ഇന്ത്യയെന്ന വിസ്മയം; ഓരോ സീസണിലും കാത്തിരിക്കുന്നത് വൈവിധ്യമാർന്ന കാഴ്ചകൾ

Mail This Article
വിസ്മയങ്ങളും വൈവിധ്യങ്ങളും വ്യത്യസ്തതകളുമാണ് ഇന്ത്യയുടെ പ്രത്യേകത. അതുകൊണ്ടു തന്നെ വർഷം മുഴുവനും ഇന്ത്യയിൽ കാണാനായി നിരവധി കാഴ്ചകളാണ് ഉള്ളത്. ഓരോ സീസണിലും നിരവധി കാഴ്ചകളാണ് ഇവിടെയുള്ളത്. അങ്ങനെയാണെങ്കിൽ ഓരോ മാസവും യാത്ര പോകാനായി ഇന്ത്യയിലെ ഓരോ സ്ഥലങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ആ സീസണിൽ ആയിരിക്കും ആ സ്ഥലങ്ങൾക്ക് കൂടുതൽ ഭംഗി. കേരളം എല്ലാ സീസണിലും മനോഹരിയാണെങ്കിലും മൺസൂൺ സമയത്ത് ഒരു പ്രത്യേക ഭംഗിയാണ്. അടുത്ത കാലത്തായി മഴക്കാലത്ത് നിരവധി പ്രകൃതിദുരന്തങ്ങൾ നമ്മുടെ നാട്ടിൽ സംഭവിക്കാറുണ്ട്. എന്നിരുന്നാലും കേരളത്തിന്റെ ഭൂപ്രകൃതി ആരുടെയും മനംമയക്കുന്ന ഒന്നാണ്.
മനോഹരമായ മലനിരകളും അതിസുന്ദരമായ കടൽത്തീരങ്ങളും അങ്ങനെ നിരവധി പ്രകൃതി സുന്ദരമായ കാഴ്ചകളാണ് സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നത്. സാഹസികത ആഗ്രഹിക്കുന്നവർക്കും പ്രകൃതിയിൽ അലിഞ്ഞ് കുറച്ചുസമയം സ്വസ്ഥമായി ഇരിക്കാൻ ആഗ്രഹിക്കുന്നവർക്കും എന്നു തുടങ്ങി എല്ലാവർക്കും ഇഷ്ടമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുത്തു യാത്ര ചെയ്യാം.

∙ ജനുവരിയിൽ ഗോവയും രാജസ്ഥാനും ഒലിയും
ഹിൽസ്റ്റേഷനിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ജനുവരിയിൽ പോകാൻ പറ്റിയ സ്ഥലമാണ് ഉത്തരാഖണ്ഡിലെ ഒലി. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ഈ ജനപ്രിയമായ ഹിൽ സ്റ്റേഷൻ. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലനിരയായ നന്ദാദേവി ഇവിടെയാണ്.ട്രെക്കിങ്, ഹൈക്കിങ്, സ്കീയിങ് എന്നു തുടങ്ങി നിരവധി വിനോദങ്ങളിൽ ഏർപ്പെടാവുന്നതാണ്. ജോഷിമഠിൽ നിന്ന് റോഡ് വഴി ഒലിയിലേക്ക് എത്താവുന്നതാണ്.
ഗോവയിലേക്കു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ജനുവരി മാസത്തിൽ യാത്ര ചെയ്യാവുന്നതാണ്. മനോഹരമായ കാലാവസ്ഥ ആയതിനാൽ തന്നെ ബീച്ചിൽ അവധിക്കാലം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയത്ത് ഗോവ തിരഞ്ഞെടുക്കാം. തെളിഞ്ഞ കാലാവസ്ഥയാണ് എന്നത് തന്നെയാണു രാജസ്ഥാനിലേക്കും ഈ സമയത്ത് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനഘടകം. ജയ്പുർ, ഉദയ്പുർ, ജയിസാൽമിർ, ജോധ്പുർ എന്നിവയാണ് പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ.

∙ ഫെബ്രുവരിയിൽ കൊണാർക്, പോണ്ടിച്ചേരി
ഗോവയിലേക്കും രാജസ്ഥാനിലേക്കും പോകാൻ ആഗ്രഹിക്കുന്നവർക്ക് ജനുവരിയിൽ ആ യാത്ര നടന്നില്ലെങ്കിൽ ഫെബ്രുവരിയിൽ നടത്താവുന്നതാണ്. ഈ രണ്ടു സ്ഥലങ്ങളിലും ഫെബ്രുവരിയിലും നല്ല കാലാവസ്ഥ ആയിരിക്കും. കൂടാതെ, കൊണാർക്, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലേക്കും ഫെബ്രുവരിയിൽ പോകാവുന്നതാണ്. കൊണാർക്കിലെ സൂര്യക്ഷേത്രമാണ് സഞ്ചാരികളുടെ ഏറ്റവും പ്രധാന ആകർഷണം. അതോടൊപ്പം തന്നെ ചന്ദ്രഭാഗ ബീച്ചും കൊണാർക് മ്യൂസിയവും പ്രധാനപ്പെട്ട കാഴ്ചകളാണ്. പോണ്ടിച്ചേരിയാണ് ഫെബ്രുവരിയിൽ സന്ദർശിക്കാൻ കഴിയുന്ന മറ്റൊരു സ്ഥലം. ബീച്ചുകളാണ് പോണ്ടിച്ചേരിയുടെ പ്രധാന ആകർഷണം. കൂടാതെ, ഓറോവിൽ, അരവിന്ദോ ആശ്രമം, ബസിലിക്ക ഓഫ് ദ സേക്രട് ഹാർട്ട്, പോണ്ടിച്ചേരി മ്യൂസിയം തുടങ്ങി നിരവധി കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

∙ മാർച്ചിൽ വാരണാസി, ഋഷികേശ്, കശ്മീർ
തെളിഞ്ഞ കാലാവസ്ഥയാണ് വാരണാസിയിലേക്ക് സഞ്ചാരികളെ മാർച്ചിൽ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. കാശി വിശ്വനാഥ ക്ഷേത്രം, സർനാഥ്, ഗംഗാ നദിയോട് ചേർന്നുള്ള നിരവധി ഘാട്ടുകൾ എന്നിവയും പ്രധാന ആകർഷങ്ങളാണ്. അതുപോലെ തന്നെ ഭക്തിയും സാഹസികതയും ഇഷ്ടമുള്ളവർക്ക് മാർച്ചിൽ സന്ദർശിക്കാവുന്ന മറ്റൊരു സ്ഥലമാണ് ഋഷികേശ്. ആത്മീയമായ യാത്രകൾക്കു പുറമേ റിവർ റാഫ്റ്റിങ്, യോഗ, ധ്യാനം എന്നിവയ്ക്കും ഋഷികേശിൽ അവസരമുണ്ട്. കശ്മീരിൽ തെളിഞ്ഞ കാലാവസ്ഥയാണ് ഈ സമയത്ത്. പൂത്തു നിൽക്കുന്ന പൂന്തോട്ടങ്ങളും മനോഹരിയായ പ്രകൃതിയുമാണ് മാർച്ച് മാസത്തിൽ കശ്മീരിന്റെ പ്രധാന ആകർഷണം.

∙ ഏപ്രിലിൽ കാണാം കുറച്ചധികം സ്ഥലങ്ങൾ
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിവിധ സ്ഥലങ്ങൾ വളരെ മനോഹരമായി കാണപ്പെടുന്ന സമയമാണ് ഏപ്രിൽ മാസം. കശ്മീരിൽ ടുലിപ് ഗാർഡൻ കാണാൻ പോകാൻ പറ്റിയ സമയമാണ്. വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാളിലെ ഡാർജിലിങ് എന്നു തുടങ്ങി ഇന്ത്യയുടെ വടക്കു കിഴക്കൻ ദേശത്ത് നിരവധി സ്ഥലങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. അരുണാചൽ പ്രദേശിലെ ജനപ്രിയ സ്ഥലങ്ങളായ തവാങ്ങ്, ബോംഡില, ദിരാംഗ്, സിറോ വാലി എന്നീ പ്രദേശങ്ങൾ ഏപ്രിലിൽ സന്ദർശിക്കാവുന്നതാണ്. തെളിഞ്ഞ ആകാശവും കാലാവസ്ഥയും അരുണാചൽ സഞ്ചാരികൾക്ക് ഏപ്രിൽ പ്രിയപ്പെട്ട സ്ഥലമാകാനുള്ള കാരണങ്ങളിൽ ഒന്ന്. ട്രെക്കിങ്ങിനും അവസരമുണ്ട്. സാംസ്കാരികമായ പരിപാടികളിലും ഉത്സവങ്ങളിലും ഈ കാലയളവിൽ ഇവിടെ എത്തിയാൽ പങ്കെടുക്കാൻ കഴിയും. കൂടാതെ, ഊട്ടി, ഹിമാചൽ പ്രദേശ്, കൂർഗ് എന്നീ സ്ഥലങ്ങളിലേക്കും യാത്ര പോകാവുന്നതാണ്.






∙ കൊടൈക്കനാൽ മുതൽ മണാലി വരെ മേയിൽ
മേയ് മാസത്തിൽ യാത്ര പോകാൻ പറ്റിയ സ്ഥലങ്ങളിൽ ദക്ഷിണേന്ത്യയുടെ ഭാഗമായ കൊടൈക്കനാലും ഉത്തരേന്ത്യയുടെ ഭാഗമായ മണാലിയും ഒരു പോലെ പ്രധാനപ്പെട്ടതാണ്. ഹിമാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങളിലേക്കും ഉത്തരാഖണ്ഡ്, ഗാങ്ടോക്ക് എന്നിവിടങ്ങളിലേക്കും ഈ സമയത്തു യാത്ര പോകാവുന്നതാണ്. തെളിഞ്ഞ കാലാവസ്ഥയാണ് ഈ സമയത്ത് ഇവിടേക്ക് എല്ലാം സഞ്ചാരികളെയും ആകർഷിക്കുന്ന പ്രധാന കാരണം. ഹിമാചൽ പ്രദേശിൽ ഷിംല, മണാലി, ധരംഷാല, കുളുവാലി, സ്പിതി വാലി എന്നു തുടങ്ങി നിരവധി സ്ഥലങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

∙ ജൂൺ മാസത്തിൽ ലഡാക്കും മേഘാലയയും
മൺസൂൺ സീസൺ എന്ന മാജിക്കാണ് ജൂൺ മാസത്തിൽ മേഘാലയയ്ക്ക് പ്രത്യേക സൗന്ദര്യം നൽകുന്നത്. ഷില്ലോങ്, ചിറാപുഞ്ചി, മാവ് ലിനോങ്, ദാവ് കി എന്നിവയാണ് മേഘാലയയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ. വെള്ളച്ചാട്ടങ്ങളും റൂട്ട് ബ്രിജും മേഘാലയുടെ പ്രധാന ആകർഷണങ്ങളാണ്. തടാകങ്ങളും മാർക്കറ്റുകളും ഷില്ലോങ്ങിലെ ഡോൺ ബോസ്കോ മ്യൂസിയവുമെല്ലാം വ്യത്യസ്തമായ അനുഭവം സഞ്ചാരികൾക്കു നൽകും. ജൂൺ മാസത്തിൽ ലഡാക്കിലേക്ക് എത്തിയാൽ പകൽസമയത്ത് തെളിഞ്ഞ കാലാവസ്ഥയും രാത്രിയായാൽ ചൂടുമാണ്.


∙ ജൂലൈയിൽ മൺസൂൺ ആസ്വദിക്കാൻ കേരളം
കേരളത്തിലെ മഴ വ്യത്യസ്തമായ അനുഭവമാണ് സഞ്ചാരികൾക്കു നൽകുന്നത്. അതുകൊണ്ടു തന്നെ കേരളത്തിലെ മഴ ആസ്വദിക്കാൻ പറ്റിയ സമയമാണ് ജൂലൈ. അടുത്ത കാലത്തായി ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതിദുരന്തങ്ങൾ മഴക്കാലത്തെ വിനോദസഞ്ചാരത്തെ ബാധിച്ചിട്ടുണ്ട്. അരുവികളും പുഴകളും നിറഞ്ഞു കവിഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും കേരളത്തിന്റെ മനോഹാരിത കൂട്ടുന്ന സമയമാണ്.
∙ ഓഗസ്റ്റിൽ തമിഴ്നാടും മഹാരാഷ്ട്രയും
മൺസൂൺ കാലമായതിനാൽ അത്യാവശ്യം പച്ചപ്പും ഹരിതാഭയും കൊണ്ട് സമ്പന്നമായിരിക്കും മഹാരാഷ്ട്ര. ഇവിടുത്തെ ഹിൽ സ്റ്റേഷനുകളാണ് ഈ സമയത്ത് സന്ദർശിക്കാൻ ഏറ്റവും മികച്ചത്. ലോണാവാല, പഞ്ച്ഗനി, മതേരൻ, ഖണ്ഡള എന്നീ ഹിൽ സ്റ്റേഷനുകൾ പ്രകൃതിസ്നേഹിയായ ഏതൊരു സഞ്ചാരിയെയും ആകർഷിക്കും. തമിഴ്നാട്ടിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടി, കൊടൈക്കനാൽ, യേർക്കാട് എന്നിവയിലേക്ക് വിനോദസഞ്ചാരികൾ എത്തുന്ന സമയം കൂടിയാണ് ഇത്. മലനിരകളുടെ റാണി എന്നാണ് ഊട്ടി അറിയപ്പെടുന്നത്. മനോഹരമായ കാഴ്ചകളാണ് ഊട്ടിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.

∙ സെപ്തംബറിൽ ഉത്തരാഖണ്ഡും ആൻഡമാനും
സെപ്തംബറിൽ ആൻഡമാനിലേക്കു യാത്ര ചെയ്യുന്നതു കൊണ്ട് ഗുണവുമുണ്ട് ദോഷവുമുണ്ട്. ആൾത്തിരക്കും ബഹളവും കുറഞ്ഞ സമയമാണ് ഇത്. മൺസൂൺ കഴിയുന്ന സമയം ആയതിനാൽ തന്നെ നല്ല പച്ചപ്പും ഉണ്ടായിരിക്കും. മഴക്കാലം പൂർണമായും മാറിയിട്ടില്ലാത്ത സമയം ആയതിനാൽ തന്നെ ഇടയ്ക്ക് മഴ ഉണ്ടാകാനും കാലാവസ്ഥ പെട്ടെന്നു മാറാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ജലകായിക വിനോദങ്ങൾ ചിലപ്പോൾ തടസപ്പെട്ടേക്കും. മനോഹരമായ പ്രകൃതിഭംഗിയാണ് ഉത്തരാഖണ്ഡിന് സെപ്തംബർ മാസത്തിൽ. നൈനിറ്റാൾ, ജിം കോർബറ്റ് നാഷണൽ പാർക്ക്, റിഷികേശ്, മസൂറി എന്നിങ്ങനെ സഞ്ചാരികൾക്കു സെപ്തംബറിൽ ഉത്തരാഖണ്ഡിൽ ആസ്വദിക്കാൻ നിരവധി സ്ഥലങ്ങളാണ് ഉള്ളത്.

∙ഒക്ടോബറിൽ ഹംപി
വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറി കിടക്കുന്ന ഹംപി വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നു. ഹംപിയിലേക്കു യാത്ര പോകാൻ പറ്റിയ സമയമാണ് ഒക്ടോബർ. മൺസൂൺ സീസൺ മാറി വരുന്ന സമയം ആയതിനാൽ തന്നെ ചെറിയ ഒരു ചൂട് ഉണ്ടായിരിക്കും. വിരുപാക്ഷ ക്ഷേത്രം, വിട്ടല ക്ഷേത്രം, കൊറാക്കിൾ റൈഡ്, ആർക്കയോളജിക്കൽ മ്യൂസിയം എന്നിങ്ങനെ നിരവധിയായ കാഴ്ചകളാണ് ഇവിടെ കാണാനും കേൾക്കാനുമുള്ളത്. രാജസ്ഥാനും അരുണാചൽ പ്രദേശും ഒക്ടോബറിൽ സന്ദർശിക്കാവുന്ന സ്ഥലങ്ങളാണ്.


∙നവംബറും ഡിസംബറും
കേരളത്തിലെ കായലോരങ്ങളും വഞ്ചിവീടും മൂന്നാർ, വയനാട് പോലെയുള്ള ഹിൽസ്റ്റേഷനുകളിലൂടെയുള്ള യാത്ര ആസ്വദിക്കാൻ പറ്റിയ സമയമാണ് നവംബറും ഡിസംബറും. കേരളത്തിലെ കായൽ വിനോദസഞ്ചാര മേഖലയിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് ഈ സമയത്താണ്. കൂടാതെ രാജസ്ഥാൻ, ഷിംല, മണാലി, ഗോവ എന്നിവിടങ്ങളിലേക്കും യാത്ര പോകാൻ പറ്റിയ സമയമാണ് ഇത്.