യാത്രപോകാം ഉറുമ്പച്ചൻ കോട്ടത്തിലേക്ക്

ഉറുമ്പുകൾ
SHARE

തള്ളവിരലിനും ചൂണ്ടുവിരലിനുമിടയിൽ പിടഞ്ഞു തീർന്ന ഉറുമ്പു ജീവിതങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ എണ്ണിയാലൊടുങ്ങാത്തത്രയുണ്ട്. ഡിഡിറ്റിയും ലക്ഷ്മണ രേഖയും ഞങ്ങൾക്കു മുന്നിൽ തൃണമാണെന്ന ഭാവത്തോടെ വരിവരിയായി കടന്നുപോകുന്ന ഓരോ ഉറിമ്പിൻകൂട്ടവും അവശേഷിപ്പിക്കുന്നത് ചില ചോദ്യങ്ങളാണ്. ഒരുതരി മധുരം പോലും വീഴാത്തയിടങ്ങളിൽ ഇവ എങ്ങനെയെത്തുന്നു? എത്രതുരത്തിയിട്ടും ഇവ ഒഴിഞ്ഞു പോകാത്തതെന്താണ്? ശത്രുദോഷമാണ് ഉറുമ്പു ശല്യത്തിനു പിന്നിലെന്നു പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ? എന്നു തുടങ്ങി നൂറുകൂട്ടം ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾ അവസാനിച്ചത് ഒരു യാത്രയിലാണ്.

ഉറുമ്പുകളെ ദൈവമായി ആരാധിക്കുന്ന ഗ്രാമത്തിലേക്കുള്ള ആ യാത്രയിൽ കാത്തിരുന്നത് ഒട്ടേറെ ഐതിഹ്യങ്ങളാണ്. വെറും നിസാരക്കാർ എന്ന് നമ്മൾ എപ്പോഴൊക്കെയോ പുച്ഛിച്ചു തള്ളിയ ഈ ഇത്തിരിക്കുഞ്ഞൻമാർക്കും ഒരു ക്ഷേത്രമുണ്ട്. ശ്രീകോവിലോ വിഗ്രഹമോ പ്രതിഷ്ഠയോ ഇല്ലാത്ത ഒരു ക്ഷേത്രം. ഉറുമ്പുകളുടെ അദൃശ്യ സാന്നിധ്യമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഒരു തറയും വിളക്കും മാത്രമാണ് ഇവിടെയുള്ളത്.

ദൈവത്തിൻെറ സ്വന്തം നാട്ടിലെ ഉറുമ്പു ദൈവങ്ങൾ

വീട്ടിലെ അടുക്കളയിൽ,കിടപ്പു മുറികളിൽ ,എന്തിനു കിടക്കയിൽ പോലും ആധിപത്യമുറപ്പിക്കുന്ന ഉറുമ്പുകളെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രമുള്ളത് തമിഴ്നാട്ടിലോ കർണാടകയിലോ ഒന്നുമല്ല. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണ്. കണ്ണൂർ ജില്ലയിലെ തോട്ടടയിൽ നിന്നും കിഴുന്നപാറയിലേക്കു പോകുന്ന റോഡിൽ കുട്ടിക്കകം എന്ന സ്ഥലത്താണ് ഉറുമ്പച്ചൻ കോട്ടം എന്ന പേരിൽ ഈ ക്ഷേത്രം നിലകൊള്ളുന്നത്.

Coconut
ഇങ്ങനെ ചെയ്താൽ ഉറുമ്പുകൾ പ്രസാദിക്കുമെന്നും പറയപ്പെടുന്നു.

ആരാധനയ്ക്കു പിന്നിലെ ഐതിഹ്യം

ഇവിടെ ഉറുമ്പിനെ ആരാധിക്കാൻ തുടങ്ങിയതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ഏകദേശം നാലു പതിറ്റാണ്ടു മുൻപാണ് ഇതിന് ആധാരമായ സംഭവം നടക്കുന്നത്. ഗ്രാമത്തിലെ വിഘ്നങ്ങൾ നീങ്ങി അഭിവൃദ്ധികൈവരാൻ ഒരു ഗണപതി ക്ഷേത്രം പണിയണമെന്ന് ഭക്തർക്ക് മോഹം തോന്നി. പണ്ഡിതരെയും ജ്യോതിഷികളെയും വിളിച്ചുവരുത്തി അവർ തങ്ങളുടെ ആവശ്യമറിയിച്ചു.
തുടർന്ന് ഗണപതിക്ഷേത്രം പണിയാനുള്ള സ്ഥാനംകണ്ട് കുറ്റിയടിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം അവിടെയെത്തിയ ഭക്തരെ കാത്തിരുന്നത് മറ്റൊരു കാഴ്ചയാണ്. ഗണപതി ക്ഷേത്രത്തിൻെറ നിർമാണത്തിനായി കുറ്റിയടിച്ച സ്ഥാനത്ത് ഒരു ഉറുമ്പും കൂട്. കുറ്റിയാകട്ടെ മറ്റൊരു സ്ഥലത്ത് മാറിക്കിടന്നിരുന്നു.

