ബിഹാർ വിചാരിച്ചത് പോലെയല്ല; ഈ അധ്യാപകന്റെ സൈക്കിൾ യാത്ര ലഹരിക്കെതിരെ...

Mail This Article
കുട്ടികളെ പഠിപ്പിച്ചിട്ട് പോകുന്നവർ മാത്രമല്ല അധ്യാപകർ, അതിനപ്പുറം അവരെ സ്വാധീനിക്കാൻ കഴിവുള്ളവർ കൂടിയാണ്. ആ സ്വാധീനം സംസാരമാകാം, പ്രവൃത്തിയാകാം എന്തിന് യാത്ര പോലുമാകാം. അത്തരത്തിൽ ഒരു യാത്രയിലൂടെ, യാത്ര എന്നു പറഞ്ഞാൽ സൈക്കിൾ യാത്ര നടത്തിയിരിക്കുകയാണ് അധ്യാപകനായ പ്രണവ് രാജ്. മാഷെന്നു പറയുമ്പോൾ അധികം വയസ്സൊന്നുമില്ല വെറും 24. പഠിപ്പിക്കലിനുമപ്പുറം യാത്രയും പ്രണവിന്റെ ജീവിതത്തിന്റെ ഭാഗമാണ്. അന്ന് കശ്മീരാണെങ്കിൽ ഇന്നത് നേപ്പാളിൽ എത്തിനിൽക്കുന്നു. സൈക്കിളിൽ താണ്ടിയത് 2900 കിലോമീറ്റർ. താണിക്കുടം യുപി സ്കൂൾ അധ്യാപകനായ പ്രണവ് രാജ്, ' Teach, Ride, Inspire & Say No To Drugs' എന്ന സന്ദേശവുമായാണ് കേരളത്തിൽ നിന്നും നേപ്പാളിലേക്ക് സൈക്കിൾ യാത്ര നടത്തിയത്. യാത്രയുടെ വിശേഷങ്ങളുമായി മനോരമ ഓൺലൈനിനോട് സംസാരിക്കുകയാണ് പ്രണവ്.
∙ഈ യാത്ര ലഹരിക്കെതിരേ...
എവിടെ നോക്കിയാലും ലഹരിയെ പറ്റിയുള്ള വാർത്തകളാണ്. സ്കൂൾ കുട്ടികളുടെ ഇടയിലും യുവാക്കൾക്കിടയിലും മയക്കുമരുന്നിന്റെ ഉപയോഗം കൂടുകയാണ്. അപ്പോൾ വളർന്നുവരുന്ന കുട്ടികൾക്കായി, നാടിനായി ലഹരിക്കെതിരെ പോരാടാനുറച്ചാണ് ഇങ്ങനൊരു വിഷയം തിരഞ്ഞെടുത്തത്. സിനിമ ആയിക്കോട്ടെ റിയൽ ലൈഫിലെ സംഭവങ്ങളായിക്കോട്ടെ അതെല്ലാം കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസുകൾ ഒക്കെ നടക്കാറുണ്ട്. പക്ഷേ അതിൽ നിന്നും മാറി ലഹരിക്കെതിരെ കുട്ടികളെ ബോധവാൻമാരാക്കാൻ കൂടിയാണ് ഇങ്ങനൊരു യാത്ര

∙എന്തുകൊണ്ട് നേപ്പാൾ?
ആദ്യമായിട്ടല്ല ഞാൻ ഇത്തരമൊരു യാത്ര ചെയ്യുന്നത്. ഇതിനു മുൻപും മറ്റു സംസ്ഥാനങ്ങളിൽ പോയിട്ടുണ്ട്. അതും സൈക്കിൾ യാത്രയായിരുന്നു.
2022 ൽ കേരളം മുതൽ കശ്മീർ വരെ യാത്ര ചെയ്തത് തീരദേശ മേഖലയിലൂടെയായിരുന്നു. അതിന് അതിന്റെതായ പ്രത്യേകതകളുമുണ്ട്. കർണാടക മുംബൈ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയായിരുന്നു സൈക്കിൾ യാത്ര. ഈ പ്രാവശ്യം ഇന്ത്യയുടെ മറ്റൊരു ഭാഗം കൂടി അറിയണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ബിഹാർ, യുപി, മധ്യപ്രദേശ് തുടങ്ങി ഒമ്പത് സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തത്. ബിഹാറിലെ റെക്സോൾ ബോർഡർ വഴിയാണ് ഞാൻ നേപ്പാളിൽ പ്രവേശിച്ചത്. പിന്നെ ഈ റൂട്ട് എക്സ്പ്ലോർ ചെയ്യാൻ കൂടിയാണ് നേപ്പാൾ തിരഞ്ഞെടുത്തത്.

∙ഗുരുദ്വാരകൾ മുതൽ പൊലീസ് സ്റ്റേഷൻ വരെ
2,900 കിലോമീറ്ററാണ് കേരള ടു നേപ്പാൾ ( തൃശൂർ മുതൽ കാഠ്മണ്ഡു വരെ). 23 ദിവസം കൊണ്ടാണ് സൈക്കിൾ യാത്ര ലക്ഷ്യ സ്ഥാനത്തെത്തിയത്. താണിക്കുടം യു.പി. സ്കൂളിൽ നിന്നും ഏപ്രിൽ മൂന്നിന് സ്കൂളിലെ പ്രധാനാധ്യാപികയായ മാലതി ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര ഏപ്രിൽ 25 ന് നേപ്പാളിലെ കാഠ്മണ്ടുവിലാണ് അവസാനിച്ചത്. കിടന്നുറങ്ങാനും വിശ്രമിക്കാനും ടെന്റ് ഉണ്ടായിരുന്നു കൈയ്യിൽ. പിന്നെ ഗുരുദ്വാരകൾ, പെട്രോൾ പമ്പ്, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും അല്ലാതെ റൂം എടുത്തിട്ടുമായിരുന്നു താമസം. ഭക്ഷണത്തിനായി ഹോട്ടലുകൾ തേടിപ്പോയി. പിന്നെ നമുക്ക് അപരിചിതരായ ആളുകൾ ഭക്ഷണം കഴിക്കാൻ വിളിക്കും. അങ്ങനെ അവിടെ നിന്നൊക്ക കഴിച്ചായിരുന്നു ഓരോ ദിവസവും കടന്നു പോയത്.
∙ചില സ്ഥലങ്ങൾ സേഫല്ല
എല്ലാ സ്ഥലങ്ങളും നമ്മൾ വിചാരിക്കുന്നതു പോലെയല്ല. കൂടുതൽ സ്ഥലങ്ങളിൽ നിന്നും വളരെയധികം സപ്പോർട്ടായിരുന്നു കിട്ടിയത്. ഇത്രയം ദൂരം ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടി വന്നു എന്നത് അവരെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. നേരത്തെ പറഞ്ഞപോലെ ചില ആളുകൾ ഭക്ഷണം കഴിക്കാനായി ക്ഷണിക്കും.സത്യം പറഞ്ഞാൽ അവർക്ക് ആ ഒരു നേരത്തേക്കുള്ള ആഹാരം മാത്രമൊക്കയെ ഉണ്ടാകുള്ളൂ. എന്നാലും വിളിക്കും. അങ്ങനെ കഴിക്കുന്നത് അവർക്കും സന്തോഷമാണ്. നല്ല അനുഭവമായിരുന്നു അതൊക്കെ. എന്നാൽ ചില സ്ഥലങ്ങളിൽ നിന്നും മോശം അനുഭവവും ഉണ്ടായിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നായിരുന്നു അത്. ഒരു പെട്രോൾ പമ്പിൽ ടെന്റടിച്ച് ഉറങ്ങുകയായിരുന്നു ഞാൻ. ശബ്ദം കേട്ട് നോക്കിയപ്പോൾ അവിടെ ലോക്കൽസും പെട്രോൾ പമ്പിലെ തൊഴിലാളികളും തമ്മിൽ അടിയായിരുന്നു. അപ്പോൾ നമ്മളും അപകടത്തിലാകുമെന്ന് തോന്നിയപ്പോൾ പാതിരാത്രി അവിടുന്നിറങ്ങി പോകേണ്ടി വന്നു. പിന്നെ മൂന്ന് നാല് കിലോമീറ്റർ കഴിഞ്ഞ് ഒരു മലയാളി ഹോട്ടൽ കണ്ടപ്പോഴാണ് സമാധാനമായത്.

∙അമ്പോ..ചൂട്.. ഒരു രക്ഷയില്ല
ചൂടായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. രക്ഷയില്ലാത്ത ചൂട്. നാഗ്പൂർ ഭാഗത്തൊക്കെ 43–44 ഡിഗ്രി ഒക്കെയായിരുന്നു ചൂട്. അങ്ങനെ യാത്ര ചെയ്യുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. പകൽ സമയങ്ങളിൽ കൂടുതൽ ക്ഷീണമായിരുന്നു അനുഭവപ്പെട്ടത്. പുലർച്ചെ നാല് മണിക്ക് യാത്ര ആരംഭിച്ച് ഒരു 11 മണിക്ക് നിർത്തും പിന്നെ 3 മണിയൊക്കെ ആകുമ്പോൾ യാത്ര വീണ്ടും തുടങ്ങും. ഇങ്ങനെയായിരുന്നു ഞാൻ ചെയ്തു കൊണ്ടിരുന്നത്. ഈ 23 ദിവസങ്ങളിൽ കുറഞ്ഞത് 130 കിലോ മീറ്ററാണ് ദിനംപ്രതി സൈക്കിൾ ചവിട്ടിയത്.
∙ഈ സ്ഥലം വിചാരിച്ച പോലെയല്ല
ഈ യാത്രയിൽ എന്നെ ഞെട്ടിച്ചൊരു സ്ഥലമാണ് ബിഹാർ. ഞെട്ടലിനപ്പുറം എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലവും. പലപ്പോഴും നെഗറ്റീവിലൂടെയാണ് ബിഹാറിനെ കേട്ടതും അറിഞ്ഞതും. പക്ഷേ ഇവിടത്തെ ഗ്രാമങ്ങളിലൂടെ പോകുമ്പോൾ വളരെയധികം സപ്പോർട്ടാണ് ലഭിച്ചത്. അത് അനുഭവിച്ചു തന്നെ അറിയണം. അവർ തന്നെ ചോദിച്ചിട്ടുണ്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായോ എന്നൊക്കെ. ഒരു ടൂറിസ്റ്റ് സ്ഥലം എന്നതിനേക്കാളുപരി ഗ്രാമങ്ങളിലൂടെയാണ് സഞ്ചരിച്ചത്.
∙സപ്പോർട്ടില്ലാതെ എന്ത് യാത്ര..പിന്നെ ഇതും വ്യായാമം
സ്കൂളും പിടിഎയും വളരെ നല്ല സപ്പോർട്ടായിരുന്നു നൽകിയത്. അവർ മാത്രമല്ല കുട്ടികൾ വീട്ടുകാർ എല്ലാവരും നൽകിയ സപ്പോർട്ട് കൊണ്ട് കൂടെയാണ് ഈ യാത്ര വിജയിച്ചത്. തിരിച്ചു വന്നപ്പോഴും നല്ല സ്വീകരണമായിരുന്നു ലഭിച്ചത്. അന്ന് കുട്ടികളൊക്കെ വന്നിരുന്നു. ഇനി സ്കൂൾ തുറന്നു കഥകൾ കേൾക്കാൻ കാത്തിരിക്കുകയാണ് അവർ. പിന്നെയുള്ള ആഗ്രഹം ആദ്യത്തെ യാത്രയും ഈ യാത്രയും ചേർത്ത് ഒരു പുസ്തകം എഴുതണം എന്നുള്ളതാണ്. മലിനീകരണമില്ല, പ്രകൃതിയോട് ഇണങ്ങിയാണ് പോകുന്നത്. കൂടാതെ ഒരു വ്യായാമം കൂടിയാണല്ലോ സൈക്കിൾ ചവിട്ടുന്നത് മാത്രമല്ല ഹെൽത്തി ഹാബിറ്റ്സ് വളർത്താനും സഹായിക്കും. അതൊക്കെ കൊണ്ടാണ് സൈക്കിൾ തിരഞ്ഞെടുത്തത്.
∙കഴിഞ്ഞില്ല ഇനിയുമുണ്ട്
യാത്രകൾ ഇനിയും തുടരും. കുട്ടിക്കാലം തൊട്ടെ പല സ്ഥലങ്ങളിലും പോകാറുണ്ട്. അമ്മ ടീച്ചറായിരുന്നു, നാഗാലാൻഡിലൊക്കെയായിരുന്നു പോസ്റ്റിങ്. അന്നേ ഇത്തരം ദൂര യാത്രകൾ ചെയ്യാറുണ്ട്. അതൊക്കെ എന്റെ മനസ്സിൽ പതിഞ്ഞ യാത്രകളാണ്. പിന്നെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തുടങ്ങി. കൊറോണ സമയത്ത് ഓൾ കേരള ട്രിപ്പായിരുന്നു ചെയ്തത്. പിന്നെ കശ്മീരായി ഇപ്പോൾ നേപ്പാളും. ഇനി നോർത്ത് ഈസ്റ്റ് എക്സ്പ്ലോർ ചെയ്യണമെന്നാണ് ആഗ്രഹം.

എല്ലാവരും യാത്ര ചെയ്യുക. യാത്രയിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റും. തിരിച്ചറിവാണ് ഏറ്റവും വലുത്. എല്ലാം നമ്മൾ സമൂഹമാധ്യമങ്ങളിൽ കാണുന്നതു പോലെയല്ല. കണ്ടു തന്നെ അറിയണം. മയക്കുമരുന്നൊന്നും അല്ല യാഥാർഥ ലഹരി, അത് യാത്രകളാണ്.