ഇത് കേരളത്തിന്റെ അതിർത്തിക്കപ്പുറത്തെ സുന്ദരി;കാണാൻ ഏറെയുണ്ട്

Mail This Article
അതിർത്തിക്കപ്പുറത്തേക്ക് ഒരു യാത്ര. യാത്ര ഇഷ്ടപ്പെടുന്നവരാണോ, എങ്കിൽ ഈ സ്ഥലം ഒരിക്കലെങ്കിലും സന്ദർശിക്കണം. ഒരുപാട് റീൽസുകളിലും മറ്റും വന്ന ഈ സ്ഥലം മറ്റേതുമല്ല വാൽപാറയാണ്. പ്രകൃതി ഒരുക്കിയ ഈ സുന്ദര കൂടാരത്തിലേക്ക് ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിച്ചവരും നമ്മളിൽ ഉണ്ടാകും. പോകുന്ന വഴി തന്നെ നിങ്ങളെ ആവേശം കൊള്ളിക്കും. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് വാൽപാറ വരുന്നത്. അടിപൊളി ആണോ എന്നു ചോദിച്ചാൽ പിന്നല്ലാതെ,എന്നാൽ അതുപോലെതന്നെ ത്രില്ലിങ്ങായ മറ്റൊരു കാര്യം അങ്ങോട്ടു പോകുന്ന വഴിയാണ്. ഈ വഴി തന്നെ കവർ ചെയ്യാൻ ധാരാളം സ്ഥലങ്ങളുണ്ട്. ഒരുപാട് സഞ്ചാരികളാണ് വാൽപാറയിലേക്ക് എത്തുന്നത്.

അതിരപ്പള്ളിയിലൂടെ വാഴച്ചാൽ കാടെല്ലാം കണ്ട് ഒടുവിൽ കാട് കയറി മലക്കപ്പാറ. അവിടെ അതിർത്തിയായി. പിന്നെ മുന്നിലുള്ളത് വാൽപാറയുടെ ഭാഗമായി. അവിടെ എന്തുണ്ടെന്ന് ചോദിച്ചാൽ പ്രത്യേകിച്ച് ഒന്നും ഒരുക്കിവച്ചിട്ടില്ല. തേയിലത്തോട്ടങ്ങളുണ്ട്, തണുപ്പുണ്ട്, മഞ്ഞുണ്ട് പിന്നെ മനോഹരമായ പ്രകൃതിയും ഉണ്ട്. ഈ തേയിലത്തോട്ടങ്ങളിലൂടെയുള്ള സഞ്ചാരം റിസോർട്ടുകളിലുള്ള താമസം അങ്ങനെ എല്ലാം കൊണ്ടും മികച്ച അനുഭവമായിരിക്കും. പോകുന്ന വഴിയിൽ വന്യമൃഗങ്ങളെയും കാണാം. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെ വേണം ഇതുവഴി പോകാൻ. അല്ലെങ്കിലും കാടിന്റെ ഇടയിലൂടെയുള്ള യാത്ര വേറെത്തന്നെ സുഖമുള്ളതാണ്.

അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡാം എന്നിവയെല്ലാം പോകുന്നവഴിയിൽ നിങ്ങൾക്ക് സന്ദർശിക്കാവുന്നതാണ്.
തുമ്പൂർമുഴി ഡാം - പോകുന്ന വഴിയായതിനാൽ തന്നെ ഒന്നു കയറുന്നതുകൊണ്ട് ഒരു നഷ്ടവും സംഭവിക്കില്ല. ഒരു മണിക്കൂറൊക്ക ചിലവഴിക്കാനുള്ളത് ഇവിടെയുണ്ട്. തൂക്കുപാലത്തിലൂടെയുള്ള നടത്തവും പ്രകൃതി ഭംഗിയും നിങ്ങളെ നിരാശപ്പെടുത്തില്ല. ഇത് കഴിഞ്ഞാൽ പിന്നെ കാണേണ്ട കാഴ്ച്ചകളിലൊന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടമാണ്. വെള്ളം നിറഞ്ഞ് കവിഞ്ഞ് സഞ്ചാരികളെ ആകർഷിക്കുകയാണ് അതിരപ്പിള്ളി ഇപ്പോൾ. ഇവിടെ നിന്ന് പിന്നീട് വാഴച്ചാലും കാണാം.
ഇനി ഇതൊക്കെ പിന്നീട് കാണാമെന്ന് വിചാരിച്ചാൽ പിന്നെ ഒന്നും നോക്കേണ്ട നേരെ വാൽപാറയിലേക്ക് വിട്ടാൽ മതി. അവിടത്തെ ചില സ്ഥലങ്ങൾ പരിചയപ്പെടാം.

മങ്കി ഫാൾസ്
ദിവസം രസകരമാക്കാൻ പറ്റിയ ഇടമാണിത്. കുന്നും മലയും താണ്ടി പോകേണ്ടതില്ല റോഡ് സൈഡിൽ തന്നെയാണ് ഈ സ്ഥലം. പേര് പോലെ തന്നെ കുരങ്ങൻമാരുടെ വിഹാര കേന്ദ്രമാണിത്. പൊള്ളാച്ചിയെയും വാൽപാറയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് ഈ ടൂറിസ്റ്റ് സ്പോട്ട്.
ഗ്രാസ് ഹിൽസ് നാഷണൽ പാർക്ക്
ട്രെക്കിങ്ങിനൊക്കെ പറ്റിയ ഇടം. ആനമല കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം. മാത്രമല്ല കേരളത്തിലെ ഇരവികുളം ദേശീയോദ്യാനവുമായി അതിർത്തിയും പങ്കിടുന്നുണ്ട്. ഒരിക്കലെങ്കിലും ഈ സ്ഥലം കണ്ടിരിക്കാം.
ചിന്ന കല്ലാർ ഫാൾസ്
ഒരു കിടിലം സ്പോട്ട് തന്നെ. കുറ്റിക്കാടുകള്‍ക്ക് ഇടയിലൂടെ ഇടുങ്ങിയ പാത വഴി നേരെ ഇറങ്ങിച്ചെല്ലുന്നത് ചിന്ന കല്ലാറിലേക്ക്. വാൽപാറയിൽ നിന്ന് 26 കിലോമീറ്റർ അകലെയാണ് ഈ വെള്ളച്ചാട്ടം. കാണാൻ തന്നെ മനോഹരിയാണ്. വെള്ളച്ചാട്ടങ്ങളൊക്കെ ഇഷ്ടപ്പെടുന്നവർക്ക് എന്തായാലും നിരാശപ്പെടേണ്ടിവരില്ല.
ബാലാജി ടെമ്പിൾ വ്യൂ പോയിന്റ്
വാൽപ്പാറയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. മിക്ക സമയവും മൂടൽ മഞ്ഞായിരിക്കും ഇവിടെ. കുന്നിൻ മുകളിലുള്ള ഈ ക്ഷേത്രത്തിന്റെ പുറകിൽ നിന്നും നോക്കിയാൽ മനോഹരമായ കാഴ്ചകളാണ് കാണാൻ സാധിക്കുക. പെരിയ കരമല ടീ ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബാലാജി ക്ഷേത്രം

കൂലങ്കൽ നദി
സിരുകുന്ദ്ര എസ്റ്റേറ്റിന്റെ അടുത്തും നടുമല എസ്റ്റേറ്റിന്റെയും വാൽപാറയുടെയും അതിർത്തിയിലുമായാണ് കൂലങ്കൽ നദി സ്ഥിതി ചെയ്യുന്നത്. സമാധാനപരമായി സമയം ചിലവഴിക്കാൻ പറ്റിയ ഇടം കൂടിയാണിത്. ഒരുപാട് വിനോദ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. നല്ല തെളിഞ്ഞ ശുദ്ധമായ വെള്ളമാണ് ഈ നദിയിൽ.
ലോംസ് വ്യൂ പോയിന്റ്
സമുദ്രനിരപ്പിൽ നിന്ന് 780 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ടത്തിലെ ആനമല കുന്നുകളിൽ സ്ഥിതി ചെയ്യുന്ന വ്യൂ പോയിന്റാണിത്. വാൽപ്പാറ റോഡിലെ ഒമ്പതാമത്തെ ഹെയർപിൻ വളവിലാണ് വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ആളിയാർ അണക്കെട്ടിന്റെ ഭാഗവും പശ്ചിമഘട്ടത്തിന്റെ ഭാഗവും കാണാം.
അപ്പോൾ യാത്ര പോകാൻ ഒരുങ്ങുകയാണെങ്കിൽ വാൽപാറ നല്ലൊരു ഓപ്ഷനാകും.