ഡ്രൈവ് ഇൻ ബീച്ചിലൂടെ കാർ പായിച്ച് മലയാളത്തിലെ യുവനടൻ

deepak-trip
SHARE

കൊച്ചിയിലൊരു ഡ്രൈവ് ഇൻ ബീച്ചോ? മലർവാടി ആർട്സ് ക്ലബ്ബിലൂടെ കേരളം ഇളക്കി മറിച്ച്, കുഞ്ഞിരാമായണത്തിലൂടെ സൽസയ്ക്കായി കൊതിച്ച്. രക്ഷാധികാരി ബൈജുവിലൂടെ ക്രിക്കറ്റ് കളിച്ച് വിശ്വവിഖ്യാതരായ പയ്യൻമാരിലൂടെ യുവമനസ്സുകളിൽ ചേക്കേറിയ നടൻ ദീപക്കിന്റെ ആദ്യ ചോദ്യം അതായിരുന്നു… ഇത് നിങ്ങളിൽ പലരുടെയും ഉള്ളിലുള്ള ചോദ്യമായിരിക്കാം.

deepak-trip2
ദീപക്കിന്റ യാത്രകൾ

വിശ്വവിഖ്യാതരായ പയ്യൻമാർ എന്ന ത്രില്ലർ സിനിമയുടെ സംവിധായകൻ രാജേഷ് കണ്ണങ്കരയാണു ദീപക്കിനെ യാത്രയ്ക്കു ക്ഷണിക്കുന്നത്. കാക്കനാട്ടു നിന്നു ദീപക്കിനെ പിക്ക് ചെയ്ത് ടാറ്റ നെക്സൺ ആദ്യം നീങ്ങിയത് കണ്ണമാലി കടപ്പുറത്തേക്കായിരുന്നു. തേവരപ്പാലത്തിലൂടെ നക്സണിന്റെ ഉൾസൗന്ദര്യം കണ്ടുള്ള യാത്രയിൽ ദീപക് തന്റെ ഫോൺ മ്യൂസിക് സിസ്റ്റവുമായി ബന്ധിപ്പിച്ചു. ഹാർമൻ സൗണ്ട് സിസ്റ്റത്തിന്റെ എട്ടു സ്പീക്കറുകളിലൊഴുകി വന്ന കിടിലൻ പാട്ടുകളെക്കാൾ ദീപക്ക് ആസ്വദിച്ചത് ആ മ്യൂസിക് സിസ്റ്റത്തിന്റെ തെളിമയായിരുന്നു. ഏതു പ്രീമിയം കാറുകളെയും വെല്ലുന്ന ശബ്ദം. കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിൽ ആഡംബരത്തിന്റെ അവസാനവാക്ക്. അതാണ് നെക്സൺ.

കണ്ണമാലി കടപ്പുറമെത്തുമ്പോൾ ദീപക് തന്റെ പുതിയ ചിത്രമായ വിശ്വവിഖ്യാതരായ പയ്യൻമാരുടെ അതേ മൂഡിലെത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും കുരുത്തം കെട്ട പയ്യൻമാർ എന്നാണു സിനിമയിൽ ഇവര്‍ക്കുള്ള തലവാചകം. കുരുത്തം കെട്ടവർ എന്തൊക്കെ ചെയ്യും? അവർ കടലിൽ കുത്തിമറിയും. മലകൾ കയറിമറിയും. കാട്ടിൽ താമസിക്കും. ആരും പോകാത്ത വഴികളിലൂടെ സഞ്ചരിക്കും. ഇതൊക്കെയാണ് നമ്മുടെ യാത്രയും.

