ചന്ദ്രനു ചുറ്റും മഴവില്ല് കണ്ടിട്ടുണ്ടോ? കൊളുക്കുമലയിലെ അദ്ഭുത കാഴ്ചകൾ

Mail This Article
ഇത്തവണത്തെ പിറന്നാളിന് ഉദിച്ചുയരുന്ന സൂര്യനെ കണ്ടുതന്നെ തുടങ്ങണം എന്ന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ യുട്യൂബില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കാണുന്നത് മുഴുവന്‍ കൊളുക്കുമലയുടെ വിഡിയോകള്‍. എന്നാല്‍പ്പിന്നെ യാത്ര അങ്ങോട്ട് തന്നെ ആയിക്കോട്ടെ എന്ന് കരുതി. വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന പിറന്നാള്‍ അല്ലേ, ഒട്ടും കുറയ്ക്കണ്ട എന്നു മനസ്സ് പറഞ്ഞു.
തമിഴ്നാട്ടിലെ തേനി ജില്ലയിലെ ബോഡിനായ്‌ക്കനൂർ മുൻസിപ്പാലിറ്റിയിലാണ് കൊളുക്കുമല. മൂന്നാർ പട്ടണത്തിൽ നിന്നും ഏകദേശം 35 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന കൊളുക്കുമലയിലേക്ക് റോഡ് മാർഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ. മീശപ്പുലിമലയ്ക്കപ്പുറം, സമുദ്രനിരപ്പിൽ നിന്നും 8,000 അടിയോളം ഉയരത്തിലായി സ്ഥിതിചെയ്യുന്ന കൊളുക്കുമലയില്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങൾ കാണാം. മാത്രമല്ല, ഇവയില്‍ പലതും നൂറു വര്‍ഷത്തിനടുത്ത് പഴക്കമുള്ള തേയിലച്ചെടികളാണ്.

മൂന്നാര്‍ എത്തിയപ്പോള്‍ തന്നെ നല്ല മഴയും മഞ്ഞുമുണ്ടായിരുന്നു. അവിടെ നിന്നും പവര്‍ഹൗസ് ജംഗ്ഷനിലേക്ക് ബസ് പിടിച്ചു. അവിടെ ഇറങ്ങി, ഇരുനൂറു രൂപയ്ക്ക് ഓട്ടോ പിടിച്ച് ക്യാംപ് സൈറ്റില്‍ എത്തി.
∙ വൈകുന്നേരത്തെ ട്രെക്കിങ്
ചെറിയ ടെന്‍റുകളിലാണ് ക്യാംപിങ്. യാത്രയ്ക്ക് ഏകദേശം ഒരാള്‍ക്ക് 2000 രൂപയാണ് ചെലവ്. വൈകുന്നേരം മൂന്നു മണിക്ക് ചെക്കിന്‍ ചെയ്യാം. ചായയും ബിസ്ക്കറ്റും കഴിച്ച ശേഷം നാലരയോടെ മലമുകളിലേക്ക് ട്രെക്കിങ്. ചെങ്കുത്തായ കാട്ടിലൂടെ മരങ്ങളില്‍ പിടിച്ചു കയറി ഏകദേശം ഒരു മണിക്കൂര്‍ ട്രെക്കിങ് ചെയ്തു. സണ്‍സെറ്റ് ട്രെക്കിങ് എന്നാണ് പേരെങ്കിലും ഏറ്റവും മുകളില്‍ ചെന്നപ്പോള്‍ ജ്യോതിയും വന്നില്ല തീയും വന്നില്ല എന്ന അവസ്ഥയായിരുന്നു. സൂര്യന് പകരം കോടമഞ്ഞും കാറ്റും. പക്ഷേ ഒട്ടും നിരാശ തോന്നിയില്ല. അത്രയ്ക്ക് മനോഹരമായിരുന്നു ആ കാഴ്ച.
ഏകദേശം അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞതോടെ തിരിച്ചിറങ്ങാന്‍ ഉള്ള സമയമായി. കയറിയ അത്ര എളുപ്പമല്ല തിരിച്ചിറങ്ങാന്‍. വഴുക്കല്‍ ഉള്ള കാട്ടുപാതയിലൂടെ ഇറങ്ങി വരുമ്പോള്‍ മൂന്നു പ്രാവശ്യം മറിഞ്ഞടിച്ച് വീണു. ഒരു തവണ മരത്തില്‍ തലയടിച്ചു. ഒരു നിമിഷം, പറന്നുപോയ കിളികള്‍ എല്ലാം കൂടെ ഉള്ളിലേക്ക് തിരിച്ചു കയറിയ പ്രതീതിയായിരുന്നു.
രാത്രി ക്യാംപിലെത്തി. 'തീ നമ്മള്‍ കൂട്ടണോ അതോ നിങ്ങള്‍ കൂട്ടുമോ' എന്ന എന്‍റെ തന്ത്രപ്രധാനമായ ചോദ്യത്തിനു ശേഷം, അവര്‍ തന്നെ തീ കൂട്ടി ക്യാംപ് ഫയര്‍ തുടങ്ങി. പാട്ടൊക്കെ വച്ച് നല്ല വൈബ്. ഡാന്‍സ് മാസ്റ്റര്‍ വിക്രമിനെ മനസ്സില്‍ ധ്യാനിച്ച് തീയ്ക്കു ചുറ്റം ഒന്നുരണ്ടു വട്ടം തുള്ളി.
അല്‍പ്പം കഴിഞ്ഞപ്പോഴേക്കും ഫ്രൈഡ് റൈസും ചിക്കന്‍ മഞ്ചൂരിയനുമെല്ലാം വന്നു. അതുകഴിച്ച് കുറച്ചു നേരം ക്യാേപ് സൈറ്റില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്ന ശേഷം ടെന്‍റിനുള്ളിലേക്ക് പോയി. ക്ഷീണം കാരണം കുറച്ചു മയങ്ങിപ്പോയെങ്കിലും കൃത്യം പന്ത്രണ്ടു മണിക്ക് തന്നെ എണീറ്റ് മധുരം കഴിച്ചു. പിറന്നാള്‍ ഒക്കെയല്ലേ... അതൊക്കെ വേണ്ടതാണല്ലോ.
ടെന്‍റിനുള്ളില്‍ കൊടും തണുപ്പായിരുന്നു. അത് കാരണം ഉറക്കം അത്ര ശരിയാകാത്തതു കൊണ്ടു പുറത്തേക്ക് ഇറങ്ങി. ഈ സാഹചര്യത്തില്‍ എനിക്ക് ഒന്നേ പറയാനുള്ളൂ, ടെന്‍റിലാണ് താമസം എങ്കില്‍, ക്യാംപ് നടത്തുന്ന ആളുകള്‍ തന്നെ പുതപ്പും വിരിപ്പും ഒക്കെ തരും എന്നൊക്കെ പറയും. രാത്രിയിലെ തണുപ്പ് പലപ്പോഴും അതിലൊന്നും നില്‍ക്കില്ല. അതുകൊണ്ട് ഈ പറഞ്ഞ സാധനങ്ങള്‍ ഒക്കെ സ്വന്തം വീട്ടില്‍ നിന്നു പെറുക്കി കൊണ്ടുവരുന്നതാണ് ബുദ്ധി. ഇതൊക്കെ എനിക്ക് അറിയാമായിരുന്നെങ്കിലും മടി കാരണം എടുത്തില്ല.

ഉറങ്ങാതിരുന്നത് നന്നായെന്ന് പിന്നീട് മനസ്സിലായി. പുറത്തേക്ക് ചുമ്മാ ഇറങ്ങിയപ്പോള്‍ ആകാശത്ത് പൂര്‍ണ്ണ ചന്ദ്രനും നക്ഷത്രക്കുഞ്ഞുങ്ങളും. മാത്രമല്ല, ചന്ദ്രന് ചുറ്റും വട്ടത്തില്‍ വിരിഞ്ഞുനില്‍ക്കുന്ന മഴവില്ലും. അത്തരമൊരു കാഴ്ച ഞാന്‍ ആദ്യം കാണുകയായിരുന്നു. ആകാശം ഇത്ര തെളിഞ്ഞിരിക്കുകയാണെങ്കില്‍ നാളെ സൂര്യോദയം കാണാന്‍ പറ്റുമെന്ന് മനസ്സ് പറഞ്ഞു.
∙ മേഘങ്ങളുടെ കടല്‍
പിറ്റേ ദിവസം രാവിലെ നാലരയ്ക്ക് തന്നെ റെഡിയായി നില്‍ക്കാന്‍ ഗൈഡ് പറഞ്ഞിരുന്നു. ഉറങ്ങാതിരുന്നതു കാരണം രണ്ടരയ്ക്ക് തന്നെ റെഡിയായി. കൊളുക്കുമലയിലേക്ക് ജീപ്പ് വഴിയാണ് പോകുന്നത്. ഒരാള്‍ക്ക് 600 രൂപ കൊടുത്താല്‍ ജീപ്പില്‍ കയറാം. ഒരു ജീപ്പില്‍ 6 പേര്‍ മാത്രമേ അനുവദിക്കൂ. നേരത്തെ പറഞ്ഞ 2000 രൂപയില്‍ ഇതും പെടും.
ജീപ്പുകാരന്‍ വരാന്‍ അല്‍പ്പം വൈകി. ഏകദേശം ഒരു മണിക്കൂറില്‍ താഴെ യാത്രയുണ്ട് സൂര്യോദയം കാണുന്ന കൊടുമുടിയിലേക്ക്. ജീപ്പില്‍ കുലുങ്ങിക്കുലുങ്ങിയുള്ള യാത്ര. നടുവിന് വല്ല അസുഖങ്ങള്‍ ഉള്ളവര്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ട് എന്നു മുന്നേ ഉറപ്പു വരുത്തിയിട്ട് വേണം കയറാന്‍. ആദ്യമൊക്കെ അല്‍പ്പം ബുദ്ധിമുട്ട് തോന്നിയെങ്കിലും ജീപ്പില്‍ ഉണ്ടായിരുന്ന ഫ്രെഞ്ചുകാരന്‍ ക്വഞ്ചനുമായി അല്‍പ്പം പഞ്ചാര അടിച്ചിരുന്നത് കാരണം എത്തിയത് അറിഞ്ഞില്ല.

മുകളില്‍ എത്തിയപ്പോള്‍ ആകാശത്ത് ചെറിയ ഓറഞ്ചുനിറം പടര്‍ന്നു വരുന്നുണ്ടായിരുന്നു. അപ്പോള്‍ത്തന്നെ മനസ്സ് പറഞ്ഞു, ഇത്തവണ കൊളുക്കുമലയിലെ സൂര്യനെ കണ്ട് പിറന്നാള്‍ ആഘോഷിക്കാം. മുകളിലേക്ക് എത്തുംതോറും ജനക്കൂട്ടം കൂടിക്കൂടി വന്നു.

അധികം വൈകിയില്ല, മേഘങ്ങള്‍ക്കിടയില്‍ നിന്നും സൂര്യന്‍ പൂവിരിയും പോലെ വിരിഞ്ഞു വന്നു. ചുറ്റും കവാടങ്ങള്‍ പോലെ എഴുന്നു നില്‍ക്കുന്ന മലനിരകള്‍. താഴെ മേഘച്ചുരുളുകളുടെ തിളയ്ക്കുന്ന കടല്‍. എനിക്ക് അവയ്ക്കിടയിലേക്ക് ചാടി നീന്താന്‍ തോന്നി.
ആളുകള്‍ പല പല പോസില്‍ ഫോട്ടോകള്‍ എടുക്കുന്നത് കാണാമായിരുന്നു. ഞാനും ഒട്ടും കുറച്ചില്ല. സൂര്യന്‍ തെളിഞ്ഞു വരുന്തോറും ചുറ്റുമുള്ള തേയിലത്തോട്ടങ്ങളും വീടുകളും ഗ്രാമങ്ങളുമെല്ലാം ഒരു ചിത്രം പോലെ തെളിഞ്ഞു വന്നു. ഞാനാകട്ടെ, അലിഞ്ഞലിഞ്ഞ് കാറ്റു പോലെ അവയ്ക്കിടയിലൂടെ പറന്നു.