുന്നേറ്റ് നിന്ന് ആ മഞ്ഞുതുള്ളി എന്നെ നോക്കിയൊന്ന് ചിരിച്ചു. എനിക്കുമുന്നേ ഇവിടെവന്നിറങ്ങിപ്പോയവന്റെ സകലമാന അഹങ്കാരവും അതിലുണ്ടായിരുന്നു. എത്രയോ മഴയും മഞ്ഞും ആർത്തിയോടെ പെയ്തിറങ്ങിയ കുന്നാണ് കുടജാദ്രി, മഞ്ഞിനുള്ളിൽ നിന്നും കൈനീട്ടി എന്നെയും മുകളിലേക്ക് പിടിച്ചുകയറ്റി. കേരളത്തിൽ നിന്ന് രാത്രിയിലുള്ള ട്രെയ്നിന് പോയാൽ പുലർച്ചെ മൂകാംബിക റോഡ് എന്നുകൂടെ പേരുള്ള ബൈന്ദൂർ സ്റ്റേഷനിലിറങ്ങാം. ഒറ്റ പ്ലാറ്റ്ഫോം മാത്രമുള്ള പച്ചപ്പുല്ലും കാലികളും നിറഞ്ഞ മനോഹരമായ സ്റ്റേഷൻ. ജീവനക്കാർ ഇടയ്ക്കിടെ വന്ന് ചാണകം കോരിമാറ്റും. മൂകാംബിക ക്ഷേത്രത്തിലേക്കുള്ള ധാരാളം ആളുകൾ എനിക്കൊപ്പം ട്രെയ്നിറങ്ങി. ആകാശത്തേക്ക് കയ്യൊന്നുയർത്തി. കാർഗോ പാന്റ്സ് ഒന്ന് വലിച്ചുകയറ്റി. തലങ്ങും വിലങ്ങും നോക്കി. പലരും മലയാളികൾ. ഭാഗ്യം ആർക്കും വഴിയറിയില്ല. കൂടുതൽ ആളുകൾ പോകുന്നത് നോക്കി നടന്നു. വഴികിട്ടി.

സ്റ്റേഷനിൽ നിന്ന് ഫ്രഷ് ആയി പുറത്തിറങ്ങുമ്പോഴേക്കും ഓട്ടോ ടാക്സിക്കാർ പൊതിയും. 900 രൂപയ്ക്ക് മൂകാംബികയ്ക്ക് ഒമ്നി വാൻ കിട്ടും. 600 രൂപയ്ക്ക് ഓട്ടോയും. 30 കിലോമീറ്റർ ദൂരമുണ്ട്. വേഗത്തിൽ പോകണമെങ്കിൽ വാൻ ഉപകരിക്കും. സ്റ്റേഷനിൽ നിന്ന് വലത്തേക്കുള്ള റോഡിലൂടെ പോയാൽ ബസ് സ്റ്റാൻഡ് ഉണ്ട്. 100 രൂപയിലും താഴെ മാത്രമേ ടിക്കറ്റുള്ളു. എന്നാൽ രാവിലെയാണ് നിങ്ങളുടെ യാത്രയെങ്കിൽ വെയിലിനും മുന്നേ മൂകാംബികയിലെത്തുന്നതാണ് നല്ലത്. ബസ് കുറവാണ്. നിർത്തി നിർത്തിയുള്ള വരവുമാണ്.

കാശ് ലാഭിക്കാൻ ട്രെയ്നിൽ ജനറൽ ടിക്കറ്റെടുത്ത് വന്ന ഞാൻ വേറെ വഴിയില്ലാതെ ഓട്ടോ പിടിച്ചു. ബസ് സ്റ്റാൻഡിന്റെ കാര്യത്തിൽ ഗവേഷണം നടത്താനുള്ളത്ര സമയം എനിക്കില്ലായിരുന്നു. തെക്കൻ കേരളത്തിലെ ഒരു നാട്ടിൻപുറം. ഇടയ്ക്കിടയ്ക്ക് തലപൊക്കുന്ന കശുവണ്ടിത്തോട്ടങ്ങളും യൂക്കാലി മരങ്ങളും. ഓട്ടോക്കാരൻ ഫാറൂഖിനോട് സൗഹൃദം സ്ഥാപിക്കാൻ ഒരു ശ്രമം നടത്തി നോക്കി. ഹിന്ദിയും തമിഴും ഇംഗ്ലീഷും മലയാളവും കലർന്ന എന്റെ മാരക പ്രയോഗത്തിൽ പക്ഷേ ഫാറൂഖിന്റെ ഭാഷ മാത്രം ഉൾപ്പെട്ടില്ല, കന്നഡ. ഫാറൂഖിന്റെ രൂക്ഷമായ നോട്ടത്തിൽ ഞാനൊന്ന് അടങ്ങി. ഒതുങ്ങി.