deepak-trip1
ദീപക്കിന്റ യാത്രകൾ

കണ്ണമാലി ബീച്ചിലേക്കു വണ്ടിയിറക്കുമ്പോൾ വലയിലെ പരുക്കുകൾ തീർക്കുകയായിരുന്നൊരു ചേട്ടൻ മുന്നറിയിപ്പു തന്നിരുന്നു– കടൽ കയറിവരുന്നുണ്ട് കേട്ടാ.. ശരി ഏട്ടാ നോക്കിക്കോളാം എന്നു പറഞ്ഞ് ദീപക് ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു. കഷ്ടിച്ചു നൂറു മീറ്റർ നീളമുള്ള വളഞ്ഞൊരു ചെറുബീച്ചാണ് കണ്ണാമലിയിലേത്. തെളിമയുള്ള ജലം, നീലാകാശം, ഇടത്ത് കടൽ ഭിത്തി, അകലെ തെങ്ങിൻതോപ്പ്, ഉറച്ച മൺതിട്ട ചെന്നുകയറുന്നത് തോണികൾ വിശ്രമിക്കുന്ന തണൽമരങ്ങൾക്കിടയിലേക്ക് മൂന്നുപ്രാവശ്യം ദീപക് തിരകളെ കീറിമുറിച്ച് സുന്ദരമായി വണ്ടിയോടിച്ചു. നെക്സണിന്റെ ഡ്രൈവിങ് മോഡ്സ്പോർട്ടിലേക്കു മാറ്റി. ശേഷമുള്ള കുതിപ്പിൽ കടൽ ഇത്തിരി കലികൊണ്ടോ എന്നൊരു സംശയം നെക്സണിന്റെ തോളൊപ്പമുള്ള വെള്ളവരയ്ക്കൊപ്പം വെള്ളത്തിരമാലകളുയർന്നു. മുൻവീലിലെ ട്രാക്ഷൻ ഇല്ലാതായി പൊടുന്നനെ ദീപക് വണ്ടി ഇടത്തോട്ടു വെട്ടിച്ചു മാറ്റി ബ്രേക്കിട്ടു ഈ ഭീമൻതിര ഇറങ്ങിയപ്പോൾ കാൽകൊടുത്തു നെക്സണെ കരയ്ക്കു കയറ്റി. ഒന്നു രണ്ടു മത്സ്യത്തൊഴിലാളികൾ ഈ സീൻ കണ്ട് എണീറ്റു വരുന്നുണ്ടായിരുന്നു.

deepak-trip1
ദീപക്കിന്റ യാത്രകൾ

എല്ലാവരോടും സ്നേഹാന്വേഷണം അറിയിച്ച് ആ കടൽക്കരയോടു ദീപക്കും നെക്സണും ടാറ്റാ പറഞ്ഞു. ആസിഫ് അലിക്കും നിവിൻ പോളിക്കും ശേഷം ഫാസ്റ്റ്ട്രാക്കിനൊപ്പം യാത്ര ചെയ്യുന്ന യുവതാരമാണ് ദീപക്. സൗമ്യമായ പെരുമാറ്റവും അധ്വാനിക്കാനുള്ള മനസും ദീപക്കിനെ ഉയരങ്ങളിലെത്തിക്കും ഇതു വായിക്കുമ്പോൾ നിങ്ങൾ ദീപക്കിന്റെയും രാജേഷ് കണ്ണങ്കരയുടെയും വിശ്വാവിഖ്യാതരായ പയ്യൻമാർ എന്ന ചിത്രം കണ്ടിരിക്കുമായിരിക്കും കാക്കനാട്ടേക്കുള്ള വഴിയിലൂടെ  സ്പോർട് മോഡിൽ പാട്ടുകേട്ടു പറന്ന ആ ചെറു യാത്രയ്ക്കു ശേഷം നെക്സണിൽ നിന്നിറങ്ങുമ്പോൾ ദീപക് കൈപ്പടം വിടർത്തി ഒറ്റക്കണ്ണടച്ച് നെക്സണണെ ചാഞ്ഞും ചെരിഞ്ഞും നോക്കുന്നുണ്ടായിരുന്നു. ‘‘അല്ലാ ഞാന്‌ ഈ ലോഗോ മറച്ചു വയ്ക്കുകയായിരുന്നു. ഏതോ വിദേശവണ്ടിയിൽ യാത്ര ചെയ്തതു പോലുണ്ട്. ഇനി ലോഗോ മറച്ചു പിടിക്കേണ്ട. ടാറ്റ ഒരുങ്ങിത്തന്നെയാണ്. അത്രമേൽ ഫീച്ചറുകളും മറ്റും ഒരുക്കിത്തന്നെയാണ് നെക്സണെ പുറത്തു വിട്ടിരിക്കുന്നത്. എന്നു ഞങ്ങൾ ഉത്തരം നൽകി. ഫിലിം പ്രമോഷൻ പരിപാടികളുള്ളതിനാൽ ദീപക്ക് ട്രാവലോഗിന് ഇടവേള നൽകി.

