‘സത്യം പറഞ്ഞാൽ വേദനയില്ലാതെ നേട്ടമില്ല, എന്‍റെ കാലുകൾ ഇപ്പോഴും വേദനിക്കുന്നു’; പക്ഷേ ഈ യാത്ര സ്പെഷലാണ് : നന്ദിതാ ദാസ്

Mail This Article
മഴയും മഞ്ഞുകണങ്ങള്‍ പുതച്ചു മയങ്ങുന്ന താഴ്വരകളും നുരയിട്ടൊഴുകുന്ന നദികളും മേഘങ്ങള്‍ ജനിച്ചു വീഴുന്ന പര്‍വതശിഖരങ്ങളുമെല്ലാം ഒരു ചിത്രം പോലെ അടുക്കിവച്ച മനോഹരഭൂമിയാണ് മേഘാലയ. വര്‍ഷം മുഴുവനും മികച്ച കാലാവസ്ഥയായതിനാല്‍ ഷില്ലോങ്ങിലും ചിറാപുഞ്ചിയിലുമെല്ലാം സന്ദര്‍ശകരുടെ ഒഴുക്ക് നിലക്കാറേയില്ല. മേഘാലയയിലേക്കു കുടുംബത്തോടൊപ്പം നടത്തിയ യാത്രയുടെ വിശദമായ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് നടിയും സംവിധായികയുമായ നന്ദിതാദാസ്. ഒട്ടേറെ ചിത്രങ്ങളും നന്ദിത പങ്കുവച്ചിട്ടുണ്ട്.
മാവ്ഫ്ലോങ്ങിലെ പുണ്യവനം
ഖാസി കുന്നുകളിലെ പുണ്യ വനങ്ങളിലൊന്നാണ് മാവ്ഫ്ലാങ്. ഷില്ലോങ്ങിൽ നിന്ന് തെക്ക് പടിഞ്ഞാറ് ഒരു മണിക്കൂർ അകലെയാണ് മാവ്ഫ്ലോങ്ങിലെ പുണ്യവനം സ്ഥിതി ചെയ്യുന്നത്. ഇതിനു കുറഞ്ഞത് 1000 വർഷമെങ്കിലും പഴക്കമുണ്ടെന്നു പറയപ്പെടുന്നു, 80 ഹെക്ടർ വിസ്തൃതിയുമുണ്ട്. ഈ പ്രദേശം, ഖാസി സംസ്കാരത്തിന്‍റെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു.

മറ്റൊരു ലോകത്തേക്കുള്ള ഒരു കവാടം പോലെ 500 വർഷം പഴക്കമുള്ളതായി കരുതപ്പെടുന്ന ഭീമൻ മെഗാലിത്തുകൾ ഇതിന്‍റെ പ്രവേശന ഭാഗത്തുണ്ട്, ഇത് പുണ്യവനത്തിന്‍റെ അതിർത്തിയെ അടയാളപ്പെടുത്തുന്നു. പൂർവികരുടെയും മുതിർന്നവരുടെയും ഓർമയ്ക്കായി സ്ഥാപിച്ച ഈ ഭീമൻ കല്ലുകൾ നന്ദിപ്രകടനത്തിനും അനുഗ്രഹ ചടങ്ങുകൾക്കുമുള്ള പുരാതന സ്ഥലങ്ങളാണ്. ഈ ആചാരങ്ങൾ ഇപ്പോൾ വർഷത്തിലൊരിക്കൽ മാത്രമേ നടക്കുന്നുള്ളൂ എങ്കിലും ഈ മെഗാലിത്തുകൾ ഇപ്പോഴും വളരെ ബഹുമാനത്തോടെയാണ് കാണുന്നത്.

വനത്തിനുള്ളിലേക്കു കടക്കുമ്പോള്‍ തന്നെ താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെടും. ചുറ്റും വൈവിധ്യമാർന്ന നിറങ്ങളിലുള്ള മനോഹരമായ മരങ്ങൾ കാണാം. വനത്തിലൂടെ നടക്കുമ്പോൾ മരങ്ങൾ ശ്വസിക്കുന്നതായി തോന്നും. നിരവധി കൽ ബലിപീഠങ്ങൾ കടന്നു കൊണ്ടാണു മുന്നോട്ടുള്ള പോക്ക്. ഇപ്പോൾ പച്ച പായൽ കൊണ്ടു മൂടപ്പെട്ടിരിക്കുന്ന ഈ ബലിപീഠങ്ങൾ, പണ്ട് ആത്മാക്കളെ പ്രീതിപ്പെടുത്തുന്നതിനായി നടത്തിയ ആചാരങ്ങളുടെ ഭാഗമായിരുന്നു.
ജീവനുള്ള വേരുകള്‍ കൊണ്ടൊരു പാലം
മേഘാലയ യാത്രയുടെ ഏറ്റവും വലിയ ഹൈലൈറ്റ് അവിടുത്തെ ലിവിങ് റൂട്ട് ബ്രിജസ് ആണെന്നു നന്ദിത പറയുന്നു. ഇവ ഒരു കലാസൃഷ്ടി പോലെ മനോഹരമാണ്. മനുഷ്യനിർമിതമായ പ്രകൃതിദത്ത പാലങ്ങളാണ് ലിവിങ് റൂട്ട് ബ്രിജുകൾ എന്നറിയപ്പെടുന്നത്. റബ്ബർ മരങ്ങളുടെ വേരുകള്‍ ക്രമീകരിച്ച്, ഖാസി ഗോത്രക്കാര്‍ ഉണ്ടാക്കുന്ന പാലമാണ് ഇത്. മേഘാലയയില്‍ ഇത്തരം പാലങ്ങള്‍ ധാരാളമുണ്ട്. അവയുടെ കൃത്യമായ പ്രായം ആർക്കും അറിയില്ല, ചില പാലങ്ങൾക്കു നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.
മേഘാലയയിലെ ഏറ്റവും പ്രശസ്തമായ റൂട്ട് ബ്രിജാണ് ചിറാപുഞ്ചിയിലെ "ഡബിൾ ഡെക്കർ" റൂട്ട് ബ്രിജ്. 150 ലധികം വർഷം പഴക്കമുള്ള ഈ മനുഷ്യനിർമിത പ്രകൃതി വിസ്മയം, ലംസോഫി വില്ലേജിൽ നിന്ന് ഏകദേശം 1400 അടി താഴെയാണ് സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള പടികൾ കയറി ഇരുമ്പു തൂക്കുപാലം കടന്നു വേണം ഡബിൾ ഡെക്കർ പാലത്തിലെത്താൻ. ആരെയും വിസ്മയിപ്പിക്കുന്ന അതിമനോഹരമായ കാഴ്ചയാണിത്.

ലിവിങ് റൂട്ട് ബ്രിജിലേക്കെത്താന്‍ വേണ്ടി നടത്തിയ യാത്രയെക്കുറിച്ചും നന്ദിത എഴുതി. "അവിടെ എത്താനുള്ള യാത്ര ക്രൂരമായിരുന്നു. അവിടെ നിന്നുള്ള തിരിച്ചുവരവ് അതിലും മോശമായിരുന്നു. ഏകദേശം 1,200 പടികൾ താഴേക്കും മുകളിലേക്കും കയറിയിറങ്ങി." നന്ദിത പറയുന്നു. ഇടയ്ക്ക് കാല്‍ വേദനിച്ച് നില്‍ക്കുമ്പോഴൊക്കെ മകന്‍ വിഹാന്‍ പ്രോത്സാഹിപ്പിച്ചു.
"പക്ഷേ സത്യം പറഞ്ഞാൽ, വേദനയില്ലാതെ നേട്ടമില്ല. എന്‍റെ കാലുകൾ ഇപ്പോഴും വേദനിക്കുന്നു, പക്ഷേ ഇത് എല്ലായ്പ്പോഴും ഞങ്ങളുടെ യാത്രാ ഡയറിയിലെ ഒരു സ്പെഷല്‍ പേജായിരിക്കും. വർഷങ്ങൾക്കുശേഷം, ആ പാലത്തിന്‍റെ മാന്ത്രികതയും ഞങ്ങളുടെ സന്തോഷകരമായ മുഖങ്ങളും മാത്രമേ ഞങ്ങൾ ഓർമിക്കുകയുള്ളൂ." നന്ദിത കുറിച്ചു.