ഓട്ടോയിലിരുന്നുള്ള കാഴ്ചയിൽ കുടജാദ്രി മലനിരകളെ കാണാം. മഴയായും മഞ്ഞായും പെയ്തിറങ്ങുന്ന ജലത്തെ പച്ചമുടിക്കെട്ടിലേക്ക് ആവാഹിക്കുകയാണ് കുടജാദ്രി. ചെറു നിശ്വാസങ്ങളായി അവയെ ഇടയ്ക്കിടയ്ക്ക് പുറത്തേക്കുവിടും. ആ കോടയ്ക്കുള്ളിലേക്കാണ് വാഹനങ്ങൾ ഓടിക്കയറുന്നത്.

മൂകാംബികയിൽ ചെന്നാലാണ് കുടജാദ്രിക്കുള്ള ജീപ്പുകൾ ലഭിക്കുക. അതിനപ്പുറം നിട്ടൂർ തുടങ്ങിയ പലയിടങ്ങളിൽ നിന്നും ജീപ്പ് സർവീസ് ഉണ്ടെങ്കിലും സഞ്ചാരികൾക്കായി റൂട്ടിൽ ഏറ്റവുമാദ്യം ജീപ്പുകളുള്ളത് മൂകാംബിക ക്ഷേത്ര പരിസരത്താണ്. കോടമഞ്ഞിലേക്ക് അലിഞ്ഞുചേരാൻ പൂജദ്രവ്യങ്ങളുടെ സുഗന്ധത്തിനെ പറഞ്ഞുവിട്ട് മൂകാംബിക ദർശനത്തിനൊരുങ്ങുന്ന മൂകാംബികയ്ക്ക് മുന്നിലേക്കാണ് എന്നെ ഫാറൂഖ് ഇറക്കിയത്. പിറകിലുള്ള മലനിരകളിലൂടെ വട്ടംചുറ്റി സാരിയുടുപ്പിക്കുകയാണ് മഞ്ഞ്.

ഒട്ടേറെ സിനിമകളിലൂടെ മനസ്സിൽ ക്ഷേത്രവും പരിസരവും പതിഞ്ഞുകഴിഞ്ഞതാണ്. എങ്ങോട്ട് പോണമെന്ന് വലിയ നിശ്ചയമില്ല. ലോഡ്ജ് കാൻവാസിങ്ങുകളെ മറികടന്ന് ക്ഷേത്രത്തിനരുകിലെത്തി. ദർശനത്തിനായി പ്രത്യേക വഴിയുണ്ട്. അല്ലാത്തവർക്ക് വശത്തുകൂടെ മറ്റൊരുവഴിയും. ദർശനത്തിനെത്തിയവരും വഴിയോരക്കച്ചവടക്കാരും സജീവമാകുന്നതേയുള്ളു. ക്ഷേത്രം ചുറ്റിനടന്ന് കണ്ടു. ചെരിപ്പ് സൂക്ഷിക്കുന്നതിന് സ്റ്റാൻഡും അതിന്റെ വാടകയും നമ്മുടെ നാട്ടിലും നടപ്പിലാക്കുന്നതിന്റെ സാധ്യതയെപ്പറ്റി ഒരന്വേഷണമൊക്കെ നടത്തി. ചെന്നിറങ്ങിയ ഇടത്ത് തിരികെയെത്തി. മൂകാംബിക കണ്ടപ്പോഴേക്കും കുടജാദ്രി ഞാൻ മറന്നുപോയിരിക്കുന്നു.