കരയും റോഡ്

വിശ്വവിഖ്യാതനായ ഒരു പയ്യൻ പിരിഞ്ഞെങ്കിലും മറ്റൊരാൾ നമ്മുടെ കൂടെ രണ്ടു ദിവസമുണ്ട്. നെക്സൺ കടൽ കണ്ടാൽ ഇനി കുന്നുകയറണം കാരണം ഏതു പരിസ്ഥിതിക്കും ചേർന്നവനാണു നെക്സൺ. നഗരത്തിനായി സെക്സി രൂപവും കാട്ടുവഴികൾക്കായി കരുത്തുറ്റ എൻജിനും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. എന്നാലിനി കരയുന്ന റോഡിലേക്കിറങ്ങാം. എറണാകുളത്തെ കാട്ടിലെക്കെത്ര കടൽദൂരമുണ്ട്? നെക്സണിന്റെ സ്പോർട് മോഡിലാണെങ്കിൽ ഇച്ചിരി എന്നേ പറയാനുള്ളൂ. ആലുവ പെരുമ്പാവൂർ കോതമംഗലം– നേര്യമംഗലം കടന്ന് ഇടുക്കിയിലേക്കുള്ള വഴിയിലൂടെ ഒന്നു സഞ്ചരിച്ചു നോക്കൂ. ഒരു മഴ പെയ്താൽ മലകളാകെ കരയുന്നിടം. റോഡുകളിലേക്ക് ആ ആനന്ദക്കണ്ണീർ ഒലിച്ചിറങ്ങുന്നു. പത്തോ പതിമൂന്നോ വെള്ളച്ചാട്ടം ഇടുക്കിയിലെത്തുന്നതിനു മുൻപു കണ്ടു പാബ്‌ള ഡാമിനടുത്തെത്തുമ്പോൾ ഈറ്റക്കാടുകൾ വരവേൽക്കും. പാബ്ള എന്ന പേരിനെന്താണർഥം? ലോവർ പെരിയാർ പവർ ഹൗസിലെ സെക്യൂരിറ്റിയാണതു പറഞ്ഞു തന്നത്.

deepak-trip6
ദീപക്കിന്റ യാത്രകൾ

പാമ്പുകളുടെ അള എന്നത്. ചുരുണ്ടുകിടന്നപ്പോഴാണ് പാബ്‌ളയായത്. ഡാം നിർമാണത്തിനെത്തിയപ്പോൾ പാറകളിലെങ്ങും പാമ്പുകളുണ്ടായിരുന്നുവത്രേ. ഈ ഡാമിന്റെ ക്യാച്മെന്റ് ഏരിയയിൽ പർവതനിരയുടെ പനിനീരായ പെരിയാർ കലങ്ങിയൊഴുകുന്നു. ആനകളുടെ ഇഷ്ടസ്ഥരമാണിത്. പക്ഷേ, നിങ്ങൾ പേടിക്കേണ്ടെന്നു തട്ടുകടക്കാരടക്കമുള്ള നാട്ടുകാർ പറയുന്നു. സങ്കടം തിങ്ങിവിങ്ങുമ്പോൾ തേങ്ങലോടെ ഉരുൾപൊട്ടുന്ന പ്രകൃതിയെ മാത്രം സൂക്ഷിച്ചാൽ മതി. ഏതു വെള്ളച്ചാട്ടത്തിനടുത്തും അധികനേരം നിൽക്കരുത് എന്നിങ്ങനെ ഉപദേശങ്ങളും കിട്ടി.

മലയോരത്തെ മഞ്ഞുവഴികൾ

deepak-trip4
ദീപക്കിന്റ യാത്രകൾ

നെടുങ്കണ്ടത്തെ ഏലക്കാടുകൾക്കിടയിൽ രാത്രി താമസം. രാവിലെ തിരികെ വരുമ്പോഴാണു കിഴക്കൻ മലകളിലെ നിലാവല്ല, മഞ്ഞാണു കൃസ്ത്യാനിപ്പെണ്ണ് എന്നു മനസ്സിലാക്കുക. കനത്ത മഞ്ഞിന്റെ ലജ്ജയെ ഫോഗ്‌ലാംപ് ഓൺ ആക്കി നെക്സൺ ഉണർത്തി നോക്കി. ഏലക്കാടുകളിലെ വൻ മരശിഖരങ്ങൾ നർത്തകിമാരുടെ മുദ്രാവിരലുകൾ പോലെ ആകാശത്തേക്കു വിരിഞ്ഞു നിൽക്കുന്നു നെക്സണിന്റെ എൽഇഡി വാൽക്കണ്ണ് ഏതു മഞ്ഞിനിടയിലും തെളിഞ്ഞുകാണും കുട്ടമ്പുഴയെന്ന ടൂറിസം ഗ്രാമമാണു ലക്ഷ്യം. നാനൂറു രൂപയ്ക്ക് കാടിനടുത്ത് ടെന്റ് താമസമൊരുക്കിത്തരാം എന്നു സുഹൃത്ത് സുധീഷ് തട്ടേക്കാട് കരിമണലിനടുത്തു നിന്നു തമിഴ് വംശജർ മുളകൊണ്ടു നിർമിക്കുന്ന കുട്ടയും വടിയും വാങ്ങി നെക്സണിന്റെ ഡിക്കിയെ പരീക്ഷിച്ചു വേണേൽ ഒരു മുളങ്കാടിനും സ്ഥലമുണ്ട് ബാക്കി എന്ന മട്ടിൽ കൂസലില്ലാതെ നിൽക്കുകയാണു നെക്സൺ.

കുട്ടമ്പുഴയെന്ന ടൂറിസം ഗ്രാമം

ലോകത്തെ ഏറ്റവും നല്ല തയ്യൽക്കട എന്ന ഒരു തെരുവിലെ രണ്ടു കടകളിലൊന്നിന് ഉടമ വിശേഷണം നൽകി. രണ്ടാമൻ ഈ തെരുവിലെ ഏറ്റവും മികവുറ്റ തയ്യൽക്കടയെന്നും സത്യത്തിൽ അപ്പോൾ ഏതാണു മികച്ചത്? ഇക്കഥയിലേതു പോലെയാണു കുട്ടമ്പുഴയും തട്ടേക്കാടും. അതിപ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതം കുട്ടുമ്പുഴ പഞ്ചായത്തിലാണ്. അപ്പോൾ കുട്ടമ്പുഴയാണോ തട്ടേക്കാടാണോ കേമം എന്നു ചോദിക്കരുത്. ഇടമലയാറും പെരിയാറും നട്ടുനനച്ചുവളർത്തിയ പക്ഷിഉദ്യാനമാണ് തട്ടേക്കാട് ശ്രീലങ്കയിലും സഹ്യപർവതത്തിലും മാത്രം കാണുന്ന മാക്കാച്ചിക്കാട പോലുള്ള അത്യപൂർവ പക്ഷികളെ കാണാൻ വിദേശികളടക്കം വിമാനം പിടിച്ച് തട്ടേക്കാട്ടിലേക്കെത്തുന്നു. നമുക്ക് തട്ടേക്കാട് അല്ല ഈ യാത്രയിൽ പ്രധാനം കുട്ടമ്പുഴയാണ്. ഇടമലയാറും പൂയംകുട്ടിപ്പുഴയും മുതിരപ്പുഴയും ചേരുന്നയിടമായതിനാൽ കൂട്ടുപുഴ എന്ന പേരു കിട്ടി. നാം പിന്നീടിതു കുട്ടമ്പുഴയാക്കി. വനയാത്രകൾക്ക് എറണാകുളം ജില്ലയിൽ ഇതിലും നല്ല സ്ഥലമില്ല.

മാമലക്കണ്ടം എന്ന കുടിയേറ്റ ഗ്രാമത്തിലേക്ക്

കുട്ടമ്പുഴയിൽ നിന്നു സ്വന്തം വാഹനത്തിൽ മാമലക്കണ്ടത്തിലേക്കുള്ള യാത്ര അവിസ്മരണീയം. തനി കാട്ടുവഴി. വലിയ ക്ണാച്ചേരിയിലെ കാനനക്ഷേത്രം ഒന്നു കാണേണ്ടതു തന്നെയാണ്. വൻമരങ്ങൾക്കു താഴെ ചെമ്മണ്ണണിഞ്ഞ വഴികളിൽ അലങ്കാരമെന്നോണം കരിയിലകൾ കിടപ്പുണ്ട്. ഇടത്തോട്ടു തിരിഞ്ഞാൽ പിന്നെ കോൺക്രീറ്റ് റോഡ്. ഇടതൂർന്ന കാടുകൾക്കിടയിലൂടെ അരുവികൾ അനക്കമില്ലാതെ പായുന്നു. പന്ത്രപ്രയിലെത്തുമ്പോൾ ആദിവാസിക്കുടികൾ കാണാം. പല സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ആനകളുണ്ടാകും പേടിക്കേണ്ടെന്നു വീണ്ടും കേട്ടു. നേരം ഇരുട്ടുന്നു വനംവകുപ്പിന്റെ ഇലവ്–തേക്ക് തോട്ടത്തിലൂടെയാണ് ഇനി പോകേണ്ടത്. ഒറ്റവണ്ടിക്കു മാത്രം പോകാവുന്ന കോൺക്രീറ്റ് വഴി. മൈനാകപർവതം ഹനുമാന്റെ വഴിമുടക്കിയതു പോലെ റോഡിലേക്കു ചിലയിടങ്ങളിൽ നിന്നു പാറകൾ ഉയർന്നുവരും. നെക്സണിന് അതൊരു പ്രശ്നമേ ആയിരുന്നില്ല.

deepak-trip3
ദീപക്കിന്റ യാത്രകൾ

ഇരുനൂറ്റൊൻപതു മില്ലിമീറ്റർ ആണല്ലോ ഗ്രൗണ്ട് ക്ലിയറൻസ്. കുത്തുകയറ്റങ്ങൾക്കിരുവശത്തും ഗർത്തങ്ങൾ. കാടിന്റെ നിശ്ശബ്ദത. ആനയെ എപ്പോഴും കാണാമെന്ന അവസ്ഥ. എന്തിനും പോന്ന നെക്സൺ മാമലക്കണ്ടത്തിലേക്കുള്ള യാത്ര ഇങ്ങനെയായിരുന്നു. മാമലകൾക്കിടയിലുള്ള കണ്ടം എന്നു തന്നെയാണ് ഈ കുടിയേറ്റ ഗ്രാമപ്പേരിനർഥം. ആഹാരം കിട്ടില്ല. ചെറുചായക്കടകളും മറ്റും മാത്രം. വഴി മുന്നോട്ടുപോയാൽ നേര്യമംഗലം കടന്ന് മൂന്നാർ അടിമാലി പാതയിലേക്കെത്താം. പയ്യൻമാർക്കു തീർച്ചയായും ഈ വഴി ഇഷ്ടമാകും. ചായ കുടിച്ചുകൊണ്ടിരിക്കെ സുധീഷ് വിളിച്ചു. മാഷേ, നമുക്കിന്ന് പെരിയാറിന്റെ കരയിൽ ടെന്റ് അടിച്ചു താമസിക്കാം.

പെരിയാറും ടെന്റും പിന്നെ നെക്സണും

തിരികെ തട്ടേക്കാട് എത്തുമ്പോൾ മഴ ചാറിത്തുടങ്ങിയിരുന്നു. സുധീഷ് തട്ടേക്കാടിന്റെ സംഘത്തോടൊപ്പം പെരിയാറിന്റെ തീരത്തേക്ക് വനത്തിനരികിലൂടെ കുഞ്ഞ് ഓഫ് റോഡ് വഴി നനഞ്ഞ പുല്ലു നിറഞ്ഞൊരു വലിയ വരമ്പ് ചാടിക്കടന്നാൽ വിശാലമായ പുൽമേട് ബീ ഈറ്റർ പക്ഷികൾ ചടുലതയോടെ ഇരപിടിക്കുന്നു. ഭൂതത്താൻകെട്ടിന്റെ ക്യാച്മെന്റ് ഏരിയയാണിവിടെ സുധീഷും കൂട്ടുകാരനും ടെന്റ് സെറ്റ് ചെയ്തുതന്നു. നിക്സണിന്റെ നിറമുള്ള ടെന്റിൽ ബെഡും മറ്റുമുണ്ട്. രണ്ടുപേർക്കു സുഖമായി കിടക്കാം വന്യമൃഗങ്ങളെ പേടിക്കേണ്ട ചില ഗോമാതാക്കൾ സന്ദർശനത്തിനെത്തിയാലായി. രാത്രി പെരിയാറിനെ അനുഭവിച്ചു ചെലവിടുക. പകൽ പക്ഷികളുടെ കലപില കേൾക്കുക. അവിസ്മരണീയം. 

