വജ്രം പോലെ തിളങ്ങുന്ന ഉപ്പുപാടവും ചരിത്രാവശിഷ്ടങ്ങളും തേടി, അമിതാഭ് ബച്ചന്‍റെ കൊച്ചുമകളുടെ യാത്ര

Mail This Article
അമിതാഭ് ബച്ചന്‍റെ കൊച്ചുമകള്‍ എന്നതിലുപരി, ചെറുപ്പത്തിലേ സംരംഭകയും യുട്യൂബറുമൊക്കെയായി കഴിവ് തെളിയിച്ച ആളാണ് നവ്യ നവേലി നന്ദ. ബച്ചന്‍റെ മകള്‍ ശ്വേത ബച്ചന്‍റെയും ബിസിനസ്സുകാരനായ നിഖില്‍ നന്ദയുടെയും മകളാണ് ഈ ഇരുപത്തിയേഴുകാരി. ഇപ്പോള്‍ അഹമ്മദാബാദ് ഐ ഐ എമ്മിലെ വിദ്യാര്‍ഥിനിയായ നവ്യ ഒട്ടേറെ യാത്രകള്‍ ചെയ്യുന്ന ആളാണ്. ഈയിടെ ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ നിന്നും ധോളവീരയില്‍ നിന്നുമെല്ലാമുള്ള ചിത്രങ്ങള്‍ നവ്യ പങ്കുവച്ചു.

പുരാതന ഹാരപ്പൻ-മോഹൻജൊദാരോ സംസ്‌ക്കാരത്തിന്‍റെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന ഗുജറാത്തിലെ ഒരു പ്രദേശമാണ് ധോളവീര. മൻഹർ, മാൻസർ എന്നീ രണ്ട് പുരാതന നദികളുടെ കരയിലായി, കച്ച് ജില്ലയിലെ ബച്ചാവു താലൂക്കിലാണ് ധോളാവീര. ഗുജറാത്തിന്‍റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ ജില്ലയാണ് കച്ച്.
ഇഷ്ടികയും കല്ലും ഉപയോഗിച്ചുള്ള നിരവധി നിർമ്മിതികൾ ഇവിടെ കാണപ്പെടുന്നു. ജലസേചനത്തിനായി ഹാരപ്പൻ കാലത്തെ ജനത സ്വീകരിച്ച രീതിയും പല ഘട്ടങ്ങളായുള്ള പുരകളും കമാനങ്ങളും കിണറും ചവിട്ടുപടികളും മുതൽ കളികളിലേർപ്പെടാനായുള്ള സ്റ്റേഡിയം ഉൾപ്പെടെ നിർമ്മിച്ചതിന്റെ ശിഷ്ടരൂപം ഇവിടെയുണ്ട്. ധോളവീരയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഒരു മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്. ഉദ്ഖനനത്തിൽ കണ്ടെടുക്കപ്പെട്ട വസ്തുക്കൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
ഗുജറാത്തിലെ മറ്റൊരു പ്രശസ്തമായ സ്ഥലമാണ് കച്ചിലെ ഗ്രേറ്റ് റാന്‍ ഓഫ് കച്ച് എന്ന മരുപ്രദേശം. ഗുജറാത്ത് സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഇടമാണ് ഇത്. ഇവിടെ നിന്നുള്ള ചിത്രങ്ങളും നവ്യ പങ്കുവച്ചിട്ടുണ്ട്.
തെക്കുഭാഗത്ത് കച്ച് ഉൾക്കടലും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന ഈ പ്രദേശത്ത്, കണ്ണെത്താത്ത ദൂരത്തോളം വെളുത്ത നിറത്തില്‍ മഞ്ഞിന്‍ തരികള്‍ പോലെ പരന്നു കിടക്കുന്ന ഉപ്പുപാടമാണ്. നിലാവുള്ള രാത്രികളില്‍ പ്രകാശം തട്ടി, വജ്രത്തരികളെപ്പോലെ ഉപ്പ് തിളങ്ങുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്.
'റാന്‍' എന്നാല്‍ ഹിന്ദിയില്‍ മരുഭൂമി എന്നാണ് അര്‍ഥം. 'ഐറിന' എന്ന സംസ്കൃത പദത്തില്‍ നിന്നാണ് ഇതിന്‍റെ ഉദ്ഭവം. ഇവിടെ ജീവിക്കുന്ന ആളുകളെ 'കച്ചി' എന്നു വിളിക്കുന്നു.
മരുഭൂമിയാണെങ്കിലും അപാരമായ ജൈവവൈവിധ്യമുള്ള പ്രദേശമാണിത്. ഇന്ത്യന്‍ കാട്ടുകഴുത, ഫ്ലമിംഗോ മുതലായ പക്ഷിമൃഗാദികളെ ഇവിടെ കാണാം. ഇന്ത്യന്‍ വൈല്‍ഡ് ആസ് സാങ്ങ്ച്വറി, കച്ച് ഡിസര്‍ട്ട് വൈല്‍ഡ്ലൈഫ് സാങ്ങ്ച്വറി മുതലായവയുടെ ഭാഗം കൂടിയാണ് റാന്‍ ഓഫ് കച്ച്. വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് ഒപ്പിയെടുക്കാനായി ഒരുപാടു ദൃശ്യങ്ങള്‍ ലഭിക്കും. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ സേനയുടെ നിരീക്ഷണത്തിലാണ് ഈ പ്രദേശം. അതിനാല്‍ യാത്ര പോകുമ്പോള്‍ കൃത്യമായ ഐഡി പ്രൂഫുകള്‍ കയ്യില്‍ കരുതേണ്ടതുണ്ട്.

എല്ലാ വര്‍ഷവും ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ഇവിടെ 'റാന്‍ ഉത്സവ്' എന്ന പേരില്‍ ഗുജറാത്ത് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ പരിപാടി നടക്കാറുണ്ട്. കച്ച് സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയമാണ് ഈ ഉത്സവ സീസണ്‍. ലോകത്തെമ്പാടുമുള്ള സഞ്ചാരികള്‍ ഈ സമയത്ത് ഇവിടെയെത്തുന്നു. തദ്ദേശീയരുടെ പ്രധാന വരുമാന മാർഗം കൂടിയാണ് ഈ ഫെസ്റ്റിവല്‍. കച്ചിന്‍റെ അതിഥിയായി ഈ സമയത്ത് മരുഭൂമിയില്‍ ടെന്‍റ് കെട്ടി പാര്‍ക്കാം. ഗ്രാമങ്ങളിലെ മണ്‍വീടുകളിലും താമസ സൗകര്യം ലഭിക്കും.