ഉറുമ്പച്ചൻ കോട്ടം
കുറ്റി മാറിക്കിടന്ന സ്ഥലത്ത് ഗണപതിക്കോവിലും ഉറുമ്പിൻ കൂട് കണ്ട സ്ഥലത്ത് ഉറുമ്പുകളെ ആരാധിക്കാൻ ഒരു ക്ഷേത്രവും നിർമിച്ചു.

വീണ്ടും പ്രശ്നംവെച്ചു നോക്കിയപ്പോൾ കുറ്റി മാറിക്കിടന്ന സ്ഥലത്ത് ഗണപതിക്കോവിലും ഉറുമ്പിൻ കൂട് കണ്ട സ്ഥലത്ത് ഉറുമ്പുകളെ ആരാധിക്കാൻ ഒരു ക്ഷേത്രവും നിർമിച്ചു.അങ്ങനെയാണ് ഉദയമംഗലം ഗണപതി ക്ഷേത്രത്തിന് സമീപം ഉറുമ്പച്ചൻ കോട്ടം എന്ന ക്ഷേത്രം നിർമിക്കപ്പെട്ടത്.ഉദയമംഗലം ഗണപതി ക്ഷേത്രത്തിന്റെ ആരൂഢ സ്ഥാനമാണ് ഉറുമ്പച്ചൻ കോട്ടം. ഉദയമംഗലം ക്ഷേത്രത്തിൽ പൂജ നടക്കുമ്പോൾ എല്ലാ മാസവും നിവേദ്യം ആദ്യം നൽകുന്നത് ഉറുമ്പുകൾക്കാണ്.ഉറുമ്പച്ചൻകോട്ടത്തിൽ പൂജ ചെയ്തതിന് ശേഷമാണ് ക്ഷേത്രത്തിൽ പൂജ തുടങ്ങുന്നത്. കൂടാതെ ഉറുമ്പച്ചൻ കോട്ടത്തിൽ സുബ്രമഹ്ണ്യൻെറ ചൈതന്യം കൂടിയുണ്ടെന്നും വിശ്വാസമുണ്ട്. അതിനാൽ എല്ലാ ദിവസവും ഇവിടെ വിളക്കുവയ്ക്കുന്ന പതിവുണ്ട്.

ആരാധിക്കാം ഉറുമ്പച്ചനെ

വീട്ടിലെ ഉറുമ്പു ശല്യത്തിൽ നിന്ന് രക്ഷനേടാനാണ് ദൂരെനാടുകളിൽ നിന്നുപോലും ഭക്തർ ഈ ക്ഷേത്രത്തിലെത്തുന്നത്. ഉറുമ്പച്ചൻ കോട്ടയിലെ സാങ്കൽപിക പ്രതിഷ്ഠയ്ക്കു മുന്നിൽ നാളികേരം സമർപ്പിച്ചാൽ ഉറുമ്പുശല്യം ഒഴിഞ്ഞുപോകും എന്നാണ് വിശ്വാസം. ഭക്തർ എത്തിക്കുന്ന നാളികേരം പൂജാരിയാണ് പൊട്ടിക്കുക. ശേഷം നാളികേരത്തിനുള്ളിലെ വെള്ളം ക്ഷേത്രത്തിലെ തറയിലൊഴുക്കുന്നു. ഇങ്ങനെ ചെയ്താൽ ഉറുമ്പുകൾ പ്രസാദിക്കുമെന്നും പറയപ്പെടുന്നു. മണ്ഡലകാലത്തും മറ്റും നടക്കുന്ന വിശേഷപൂജാസമയത്താണ് കൂടുതലായി ആളുകൾ നാളികേരവുമായി ക്ഷേത്രത്തിലെത്തുന്നത്.

Ants
ഈ ഇത്തിരിക്കുഞ്ഞൻമാർക്കും ഒരു ക്ഷേത്രമുണ്ട്.

വിശ്വാസമോ അന്ധവിശ്വാസമോ ആകട്ടെ ഇവിടെത്തുന്ന ഭക്തർക്ക് കാര്യസിദ്ധി ഉറുമ്പച്ചൻ നൽകുന്നു .മനുഷ്യന്മാർ തമ്മിൽ പോരടിക്കുന്ന ഈ കാലഘട്ടത്തിൽ വെറും നിസാരന്മാരെന്ന് നമ്മൾ കരുതുന്ന നമ്മുടെ സഹജീവിയായ ഉറുമ്പിന് പോലും പ്രാധാന്യം കൊടുത്തു സംരക്ഷിച്ച പഴമയുടെ നന്മക്കും സഹജീവി സ്നേഹത്തിനും ഉത്തമ ഉദാഹരണമായി ഉറുമ്പച്ചൻ കോട്ടം നിലകൊള്ളുമ്പോൾ അറിയാതെ ഒരു വേള ശിരസ്സു നമിച്ചു പോകുന്നു. മനുഷ്യനെന്ന ഗർവ് ഇല്ലാതായി ഉറുമ്പച്ചനു മുന്നിലെ വെറും നിസാരനായ ഭക്തനിലേക്ക് മനസ് പരകായപ്രവേശം ചെയ്യുന്നു... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA