കാനനവഴിയിലെ കല്ലുകൊട്ടാരങ്ങൾ

ktdc-lake-palace-resort-thekkady-front-view-1
SHARE

വേനൽമഴയിൽ തളിർത്ത പുല്ലുവഴിയിലൂടെ ഇറങ്ങി തേക്കടി ബോട്ട് ലാൻഡിങ്ങിലെത്തുമ്പോൾ ജലസുന്ദരി കാത്തു കിടക്കുന്നുണ്ടായിരുന്നു. കൊടുംചൂടിൽ വരണ്ടുപോയ നടപ്പാതയിലെ പുൽപ്പരപ്പിനു തുടർച്ചയെന്നോണം തടാകം ഏതാണ്ടു വറ്റി വരണ്ടു നിലം തൊടാറായി കിടക്കുന്നു. വെള്ളത്തിൽ നിന്നുയർന്നു നിലകൊള്ളുന്ന, ജലനിരപ്പു രേഖപ്പെടുത്തിയ ചെറുതൂണിെൻറ അടിത്തറ തെളിഞ്ഞു. സ്രാങ്ക് ബഷീർ ജീവൻ കൊടുത്തതോടെ ജലസുന്ദരി ചെറുതായി മുരണ്ട് തയാറെടുത്തു. 55 യാത്രക്കാരെ വഹിക്കാനാവുന്ന കടുംപച്ച നിറമുള്ള പുത്തൻ ബോട്ട് ഞങ്ങൾ നാലാളെയും കെടിഡിസി മാനേജർ അബി ചന്ദ്രനെയും സഹായി രവിയെയും പിന്നെ രണ്ടു ഡെക്കുകളിലായി കുറെ അനാഥ കസേരകളെയും വഹിച്ചു നീങ്ങിത്തുടങ്ങി; ലേക് പാലസിലേക്ക്. 

Thekkady Tourism | Lake Palace Resort by KTDC | Kerala Tourism | Manorama Online

ഇനിയുള്ള രണ്ടു നാളുകൾ പുറംനാടിനു പ്രസക്തിയില്ല. മൊെബെൽ ഫോണുകൾ തെരുതെരെ ചിലയ്ക്കില്ല, ഫെയ്സ്ബുക്കും വാട്സാപ്പും സന്ദേശപ്പെരുമഴ പെയ്യിക്കില്ല. മൊെബെൽ പരിധിക്കപ്പുറം കാടിനു നടുവിൽ തേക്കടിയുടെ വന്യസൗന്ദര്യം രാജകീയ പ്രൗഢിയോടെ നുകരാനുള്ള അപൂർവ അവസരം. തിരുവിതാംകൂർ രാജകുടുംബത്തിെൻറ പഴയ ടൂറിസ്റ്റ് ബംഗ്ളാവിൽ രണ്ടു നാൾ തമ്പുരാക്കൻമാരും തമ്പുരാട്ടിമാരുമായി സ്ഥാനക്കയറ്റം.

∙ കാട്ടിൽ മൂന്നു കൊട്ടാരങ്ങൾ

െവെവിധ്യം കൊണ്ടു ലോകശ്രദ്ധയാകർഷിച്ചിട്ടുള്ള പെരിയാർ വന്യമൃഗസംരക്ഷണകേന്ദ്രത്തിൽ മൂന്നു കെടിഡിസി ഹോട്ടലുകളുണ്ട്. മൂന്നും രാജകുടുംബവുമായി ബന്ധപ്പെട്ടു നിർമിക്കപ്പെട്ടവ. വനത്തിനുള്ളിൽ അര മണിക്കൂറോളം തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്തു മാത്രം എത്തിപ്പെടാവുന്ന ലേക് പാലസ് എന്ന പഴയ ടൂറിസ്റ്റ് ബംഗ്ളാവ്. രാജകുടുംബവും തുല്യനിലയുള്ളവരും ഇവിടെയായിരുന്നു പണ്ട് എഴുന്നെള്ളിയിരുന്നത്, പള്ളിയുറക്കവും പള്ളിനീരാട്ടുമൊക്കെ നടത്തിയിരുന്നത്.

