മനുഷ്യരൂപം പൂണ്ട് നാഗങ്ങളെത്തുന്ന ഒരു ക്ഷേത്രം

garudankavu-temple2
SHARE

അമ്മയെ ഒരുപാട് സ്നേഹിച്ച ഒരു മകൻ. ഹിന്ദുപുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന പക്ഷിശ്രേഷ്ഠനായ ഗരുഡനെ ഇങ്ങനെ വിശേഷിപ്പിച്ചാലും തെറ്റില്ല. അമ്മയെ പ്രാണനു തുല്യം സ്നേഹിച്ചതുകൊണ്ടാവുമല്ലോ ശാപം തീർത്ത് അമ്മയെ ദാസ്യത്തിൽ നിന്ന് മോചിപ്പിക്കുവാൻ അമൃത് തേടി ഗരുഡൻ യാത്രയായത്. പവിത്രമായ ആ ആത്മബന്ധത്തെ ആഴത്തിലറിയാൻ ഐതിഹ്യങ്ങളെ കൂട്ടുപിടിക്കാം.

വീരന്മാരായ പുത്രന്മാരുണ്ടാവാൻ പത്നിമാരായ കദ്രുവിനും വിനതയ്ക്കും കശ്യപൻ വരംകൊടുക്കുന്നതോടെയാണ് ആ കഥ തുടങ്ങുന്നത്. എങ്ങനെയുള്ള സന്താനങ്ങളെയാണ് ആവശ്യം എന്ന ഭർത്താവിൻെറ ചോദ്യത്തിന് ആയിരം നാഗങ്ങൾ മക്കളായി പിറക്കണമെന്ന് കദ്രു ആവശ്യപ്പെട്ടു. എന്നാൽ കദ്രുവിൻെറ പുത്രന്മാരേക്കാൾ ശക്തരായ രണ്ട് മക്കൾ വേണമെന്നാണ് വിനത ആഗ്രഹിച്ചത്. കാലം ചെന്നപ്പോൾ കദ്രുവിൻെറ മുട്ടകൾ വിരിഞ്ഞ് ആയിരം നാഗങ്ങൾ പിറന്നു. എന്നാൽ കാത്തിരുന്നിട്ടും തൻെറ കുഞ്ഞുങ്ങൾ ജനിക്കാതിരുന്നതിൽ അക്ഷമപൂണ്ട് വിനത രണ്ടുമുട്ടകളിലൊന്ന് പൊട്ടിക്കുന്നു. അതിൽ നിന്ന് പൂർണ്ണവളർച്ചയെത്താത്ത അരുണൻ പുറത്തു വന്നു. വളർച്ച പൂർത്തിയാക്കാൻ സമ്മതിക്കാത്ത അമ്മയെ അരുണൻ ശപിക്കുന്നു. കദ്രുവിൻെറ ദാസിയായി മാറാൻ ഇടവരട്ടെയെന്നായിരുന്നു ആ ശാപം.

തൻെറ തെറ്റുമനസിലാക്കി ശാപമോക്ഷത്തിനായി കേണ വിനതയോട് അഞ്ഞൂറു വർഷങ്ങൾക്ക് ശേഷം വിനതയ്ക്ക് ഒരു പുത്രൻ കൂടി പിറക്കുമെന്നും ആ മകൻ അമ്മയ്ക്ക് ശാപമോക്ഷത്തിനുള്ള വഴിതുറക്കുമെന്നും അരുണൻ പറഞ്ഞു. പലാഴിമഥനസമയത്താണ് അരുണൻെറ ശാപം ഫലിച്ചത്. പാലാഴി മഥനത്തിൽ ദേവേന്ദ്രനു ലഭിച്ച ഉച്ചൈശ്രവസ് എന്ന കുതിരയുടെ വാലിൻെറ നിറത്തിനെച്ചൊല്ലി കദ്രുവും വിനതയും തമ്മിൽ തർക്കമുണ്ടായി. കുതിരയുടെ വാൽ കറുത്തതാണെന്ന് കദ്രുവും വെളുത്തതാണെന്ന് വിനതയും വാദിച്ചു. പന്തയത്തിൽ തോൽക്കുന്നവർ ജയിക്കുന്നയാളിൻെറ ദാസിയാവുമെന്ന് നിബന്ധനയും വെച്ചു. പന്തയത്തിൽ തോൽക്കുമെന്നുറപ്പായ കദ്രു ഒരു ചതിപ്രയോഗിച്ചു. കദ്രുവിൻെറ നിർദേശമനുസരിച്ച് നാഗങ്ങൾ കുതിരയുടെ വാലിൽ പറ്റിച്ചേർന്നു കിടക്കുകയും കാഴ്ചയിൽ വാൽ കറുത്തതാണെന്നു തോന്നിക്കുകയും ചെയ്തു. പന്തയത്തിൽ തോറ്റ വിനത അങ്ങനെ കദ്രുവിൻെറ ദാസിയായി.

രണ്ടാമത്തെ മകൻെറ പിറവിക്കുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നെ വിനതയുടെ ജീവിതം. കാത്തിരിപ്പിനൊടുവിൽ വിനതയുടെ രണ്ടാമത്തെ പുത്രനായി ഗരുഡൻ ജനിച്ചു. അമ്മയിൽ നിന്നു പഴയകഥകൾ മനസിലാക്കിയ ഗരുഡൻ അമ്മയെ ദാസ്യത്തിൽ നിന്നു മോചിപ്പിക്കാനുള്ള ഉപായം തേടി നാഗങ്ങളുടെയടുത്തെത്തി. ദേവലോകത്തു നിന്ന് അമൃതെത്തിച്ചാൽ അമ്മയെ ദാസ്യത്തിൽ നിന്നു മോചിപ്പിക്കാമെന്ന് നാഗങ്ങൾ ഉറപ്പുനൽകി. തൻെറ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കാൻ ഗരുഡൻ കശ്യപനോടും വിനതയോടും അനുഗ്രഹം വാങ്ങി അമൃത് തേടി പുറപ്പെട്ടു.

ഗരുഡൻകാവ് ക്ഷേത്രം
ഗരുഡനെ പ്രീതിപ്പെടുത്തിയാൽ സർപ്പ ദോഷങ്ങളിൽനിന്നും മോചനം ലഭിക്കും

ദേവന്മാരെ പരാജയപ്പെടുത്തി ഗരുഡൻ അമൃത് സ്വന്തമാക്കി. ഗരുഡൻെറ മാതൃസ്നേഹവും സാമർത്ഥ്യവും കണ്ടു സംപ്രീതനായ വിഷ്ണുദേവൻ ഗരുഡന് വരം നൽകാൻ തയാറായി. വിഷ്ണുഭഗവാൻെറ വാഹനമാകാനുള്ള അവസരവും അമൃത് ഭക്ഷിക്കാതെ തന്നെ അമരനാവണമെന്നും ഗരുഡൻ മഹാവിഷ്ണുവിനോട് ആവശ്യപ്പെട്ടു. ഇതിനിടെ അമൃതകുഭം കൈക്കലാക്കാൻ ദേവേന്ദ്രൻ ഗരുഡനോട് ഏറ്റുമുട്ടുകയും അതു ഫലിക്കാതെ വന്നപ്പോൾ അമൃതകുഭം തിരികെചോദിക്കുകയും ചെയ്തു. എന്നാൽ നാഗങ്ങളെ ഭക്ഷണമാക്കാനുള്ള കഴിവു നൽകിയാൽ അമൃതകുഭം തിരികെ നൽകാമെന്ന് ഗരുഡൻ പറയുകയും ദേവേന്ദ്രൻ അതു സമ്മതിക്കുകയും ചെയ്തു.

എന്തായാലും അമ്മയ്ക്ക് നൽകിയ വാക്ക് പാലിക്കാൻ അമൃതകുഭം നാഗങ്ങളുടെ കൈയ്യിലേൽപിക്കുമെന്നും. അവർ ദേഹശുദ്ധിവരുത്താൻ തയാറെടുക്കുന്ന സമയംനോക്കി അമൃതകുഭം കൈവശപ്പെടുത്തിക്കൊള്ളണമെന്നും ഗരുഡൻ ദേവേന്ദ്രനോട് പറഞ്ഞു. ദർഭപുല്ലിനിൻെറ പുറത്ത് അമൃതകുംഭം വെച്ച് നാഗങ്ങൾ ദേഹശുദ്ധിവരുത്താൻ പോയ തക്കംനോക്കി ദേവേന്ദ്രൻ അമൃതകുംഭം കൈക്കലാക്കി. നാഗങ്ങൾ തിരിച്ചെത്തിയപ്പോൾ ദർഭപുല്ലിനു മുകളിൽ അമൃതകുഭം കാണാതെവരുകയും അമൃതിനുവേണ്ടി അവ ദർഭപുല്ലിൽ നക്കാൻ ശ്രമിച്ചപ്പോൾ നാഗങ്ങളുടെ നാവ് രണ്ടായി പിളർന്നു പോയെന്നുമാണ് കഥ.

ഗരുഡൻകാവ് ക്ഷേത്രം
ഗരുഡൻ കാവ്

ഒരേസമയം വാക്കു പാലിക്കുകയും തൻെറ അമ്മയെ ചതിയിലൂടെ ദാസ്യപ്രവൃത്തിചെയ്യിപ്പിച്ച നാഗങ്ങൾക്ക് ശിക്ഷകൊടുക്കുകയും ചെയ്ത ഗരുഡൻ മാതൃ–പുത്രസ്നേഹത്തിൻെറ ഉത്തമോദാഹരണമാണ്. അമ്മയ്ക്കുവേണ്ടി എന്തുത്യാഗവും സഹിക്കാൻ തയാറായ ഈ പക്ഷിശ്രേഷ്ഠനും കേരളത്തിൽ ഒരു ക്ഷേത്രമുണ്ട്.

ക്ഷേത്രത്തെക്കുറിച്ച് കൂടുതലറിയാം

ഗരുഡനെ പൂജിക്കുന്ന കേരളത്തിലെ ഒരേ ഒരു ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ തിരൂരിലുള്ള ആലത്തിയൂർ വെള്ളാമശ്ശേരി ഗരുഡൻകാവ്. ഗരുഡനെ ദൈവമായി സങ്കൽപിച്ച് പൂജചെയ്യുന്ന ക്ഷേത്രങ്ങൾ അപൂർവമാണ്.സർപ്പങ്ങളുടെ അന്തകനായ ഗരുഡഭഗവാന്റെ അനുഗ്രഹമുണ്ടങ്കിൽ സർപ്പദോഷങ്ങളിൽനിന്നും സർപ്പഭയങ്ങളിൽനിന്നും മോചനം നേടാനാകുമെന്നാണ് വിശ്വാസം.

ഗരുഡൻകാവ് ക്ഷേത്രം
ഗരുഡൻ കാവ്

മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും ചമ്രവട്ടത്തേക്കു പോകുന്ന റോഡിലാണ് ഈ ക്ഷേത്രമുള്ളത്. ക്ഷേത്രഗോപുരം കടന്നുള്ളിലേക്കു പോകുമ്പോൾ ശ്രീകോവിലിൽ കൂർമാവതാര രൂപത്തിലുള്ള ഭഗവാൻ മഹാവിഷ്ണുവിനെ കാണാം. മഹാവിഷ്ണുവിനെ പ്രദിക്ഷിണം വച്ചു പിന്നിലേക്കു ചെല്ലുമ്പോൾ ഭഗവാന്റെ വാഹനമായ ഗരുഡ പ്രതിഷ്ഠയും കാണാം.

ഞാറാഴ്ചയാണ് പ്രധാന ദിവസം.മറ്റൊരു പ്രത്യേകത മണ്ഡലകാലത്തെ ഞായറാഴ്ചകൾ അത്യന്തം പ്രധാനമാണ് എന്നുള്ളതാണ്. മണ്ഡലകാലത്തു നാഗങ്ങൾ മനുഷ്യ രൂപം ധരിച്ചു ക്ഷേത്രത്തിൽ എത്തുമെന്നും ഗരുഡ പ്രീതിക്കായി ഭഗവാനെ വണങ്ങി മടങ്ങുമെന്നുമാണ് ഐതിഹ്യം. മൂന്ന് ഞായറാഴ്ചകൾ മുടങ്ങാതെ ശുദ്ധവൃത്തിയോടെ ക്ഷേത്രദർശനം നടത്തി ഗരുഡനെ ഭജിച്ചാൽ ഒരു കൊല്ലത്തെ ദർശനഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഗരുഡനെ പ്രീതിപ്പെടുത്തിയാൽ സർപ്പ ദോഷങ്ങളിൽനിന്നും മോചനം ലഭിക്കുമെന്നും അതു കൊണ്ടു സർപ്പ ദോഷങ്ങൾക്കു ഇവിടെ വഴിപാടുകൾ നടത്തുന്നുണ്ട്. കൂടാതെ ത്വക്ക് രോഗങ്ങൾക്കും,വായ്പുണ്ണ്,ചൊറി,ചിരങ്,ശിശു രോഗങ്ങൾ,പാണ്ട് എന്നിവയ്ക്കും ഇവിടെ പ്രത്യേകം വഴിപാടുകൾ നടത്താറുണ്ട്.

ഗരുഡൻകാവ് ക്ഷേത്രം
ഗരുഡൻ കാവ്

കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സർപ്പദോഷപരിഹാരത്തിനായി ധാരാളം ഭക്തർ ഈ ക്ഷേത്രത്തിൽ എത്താറുണ്ട് .പക്ഷി രാജനായ ഗരുഡനെ പ്രസാദിപ്പിക്കുന്നതിലൂടെ പക്ഷിപീഡകൾക്കും ശമനം ലഭിക്കും. പക്ഷി പീഡഒഴിവാക്കാനും ഇവിടെ പ്രത്യേകം വഴിപാടുകളുണ്ട്. പക്ഷികൾ മൂലമുണ്ടാകുന്ന കൃഷി നാശങ്ങൾക്കു പരിഹാരം കാണാൻ ധാരാളം ഭക്തർ ഇവിടെ എത്തുന്നുണ്ട്. കഠിനമായ സര്‍പ്പദോഷങ്ങൾ അനുഭവിക്കുന്നവർ സർപ്പത്തെ ജീവനോടെ പിടിച്ചു മൺകുടത്തിലാക്കി ഈ ക്ഷേത്ര പരിസരത്തു കൊണ്ടു വിടാറുണ്ട്.

ഉഗ്രവിഷമുള്ള പാമ്പുകൾ പോലും ക്ഷേത്രപൂജാരി ഗരുഡപഞ്ചാക്ഷരി മന്ത്രം ഉരുവിട്ടു തീർത്ഥജലം തളിക്കുന്നതോടു കൂടി വേഗത്തിൽ ഇഴഞ്ഞ് തെക്കോട്ടു പോകുന്നു. പിന്നീട് ഒരിക്കലും അവയെ ആരും കാണുകയില്ലെന്നും അവയെല്ലാം ഗരുഡന് ഭക്ഷണമാകുന്നു എന്നതാണ് ഐതിഹ്യം. നാളിതുവരെ ഒരിക്കൽ പോലും ക്ഷേത്രപരിസരത്തു പാമ്പുകളെ കാണുകയോ ആർക്കെങ്കിലും വിഷം തീണ്ടിയതോ ആയി കേട്ടുകേൾവിപോലുമില്ലെന്നും പറയപ്പെടുന്നു. മഞ്ഞ പായസം ആണ് ഇവിടുത്തെ പ്രധാന നിവേദ്യം. ഗരുഡ പഞ്ചാക്ഷരി എണ്ണയും ഇവിടുത്തെ പ്രത്യേകതയാണ്.


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA