ഒരിക്കലും മറക്കില്ല, കസോള്‍ യാത്രയുമായി ഗായത്രി സുരേഷ്
Mail This Article
ക്യാംപിങ്ങും ട്രെക്കിങ്ങും ഹൈക്കിങ്ങും റിവര്‍ റാഫ്റ്റിംഗുമെല്ലാമായി വര്‍ഷം മുഴുവനും സഞ്ചാരികളെ വരവേല്‍ക്കുന്ന വിനോദസഞ്ചാരകേന്ദ്രമാണ്, പാർവതി നദിയുടെ താഴ്‌വരയിലുള്ള കസോള്‍. ഇവിടെ നിന്നും ഗായത്രി സുരേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നൃത്ത വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. പാര്‍വതി നദിക്ക് കുറുകെയുള്ള പാലത്തിന് അപ്പുറവും ഇപ്പുറവുമായി, ഓള്‍ഡ് കസോള്‍, ന്യൂ കസോള്‍ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. കസോളിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആക്റ്റിവിറ്റി ട്രെക്കിങ്ങാണ്. തുടക്കക്കാർ മുതൽ പരിചയസമ്പന്നരായ ആളുകള്‍ക്കു വരെ പോകാവുന്ന ഒട്ടേറെ ട്രെക്കിങ് റൂട്ടുകള്‍ കസോളിലുണ്ട്.
ഹിമാലയന്‍ ട്രെക്കിങ്ങിനുള്ള ബേസ് ക്യാംപ് കസോളിലാണ്. സാര്‍പാസ്, യാന്‍കെര്‍പാസ്, പിന്‍പാര്‍വതി പാസ്, ഖീര്‍ഗംഗ തുടങ്ങിയ സ്ഥലങ്ങളിലേക്കു ട്രെക്കിങ് ആരംഭിക്കുന്നതും ഇവിടെ നിന്നാണ്.
പ്രകൃതി ഭംഗിക്കും ഹിമാലയത്തില്‍ നിന്നും ഒഴുകിവരുന്ന ചൂടു നീരുറവകൾക്കും പേരുകേട്ട ഖീർഗംഗ ട്രെക്ക്, പച്ചപ്പ് നിറഞ്ഞ വനങ്ങളിലൂടെയും വെള്ളച്ചാട്ടങ്ങളിലൂടെയും അരുവികളിലൂടെയും സഞ്ചാരികളെ കൊണ്ടുപോകുന്നു. ഖീർ ഗംഗയിൽ എത്തിക്കഴിഞ്ഞാൽ, ഔഷധഗുണങ്ങളുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ചൂടുവെള്ള നീരുറവകളിൽ കുളിക്കാം.
പാർവതി താഴ്‌വരയിലെ മറ്റൊരു പ്രശസ്തമായ ട്രെക്കിങ് റൂട്ടാണ് ടോഷ് വാലി. ഈ റൂട്ടില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ 2-3 ദിവസം എടുക്കും. ബർഷൈനി ഗ്രാമത്തിൽ നിന്ന് ആരംഭിക്കുന്ന ട്രെക്കിങ് മനോഹരമായ ടോഷ് ഗ്രാമത്തിലൂടെ കടന്നു ടോഷ് ഹിമാനിയിലേക്കാണ് പോകുന്നത്.
തനതായ സംസ്കാരത്തിനും ആചാരങ്ങൾക്കും പാരമ്പര്യത്തിനും ഭാഷയ്ക്കുമെല്ലാം പേരുകേട്ട മലാന ഗ്രാമത്തിലേക്കുള്ള ട്രെക്ക്, ജാരി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് മലാന എന്ന മനോഹരമായ ഗ്രാമത്തിലൂടെ കടന്ന് മലാന ഹിമാനിയിൽ എത്തിച്ചേരും. ചന്ദ്രഖനി പാസ്, ദിയോ ടിബ്ബ തുടങ്ങിയ പ്രശസ്തമായ കൊടുമുടികൾ ഈ യാത്രയില്‍ കാണാം.
പാർവതി താഴ്‌വരയെ സ്പിറ്റി താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന പിൻ പാർവതി ചുരത്തിലൂടെയുള്ള ട്രെക്കിങ് അതിസാഹസികരായ ആളുകള്‍ക്കു മാത്രം ചെയ്യാവുന്ന ഒന്നാണ്. മണികരൺ, പുൾഗ, ഖീർഗംഗ, തുണ്ട ഭുജ് എന്നിവയുൾപ്പെടെ നിരവധി ഹിമാലയൻ ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന ഈ ട്രെക്കിങ്ങിനു മുന്‍പരിചയവും ഉയര്‍ന്ന ശാരീരിക ക്ഷമതയും ആവശ്യമാണ്.
കസോളിൽ നിന്നും തുടങ്ങി, 13,800 അടി ഉയരത്തിലുള്ള സാർ ചുരം കടന്നു പോകുന്ന സാർ പാസ് ട്രെക്കും അത്യാവശ്യം കഠിനമാണ്.
ഹിമാചല്‍പ്രദേശിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായ കുളുവില്‍ നിന്നു 42 കിലോമീറ്റര്‍ കിഴക്കായാണ് കസോള്‍ സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ ഭുന്തറില്‍ നിന്ന് മണികരനിലേക്ക് പോകുന്ന വഴിയില്‍, പാര്‍വതി നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന കസോളിനെ 'മിനി ഇസ്രായേല്‍' എന്നു വിളിക്കാറുണ്ട്. പ്രത്യേകതരം പാരമ്പര്യവസ്ത്രമണിഞ്ഞ ഇസ്രായേലി ആളുകളെയും ഹീബ്രു അടയാളങ്ങളുമെല്ലാം ഇവിടെയെങ്ങും കാണാം.
വാട്ടര്‍ റാഫ്റ്റിങ്ങിന് ഏറ്റവും മികച്ച സ്ഥലമാണ് ഇത്. കുറഞ്ഞ ചെലവില്‍ സഞ്ചാരികള്‍ക്കായി യൂത്ത് ഹോസ്റ്റല്‍ ഇവിടെ ട്രെക്കിങ് സൗകര്യം ഒരുക്കാറുണ്ട്. വര്‍ഷം മുഴുവന്‍ യാത്ര ചെയ്യാനാവുന്ന സുഖകരമായ കാലാവസ്ഥയാണെങ്കിലും ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മഞ്ഞുകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.