ktdc-lake-palace-resort-thekkady-front-view-1
കെടിഡിസി ലേക് പാലസ് മുന്നില്‍ നിന്നുള്ള ദൃശ്യം

ഒരു കഥയുണ്ട്. അവസാനത്തെ മഹാരാജാവ് ചിത്തിര തിരുനാൾ െപരിയാറിലൂടെ ബോട്ട് സവാരി നടത്തവെ കാട്ടിൽ നിന്നൊരു വെടിയൊച്ച. അന്വേഷിച്ചപ്പോൾ തിരുവുള്ളമറിഞ്ഞു, െവടി പൊട്ടിച്ചത് അന്നത്തെ റേഞ്ചർ സായിപ്പിെൻറ പുത്രൻ. വെടി കൊണ്ടു വീണത് ഒരു കാട്ടു കൊമ്പൻ. വന്യമൃഗങ്ങളെ ഇഷ്ടപ്പെട്ടിരുന്ന മഹാരാജാവ് മൃഗങ്ങളാൽ സമൃദ്ധമായിരുന്ന ഇടപ്പാളയമെന്ന ആ പ്രദേശത്ത് ശിക്കാറിനും ഉല്ലാസത്തിനുമായി ഒരു കൊട്ടാരം തീർത്തു. അതാണ് ലേക് പാലസായി മാറിയത്. ഇന്നും തേക്കടി വനത്തിൽ ഏറ്റവുമധികം മൃഗങ്ങൾ വെള്ളം കുടിക്കാനെത്തുന്നത് ലേക് പാലസിനു ചുറ്റുമാണ്. ഇന്ത്യയിൽത്തന്നെ വളരെ അപൂർവമായുള്ള ഫോറസ്റ്റ് ലോഡ്ജ് എന്ന വിഭാഗത്തിൽപ്പെടും ലേക് പാലസ്.

ktdc-aranya-nivas-hotel
കെടിഡിസി ആരണ്യ നിവാസ്

രണ്ടാമത്തെ കെടിഡിസി ഹോട്ടൽ തേക്കടി ബോട്ട് ലാൻഡിങ്ങിനു സമീപം ആരണ്യനിവാസ്. മഹാരാജാവ് എഴുന്നെള്ളിയെത്തുമ്പോൾ അകമ്പടി സേവിച്ചെത്തുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ താമസസ്ഥലമായിരുന്നു ഇത്. ഇന്നിപ്പോൾ 30 മുറികളുള്ള ഹെറിറ്റേജ് ഹോട്ടൽ.

ktdc-hotel-periyar-house
കെടിഡിസി പെരിയാര്‍ ഹൗസ്

ലാൻഡിങ്ങിൽ നിന്നു പുറത്തേക്കുള്ള റോഡരികിൽ കാട് അതിരിടുന്ന പെരിയാർ ഹൗസ്. പടയാളികൾക്കുള്ള ഈ മന്ദിരം ഇപ്പോൾ 44 മുറി ഹോട്ടൽ. വന്യമൃഗസങ്കേതത്തിലേക്ക് ഇപ്പോൾ വാഹനങ്ങൾ കയറ്റി വിടില്ല. വാഹനം ഗേറ്റിനു പുറത്ത് റോഡിൽ നിർത്തി വാടകയ്ക്കു കിട്ടുന്ന െസെക്കിളിലോ നടന്നോ ഫോറസ്റ്റ് വാഹനങ്ങളിലോ മാത്രമേ തടാകത്തിനടുത്തെത്താനാവൂ.

∙ തടാകത്തിലൂടെ ബോട്ട് യാത്ര

ബോട്ട് തേക്കടി തടാകത്തിലൂടെ മുല്ലപ്പെരിയാർ ഡാം ഭാഗത്തേക്കു നീങ്ങുന്നു. ഇതുവഴി ബോട്ടോടിക്കാൻ വരൾച്ചാകാലത്ത് ഏറെ ശ്രദ്ധ വേണം. 1895 കാലഘട്ടത്തിൽ മുല്ലപ്പെരിയാർ ഡാം പണിതപ്പോൾ വെള്ളത്തിനടിയിലായ മരങ്ങളിൽ ഈടുള്ളവയൊക്കെ ഇപ്പോഴും കുറ്റികളായി വെള്ളത്തിനു മുകളിലും താഴെയും നിൽക്കുന്നു. ഗതി തെറ്റിയാൽ കുറ്റിയിലിടിക്കാം. മരക്കുറ്റികൾക്കു മുകളിൽ കൂടുകെട്ടിപ്പാർക്കുന്ന പക്ഷിെവെവിധ്യം. തടാകക്കരയിൽ അങ്ങിങ്ങു തിരനോട്ടം നടത്തുന്ന മ്ലാവുകളും പന്നിക്കൂട്ടങ്ങളും. ഇടയ്ക്കൊരിടത്ത് ഒരു ഒറ്റയാൻ കാട്ടുപോത്തിനെയും കണ്ടു. ഈ മേഖലയിൽ അവൻ സ്ഥിരം കാണുമത്രെ.

thekkady-lake-view
തേക്കടി തടാകം

ലേക് പാലസ് ലാൻഡിങ്ങിൽ ബോട്ടടുത്തു. വെള്ളം കുറവായതിനാൽ മലമുകളിലെ പാലസിലെത്താൻ പടവുകൾ കുറെ കയറണം. മൃഗങ്ങളെ തടയാനുള്ള ഗേറ്റും വേലിയും കിടങ്ങും മനോഹരമായ പുൽത്തകിടിയും കൃത്രിമ കല്ലുകൾ പാകിയ നടപ്പാതയും നല്ലൊരു തുളസിത്തറയും പിന്നിട്ട് കല്ലിൽത്തീർത്ത കൊട്ടാരത്തിന്റെ സിറ്റ് ഒൗട്ടിലെത്തുമ്പോൾ സജി. മനോഹരമായ പുഞ്ചിരിയും ഉടയാത്ത വെളുത്ത ഷർട്ടും ടൈയുമണിഞ്ഞ സൗഹാർദത്തിന്റെ ആൾ രൂപം. അടുത്ത രണ്ടു ദിനം നമ്മുടെ ആതിഥേയനും ഹൗസ് കീപ്പറും ഗൈഡും ഒക്കെ ഈ മൂവാറ്റുപുഴക്കാരനാണ്. സർക്കാർ സ്ഥാപനങ്ങളിൽ ഇത്ര ആത്മാർഥതയുള്ള ജീവനക്കാരുണ്ടാകുമോ എന്ന സംശയം മാനേജർ മുതൽ ഗാർഡനർ വരെയുള്ളവരെ കണ്ടതോടെ ഇല്ലാതായി. സ്വന്തം സ്ഥാപനം പോലെ നോക്കി നടത്തുന്നവർ.

thekkady-view
തേക്കടി തടാകത്തില്‍ നിന്നുള്ള ദൃശ്യം

സ്വാഗതം പറഞ്ഞ് അകത്തു കയറിയ സജി തിരികെ വന്നത് തണുത്ത െപെനാപ്പിൾ ജ്യൂസുമായാണ്. പിന്നെ ഉച്ചയൂണിന് എന്തൊക്കെ വേണമെന്ന അന്വേഷണം. പന്നിയും കോഴിയും പോത്തും മുതൽ കൊട്ടാരത്തൊടിയിൽ വളരുന്ന പച്ചക്കറിയും അതിരിടുന്ന കാട്ടുപ്ലാവുകളിലെ ചക്കയുമൊക്കെ മെനുവിലുണ്ട്. ഗ്രോബാഗുകളിൽ പച്ചക്കറി വെറുതെയങ്ങു വളരുന്നതല്ല. ഇവിടുത്തെ പത്തോളം വരുന്ന ജീവനക്കാരുടെ അദ്ധ്വാനമാണ്.

∙കരിങ്കല്ലിൽ കൊത്തിയ പാരമ്പര്യം

വരാന്തയിലിരുന്നു ജ്യൂസ് ഗ്ലാസ് കാലിയാക്കിയ ശേഷം ചെക്കിൻ നടത്തുന്നതിനു മുൻപ് കെട്ടിടമൊക്കെയൊന്നു നടന്നു കണ്ടു. കരിങ്കല്ലാണ്. മൂലക്കല്ലുകൾ എൽ ആകൃതിയിൽ കൊത്തിയെടുത്ത വലിയ ശിലകൾ. ഇപ്പോൾ ആറു മുറികളുണ്ട്. രണ്ടു മുറികൾ ഇടക്കാലത്ത് കൂട്ടിച്ചേർത്തതാണെന്ന് പറഞ്ഞതുകൊണ്ടറിഞ്ഞു. അല്ലെങ്കിൽ യഥാർഥ രൂപമെന്നേ കരൂതൂ. ചുറ്റോടു ചുറ്റുള്ള വരാന്തയാണ് ഹെെലെറ്റ്. നല്ല വലുപ്പമുള്ള വരാന്തകൾ എല്ലാ മുറികൾക്കുമുണ്ട്. നടുക്ക് സ്വീകരണമുറിയും ഡൈനിങ് റൂമും. രണ്ടു വശങ്ങളിലായി മൂന്നു മുറികൾ വീതം. ഓരോ വശത്തെയും മൂന്നു മുറികളും കണ്ണാടി പ്രതിഫലനം പോലെ രൂപകൽപന ചെയ്തിരിക്കുന്നു. രണ്ടു വശങ്ങളിലുള്ള മുറികൾക്ക് കുറച്ചു വലിയ വരാന്തകളാണ്.

ktdc-lake-palace-resort-thekkady-view
കെടിഡിസി ലേക് പാലസിലെ ദൃശ്യം

1927 ലാണ് നിർമാണം തുടങ്ങിയത്. എതിർകരയിലെ ദ്വീപിലാണ് പണി തുടങ്ങിയതെങ്കിലും വാസ്തു പ്രകാരം ചില ദോഷങ്ങൾ കണ്ടതുകൊണ്ട് നിർമാണം ഇപ്പോഴത്തെ സ്ഥലത്തേക്കു മാറ്റി. വനത്താൽ ചുറ്റപ്പെട്ട ഉപദ്വീപാണ് ഈ സ്ഥലം. മൂന്നു വശവും തടാകവും പിന്നിൽ ഘോരവനവും.

ktdc-lake-palace-thekkady-premium-double-room
കെടിഡിസി ലേക് പാലസ് പ്രീമിയം ഡബിള്‍ റൂം

ചെക്ക് ഇൻ ചെയ്തത് രണ്ടു വ്യത്യസ്ത ഡബിൾ കട്ടിലുകളും മുകളിൽ തട്ടിയുമൊക്കെയുള്ള മുറിയിൽ. എല്ലാ ഫർണിച്ചറും ക്ലാസിക്കൽ െശെലിയിൽ. ഒരു നൂറുകൊല്ലം അനായാസം പിന്നോട്ടോടാം. എസിയില്ല. ചൂടുകാലത്തും അതിെൻറ ആവശ്യവുമില്ല. മൂന്നു നിരയായാണ് േമൽക്കൂര. ഒാട്, തൊട്ടു താഴെ ചെമ്പു കൊണ്ടൊരു വലയം പിന്നെ തടി സീലിങ്. തണുപ്പു നിലനിർത്താനും ആരോഗ്യം മെച്ചപ്പെടുത്താനുമാണത്രെ ചെമ്പു പാളികൾ ഒാടിനും തടിത്തട്ടിനും ഇടയ്ക്ക്. ബാക്കിയൊക്കെ പുരാതനമെങ്കിലും മനോഹരമായ ആധുനിക ടോയ്‌ലെറ്റും മിനി ഫ്രിഡ്ജുമൊക്കയുണ്ട്. സ്വീറ്റ് റൂം പോലെയാണ് നിർമാണ െശെലി. വൃത്തിയും വെടിപ്പും രാജ്യാന്തരനിലവാരത്തിൽ. ഏതു സ്റ്റാർ ഹോട്ടലിനോടും കിടപിടിക്കുന്ന സൗകര്യങ്ങൾ.

ktdc-lake-palace-resort-thekkady
കെടിഡിസി ലേക് പാലസ്

∙ താമസം മൃഗങ്ങളുടെ സ്വന്തം നാട്ടിൽ

വൈദ്യുതി 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്നു ശബ്ദരഹിത ജനറേറ്ററുകളിൽ നിന്നാണ്. പണ്ട് വൈദ്യുതിയുണ്ടായിരുന്നു. എന്നാൽ 15 കൊല്ലം മുൻപ് നാല് ആനകൾ വൈദ്യുതിക്കമ്പിയിൽത്തട്ടി ചരിഞ്ഞതോടെ വനം വകുപ്പ് കറൻറ് ലൈൻ മുറിച്ചു. ഇപ്പോഴും ലേക് പാലസ് വനം വകുപ്പിന്റെ കയ്യിലാണ്. കെടിഡിസി പാട്ടത്തിനെടുത്തു നടത്തുകയാണ്. വനത്തിനുള്ളിലായതിനാൽ നിയമങ്ങൾ കർശനമാണ്. മൃഗങ്ങൾക്കു യാതൊരുവിധ ശല്യവും പാടില്ല. അവരുടെ മേഖലയിൽ നമ്മൾ താമസിക്കയാണ്, മറിച്ചല്ല എന്നു മനസ്സിലാക്കണം. വർഷങ്ങൾക്കു മുമ്പ് ഒരു കരിങ്കുരങ്ങ് ചത്തുകിടന്നത് വലിയ അന്വേഷണമായത് സജി ഒാർക്കുന്നു. പോസ്റ്റ്മോർട്ടവും അന്വേഷണങ്ങളും കടലാസ് പണികളുമൊക്കെ കുറച്ചൊന്നും പോരാ. വനത്തിൽ ആദിവാസികൾക്കു മാത്രം മീൻ പിടിക്കാനും തേനെടുക്കാനും അനുവാദമുണ്ട്. അവരുടെ മന്നാക്കുടിയെന്ന ഗ്രാമവും അടുത്തു തന്നെ. എന്നാൽ വേട്ടയാടൽ അനുവദിക്കില്ല.

ktdc-lake-palace-resort-thekkady-room
കെടിഡിസി ലേക് പാലസ്

സ്വീകരണമുറിയിലും ഊണുമുറിയിലും ധാരാളം ചിത്രങ്ങൾ. മിക്ക ഫോട്ടോകളും ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ നേരിട്ടെടുത്തതാണ്. പാലസിന്റെ നിർമാണകാലത്ത് കഷ്ടപ്പെട്ട് കല്ലും മരവുമൊക്ക വള്ളത്തിലും കൈവണ്ടിയിലും കാളവണ്ടിയിലുമൊക്കെ എത്തിക്കുന്നതും മറ്റും ചിത്രീകരിച്ചിരിക്കുന്നു. റീജന്റ് റാണി, സർ സിപി, പേരറിയാത്ത കരയധികാരി, പ്രഥമ വൈൽഡ് ലൈഫ് വാർഡൻ റോബിൻസൻ സായിപ്പ് എന്നിവരുടെ അപൂർവ ചിത്രമാണ് ചുവരിലെ ഏറ്റവും ശ്രദ്ധേയമായ ഫോട്ടോ. റാണിയടക്കം എല്ലാവരും മുട്ടു വരെയുള്ള കാക്കി ഷോട്സും ബുഷ് ഷർട്ടും ധരിച്ച് വടിയും പിടിച്ച് ട്രെക്കിങ് നടത്തുകയാണ്. രണ്ടു ഷോകേസുകളിൽ വച്ചിട്ടുള്ളതൊക്കെ ലക്ഷങ്ങൾ മതിക്കുന്ന ക്രിസ്റ്റലുകളും ചെെനയുമെക്കെ. ഇംഗ്ലണ്ട് നിർമിത പഴയ വാട്ടർ പ്യൂരിഫയറും റേഡിയോയും ക്ളോക്കുമൊക്കെ കാലത്തെ പിറകോട്ടടിക്കുന്നു. രാജീവ് ഗാന്ധി സന്ദർശനത്തിനെത്തിയപ്പോൾ സമ്മാനിച്ച ബൈനോക്കുലേഴ്സും മറ്റു ചില വിശിഷ്ട സാമഗ്രികളുമൊക്കെ കൂട്ടത്തിലുണ്ട്.