കുടജാദ്രിക്കുള്ള ജീപ്പും കാത്തുനിൽപാണ്. 10 ആളായാൽ ജീപ്പ് എടുക്കും. അതിനിടയ്ക്ക് ഒരു ചായ കുടിക്കാൻ പോയി. പറഞ്ഞുവച്ച ജീപ്പും മറ്റൊരു ജീപ്പും പോയി. തിരികെവന്നിട്ട് അര മണിക്കൂർ കൂടെ കാത്തുനിന്നു. ആളുകൾ വരുന്ന ലക്ഷണമൊന്നും കണ്ടില്ല. എങ്കിൽ ക്ഷേത്രം ഒന്നുകൂടെ കണ്ടുകളയാം എന്നുകരുതി. ക്ഷേത്രം ‘വിശദമായി’ കണ്ടുവന്നപ്പോഴേക്കും ആ ജീപ്പും പോയി. പിന്നെയൊരു നിൽപായിരുന്നു. 470 രൂപയാണ് ഫീസ്. 70 രൂപ വനംവകുപ്പിനുള്ളതാണ്. 400 രൂപ ജീപ്പിനും.

കുടജാദ്രി കുന്നുകളെ ചുറ്റിവരിഞ്ഞ് മഞ്ഞുനീങ്ങുന്നത് ക്ഷേത്രത്തിൽ നിന്നുവരുമ്പോൾ കണ്ടിരുന്നു. കാടിന്റെ നടുവിലാണ്. ഉയരം കൂടുന്തോറും മരങ്ങൾ കുറഞ്ഞുവരും. റോഡ് പണി നടക്കുന്നുണ്ട്. തുടക്കത്തിൽ മോശമല്ലാത്ത റോഡാണ്. ഇതിനുവേണ്ടിയാണോ ഇത്രയ്ക്ക് കാശ് മേടിച്ചതെന്നുപോലും ചിന്തിച്ചുകളയും.

ഇടയ്ക്ക് റോഡിലേക്ക് കാട്ടിൽനിന്നു ചീറിയെത്തുന്ന വെള്ളച്ചാട്ടങ്ങളുണ്ട്. എന്നാൽ റോഡ് കഴിയുന്നതോടെ അവ ശാന്തമാകും. പച്ചപ്പുൽമേട്ടിലൂടെ നല്ലകുട്ടിയായി ഒഴുകും.

പിന്നെയങ്ങോട്ടാണ് റോഡ് രൗദ്രഭാവം പുറത്തെടുക്കുന്നത്. ജീപ്പിന് പോകാൻ മാത്രമുള്ള വഴി. ചെളിയിലേക്ക് ടയറുകൾ തെന്നിയിറങ്ങും. കല്ലിൽ നിന്ന് കല്ലിലേക്ക് കുതിക്കാനാണ് ജീപ്പുകൾ ശ്രമിക്കുക. മികച്ച ഓഫ്റോഡ് അനുഭവം. ജീപ്പിന്റെ ടയറുകൾക്ക് മാത്രമുള്ള വഴിയാണ്. റോഡിൽ മറ്റൊരു റോഡ്. പലപ്പോഴും ജീപ്പ് തെന്നിയിറങ്ങും. കയറിവരുന്ന വണ്ടിക്കായി വളവുകൾക്ക് മുന്നേ വഴിയൊരുക്കി, ഇറങ്ങിവരുന്ന ജീപ്പുകൾ കാത്തിരിക്കും. തമ്മിൽകണ്ടുമുട്ടുമ്പോൾ സഞ്ചാരികളുടെ വക ആർപ്പുവിളി.

വലിയ കുന്നാണ് കുടജാദ്രി. ജീപ്പിൽനിന്നിറങ്ങിയതിന് ശേഷം 2 കിലോമീറ്ററോളം നടന്നുകയറണം. തുടക്കത്തിൽ തന്നെ ചെറു ക്ഷേത്രങ്ങളുണ്ട്. പ്രാർഥിക്കേണ്ടവർക്ക് ചെരുപ്പ് അഴിച്ചുവെച്ച് പ്രാർഥനയാകാം. തണുപ്പുണ്ട്. മഞ്ഞുണ്ട്. മഴയുമുണ്ട്. ബാൾസം ഇനത്തിൽപെട്ട പൂച്ചെടികൾ മലനിരകളെ പൊതിഞ്ഞിരിക്കുന്നു. ആൾപ്പെരുമാറ്റം കേട്ട് പൂക്കൾ തലയുയർത്തി നോക്കും. വീണ്ടും തണുപ്പിന്റെ ആലസ്യത്തിലേക്ക് തലചുരുട്ടി മടങ്ങും. ഇളം റോസ് നിറത്തിലാണ് പൂക്കളെന്ന് മഞ്ഞ് അൽപം കനിഞ്ഞാൽ മാത്രമേ അറിയാനാകൂ. എങ്ങും വെള്ളനിറമാണ്. മഴ പെയ്യുമ്പോൾ മാത്രം കോടമഞ്ഞ് മാറും. അല്ലെങ്കിൽ ആകാശത്തിന്റെ മുകളിലൂടെയുള്ള നടത്തമാണ്. മഴ നനഞ്ഞതുപോലെ മുടിയിഴകൾ കുതിരും. കാലൊന്ന് തെറ്റിയാൽ വലിയ കൊക്കകളിലേക്കാണ് പോവുക.

കുത്തനെയുള്ള ചവിട്ടുവഴിയാണ്. മഴവെള്ളം കുത്തിയൊഴുകി ഇറങ്ങിപ്പോയതിന്റെ ശേഷിപ്പാണ് വഴി. പാറക്കെട്ടുകളും ചെങ്കല്ലിന് സമാനമായ പ്രതലവും. ചവിട്ടുകിട്ടി, ചവിട്ടുകിട്ടി അവരും ഒന്ന് മിനുസപ്പെട്ടിരിക്കുന്നു. സർവജ്ഞപീഠത്തിന്റെ ദൂരെനിന്നുള്ള കാഴ്ചയാണ് ആദ്യം കിട്ടുക. അടുത്തേക്ക് എത്തുമ്പോഴേക്കും കൂടുതൽ വ്യക്തമാകും. പ്രതീക്ഷ ആശ്വാസമാകും. കാരണം കയറ്റം അൽപം കഠിനമായിരുന്നു. സർവജ്ഞ പീഠത്തിന് അരികിലേക്ക് എത്തുന്നതിനുമുൻപം ധാരാളം ചെറുവഴികൾ പൂക്കൾക്കിടയിലൂടെ പുറപ്പെടുന്നുണ്ട്. എല്ലാം ഓരോരോ കാഴ്ചകളിലേക്കാണ്. താഴ്‌വാരത്തിലെ ക്ഷേത്രങ്ങളും, ചെറു ഉറവകളും ഏറ്റവുമൊടുവിലെ സർവജ്ഞപീഠവും ചേർന്ന് മനസ്സിനെ ആത്മീയതയുടെയും നിറവിന്റെയും വാതിൽക്കൽ വരെയെത്തിക്കും. വല്ലാത്തൊരു സന്തോഷം ഉള്ളിൽ നിറയും. അതിനുവേണ്ടി മാത്രമാകും ഈ യാത്രയ്ക്ക് ഞാനും നമ്മളും ഇറങ്ങിത്തിരിക്കുന്നതും.

മഴ നനയാൻ ഇഷ്ടമില്ലാത്ത, ഗ്രാമങ്ങളിലൂടെയും കാട്ടിലൂടെയും യാത്ര ചെയ്യാൻ അത്രപോലും താൽപര്യമില്ലാത്ത, മഞ്ഞിന്റെ പുക കയറാതിരിക്കാൻ മൂടിപ്പുതച്ച് ഇരിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ചുമ്മാ ഇവിടെവരെയൊന്ന് വരണം. ഈ കുന്നിന് അത്ര വലിയ പ്രത്യേകതകളൊന്നും ഇല്ല. മുൻപ് യാത്ര പോയവർ വാതോരാതെ പറഞ്ഞവികാരങ്ങളൊന്നും നിങ്ങൾക്ക് പിടികിട്ടണമെന്നുമില്ല. എന്നാൽ ഒരു വശ്യതയുണ്ട്. മഞ്ഞിന്റെ ഉള്ളിൽ നിന്നും മായാജാലക്കരങ്ങൾ നീട്ടി കുടജാദ്രി നിങ്ങളെയും മലമുകളിലേക്ക് വലിച്ചുകയറ്റും.