ഈ വർഷവും സന്തോഷം നിറഞ്ഞതാവട്ടെ, സ്വാസികയുടെ പുതുവർഷ ആഘോഷം ഇവിടെ

Mail This Article
യാത്രകൾക്കു മിക്കപ്പോഴും ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും മുഖമാണ്. പക്ഷേ ചിലപ്പോഴെങ്കിലും ശാന്തമായി കുറച്ചു സമയം ചെലവഴിക്കാനും മനസ്സിന് ഉണർവ് നൽകാനും ഏറെ സഹായിക്കും യാത്രകൾ. അത്തരമൊരു സുന്ദര കാഴ്ചയിൽ മനസ്സുനിറഞ്ഞ സന്തോഷത്തിലാണ് സ്വാസികയും ഭർത്താവ് പ്രേമും. വിവാഹശേഷം യാത്രകൾക്കായി സമയം കണ്ടെത്തുകയും നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്ത ഇരുവരും ഇത്തവണയെത്തിയിരിക്കുന്നത് കോയമ്പത്തൂരിൽ സ്ഥിതി ചെയ്യുന്ന ഇഷ ഫൗണ്ടേഷനിലാണ്. ആദിയോഗിക്കു മുൻപിൽ ശാന്തമായി ധ്യാനിച്ചും ഭക്തിയോടെയിരുന്നും ചെലവഴിച്ച ദിവസം ഏറെ ആഹ്ളാദകരമായിരുന്നു എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് പ്രേം കുറിച്ചത്.
സദ്ഗുരു' എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ് സ്ഥാപിച്ച സംഘടനയാണ് ഇഷ ഫൗണ്ടേഷന്‍. പശ്ചിമഘട്ടത്തിനരികില്‍ വെള്ളിയാങ്കിരി മലനിരകളുടെ താഴ്‌വരയിലായി സ്ഥിതി ചെയ്യുന്ന ഈ അര്‍ധകായ ശിവ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒരു വര്‍ഷത്തോളമെടുത്തു. പൂർണമായും സ്റ്റീലില്‍ നിര്‍മിച്ച ഈ പ്രതിമ ലോകത്തെ തന്നെ ഏറ്റവും പൊക്കം കൂടിയ ഊർധകായ പ്രതിമയെന്ന ഗിന്നസ് റിക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. ആത്മ പരിവർത്തനത്തിനുള്ള 112 മാർഗങ്ങളെ പ്രകീർത്തിക്കുന്ന ഇവിടുത്തെ ആദിയോഗിയുടെ പ്രതിമയ്ക്ക് 112.4 അടിയാണ് ഉയരം. 24.99 മീറ്റർ വീതിയും 147 അടി നീളവുമുണ്ട്. 2017 ഫെബ്രുവരി 24 ന് മഹാശിവരാത്രി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ അനാവരണം ചെയ്തതില്‍പ്പിന്നെ സഞ്ചാരികളുടെ നിലയ്ക്കാത്ത ഒഴുക്കാണ് ഇവിടേക്ക്.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്താണ് ആദിയോഗി ശിവക്ഷേത്രം. കോയമ്പത്തൂരിലെത്തിയാൽ ഇവിടേക്ക് ടാക്സികള്‍ ലഭ്യമാണ്. ഏകദേശം 30 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാൽ ഇഷ ഫൗണ്ടേഷനിൽ എത്തി ചേരാൻ കഴിയും. ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ നിന്ന് ബസിലും ഇവിടെയെത്താം. ധ്യാനലിംഗ സമുച്ചയത്തിലാണ് ആദിയോഗിയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്. ഓരോ 45 മിനിറ്റിലും ഈ സമുച്ചയത്തിന്റെ കവാടം വരെയെത്തുന്ന ബസുണ്ട്. ധ്യാനലിംഗ ക്ഷേത്രത്തിൽ നിന്ന് 7 മിനിറ്റ് നടന്നാല്‍ ശില്‍പത്തിനടുത്തെത്താം. ആദിയോഗിയെ കാണാനായി ദൂരെ നിന്നും എത്തുന്നവർക്ക് ഇഷ ഫൗണ്ടേഷനിൽ താമസത്തിനുള്ള സൗകര്യവുമുണ്ട്. മുറികളുടെ എണ്ണം പരിമിതമായതു കൊണ്ടുതന്നെ യാത്രയ്ക്ക് രണ്ടാഴ്ച മുൻപ് മുറികൾ മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ താമസ സൗകര്യം ലഭിക്കുകയുള്ളൂ.

ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്ന വിശേഷണമുള്ള, കോയമ്പത്തൂരിൽ നിരവധി കാഴ്ചകൾ വേറെയുമുണ്ട്. ഊട്ടിയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന കോയമ്പത്തൂരിന് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന വിശേഷണവുമുണ്ട്. പരുത്തി ഉൽപാദനവും തുണി വ്യവസായവുമാണ് ഇവിടുത്തെ പ്രധാന തൊഴിലുകൾ. അതുകൊണ്ടാണ് ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്ന വിളിപ്പേരും കൈവന്നത്.
ഇഷ ഫൗണ്ടേഷൻ മാത്രമല്ലാതെ, കോയമ്പത്തൂർ കാണാൻ ഇറങ്ങിയാൽ നഗരത്തിൽ നിന്നും അധികം അകലെയല്ലാതെ കണ്ടാസ്വദിക്കാൻ വേറെയും കാഴ്ചകളുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതെന്നു കരുതുന്ന മരുതമലൈ ക്ഷേത്രവും പശ്ചിമഘട്ടത്തിലെ പൊതിഗൈ മലനിരകളിൽ നിന്നുദ്ഭവിക്കുന്ന ഒൻപതോളം മനോഹര വെള്ളച്ചാട്ടങ്ങളുടെ കാഴ്ചയൊരുക്കുന്ന കുറ്റാലവും പഴയകാല കാറുകളും മറ്റും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ജിഡി കാര്‍ മ്യൂസിയവും, 'ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ്' എന്നറിയപ്പെടുന്ന ഊട്ടിയുമെല്ലാം കോയമ്പത്തൂരിലേക്കുള്ള യാത്രയില്‍ കണ്ടു വരാവുന്ന സ്ഥലങ്ങളാണ്.