സ്വപ്നക്കൂട് സിനിമയുടെ ലൊക്കേഷൻ, പോണ്ടിച്ചേരിയിലെ മനോഹരമായ 'ദ സ്പോട്ട്'

Mail This Article
മലയാളികളുടെ മനസ്സിൽ പോണ്ടിച്ചേരിയുടെ സൗന്ദര്യകാഴ്ചകൾ നിറച്ചിട്ട സിനിമയായിരുന്നു സ്വപ്നക്കൂട്. കുഞ്ഞൂഞ്ഞും കമലയും പദ്മയും ദീപുവും അഷ്ടമൂർത്തിയും അവരുടെ കുസൃതികളും നർമങ്ങളുമൊക്കെ ആവോളം ആസ്വദിച്ച കൂട്ടത്തിൽ വിവിധ വർണങ്ങൾ നിറഞ്ഞ പൂക്കളുടെ മായിക ഭംഗിയുമുണ്ടായിരുന്നു പോണ്ടിച്ചേരിക്ക്. സിനിമയിൽ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ജയസൂര്യയും താമസത്തിനെത്തുന്ന വീടും അവിടുത്തെ കാഴ്ചകളും ഒരിക്കലെങ്കിലും കാണണമെന്നു ആഗ്രഹം തോന്നുന്നവർക്ക് പോണ്ടിച്ചേരിയിലേക്കു ഒരു യാത്ര പോകാം. ഇന്ന് രുചികരമായ വിഭവങ്ങൾ വിളമ്പുന്ന ഒരു കഫേ ആയി രൂപമാറ്റം വന്നിരിക്കുന്നു ഇവിടം. മോടിയും പുതുമയും വർധിച്ച ഈ വീടിന്റെ മുക്കും മൂലയും വരെ മലയാളികൾക്ക് പരിചിതമാണെന്ന് പറയേണ്ടതില്ലല്ലോ. മുകൾ നിലയിലേക്കുള്ള ഗോവണി പടികളിലൂടെ ''ഒരിക്കലും പിരിയില്ല ഞങ്ങൾ'' എന്നുപാടിയും പറഞ്ഞും സുഹൃത്തുക്കളുമൊരുമിച്ച് പോണ്ടിയുടെ കാഴ്ചകളിലേക്കിറങ്ങാം.

സ്വപ്നക്കൂടിലെ നായകന്മാർ താമസിച്ച വീട് മേൽസൂചിപ്പിച്ചത് പോലെ ഇന്ന് വിവിധ രുചികളുടെ സംഗമസ്ഥാനമാണ്. മനോഹരമായി പുതുക്കി പണിതും, വിരിഞ്ഞു നിൽക്കുന്ന വർണങ്ങൾ കോർത്തിണക്കി അലങ്കരിച്ചും അതിമനോഹരമാക്കി ഒരുക്കിയിരിക്കുന്ന ഒരിടം. ദി സ്പോട് കഫേ എന്നാണ് ഇതിനു പേര്. പോണ്ടിച്ചേരിയുടെ കാഴ്ചകൾ തേടിയിറങ്ങുന്ന സന്ദർശകർക്ക് പല പല നിറങ്ങളായിരിക്കും സ്വാഗതം പറയുക. അത്തരമൊരു വർണകാഴ്ച തന്നെയാണ് ഈ കഫെയും. ഒരുപാടുകാലം അടഞ്ഞുകിടന്നതിനു ശേഷം പുതുക്കി പണിതപ്പോൾ അവിടം അതിമനോഹരമാക്കാനും ഇതിന്റെ പുറകിലുള്ളവർ ശ്രമിച്ചിട്ടുണ്ടെന്നു ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും. വൈറ്റ് ടൗണിലാണ് സ്പോട് കഫേ സ്ഥിതി ചെയ്യുന്നത്. ആദ്യകാഴ്ചയിൽ തന്നെ ഹൃദയം കീഴടക്കുന്ന തരത്തിലാണ് അകത്തളങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ചെടികളും ചെറുമരങ്ങളും വിടർന്നു നിൽക്കുന്ന പുഷ്പങ്ങളുമൊക്കെ കണ്ണിനും മനസ്സിനും കുളിർമ നൽകും. അതിനു ചേർന്നു നിൽക്കുന്ന വെളിച്ചം കൂടിയാകുമ്പോൾ എത്ര സമയം ചെലവിട്ടാലും മതിയാകാതെ വരും. സുഖകരമായ ഈ അന്തരീക്ഷം മാത്രമല്ല, രുചികരമായ ഭക്ഷണവും ഇവിടുത്തെ മെനുവിലുണ്ട്. ആസ്വദിച്ചു കഴിക്കാൻ തനതു വിഭവങ്ങളും ഇവിടം ഒരുക്കിയിരിക്കുന്നു.

ഒരുകാലത്തു ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരി എന്ന പുതുച്ചേരിയുടെ പഴയ പ്രഭാവത്തിനു ഒട്ടും തന്നെയും മാറ്റം ഇപ്പോഴും വന്നിട്ടില്ല. മഞ്ഞ നിറത്തിലും കാവി നിറത്തിലും പെയിന്റുകൾ അടിച്ച വലിയ കെട്ടിടങ്ങൾ എല്ലായിടത്തും കാണാം. ഫ്രഞ്ച് കെട്ടിടങ്ങൾക്കു സമാനമായ വലിയ വാതിലുകളും ജനലുകളുമാണ് ഈ കെട്ടിടങ്ങളുടെ പ്രത്യേകത.
പോണ്ടിച്ചേരിയിലെത്തുന്ന അതിഥികളുടെ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം നല്കുന്നയിടമാണ് പാരഡൈസ് ബീച്ച്. അവിടേക്കുള്ള യാത്രയും ഏറെ രസകരമാണ്. കൂടല്ലൂരിലെ പ്രധാന റോഡിനോടു ചേർന്നുള്ള ചുണ്ണാബർ ബോട്ട് ഹൗസിൽ നിന്നും ബീച്ചിലേക്കുള്ള ബോട്ട് യാത്ര ആരംഭിക്കാം. പാരഡൈസ് ബീച്ചിന്റെ പ്രധാനാകർഷണം വൃത്തി തന്നെയാണ്. നിരവധി സിനിമകൾക്കു ലൊക്കേഷൻ ആയിട്ടുള്ള ഇവിടെ കൂടുതലും കാണുവാൻ കഴിയുക വിദേശ സഞ്ചാരികളെ ആണ്. അടിസ്ഥാന സൗകര്യങ്ങളും രുചികരമായ ഭക്ഷണവുമെല്ലാം ഇവിടെ നിന്നും ആസ്വദിക്കാം.

അരബിന്ദോ ആശ്രമമാണ് പോണ്ടിച്ചേരിയുടെ മറ്റൊരു മുഖം. ജീവിത ലാളിത്യം പ്രചരിപ്പിച്ച അരവിന്ദ ഘോഷിന്റെ സ്മൃതികുടീരം ഇവിടെ കാണുവാൻ കഴിയും. മഹാനായ ആ സ്വാന്ത്ര്യ സമര സേനാനിയുടെ മൃതദേഹം സംസ്കരിച്ച സ്ഥലം പോണ്ടിച്ചേരിയുടെ മുഖബിംബമായി ലോകം മുഴുവൻ അറിയപ്പെടുന്നു. പുതുച്ചേരിയിൽ സന്ദർശകരെ ആഹ്ളാദിപ്പിക്കുന്ന സ്ഥലമാണ് ബൊട്ടാണിക്കൽ ഗാർഡൻ. കുട്ടികളും കുടുംബങ്ങളുമായി എത്തുന്നവരെ സന്തോഷിപ്പിക്കും ഇവിടം. ജലധാരായന്ത്രം, കുട്ടികൾക്കുള്ള തീവണ്ടി, അലങ്കാരമത്സ്യ പ്രദർശനം, ജാപ്പനീസ് റോക്ക് തുടങ്ങിയവയാണ് ബൊട്ടാണിക്കൽ ഗാർഡനിലെ കാഴ്ചകൾ. ഇരുപത്തിരണ്ട് ഏക്കർ സ്ഥലത്ത് വൻമരങ്ങളും ഔഷധച്ചെടികളും പടർന്നു പന്തലിച്ചു നിൽക്കുന്ന ഇവിടം സന്ദർശകരെ ഏറെ ആകർഷിക്കും.

ആളും ബഹളവും ആഘോഷങ്ങളുമൊക്കെ ആസ്വദിക്കുന്ന ഒരുക്കൂട്ടരും ശാന്തത തേടി യാത്ര ചെയ്യുന്നവരും ഇങ്ങനെ രണ്ടുവിഭാഗമാണ് സഞ്ചാരികളിലേറെയും. ഈ രണ്ടു വിഭാഗത്തെയും തൃപ്തിപ്പെടുത്താനുള്ള കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ഈ നാട്. പോണ്ടിച്ചേരിയിൽ നിന്നും പത്തു കിലോമീറ്റർ യാത്ര ചെയ്താൽ എത്തുന്ന ചെറിയ ഒരു ടൗൺഷിപ്പാണ് ഓറോവിൽ. സ്വർണവും സ്റ്റീലും സ്ഫടികവും ഉപയോഗിച്ച, ആയിരം ഇതളുകളുള്ള സുവർണഗ്ലോബുള്ള മാതൃ മന്ദിരമാണ് ഇവിടുത്തെ പ്രധാന കാഴ്‌ച. രണ്ടായിരം ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ലോകത്തിന്റെ പലഭാഗത്തുമുള്ള ധാരാളം മനുഷ്യരെ കാണുവാൻ സാധിക്കും. അവരെല്ലാം തന്നെയും എത്തിയിരിക്കുന്നത് ഒരേ ലക്ഷ്യവുമായാണ് ശാന്തിയും സമാധാനവും. വിവിധ രാജ്യങ്ങളില്‍നിന്നായി ശേഖരിച്ച മണ്ണു നിറച്ച തറയിലാണ് മാതൃമന്ദിര്‍ നിർമിച്ചിരിക്കുന്നത്. ആയിരക്കണക്കിനാളുകളുടെ മുപ്പതു വർഷക്കാലത്തെ അധ്വാനമാണ് ആയിരം ഇതളുകളുള്ള സുവർണഗ്ലോബ്. സ്റ്റീലും സ്വർണവും സ്ഫടികവും ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഗോളത്തിന്റെ മധ്യ താഴികകുടത്തിനുള്ളിൽ അകത്തെ അറ ധ്യാന ഹാൾ ആണ്. ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ ഒപ്റ്റികലി പെർഫ്ക്റ്റ് ഗ്ലാസ് ഗ്ലോബ് ഉള്ളത്. മനോഹരമായ പച്ചപ്പ് നിറഞ്ഞ മാതൃമന്ദിരത്തിൽ 12 പേരുകളുള്ള ഉദ്യാനങ്ങളുണ്ട്. ഓരോന്നിനെയും വൈവിധ്യമാർന്ന പൂക്കളും കുറ്റി ചെടികളും മരങ്ങളും കൊണ്ടു വേർതിരിച്ചിട്ടുണ്ട്.