ADVERTISEMENT

ബാലതാരമായി സിനിമയിലെത്തി, ഗപ്പിയിലെ ആമിന എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷരുടെ മനസ്സിലിടം നേടിയ താരമാണ് നന്ദന വർമ. തുടർന്നും നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിൽ സജീവമായ നന്ദന ഗോവയുടെ മനോഹര കാഴ്ചകളിലൂടെയും രുചികളിലൂടെയുമുള്ള യാത്രയിലാണ്. തെക്കൻ ഗോവയുടെ സുന്ദരമായ കാഴ്ചകളിൽ നിന്നും പകർത്തിയ നിരവധി ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. 

ഗോവൻ യാത്ര. Photo Credit : minnajohns/instagram/nandhana_varma
ഗോവൻ യാത്ര. Photo Credit : minnajohns/instagram/nandhana_varma

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഗോവ. മനോഹരവും വൃത്തിയുള്ളതുമായ ബീച്ചുകളും നീല കടലും പാർട്ടികൾ കൊണ്ട് സജീവമായ രാത്രികളും ധാരാളം ദേവാലങ്ങളും ജല വിനോദങ്ങളും എന്നുവേണ്ട എല്ലാ അർഥത്തിലും ഗോവ സന്ദർശകരെ തൃപ്തിപ്പെടുത്തുന്ന ഒരിടമാണ്. ഗോവയിൽ കാണാനും ആസ്വദിക്കാനും ബീച്ചുകൾ മാത്രമല്ലേ എന്നു ചോദിക്കുന്നവർ മാറിനിൽക്കട്ടെ. കോട്ടകളും കണ്ടൽ വനങ്ങളാൽ സമ്പന്നമായ മണ്ഡോവി നദിയും ചോർലെ ഘട്ട് എന്ന ട്രെക്കിങ് പോയിന്റും നേത്രാവലി തടാകവും ആർവലം ഗുഹയും എന്നുവേണ്ട വൈവിധ്യമാർന്ന കാഴ്ചകൾ നിരവധിയാണ് ഈ കൊച്ചു സംസ്ഥാനത്തിൽ. തെക്കൻ ഗോവയും വിവിധങ്ങളായ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. എന്തൊക്കെയെന്നു നോക്കാം.

ഗോവൻ യാത്രയിൽ നന്ദന വർമ. Photo Credit : minnajohns/instagram/nandhana_varma
ഗോവൻ യാത്രയിൽ നന്ദന വർമ. Photo Credit : minnajohns/instagram/nandhana_varma

തെക്കന്‍ ഗോവയിലെ അതിമനോഹരമായ ബീച്ചാണ് 'ടൈഗര്‍ ബീച്ച്' എന്നും പേരുള്ള കക്കോലം. മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് ഇവിടെ തിരക്ക് കുറവാണ്, അധികമാര്‍ക്കും ഈ സ്ഥലം അറിയില്ല എന്നതു തന്നെയാണ് കാര്യം. നല്ല വൃത്തിയുള്ള പരിസരവും ശാന്തതയും തന്നെയാണ് ഇവിടേക്കു സന്ദർശകരെ ആകർഷിക്കുന്നത്.

nandana-varma-4

സ്നോർക്കെലിങ്ങിനു പേരുകേട്ടതാണ് പെക്വെനോ ദ്വീപ്. സ്‌നോർക്കെലിങ്ങിനായി, പരിശീലനവും ഉപകരണങ്ങളും നല്‍കാന്‍ ടൂർ സംഘാടകരും ഓപ്പറേറ്റർമാരും ഉണ്ടെങ്കിലും ഗോവയിലെ മറ്റു സ്ഥലങ്ങളെപ്പോലെ അത്ര പ്രശസ്തമല്ല ഇവിടം. വാസ്കോഡഗാമ വന്നിറങ്ങിയ ബൈന ബീച്ചിന് ഒരു കിലോമീറ്റര്‍ അകലത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്ക് ജലവിനോദങ്ങള്‍ ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ ഇടങ്ങളില്‍ ഒന്നാണിത്.

ഗോവൻ യാത്രയിൽ നന്ദന വർമ. Photo Credit : minnajohns/instagram/nandhana_varma
ഗോവൻ യാത്രയിൽ നന്ദന വർമ. Photo Credit : minnajohns/instagram/nandhana_varma

തെങ്ങുകൾ നിറഞ്ഞ ഒരു കാടുപോലെയാണ് പാലോലം ബീച്ചിന്‍റെ തീരഭാഗം. ഏകദേശം ഒന്നര കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഈ ബീച്ച്, ചന്ദ്രക്കലയുടെ ആകൃതിയിലാണ്. രണ്ട് അറ്റത്തുനിന്നും മുഴുവൻ ബീച്ചും കാണാൻ കഴിയും. ബീച്ചിന്‍റെ രണ്ട് അറ്റത്തും കടലിലേക്കു തള്ളിനിൽക്കുന്ന പാറകളാണ്. വടക്കേ അറ്റത്തുള്ള ആഴം കുറഞ്ഞ ഭാഗം, നീന്താന്‍ സുരക്ഷിതമാണ്. നവംബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. നീന്തൽ, മീൻപിടുത്തം, പാരാസെയിലിങ്, ബോട്ട് സവാരി പോലുള്ള സാഹസികവിനോദങ്ങള്‍ ഇവിടെ ആസ്വദിക്കാം. 2018 ൽ ഇന്ത്യയിലെ അഞ്ചാമത്തെ മികച്ച ബീച്ചായി ട്രിപ്പ്അഡ്വൈസർ പാലോലം ബീച്ചിനെ തിരഞ്ഞെടുത്തിരുന്നു. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ സിനിമയായ ' ദി ബോൺ സുപ്രമസി' യിലും പ്രത്യക്ഷപ്പെട്ടതോടെ വിദേശ വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമാണ് പാലോലം.

ഗോവൻ യാത്രയിൽ നന്ദന വർമ. Photo Credit : minnajohns/instagram/nandhana_varma
ഗോവൻ യാത്രയിൽ നന്ദന വർമ. Photo Credit : minnajohns/instagram/nandhana_varma

തെക്കന്‍ ഗോവയിലെ സാന്‍ഗ്വെം താലൂക്കിലാണ് നേത്രാവലി തടാകം. തടാകം എന്നാണ് വിളിക്കുന്നതെങ്കിലും ഇത് യഥാർഥത്തില്‍ ഒരു കുളമാണ്. ബഡ്ബഡ്, ബഡ്ബുദ്യാച്ചി താലി, ബബിൾ തടാകം എന്നിങ്ങനെ പല പേരുകളുണ്ട് നേത്രാവലിക്ക്. വെള്ളത്തില്‍ നിന്നുയരുന്ന കുമിളകൾക്കു പേരുകേട്ടതാണ് ഈ തടാകം. ജലത്തിനുള്ളിൽ നിന്നും കുമിളകൾ ഉപരിതലത്തിലേക്കു തുടർച്ചയായി ഉയരുന്നതു കാണാം. ഇറങ്ങാന്‍ ഗ്രാനൈറ്റ് പടികള്‍ ഉണ്ട്. അടുത്തായി ഗോപിനാഥ ക്ഷേത്രവും സ്ഥിതിചെയ്യുന്നു.

ഗോവൻ യാത്രയിൽ നന്ദന വർമ. Photo Credit : minnajohns/instagram/nandhana_varma
ഗോവൻ യാത്രയിൽ നന്ദന വർമ. Photo Credit : minnajohns/instagram/nandhana_varma

ആ നാടിന്റെ തനതു മീൻ രുചികൾ വിളമ്പുന്ന നാടൻ ഭക്ഷണശാലകൾ തെക്കൻ ഗോവൻ തീരത്തു ധാരാളമുണ്ട്. ബീച്ചിനോട് ചേർന്ന് ധാരാളം ഷാക്കുകളുമുണ്ട്. സ്‌നാക്‌സും ഡ്രിങ്ക്‌സും മാത്രമല്ല, പലതരത്തിലുള്ള കടൽ മൽസ്യങ്ങൾ ചേർത്തു തയാറാക്കുന്ന നിരവധി വിഭവങ്ങളും ഇവിടെ നിന്നും ആസ്വദിക്കാം. ബീച്ചിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഭക്ഷണശാലകളിൽ നിന്നും രാത്രിയിൽ കടൽകാഴ്ചകളും കണ്ടു വിഭവസമൃദ്ധമായ ഭക്ഷണം രുചിക്കണമെന്നുള്ളവർക്കു അതിനുള്ള സൗകര്യങ്ങളുമുണ്ട്.

ഗോവൻ യാത്രയിൽ നിന്ന്. Photo Credit : minnajohns/instagram/nandhana_varma
ഗോവൻ സ്പെഷൽ രുചിക്കൂട്ട്. Photo Credit : minnajohns/instagram/nandhana_varma

ഗോവയിലെ മറ്റു ഭാഗങ്ങൾ പോലെയല്ലാതെ ആരവങ്ങളും ബഹളങ്ങളും അധികമിവിടെയുണ്ടാകില്ല എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്. സലാലിം അണക്കെട്ടും അവിടെ നിന്നും കാബോ ഡി രാമ കോട്ടയും ഉറപ്പായും സന്ദർശിക്കേണ്ടയിടങ്ങളാണ്. 1800 ചതുരശ്ര മീറ്ററിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തായി തന്നെ ഒരു ബീച്ചുമുണ്ട്. സൂര്യാസ്തമയ കാഴ്ചകൾക്ക് ഏറ്റവും ഉചിതമായ ഒരിടം കൂടിയാണിത്. ഇവിടെ നിന്നും അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ദേവാലയമാണ് സെന്റ് അന്റോണിയോ.

English Summary:

Nandana Varma's Goa trip highlights the best of South Goa, from serene beaches like Palolem and Kakolem to historical sites like Cabo de Rama Fort. Explore hidden gems and stunning scenery in this captivating South Goa travel guide.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com