ktdc-lake-palace-thekkady-view
കെടിഡിസി ലേക് പാലസില്‍ നിന്നുള്ള ദൃശ്യം

∙ നല്ല നാടൻ ചോറും കറിയും

ചെറുതായൊന്നു വിശ്രമിച്ച് എഴുന്നേറ്റപ്പോൾ ഊണു കാലമായി. വിഭവസമൃദ്ധം. തീൻമേശ നിറയെയുണ്ട്. കണ്ടപ്പോഴേ വായിൽ വെള്ളമൂറി. ചോറ്, ചപ്പാത്തി, പോത്തുകറി, പോർക്കു കറി, കോഴി മലബാറി മസാല, അവിയൽ, മീൻകറി, പരിപ്പ്, സാമ്പാർ, കപ്പ, ഇടിച്ചക്ക തോരൻ ഇങ്ങനെ നീളുന്നു അതീവ രുചികരമായ വിഭവങ്ങൾ. ഒരോന്നും എന്താണെന്നു വിശദീകരിച്ച് വിളമ്പിത്തരാൻ സജി. നാടൻ ശൈലി മതിയെന്നു പറഞ്ഞതാണ് തനി നാടനായി കിട്ടാൻ കാരണം. നാട്ടിൽ ഇത്ര നാടനായി കിട്ടില്ല. കെടിഡിസി ഷെഫുകളുടെ കൈപ്പുണ്യം. വിദേശികൾ സാധാരണ ഇതേ മെനു ഇഷ്ടപ്പെടുന്നുവെന്നും സജി പറഞ്ഞു. ഉത്തരേന്ത്യക്കാർക്ക് ചിലപ്പോൾ ഉത്തരേന്ത്യനോ ചെെനീസോ വേണമെന്നു നിർബന്ധമാണ്.

ktdc-lake-palace-resort-thekkady-lunch
കെടിഡിസി ലേക് പാലസിലെ ഉച്ചഭക്ഷണം

ഊണു കഴിഞ്ഞ് വിശ്രമിച്ചു മടങ്ങിയത്തുമ്പോഴേക്കും തടാകക്കരയിൽ മൃഗങ്ങൾ കൂട്ടമായി എത്തിത്തുടങ്ങി. കാട്ടുപന്നി, കാട്ടുപോത്ത്, മ്ലാവിന്റെ കൂട്ടങ്ങൾ... എണ്ണത്തിൽ കുറച്ചൊന്നുമല്ല. വരാന്തയിലിരുന്നാൽ ഒന്നാന്തരം കാഴ്ച. ബൈെനാക്കുലർ ഉണ്ടെങ്കിൽ അവയുടെ പ്രവൃത്തികളാസ്വദിക്കാം. ഇടയ്ക്കൊരു ആനക്കൂട്ടവുമെത്തി.

∙ കടുവയുമുണ്ട്, പുലിയുമുണ്ട്...

ktdc-lake-palace-resort-thekkady1
കെടിഡിസി ലേക് പാലസ്

കടുവയുള്ള കാടാണ് പെരിയാർ വന്യമൃഗകേന്ദ്രം. ഏഴുകൊല്ലത്തിനിടെ ഒരിക്കൽ പോലും സജി കടുവയെ കണ്ടില്ല, പക്ഷേ പാദമുദ്രകൾ കണ്ടു. ഒരു ലെബനീസ് സഞ്ചാരിക്ക് പക്ഷേ കണ്ടത് കടുവയെയാണെന്നറിയാതെ ആ ഭാഗ്യം ലഭിച്ചു, മുന്നു കൊല്ലം മുമ്പ്. വയറു ശരിയല്ലാത്തിനാൽ രാത്രി അദ്ദേഹത്തിന് ഉറക്കം കുറവായിരുന്നു. സിറ്റ്‌ഒൗട്ടിൽ വെറുതെയിരിക്കവെ മരക്കൂട്ടത്തിനിടെ ചെറിയൊരനക്കം. എഴുന്നേറ്റപ്പോൾ ആ മൃഗം പെട്ടെന്ന് കാട്ടിലേക്ക് ഒാടി രക്ഷപ്പെട്ടു. കടുവയാണെന്ന് സഞ്ചാരിക്ക് അപ്പോൾ തോന്നിയില്ല. രാവിലെ ബെഡ് കോഫിയും ബിസ്കറ്റുമായി പതിവുപോലെ സജിയെത്തിയപ്പോൾ കടുവ പോലെ ഒരു ജന്തു എന്നൊരു സംശയം സഞ്ചാരി പറഞ്ഞു. കണ്ടുവെന്നു പറഞ്ഞ സ്ഥലത്ത് പോയി നോക്കിയപ്പോൾ കടുവയുടെ പാദമുദ്രകൾ. പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പഗ് മാർക്കുകൾ കടുവയുടേതു തന്നെ എന്നു സ്ഥിരീകരിച്ചു.

ktdc-lake-palace-thekkady-premium-double-room1
കെടിഡിസി ലേക് പാലസ്

രാത്രി ഏറെ വൈകി അതിഥികളെല്ലാം ഉറക്കം പിടിക്കുമ്പോൾ ലേക് പാലസ് മുറ്റത്ത് മ്ളാവുകളുടെ ഒരു വിലസലുണ്ട്. തീറ്റയ്ക്കായുള്ള പ്രയാണത്തിൽ അവ പലപ്പോഴും ചെടിച്ചട്ടികൾ തട്ടിമറിക്കും, ചെടികൾ തിന്നു കളയും. ചുറ്റും കിടങ്ങും പുറമെ വേലിയുമുണ്ടെങ്കിലും ഇവയ്ക്കൊരു കൂസലുമില്ല. ആനകളും കിടങ്ങു ചാടിക്കടക്കാൻ മിടുക്കർ തന്നെ. ചക്ക പഴുക്കുന്ന കാലത്ത് കിടങ്ങു കടന്ന് തൊടിയിലെ പ്ളാവുകളിൽ നിന്നു നേരിട്ടാണ് ആനകളുടെ തീറ്റ. വനത്തിൽ സഞ്ചരിക്കവെ ഭാഗ്യമുള്ള ചില സഞ്ചാരികൾ പുലിയെ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാക്കേജിന്റെ ഭാഗമായ ഗൈഡഡ് ട്രെക്കിങ്ങിനിടെയും തടാകത്തിലെ സഞ്ചാരത്തിനിടയിലുമൊക്കെയാണ് ഈ സൗഭാഗ്യങ്ങൾ. വന്യമൃഗങ്ങൾ ചുറ്റും ധാരാളമെങ്കിലും ആരെയും അവ ഇന്നുവരെ ഉപദ്രവിച്ചിട്ടില്ല. ജീവനക്കാർ പറയും പ്രകാരം മാത്രമേ പെരുമാറാവൂ. കാട്ടിലേക്കു തനിയെ ഒരു കാരണവശാലും പോകരുത്.

∙ പൂച്ചയും മയിലും

ലേക് പാലസിലെ അന്തേവാസികളെന്നു പറയാവുന്ന രണ്ടു ജീവികളുണ്ട്. ഒരു മയിലും കണ്ണു പൂർണമായി കാണാത്ത ഒരു പൂച്ചയും. ഏതോ ആദിവാസിക്കുടിയിൽ നിന്നു വന്നതാണ് പൂച്ച. രാത്രി വരാന്തയിൽ രസിച്ചിരിക്കുമ്പോഴായിരിക്കും വശത്തെ മരത്തിൽ നിന്നു പൂച്ചയുടെ ചാട്ടം. കടുവയാണെന്നോർത്തു പേടിക്കരുത്. മയിൽ മിക്കപ്പോഴും ആ വളപ്പിൽ ചുറ്റിയടിക്കും. ഈ രണ്ടു പേർ സത്യത്തിൽ ലേക് പാലസിന്റെ കാവലാളാണെന്നു പറയാം. ഇവയുള്ളപ്പോൾ ഇഴജന്തുക്കളുടെ ശല്യം തീരെയുണ്ടാവില്ല.

വരാന്തയിൽ തണുപ്പാസ്വദിച്ച് കുറെയേറെ നേരം ഇരുന്നു. കാടാണ്. വേറെങ്ങും കേൾക്കാനാവാത്ത ഒട്ടേറെ ശബ്ദവെവിധ്യങ്ങൾ, കിളികളുടെ ചിലപ്പ്, ചീവീടിന്റെ നിർത്താക്കരച്ചിൽ, കുറുക്കന്റെ ഓരിയിടൽ... തികച്ചും വ്യത്യസ്തമായൊരു അനുഭവം. ഏറെ വൈകിയപ്പോൾ, ഒരുകാലത്ത് മഹാരാജാവും കുടുംബവും കിടന്നിരുന്ന കട്ടിലിലേക്ക് തല ചായ്ച്ചു.

ktdc-hotel-lake-palace-tariff
കെടിഡിസി ലേക് പാലസ് റൂം നിരക്കുകള്‍

∙ മൃഗങ്ങൾ നീന്തിത്തുടിക്കുന്നു

രാവിലെ കണ്ട കാഴ്ച മ്ളാവുകൾ നീന്തിത്തുടിക്കുന്നതാണ്. ചെറുദ്വീപുകളിൽ ഒന്നിൽനിന്നു മറ്റൊന്നിലേക്ക് അവ കൂട്ടമായി നീന്തുന്നു. കാട്ടുപോത്തിൻകൂട്ടം ഇതെല്ലാം കണ്ട് കരയിൽ െതാട്ടടുത്തു തന്നെയുണ്ട്. കുറെ മാറി ചെറിയൊരു ആനക്കൂട്ടം. കാട്ടുപന്നികൾ വേറൊരു വശത്ത്. ശരിയായ ജംഗിൾ സഫാരി രാവിലെ നടത്താം. ഗൈഡുകളുടെ സഹായത്തോടെ കാട്ടിൽ മണിക്കൂറുകൾ കറങ്ങാം. ഭാഗ്യമുണ്ടെങ്കിൽ കൂടുതൽ മൃഗങ്ങളെയും പക്ഷികളെയും അപൂർവ സസ്യജാലവും ആസ്വദിക്കാം. 

ktdc-hotel-aranya-nivas-traiff
കെടിഡിസി ആരണ്യ നിവാസ് റൂം നിരക്കുകള്‍

ഇടുക്കി, പത്തനം തിട്ട ജില്ലകളിലായി ആയിരം സ്ക്വയർ കിലോമീറ്ററുള്ള വനം വീണ്ടും വികസിക്കുകയാണ്. 26 സ്ക്വയർ കിലോമീറ്റർ തടാകം. സമുദ്രനിരപ്പിൽ നിന്നു 1068 മീറ്റർ ഉയരം. 15 മുതൽ 35 ഡിഗ്രി വരെ ചൂട്. സീസൺ ഒാഗസ്റ്റ് മുതൽ മേയ് വരെ. 

ktdc-hotel-periyar-tariff
കെടിഡിസി പെരിയാര്‍ ഹൗസ് റൂം നിരക്കുകള്‍

ഒരിക്കൽ പോകണം. അല്ലെങ്കിൽ ജീവിതത്തിലെ മനോഹരമായ ഒരു അനുഭവം ആസ്വദിക്കാതെ ബാക്കി നിൽക്കും. ഒാഫ് സീസണിൽ െപരിയാർ ഹൗസിൽ 1500 രൂപ മുതലും അരണ്യ നിവാസിൽ 3250 രൂപ മുതലും ലേക് പാലസിൽ 10000 രൂപ മുതലും താമസിക്കാം. ലേക് പാലസിലല്ല താമസമെങ്കിലും വനസൗന്ദര്യവും കാനനയാത്രയും ബോട്ട് സവാരിയുമൊക്കെ നടത്താൻ അവസരമുണ്ട്. ബുക്കിങ്ങിന് 9400008588, lakepalace@ktdc.com.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA