കാൽവരിമൗണ്ട് ടു കൈലാസം

pic1
SHARE

ഞങ്ങളൊരു വെള്ളച്ചാട്ടത്തിന്റെ തുഞ്ചത്തായിരുന്നു. നീലാകാശം. ഉദിച്ചുവരുന്ന സൂര്യൻ ചാർത്തിയ സ്വർണവർണമണിഞ്ഞ കുന്നുകൾ. ആകാശനീലിമയെ അതേപോലെ പകർത്തിയ ചെറിയൊരരുവി. കാർ നിർത്തി അരുവിയിലേക്കിറങ്ങുമ്പോൾ നാട്ടുകാരിലൊരാൾ മുന്നറിയിപ്പു നൽകി. കൂടുതൽ ഇറങ്ങരുത്. പത്തുമീറ്റർ പോയാൽ പിന്നെയൊരു വെള്ളച്ചാട്ടമാണ്. അമ്പരപ്പോടെ നോക്കുമ്പോൾ ശരിയാണ്. കുണുങ്ങിച്ചിരിക്കുന്നൊരു കൊച്ചുമിടുക്കി പെട്ടെന്ന് അമ്മയുടെ സാരിത്തുമ്പിലൊളിച്ചതുപോലെ, നുരഞ്ഞുപതഞ്ഞൊഴുകുന്ന ആ അരുവി കുറച്ചപ്പുറത്തെത്തുമ്പോൾ കാണുന്നില്ല. അഥവാ അരുവിയുടെ തുടർച്ച നീലാകാശവും കുന്നുകളും മാത്രം. ഒരു വെള്ളച്ചാട്ടത്തിന്റെ തുടക്കം. ഈ അരുവിയുടെ പേരെന്താ.. അറിയില്ല. വെള്ളച്ചാട്ടത്തിന്റെ അതുമറിയില്ല. ഈ നാടേതാ.. കൈലാസം. കൈലാസമോ.. ആ പേരിന്റെ കൌതുകമുണ്ട് ഈ വഴിയ്ക്കും.

കട്ടപ്പനയിലേക്കുള്ള കരിമീൻ

ഇടുക്കിഡാമിന്റെ ക്യാച്മെന്റ് ഏരിയയായ കാൽവരി മൗണ്ട് കണ്ടിറങ്ങിയശേഷം നേരെ കട്ടപ്പന-നെടുങ്കണ്ടത്തിനു വച്ചുപിടിച്ചു. സുഹൃത്ത് ക്രിസ്റ്റോ ജോസഫ് എന്ന കിഴക്കൻമലയോരക്കാരന് കൊച്ചിയിൽനിന്നു ക്രിസ്മസ് തലേന്നു പൊന്നുംവില നൽകി വാങ്ങിയ കരിമീനുണ്ട് കാറിനുള്ളിൽ. കാസറോളിനുള്ളിൽ ഐസിട്ടു വച്ചിരിക്കുകയാണ്. കേടാവുകയില്ലെങ്കിലും നെടുങ്കണ്ടത്ത് അങ്ങേരുടെ വീട്ടിലെത്തുംവരെ സമാധാനമില്ല. പിന്നീട് കാഴ്ചകൾക്കുനേരെ കണ്ണടച്ചു, വാഹനമോടിച്ചു.

pic2 - Copy

ഏലക്കാടിലെ പ്രഭാതസവാരി

ഏലക്കാടിനുള്ളിലായിരുന്നു താമസം. പുതച്ച കമ്പിളിയെപ്പോലും കിടുക്കുന്ന തണുപ്പ്. എങ്കിലും രാവിലെ പുറപ്പെട്ടു. പുതിയ വഴിയല്ലേ. പുലരി ചായം പൂശുന്നതു കണ്ടില്ലെങ്കിൽ ക്യാമറ പിണങ്ങും. രാവിലെത്തന്നെ കൂട്ടുകാരിയൊരു ഡിമാൻഡ് വച്ചു. ക്രിസ്റ്റോ ഇതുവരെ വന്ന വഴി വേണ്ട, തിരികെപ്പോകാൻ. പുതിയ വല്ലതും പറഞ്ഞു താ. എന്നാൽ നിങ്ങൾ കൈലാസം വഴി അടിമാലിയിൽ ചെല്ലണം. പിന്നെ എറണാകുളം പോകാം. കൈലാസം- ഗൂഗിളിൽ ഒന്നു തിരഞ്ഞുനോക്കി. ഇല്ല. ഗൂഗിൾ മാപ്പിൽ കിട്ടാത്ത വഴിയിലൂടെയാണോ പോകേണ്ടത്... കുഞ്ഞുകുട്ടി പരാധീനങ്ങളൊക്കെയുണ്ട് പണിയാകുമോ?

pic4 - Copy

നെടുങ്കണ്ടം മൂന്നാർ റൂട്ടിൽ കുറച്ചുചെന്നാൽ എസ്റ്റേറ്റിലേക്കുള്ള വഴി കാണും. മാവടി എന്നു ചോദിച്ചാൽ മതി. വഴിയിൽനിന്നിരുന്ന ഒരപ്പച്ചൻ പറഞ്ഞത് ഇങ്ങനെ. നേരെ ചെല്ലുമ്പോൾ വലിയ മരങ്ങൾ കാണാം. പിന്നെ ഇടത്തോട്ട്. ഞങ്ങൾ നോക്കുമ്പോൾ എല്ലാം വൻമരങ്ങൾ. സഹ്യപർവതത്തിൽ കാണപ്പെടുന്ന സങ്കരയിനം കാടാണ് ചുറ്റിനും. കാർഡമം ഹിൽ റിസർവ്. സങ്കരം എന്നു പറഞ്ഞതു വെറുതെയല്ല. വൻമരങ്ങളുടെ മേൽനോട്ടം വനംവകുപ്പിനാണ്. എന്നാൽ ഭൂമി സ്വാകാര്യവ്യക്തികൾ പാട്ടത്തിനെടുത്തു ഏലംകൃഷി നടത്തുകയാണ്. മരം മുറിക്കണമെങ്കിലും മറ്റെന്തു കലാപരിപാടികൾക്കും വനംവകുപ്പിന്റെ അനുമതി വേണം. ഉഷ്ണമേഖലാ മഴക്കാടുകൾ തന്നെയായിരുന്നു ഈ പ്രദേശങ്ങൾ. തിരുവിതാംകൂർ രാജഭരണത്തിൽ വനം കൃഷിചെയ്യാൻ വിട്ടുകൊടുത്തതായിരുന്നു. ആ രീതി ഇപ്പോഴും തുടരുന്നു.

എന്തായാലും വൻമരങ്ങൾ കണ്ടുപിടിച്ചു, മാവടിയിലേക്കുള്ള വഴിയും. കുഞ്ഞുവഴി. വൻമരങ്ങൾക്കു താഴെയുള്ള ഏലക്കാടുകളാണ് ഇരുവശത്തും. നാൽപ്പതു കിലോമീറ്റർ ഉണ്ട് ദൂരം. ചെറുവഴിയാണെങ്കിലും ആദ്യമൊന്നും കുഴികളില്ല. പിന്നെപ്പിന്നെ ചിലയിടങ്ങളിൽ റോഡ് തകർന്നിട്ടുണ്ട്. എങ്കിലും വല്യ കുഴപ്പമില്ലാതെ പോകാം.

pic6 - Copy

മിക്കവാറും നിങ്ങളും വാഹനവും മാത്രമേ ആ വഴിയിൽ കാണൂ എന്നത് രസകരമാണ്. ആന്ധ്രയിൽനിന്നു എസ്റ്റേറ്റിലെ ജോലികൾക്കായി വന്ന തൊഴിലാളികൾ വരിവരിയായി റോഡിലൂടെ കഥപറഞ്ഞ് ചിരിച്ച് പോകുന്നു. ബാലയുടെ പരദേശി എന്ന തമിഴ് പടം ഓർമ വരും. തേയിലത്തോട്ടങ്ങളിലും മറ്റ് എസ്റ്റേറ്റുകളിലും ജോലിക്കായി വന്ന പരേദേശികളെക്കുറിച്ചുള്ള റിയലിസ്റ്റിക് സിനിമയാണ് പരദേശി. ഏലക്കാടു കഴിഞ്ഞാൽ പിന്നെ ജനവാസ കേന്ദ്രങ്ങളായി. റോഡ് പിന്നെയും മികച്ചതാകുന്നു.

pic7

വലതുവശത്ത് വലിയൊരു മല റോഡിനു സമാന്തരമായി കിടപ്പുണ്ട്. ട്രക്കിങ് പ്രേമികൾക്ക് അതിന്റെ തുഞ്ചത്തൊന്നു തൊടാൻ ആഗ്രഹം തോന്നാതിരിക്കില്ല. ആ മലനിരകൾക്കപ്പുറം മൂന്നാറിനോടു ചേർന്ന പ്രദേശങ്ങളാണെന്ന് കൈലാസം പള്ളിയിൽനിന്നു നടന്നുവരുന്ന അമ്മച്ചി പറഞ്ഞു. സെന്റ് ജോസഫ് ചർച്ച് കൈലാസം എന്ന പള്ളിമുറ്റത്തത്തെ ബോർഡ് ആരിലും കൗതുകമുണർത്തും. പ്രത്യേകിച്ച് ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ.

88

പണിക്കർകുടിയിലെത്തിയിട്ടു ചായകുടിക്കാമെന്നു വച്ചു. എന്നാൽ ക്രിസ്മസ് ദിനമായതിനാൽ എങ്ങു ഹർത്താൽ പോലെ. കടകളെല്ലാം അടച്ചിട്ടിരിക്കുന്നു. റോഡരുകിൽ ചോക്കോ ഉണക്കാനിട്ടിരിക്കുന്നു. ഒരു തമിഴ് പയ്യനാണ് മേൽനോട്ടച്ചുമതല. തൊട്ടിപ്പുറത്ത് പൂച്ചെടികൾ തഴച്ചുവളർന്നിട്ടുണ്ട്. മലയോരമേഖലകളിൽ പൂച്ചെടികൾക്കുള്ള മുഴുപ്പും നിറവും കണ്ട് അതേ ചെടി നാട്ടിൽ കൊണ്ടുവന്നു വച്ചിട്ടു കാര്യമില്ല, അത്ര നന്നാവില്ലത്രേ. എന്തായാലും ഇനി അടിമാലിയിലെത്തിയിട്ടു മതി ബാക്കി വർത്താമാനമൊക്കെ.

pic11 - Copy

കല്ലാർകുട്ടി പാലമാണ് കൈലാസത്തെയും അവിടത്തെ കുടിയേറ്റക്കാരെയും അടിമാലിയുമായി ബന്ധിപ്പിക്കുന്നത്. ഈ വഴിയുടെ പ്രത്യേകത നാട്ടിൻപുറത്തുകൂടിയാണെന്നതാണ്. നാടൻ ചായക്കടകളും ചെറു കവലകളും ചട്ടയും മുണ്ടുമുടുത്ത കിഴക്കൻ മലയിലെ ക്രിസ്ത്യാനിവല്യമ്മമാരും പിന്നെ ആളില്ലാ വഴികളുമാണ് യാത്രയുടെ ആകർഷണങ്ങളിൽ പ്രധാനം.

pic9

കല്ലാർകുട്ടി പുഴ മെലിഞ്ഞിരിക്കുന്നു. അതെങ്ങനെയാ, കുറച്ചുമുകളിൽ ചെന്നാൽ ഈ പുഴയെ തടഞ്ഞിരിക്കുന്ന കല്ലാർകുട്ടി ഡാം കാണാം. ആയിരത്തിതൊള്ളായിരത്തി അറുപത്തിരണ്ടിലാണ് ഈ ഡാമിന്റെ പണി പൂർത്തിയായത്. ഇവിടെനിന്നും പെരിയാർ പിന്നെയുമൊഴുകിയാണ് നേര്യമംഗലത്തിനടുത്തുള്ള പാബ്ള ഡാമിലേക്കെത്തുന്നത്.

കല്ലാർകുട്ടി ഡാം കഴിഞ്ഞാൽ പിന്നെ കാഴ്ചകളൊന്നുമില്ല. നേരെ അടിമാലിയിലേക്കു വച്ചുപിടിക്കാം. അവിടെനിന്നു മൂന്നാറിലേക്കോ ഇടത്തോട്ടുതിരിഞ്ഞാൽ എറണാകുളത്തേക്കോ പോകാം. ഞങ്ങൾ തിരികെ എറണാകുളത്തേക്ക്. നാൽപ്പതുകിലോമീറ്റർ യാത്ര പകർന്നു തന്നത് നാടൻ കാഴ്ചകളായിരുന്നു. ബൈക്കിൽ കൈലാസം വഴി വരുന്നതാണ് ഉത്തമം. തോന്നുന്നിടത്തു നിർത്തി പടമെടുത്ത്, അരുവികളിൽ ഇറങ്ങിക്കുളിച്ച് മദിച്ച്, മലമുകളിൽ കയറിയിറങ്ങി ഒന്നു കറങ്ങിവരാം.

pic13

താമസം അടിമാലിയിൽ ആണു നല്ലത്. ഭക്ഷണം എല്ലാ ചെറുകവലകളിലും കിട്ടുമെങ്കിലും അത്യാവശ്യത്തിനുള്ളതും വെള്ളവും കരുതുന്നത് നല്ലതാണ്. വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം. അൽപം വിജനമായ പ്രദേശങ്ങളാണെന്നു പറഞ്ഞിരുന്നല്ലോ, സഹായത്തിന് ആൾക്കാരെത്താൻ സമയമെടുക്കും. അതിനാൽ അതിസാഹസികത അരുത്. അടിമാലി- കോതമംഗലം റൂട്ടിൽ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ, നേര്യമംഗലം കാട് എന്നിവ ആസ്വദിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA