ADVERTISEMENT

'അക്ഷരങ്ങൾ അച്ചടിച്ച പുസ്തക താളിൽ നിന്നു പഠിച്ച ഇന്ത്യ അല്ല അനുഭവങ്ങളുടെ ഇന്ത്യ' എന്ന്...‘ദി കിങ്’ എന്ന സിനിമയിൽ മമ്മൂട്ടിയുടെ ഡയലോഗാണ്, അന്നു മനസ്സിൽ കയറിക്കൂടിയ ഒരു ആശയാണ് അനുഭവങ്ങളുടെ ഇന്ത്യ കാണാൻ യാത്ര പോകുക... ആ ആശയുടെ ഭാഗമായി കഴിഞ്ഞ മാസം ഞാനും 3 കൂട്ടുകാരും കൂടി  കാറിൽ ഇന്ത്യകാണാനിറങ്ങി... ഇന്ത്യയുടെ സോൾ മനസ്സിലാക്കാൻ അത്യാവശ്യം  വേണ്ട സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയുമുള്ള കൂട്ടുകാരാണേ... (ഒരാൾ പൊലീസ്, മറ്റൊരാൾ കോളേജ് വാധ്യാർ മുന്നാമത്തേയാൾ പ്രവാസി) 

aghori-travel-02

അങ്ങനെ യാത്രയുടെ പകുതി വഴിയിൽ നമ്മൾ വാരണാസിയിൽ എത്തി. അവിടത്തെ വിശുദ്ധ ശവസംസ്കാര സ്ഥലമായ മണികർണികാഘട്ടിൽ നിന്നും അമാവാസി രാവിൽ നമുക്കു കിട്ടിയ ഒരു ഒന്നൊന്നര അനുഭവമാണ് ഇനി അങ്ങോട്ട് ആളിക്കത്താൻ പോകുന്നത്... 'എല്ലാ ദിവസവും സന്ധ്യ മയങ്ങുമ്പോൾ, ഗംഗാ നദിയുടെ ഘാട്ടുകളിൽ നടക്കുന്ന 'ഗംഗാ ആരതി ' കാണുവാൻ വേണ്ടി, വൈകുന്നേരം ആകുമ്പോഴേക്കും വാരണാസിയിൽ എത്തി. ആരതി കണ്ടു...ആരതി നേരത്തെ മമ്മൂട്ടി പറഞ്ഞ നല്ല അനുഭവവും അനുഭൂതിയും കൂടാതെ ക്യാമറ നിറച്ചു ഫോട്ടോയും തന്നു... അടുത്തതാണ് അനുഭവ സമ്പത്തിനു വേണ്ടി യാത്രയിൽ ഞങ്ങൾ 4 പേരും ആകാംഷയോടെ കാണാൻ കാത്തിരുന്ന സ്ഥലം.

aghori-travel-04
ഗംഗ ആരതി

മണികര്‍ണികാഘട്ടിലെ നിഗൂഢത

കാശിയുടെ മർമ സ്ഥാനമായ ശ്മശാനം 'മണികര്‍ണികാഘട്ട് '... സ്മശാന ദർശനം കൂടാതെ മറ്റൊരു ഗൂഢലക്ഷ്യം കൂടിയുണ്ട്, അത് അഘോരിമാരെ കാണുക അവരുടെ ഒരു പോർട്രേറ്റ് ഫോട്ടോ എടുക്കുക, പറ്റിയാൽ 'അഘോരി വിത്ത് കഞ്ചാവ്' ഫോട്ടോ തന്നെ എടുക്കണം (ഓരോ ആഗ്രഹങ്ങളെ...)അർധരാത്രി ഈ സ്മശാനത്തിൽ അഘോരികൾ വരും എന്ന് അവിടെയുള്ള ആൾക്കാരിൽ നിന്നു അറിയാൻ സാധിച്ചു. അതുകൊണ്ടു ശ്മശാന ദർശനം അർധരാത്രിയിലാക്കി. അങ്ങനെ രാത്രി 12 മണിക്കു ശേഷം ഞങ്ങൾ മണികർണിക ലക്ഷ്യമായി നടന്നു. വഴിയിൽ കണ്ട ഒരു സന്യാസിയോടു മണികർണികയിലേക്കുള്ള വഴി അന്വേഷിച്ചു, കിട്ടിയ ഉത്തരം രസകരമാണ് 'മണികർണിക അന്വേഷിച്ചു പോകണ്ട സമയം ആകുമോ നാട്ടുകാർ മഞ്ചക്കിൽ കിടത്തി അവിടെ എത്തിക്കും '...സ്വാമി കഞ്ചാവിനാൽ മേഘങ്ങൾക്കു മുകളിലൂടെ പറക്കുകയാണെങ്കിലും പറഞ്ഞതു സത്യം ആയതു കൊണ്ടു ഒന്നും ഉരിയാടാതെ ഞങ്ങൾ ഇടുങ്ങിയ ഗല്ലികൾക്കിടയിലൂടെ മുന്നോട്ട് നീങ്ങി... ഒരോ 50 മീറ്ററുകൾക്കിടയിൽ 4,5 പൊലീസുകാർ ഉള്ള എയ്ഡ് പോസ്റ്റുകൾ ഉണ്ട്. പൊലീസുകാരോടു വഴി ചോദിച്ചു നടന്നു നീങ്ങി...   

മണികർണികാഘട്ടിൽ
മണികർണികാഘട്ടിൽ
രജീഷ് പയ്യന്നൂർ, സുജിത്ത്, പ്രവീൺ, സനോജ്
രജീഷ് പയ്യന്നൂർ, സുജിത്ത്, പ്രവീൺ, സനോജ്

അതീവ ജാഗ്രതയോടെ മണികർണികയിൽ...

ശ്മശാനത്തിൽ ഫോട്ടോ പിടുത്തം ഹൈ റിസ്ക്ക് പരിപാടി ആണ് എന്നാണ് അനുഭവ സമ്പത്തുള്ള സുഹൃത്തുകൾ പറഞ്ഞത്. ചീത്തവിളിയും കല്ലേറും കനലേറും ഒക്കെ കിട്ടിയവർ ഉണ്ട് പോലും... അതുകൊണ്ടു നമ്മൾ വെൽ പ്ലാനിങ്ങിലാണ് പോകുന്നത്. രണ്ടു പേർ മൊബൈലിൽ ഫോട്ടോ എടുക്കുക 2 പേര് ക്യാമറയിൽ സൂം ലെൻസ് ഉപയോഗിച്ച് കുറച്ചു മാറി നിന്നു ഫോട്ടോ പിടിക്കുക. അതിർത്തിയിൽ യുദ്ധം ചെയ്യാൻ പോകുന്ന പട്ടാളക്കാരെ പോലെ വൻ ജാഗ്രതയിൽ  2 ഗ്രൂപ്പായി നമ്മൾ മണികർണികയിൽ എത്തി. മണികർണിക എന്ന മഹാ ശ്മശാനത്തിൽ കണ്ട കാഴ്ച വർണനകൾക്കതിതമാണ്. ശാന്തമാണോ, ഭീകരമാണോ, ഭീഭൽസമാണോ എന്നൊന്നും അറിയില്ല. വയലാറിന്റെ വരികൾകളിൽ പറഞ്ഞാൽ "എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെ ആളിക്കത്തുന്ന ചിതകൾ മാത്രം... " ഫോട്ടോ പിടിക്കാൻ പോയ ഞങ്ങൾ നിർവികാരരായി കുറച്ച് സമയം നിന്നു...അതിനു ശേഷം കാര്യപരിപാടിയായ ഫോട്ടോ പിടിത്തം തുടങ്ങി...ഞാനും പൊലീസും ആൾക്കാർ ശ്രദ്ധിക്കാത്ത ഒരു സ്ഥലത്തേക്കു മാറി കത്തുന്ന ചിതകളുടെ ഫോട്ടോകൾ ഒപ്പിയെടുത്തു. ചില ചിതകൾ ആളികത്തുന്നു, ചിലതു കത്തിയമർന്നു കനലുകൾ ആയിത്തുടങ്ങി...പറ്റാവുന്നത്ര ഫോട്ടോകൾ എടുത്തു, അപ്പോഴേക്കും മെമ്മറി കാർഡ് ഫുൾ ആയി. കയ്യിലുണ്ടായിരുന്ന മറ്റൊരു മെമ്മറിക്കാർഡ് ക്യാമറയിൽ നിക്ഷേപിച്ച് ബാക്കി ഫോട്ടോ കൂടി പകർത്തി. അപ്പോഴാണ് പൊലീസുകാരൻ ആ കാഴ്ച കണ്ടത്.

ഗംഗാ ആരതി
ഗംഗാ ആരതി

അർധനഗ്നനായ ഒരു സന്യാസി ശ്മശാനത്തിന്റെ ഒരു കോണിൽ ഇരുന്നു തലയിൽ തീ കത്തിച്ചു വച്ച് പൂജ ചെയ്യുന്നു... കൂടെ കുറച്ച് ആളുകളും ഉണ്ട്. അവിടെ ഉള്ള ആളോടു ചോദിച്ചപ്പോൾ പറഞ്ഞു അത് അഘോരി ബാബ ആണ്, ബാബ അമാവാസി പൂജയിലാണ്... തേടിയ വള്ളി കാലിൽ ചുറ്റി. 'അഘോരി വിത്ത് അമാവാസി പൂജ...' ഒന്നും നോക്കിയില്ല ഞാനും പൊലീസുകാരനും ചറപറ ഫോട്ടോ എടുത്തു... പൂജകഴിഞ്ഞ് അഘോരി ബാബ ഗംഗയിലേക്കു സ്നാനത്തിന് പോയി കൂടെ മദാമ്മസ്വാമിയും കുറച്ചു സന്യാസിമാരും അല്ലാത്തവരും. കുളി കഴിഞ്ഞു വരുന്ന അഘോരിയുടെ പടം പിടിക്കാൻ നമ്മൾ കാത്തിരുന്നു...അതാ അഘോരി ബാബ മുഖം കുത്തനെ പിടിച്ച് താഴോട്ടു നോക്കി തിരിച്ചുവരുന്നു... നടക്കുന്ന നടത്തത്തിൽ ശാന്തമായ സ്മശാനത്തിനെ ഉലയ്ക്കുമാറ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു 'ക്യാമറ പക്കടോ... delete the photos...' ഞങ്ങൾ ഞെട്ടി തരിച്ചു പോയി. ആരും കാണാതെ വളരെ വിദഗ്ദ്ധമായി ഫോട്ടോ പിടിച്ചത് ബാബ എങ്ങനെ കണ്ടു...അപ്പോഴേക്കും ഞങ്ങളുടെ ക്യാമറകൾ ഹരിശ്ചന്ദ്രൻമാർ കൈക്കലാക്കി. അഘോരിയുടെ ശിങ്കിടികൾ വന്നു ഡിലീറ്റ് ചെയ്തു കൂടാതെ മെമ്മറിക്കാർഡ് ഫോർമാറ്റും ചെയ്തു...

സംഭവിക്കുന്നത് എല്ലാം നല്ലതിന് എന്നു കൃഷ്ണൻ പറഞ്ഞത് എത്രമാത്രം ശരിയാ. നേരത്തേ മെമ്മറി കാർഡ് ഫുൾ ആയതു കൊണ്ടു പുതിയ കാർഡ് ഇട്ടത് നന്നായി, ഇല്ലെങ്കിൽ 8, 9 ദിവസം ഇന്ത്യ കറങ്ങി എടുത്ത പടം മൊത്തം ഹരിശ്ചന്ദ്രൻമാർ കളഞ്ഞേനേ...

യാത്രയിൽ നിന്ന്
യാത്രയിൽ നിന്ന്

ചുറ്റിലും ചെറിയ തെറിവിളികൾ മുഴങ്ങുന്നതു കേൾക്കാൻ തുടങ്ങി. ചുറ്റിലും ആൾക്കാർ കൂടി തുടങ്ങി, പല ഭാഷകളിലായി പല ചോദ്യങ്ങളും വരുന്നുണ്ട്. ചോദ്യമാണോ, തെറി ആണോ എന്നെന്നും മനസ്സിലാകുന്നില്ല...സംഭവം ന്യുജൻ ഭാഷയിൽ പറഞ്ഞാൽ കട്ട ഡാർക്ക് സീനായി വരുകയാ... കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു പേര് വാധ്യാരും പ്രവാസിയും കുറച്ചകലയാണ്, അവർ സേഫാ. വാധ്യാർ ദൂരെ നിന്നു മുങ്ങാനുള്ള മുദ്ര കാണിച്ചു...മലയാളികളുടെ സ്വന്തം കലാപരിപാടിയായ തോമസ് കുട്ടി വിട്ടോടാ... മുങ്ങൽ കലയിൽ വിദഗ്ധരായ നമ്മൾ കുറച്ചു കഷ്ടപ്പെട്ട് തെറിവിളികൾക്കിടയിലൂടെ  ശ്മശാനത്തിന്റെ പുറത്ത് എത്തി...

അപ്പോഴേക്കും പ്രവാസിയുടെ കോൾ വന്നു. ബാബയുടെ നിർദേശ പ്രകാരം കുറച്ച് ആളുകൾ നിങ്ങളെ അനേഷിച്ചു വരുന്നുണ്ട് പറ്റാവുന്ന സ്പീഡിൽ  ഒടിക്കോ എന്ന്...കേട്ടപാതി കേൾക്കാത്തപാതി ഒന്നും നോക്കിയില്ല...ഓടി അടുത്തുള്ള ഒരു പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തി. നമ്മുടെ പൊലീസുകാരൻ കേരളാ പോലീസിന്റെ ID കാർഡ് എടുത്തു കാണിച്ച് കാര്യം വിശദീകരിച്ചു (We are CID from India). അപ്പോഴേക്കും ബാബയുടെ ശിങ്കിടികൾ അവിടെ എത്തികഴിഞ്ഞിരുന്നു...അവർ പൊലീസുകാരോടായി പറഞ്ഞു ഇവരെ ബാബ കൂട്ടിക്കൊണ്ടു പോകാൻ പറഞ്ഞു, ബാബയെ കാണാതെ ഇവർക്ക് ഇവിടെ വിട്ട് പോകാൻ പറ്റില്ല എന്ന്... ആ സ്വരത്തിൽ ഭീഷണിയും ആജ്ഞയും എല്ലാം ഉണ്ട്. അങ്ങനെ വാരണാസി പൊലീസ് കൈയ്യൊഴിഞ്ഞു...ബാബയെ കണ്ട് പോകാൻ പറഞ്ഞു. ഒരു കോൺസ്റ്റബിളിനെ പോലും കൂടെ അയച്ചില്ല...സീൻ കട്ട ഡാർക്ക്... പൊലീസുകാരും കൂടി കൈയ്യൊഴിഞ്ഞ സ്ഥിതിക്ക് ഇനി രക്ഷയില്ല... നമ്മുടെ ഉള്ളിലെ ശിവാംശം അങ്ങ് ഉണർന്നു. ഞാൻ പൊലീസുകാരനോട പറഞ്ഞു 'പോട്ട്  പുല്ല് വരുന്നിടത്ത് വച്ച് കാണാമെന്ന് '. അങ്ങനെ ചുറ്റിലും ബാബയുടെ ശിങ്കിടികളുമായി ഞങ്ങൾ മഹാ ശ്മശാനത്തിലേക്ക്... വഴിയിൽ  കൂടി നിന്നവർ ഞങ്ങളെ തുറിച്ച് നോക്കുന്നതു കണ്ട പൊലീസുകാരൻ മാനസ്സിക സംഘർഷം കുറയ്ക്കാൻ വേണ്ടി ഒരു തമാശ പറഞ്ഞു, 'കൊലക്കേസിലെ പ്രതികളെ ജഡ്ജിക്കു മുന്നിൽ ഹാജരാക്കാൻ കൊണ്ടു പോകുന്ന സന്ദർഭങ്ങൾ ഓർമ വരുന്നു എന്ന്... 'കോമഡി അസ്ഥാനത്താണെങ്കിലും ഞാൻ ഒന്നു ചിരിച്ചു.. നടന്നിട്ടും നടന്നിട്ടും മണികർണികയിൽ എത്തുന്നില്ല അപ്പോഴാണ് മനസ്സിലായത് നമ്മുടെ ഓട്ടത്തിന് ഇത്ര വേഗത ഉണ്ടായിരുന്നു എന്ന്...പ്രവാസിയുടെ കോൾ... എന്താണാവോ അടുത്തത്... ഫോൺ എടുത്തു ഞാൻ പറഞ്ഞു: ‘‘ഞങ്ങളെ പൊക്കി ഇതാ നിമിഷങ്ങൾക്കകം അവിടെ എത്തും... ’’അപ്പോഴേക്കും മണികർണികയുടെ കവാടത്തിൽ എത്തി.. എല്ലാവരും തുറിച്ചു നോക്കുന്നു.. നമ്മളെ പച്ചയ്ക്കു കത്തിക്കാൻ ഉള്ള തയ്യാറെടുപ്പുള്ള മുഖം അവരിൽ കാണുന്നു... ഞാൻ പൊലീസുകാരനോട് പറഞ്ഞു: ‘‘അഘോരി ബാബ എന്തിനാണാവോ വിളിച്ചത് പച്ചമാംസം കഴിക്കുന്നവരാ അഘോരികൾ, ഇനി ഞങ്ങളെ പച്ചയ്ക്ക് തിന്നാനാണോ, അതോ പച്ചയ്ക്ക് കത്തിക്കാനാണോ?’’ അപ്പോഴേക്കും ഞങ്ങൾ ബാബയുടെ മുന്നിലെത്തി... 

കട്ട ചുവപ്പു മുണ്ടും മേൽമുണ്ടും ധരിച്ചു ചുണ്ടിൽ കഞ്ചാവ് ചുരുട്ടും കടിച്ചു പിടിച്ചു കഞ്ചാവ് ലഹരിയിൽ  പാതി അടഞ്ഞ മിഴികളുമായി ബാബ നമ്മൾ 2 പേരെയും ഒന്നു നോക്കി... കഞ്ചാവ് ലഹരിയിലാണെങ്കിലും കണ്ണുകൾക്കു നല്ല എനർജിയുണ്ട്. നല്ല തീക്ഷ്ണത... വയസ്സ് ഏതാണ്ട് കാഴ്ചയിൽ 40-45 വരും...ചുണ്ടിൽ കടിച്ചു പിടിച്ച കഞ്ചാവ് ചുരുട്ടിൽ നിന്ന് ഒരു പുക കൂടി ആസ്വദിച്ച് ബാബ ചോദിച്ചു... 

"കുഞ്ഞുങ്ങളെ നിങ്ങൾ നാട്ടിലെവിടെയാ..?"

കിളി പോയി എന്നൊക്കെ പറഞ്ഞു കേട്ടിട്ടേ ഉള്ളൂ... അക്ഷരാർത്ഥത്തിൽ ചെവിയിൽ നിന്നു കിളി അല്ല ഒട്ടകപക്ഷി വരെ ഓടി പോയ ഒരു ഫീൽ... നമ്മൾ ഒന്നും മിണ്ടാതെ സ്തംഭിച്ച് നിൽക്കുന്നതു കണ്ട ബാബ ഒന്ന് കൂടി ആവർത്തിച്ചു:

"നാട്ടിലെവിടെയാ..."

പൊലീസുകാൻ പറഞ്ഞു : ഇടുക്കി

ബാബ : ഇടുക്കിയിലെവിടെ...?

പൊലീസുകാരൻ : പെരുവന്താനം...

ബാബ : ഞാൻ ഈ അടുത്ത് കുമിളി അടിമാലി ഒക്കെ വന്നിട്ടുണ്ട്...

ഇതുകേട്ട എന്റെ നാക്കിന്റെ തുമ്പിൽ നല്ല മലയാളം വന്നു പക്ഷേ സ്ഥലം വാരണാസി അയതു കൊണ്ട് ഒന്നും മിണ്ടിയില്ല...

ബാബ പറഞ്ഞു നിങ്ങൾ മലയാളികളാണ് എന്നു മനസ്സിലായതുകൊണ്ട് ഒന്ന് സംസാരിക്കണം എന്നു തോന്നി അതുകൊണ്ടാ വിളിപ്പിച്ചത്. ഭയന്ന് പോയോ...? 

ഞങ്ങൾ : ഹേയ് ഭയന്നില്ല! ചെറുതായി ഒന്നു പേടിച്ചു പോയി...

മല്ലു ബാബ മന്ദഹസിക്കുന്നു...(പ്രവാസിയെയും വാധ്യാരെയും ബാബയെ പരിചയപ്പെടുത്തി)

ബാബയുമായി ഏതാണ്ട് ഒരുമണിക്കൂർ സംവദിച്ചു...നമ്മുടെ ആഗമന ഉദേശവും ബാബയുടെ ജീവിത ചരിത്രവുമെല്ലാം സംസാരത്തിനിടയിൽ കടന്നുപോയി. അതിനിടയിൽ ഞാൻ ചോദിച്ചു നമ്മൾ ഫോട്ടേ എടുത്തത് എങ്ങനെ കണ്ടു എന്ന്? ബാബ പറഞ്ഞു കാഴ്ചകൾ കാണാൻ കണ്ണുകൾ മാത്രം പോര കുഞ്ഞേ...അമാവാസി പൂജ ചെയ്യുന്നതു കൊണ്ടാണ് ഫോട്ടോ എടുക്കരുത് എന്നു പറഞ്ഞത്. പൂജ കഴിഞ്ഞു ഇനി നിങ്ങൾ ഇവിടെ മൊത്തം ഫോട്ടോ എടുത്തോ ആരും ഒന്നു പറയില്ല എന്നു പറഞ്ഞ്, അവിടെ കൂടിയവരോടായി ബാബ പറഞ്ഞു ഇവർ എന്റെ അതിഥികളാണ്, ഇവർക്കു വേണ്ടത് ഇവർ ഇവിടുന്ന് എടുത്തോട്ടെ...അനുഭവം സിദ്ധിക്കാൻ വേണ്ടി വന്ന നമ്മളോട് ഒരു വാക്കുകൂടി പറഞ്ഞു ബാബ ഇരുട്ടിലേക്കു നടന്നു മറഞ്ഞു, കൂടെ മദാമ്മസ്വാമിയും കൂട്ടരും...എരിയുന്ന ചിതയെ നോക്കി സ്വാമി പറഞ്ഞത് ഇങ്ങനെയാണ്..."Burning is learning"

മലപോലെ വന്നത് എലിപോലെ പോയി എന്ന അവസ്ഥയിൽ നിൽക്കുവാ ഞങ്ങൾ 4 പേരും. നമ്മൾ തമ്മിൽ നോക്കി ചോദിച്ചു, ‘‘ഇവിടെ ഇപ്പ  എന്താ ഉണ്ടായത്...’’നമ്മളെ തുറിച്ച് നോക്കിയ ആൾക്കാർ നമ്മുടെ നേരെ കൈകൾ കൂപ്പി നമസ്കരിക്കുന്നു. ചിലർ ഹസ്തദാനം നൽകുന്നു. അങ്ങനെ നമ്മൾ ആ രാത്രി മഹാശ്മശാനത്തിൽ വിശിഷ്ട വ്യക്തികളായി മാറി..

കുറച്ചു സമയം പല ആംഗിളുകളിലും എരിയുന്ന ചിതയുടെ ഫോട്ടോ എടുത്തു...കൂടാതെ പുതിയ ചിതകൾ ഉണ്ടാക്കുവാൻ വിറകുകൾ എടുത്തു കൊടുത്തു സഹായിച്ച് ആ രാത്രി പുലരുന്നതു വരെ അവിടെ ഇരുന്നു. ചെറുതായി ഉറക്കം വരുന്നുണ്ട് അവിടെ കിടന്ന് ഉറങ്ങിയാൽ ശവമാണ് എന്നു കരുതി എടുത്തു കത്തിച്ചാലോ എന്നു ഭയന്നു നമ്മൾക്കു ഗംഭീര അനുഭവം നൽകിയ മണികർണികാഘട്ടിനോടു വിട പറഞ്ഞു റൂമിലേക്കു നടന്നു നീങ്ങി...

റൂമിലേക്ക് നടക്കുമ്പോ ഒരു സംശയം.. ഇവിടെ പത്തിരുപത് ശവങ്ങൾ കിടന്നു കത്തുവാ, പക്ഷേ അവിടെ എവിടെയും ശവം കത്തുന്ന ഒരു മണവും ഇല്ല...കാശിനാഥന്റെ മായ ആണോ...ആ ആർക്കറിയാം...നമ്മുടെ ചിതകൾ ഒരുക്കുന്നതു വരെ സമയം ഉണ്ട്  ഈ നിവൂഢതകൾക്ക് ഉത്തരം തേടാൻ...

English Summary:

Journey Through the Soul of India: A Night at Varanasi's Manikarnika Ghat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com