സകുടുംബം താമസിക്കണമെങ്കിൽ കൂടുതൽ സുരക്ഷിതമായ, എന്നാൽ കാടിനോടു ചേർന്നു സംഘമായി താമസിക്കാനും ഇവർ സൗകര്യമൊരുക്കുന്നുണ്ട്. ഇഷ്ടമുള്ള ഭക്ഷണവും വച്ചു തരും. ഒരാൾക്കു കാടനുഭവിച്ചുള്ള ചെറുസാഹസിക താമസത്തിനു വെറും മുന്നൂറ്റെഴുപത്തഞ്ചുരൂപയേ വരുകയുള്ളൂ എന്നതാണ് ആകർഷകം. കാടിനോടടുത്തായതിനാൽ കിളികളെയും മൃഗങ്ങളെയും കാണുകയുമാകാം. പ്രകൃതിയെ നോവിക്കാത്ത വിനോദസഞ്ചാരം ടെന്റുകൾ സ്ഥിരമല്ലാത്തതിനാലും ഒരു തരി മാലിന്യംപോലും ഇവിടങ്ങവിൽ ഉപേക്ഷിക്കാത്തതിനാലും യാത്രാപ്രേമികൾക്കും പ്രകൃതിസ്നേഹികൾക്കും അടുത്ത യാത്ര അങ്ങോട്ടേക്കാകാം. എപ്പോഴുമെപ്പോഴും സ്വാഗതം എന്നു സൂധീഷ് പയ്യൻമാരേ… കേട്ടല്ലോ ല്ലേ…. കാടാവുമ്പോ ഒരു റിലാക്സേഷനൊക്കെയുണ്ടാകും. പുലിമുരുകൻ ചിത്രീകരിച്ച പൂയംകുട്ടി. ഇടമലയാർ ഡാം, ഭൂതത്താൻകെട്ട് എന്നീ സ്ഥലങ്ങൾ ‍കുട്ടമ്പുഴയെ ചുറ്റിപ്പറ്റിയുണ്ട് അതുകൊണ്ട് യാത്രയിൽ മടുപ്പുണ്ടാകുന്നില്ല..

തട്ടേക്കാട് പക്ഷിസങ്കേതത്തിലും താമസിക്കാം പക്ഷികളെ നിരീക്ഷിക്കാനും പടമെടുക്കാനും യാത്രകളാവാം.

കടലും കടങ്ങളും താണ്ടുവാനിന്നൊരു കളിവഞ്ചി മാത്രമുള്ളല്ലോ എന്ന പാട്ടിനെ നമുക്കു  മാറ്റിയെഴുതാം. കടലും കാടും താണ്ടുവാനിനിയൊരു നെക്സൺ കൂട്ടിനുണ്ടല്ലോ എന്നാക്കാം. യാത്ര ഏതുമാകട്ടെ നെക്സൺ തയാർ. ഒരു ദിവസം കൊണ്ടുതന്നെ കടലിൽ കുളിക്കാം. കാട്ടിൽ താമസിക്കാം എന്നതാണീ യാത്രയുടെ സവിശേഷത. അപ്പോൾ തയാറല്ലേ?

യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബീച്ചിൽ തിരകളുടെ വലുപ്പച്ചെറുപ്പം നോക്കി വണ്ടിയോടിക്കുക. ഇടുക്കി പാതയിൽ വെള്ളച്ചാട്ടങ്ങളുടെ സമീപം അധിക നേരം നിൽക്കരുത്. മാമലക്കണ്ടത്ത് ആനകൾ വഴിമുടക്കിയാൽ വാഹനം ഇരമ്പിക്കാതെ, ലൈറ്റോ ഹോണോ ഉപയോഗിക്കാതെ കാത്തുനിൽക്കുക. അവ വഴിമാറിക്കൊള്ളുമെന്നു നാട്ടുകാർ. ടെന്റിൽ താമസിക്കുമ്പോൾ ബാച്ചിലേഴ്സ് ആണെങ്കിൽ മാത്രം പുഴയോരം തിരഞ്ഞെടുക്കുക. അല്ലെങ്കിൽ കൂടുതൽ സുരക്ഷിതമായ ടെന്റുകളൊരുക്കിയതിൽ ചേക്കേറുക.

താമസം

തട്ടേക്കാട് വനംവകുപ്പിന്റെ വീടുകളിലും ഏറുമാടത്തിലും താമസിക്കാം. 8547603194, 8547603174 ടെന്റുകളിൽ താമസിക്കാൻ 9497244940 (സുധീഷ് തട്ടേക്കാട്) റൂട്ട്

∙ മട്ടാഞ്ചേരി കണ്ണമാലി

 

∙ ആലുവ പെരുമ്പാവൂർ കോതമംഗലം തട്ടേക്കാട്–കുട്ടമ്പുഴ–മാമലക്കണ്ടം.

 

∙ കോതമംഗലം നേര്യമംഗലം കരിമണൽ – ഇടുക്കി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA