ദേവിയുടെ ശക്തിപീഠങ്ങളില്‍ അനുഗ്രഹം തേടി സൂര്യയും ജ്യോതികയും

Mail This Article
എത്ര തിരക്കുകള്‍ക്കിടയിലായാലും ഒരുമിച്ചുള്ള യാത്രകളുടെയും സ്നേഹനിമിഷങ്ങളുടെയും ചിത്രങ്ങള്‍ പങ്കിടാന്‍ സൂര്യയും ജ്യോതികയും ഒരിക്കലും മറക്കാറില്ല. അടുത്തിടെ സൂര്യയ്ക്കൊപ്പം നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ ജ്യോതിക പങ്കുവച്ചു. ശക്തിപീഠങ്ങളായി അറിയപ്പെടുന്ന കോലാപ്പൂർ മഹാലക്ഷ്മി, കാമാഖ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ചിത്രങ്ങളാണ് ഇവ.

ആദ്യ ചിത്രത്തിൽ, സൂര്യ ജ്യോതികയ്ക്കൊപ്പം സെൽഫി എടുക്കുന്നത് കാണാം. ഇരുവരും നെറ്റിയിൽ സിന്ദൂരം അണിഞ്ഞിരിക്കുന്നു.
രണ്ടാമത്തെ സ്ലൈഡിൽ, ജ്യോതിക ക്ഷേത്രത്തിന് ചുറ്റും നടക്കുന്നതും മണികളിൽ തുണി കെട്ടുന്നതും കാണാം. മൂന്നാമത്തെ സ്ലൈഡിൽ, അവർ ദീപം കൊളുത്തി പ്രാർത്ഥന നടത്തുന്നു, സൂര്യ ജ്യോതികയുടെ അരികിൽ നിൽക്കുന്നു. പിന്നീടുള്ള ഫോട്ടോകളിൽ ജ്യോതിക പുണ്യക്ഷേത്രത്തിന് സമീപം പുഞ്ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്നത് കാണാം.

"ഈ ശുഭകരമായ പുതുവത്സരത്തിൽ കോലാപ്പൂർ മഹാലക്ഷ്മിയുടെയും കാമാഖ്യയുടെയും പുണ്യ ശക്തിപീഠങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്!
എന്‍റെ അടുത്ത സിനിമ ആരംഭിക്കുന്നു... നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എപ്പോഴും നന്ദി." ജ്യോതിക ചിത്രത്തോടൊപ്പം കുറിച്ചു.

ആര്‍ത്തവം ഇവിടെ അശുദ്ധിയല്ല, ആഘോഷമാണ് അസമിന്‍റെ കുലദൈവമായാണ് കാമാഖ്യ അറിയപ്പെടുന്നത്. ഗുവഹാത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ കുന്നിൻ മുകളിലാണ് കാമാഖ്യ ക്ഷേത്രമന്ദിരം സ്ഥിതി ചെയ്യുന്നത്. സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ദേവി എന്നാണ് കാമാഖ്യ എന്ന വാക്കിന്‍റെ അർഥം.

ജഗദീശ്വരിയായ ആദിപരാശക്തിയുടെ പ്രാചീനമായ 51 ശക്തി പീഠങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ക്ഷേത്ര സമുച്ഛയത്തിൽ കാമാഖ്യ ദേവിയെ കൂടാതെ പത്ത് ശക്തിസ്ഥാനങ്ങൾ കൂടി സങ്കൽപ്പിക്കപ്പെടുന്നു.

ശാക്തേയ കൗളാചാരപ്രകാരം ഭഗവതിയെ പ്രീതിപ്പെടുത്താനായി ആൺമൃഗങ്ങളെ ഇവിടെ ബലി നൽകുന്നു. പെൺമൃഗങ്ങളെ ബലികഴിക്കുന്നത് നിഷിദ്ധമാണ്. ആണാടിനെയും പൂവന്‍ കോഴിയെയും നിത്യവും ഇവിടെ ബലിയർപ്പിക്കുന്നു. ഇവയുടെ മാംസം പ്രസാദമായി കരുതുന്ന ഭക്തർ അത് കറിയാക്കി കഴിക്കുന്നു. പൂജക്കുള്ള ദ്രവ്യങ്ങളായി ചുവന്ന പൂക്കൾ, ചുവന്ന തുണിക്കഷണങ്ങൾ, ചുവന്ന ചാന്ത് അഥവാ സിന്ദൂരം എന്നിവയാണ് അർപ്പിക്കുന്നത്. ആഗ്രഹസാഫല്യത്തിനും രോഗശമനത്തിനും പ്രത്യേകിച്ച് സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ സംബന്ധമായ, ഗർഭപാത്രവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുമെല്ലാം അനുഗ്രഹം തേടി ഭക്തര്‍ ഇവിടെയെത്തുന്നു.
അമ്പുബാച്ചി മേളയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഈ വേളയിൽ ആസാമിൽ വിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്നു. ഈ ദിനങ്ങളിൽ കാമാഖ്യയ്ക്ക് ആര്‍ത്തവം ഉണ്ടാകും എന്നാണ് സങ്കല്പം. ആർത്തവം ദേവിയുടെ ചൈതന്യം പൂർണ്ണതയിൽ എത്തുന്ന പവിത്രമായ പ്രക്രിയയായി താന്ത്രികർ കരുതുന്നു. ഈ സമയത്ത് ക്ഷേത്രത്തിന്‍റെ വാതിലുകൾ അടയ്ക്കും. അപ്പോൾ ദേവി അത്യുഗ്രഭാവത്തിലേക്കു മാറുന്നു എന്നാണ് വിശ്വാസം. ഈ സമയത്ത് പൂജകളൊന്നും നടത്തില്ല. അതോടെ ക്ഷേത്രത്തില്‍ ഉത്സവം ആരംഭിക്കുന്നു, നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും വിശ്വാസികൾ നീലാചലിൽ എത്തിച്ചേരുകയും ചെയ്യുന്നു.

നാലാം ദിവസമാണ് ക്ഷേത്ര വാതിലുകൾ തുറക്കുന്നത്. അന്നേ ദിവസം വിശേഷാൽ പൂജകൾ ആരംഭിക്കുന്നു. പിന്നീട് കാർമ്മികൻ നൽകുന്ന ചുവന്ന തുണിയുടെ കഷണങ്ങളുമായാണ് ഭക്തർ മടങ്ങുന്നത്. കാമാഖ്യയുടെ ആർത്തവരക്തം പുരണ്ടതെന്നു കരുതുന്ന ആ തുണിക്കഷണം സമ്പല്‍സമൃദ്ധിയുടെ പ്രതീകമായാണ് കരുതുന്നത്.
∙ അഷ്ട ഐശ്വര്യങ്ങള്‍ നല്‍കുന്ന മഹാലക്ഷ്മി
പരാശക്തിയുടെ രണ്ടാമത്തെ പ്രധാന രൂപമായ മഹാലക്ഷ്മിയാണ് മഹാരാഷ്ട്രയിലെ കോലാപൂരിൽ സ്ഥിതി ചെയ്യുന്ന മഹാലക്ഷ്മി ക്ഷേത്രത്തിലുള്ളത്. ഇവിടെ പ്രാർത്ഥന ചെയ്യുന്നവരുടെ അഭിലാഷങ്ങൾ പൂർണമായി സാധിക്കുമെന്നാണ് പറയപ്പെടുന്നത്. അഷ്ട ഐശ്വര്യങ്ങൾ പ്രദാനം ചെയ്യുന്ന ശ്രീ ഭഗവതി അഥവാ മഹാലക്ഷ്മിയാണ് ഇവിടെ കുടികൊള്ളുന്നത്. ഇവിടുത്തെ ദേവി തന്നെയാണ് കൊല്ലൂർ മൂകാംബികയിലും കുടികൊള്ളുന്നത് എന്നു വിശ്വസിക്കപ്പെടുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്‍റെ ഘടനയും വാസ്തുവിദ്യയും അതിവിശേഷമാണ്. നാല്‍പ്പതു കിലോഗ്രാം തൂക്കവും മൂന്നടി ഉയരവുമുള്ള ദേവീപ്രതിഷ്ഠ പടിഞ്ഞാറ് ദർശനത്തിലാണ് നില കൊള്ളുന്നത്. പടിഞ്ഞാറ് വശത്തുള്ള ചുവരിൽ ഒരു ചെറിയ ജനലുണ്ട്, അതിൽ കൂടി സൂര്യ കിരണങ്ങൾ കടന്നു വന്നു വർഷം തോറും മൂന്ന് ദിവസം അതായതു മാർച്ച് മുതൽ സെപ്തംബർ മാസങ്ങളിൽ 21 ആം തീയതികളിൽ പ്രതിഷ്ഠയിൽ പതിക്കുന്നു.
ക്ഷേത്രത്തിലെ ഉപദേവ പ്രതിഷ്ഠകളിൽ ചിലത് പതിനൊന്നാം നൂറ്റാണ്ടിൽ പണിതതാണ്. അടുത്ത് തന്നെ വിശ്വേശ്വര മഹാദേവന്‍റെ ഒരു ചെറിയ ക്ഷേത്രവും വശത്തായി 'മണികർണിക കുണ്ഡം' എന്ന പേരിൽ ഒരു കുളവും നില കൊള്ളുന്നുണ്ട്.