വയനാടിന്റെ വാഗമണ്‍ കണ്ടിട്ടുണ്ടോ

5wayanad
SHARE

വയലും നാടും ചേർന്ന വയനാടിന്റെ വേറിട്ടൊരു കാഴ്ച. വയനാടിന്റെ വാഗമണ്‍ എന്നു വിശേഷിപ്പിക്കാവുന്ന ഈ മനോഹരിയാണ് മുനീശ്വര മുടി. കാറ്റടിച്ചുലയുന്ന പുൽനാമ്പുകളിൽ, മൺനിറമാർന്ന പൂക്കളിൽ പ്രകൃതിയുടെ നിശ്വാസമറിയാം. 

തൊണ്ണൂറിന്റെ കരുത്ത്

തൊണ്ണൂറ്. വയസ്സല്ല, കരുത്തിന്റെ കണക്കാണിത്. പുന്തോ ഇവോയുടെ ഉള്ളിൽ ചുരമാന്തി നിൽക്കുന്ന കുതിര ശക്തി. ഇരയെക്കാണുമ്പോൾ കുതിക്കാനായി പമ്മി നിൽക്കുന്ന  കരിമ്പുലിയെപ്പോലെ  പൂന്തോ ഇവോ കോട്ടയത്തെത്തിയപ്പോൾത്തന്നെ കാഴ്ചക്കാർ ചുറ്റും കൂടിയിരുന്നു. പ്രീമിയം കാറുകളെ തോൽപ്പിക്കുന്ന  ഇവോയുടെ പ്രകടനവും യാത്രാസുഖവുമായിരുന്നു താമരശ്ശേരി ചുരമെത്തും വരെ ഞങ്ങളുടെ സംസാരം. എത്ര യാത്രകള്‍ ഈ ചുരത്തെ മറികടന്നിട്ടുണ്ടെന്ന് അറിയില്ല. ഇവിടെയെത്തുന്ന ഓരോ യാത്രികനും  കുതിരവട്ടം പപ്പുവിനെ ഓർക്കുമായിരിക്കും. ഇല്ലേ? താമരശ്ശേരിച്ചൊരം എന്നൊരു നീട്ടിയ സംഭാഷണവും. നല്ല തിരക്കുണ്ട് ഇവിടെ. ഉത്തരേന്ത്യക്കാരും നാടൻ യാത്രക്കാരും വാഹനങ്ങൾ നിർത്തിയിട്ട് ചുരത്തിന്റെ കാഴ്ചയാസ്വദിക്കുന്നു. പുലിപോലെ ചുരം കടന്ന് വയനാട്ടിലേക്കു പ്രവേശിക്കുമ്പോൾ മറ്റൊരു പുലി ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

മാനെ എയ്ത വാടി

1wayanad
മുനീശ്വരമുടിയുടെ മുകളിൽനിന്നു കാണുന്ന എസ്റ്റേറ്റ്

വയനാട്ടിലേക്ക് അഞ്ചു ചുരങ്ങളുണ്ട്. അതിലൊന്നാണ് താമരശ്ശേരി ചുരം. പെരിയ ചുരം കണ്ണൂരുമായി, താമരശ്ശേരി ചുരം കോഴിക്കോടുമായി, കുറ്റ്യാടിച്ചുരം വടകരയുമായി, പാൽച്ചുരം ഇരിട്ടിയുമായി, നാടുകാണിച്ചുരം നിലമ്പൂരുമായി. വയനാടിനെ ബന്ധിപ്പിക്കുന്നു. മാനന്തവാടിയാണു നമ്മുടെ ലക്ഷ്യം. മാനെ എയ്ത വാടി എന്നാണത്രേ മാനന്തവാടിയുടെ ശരിയായ പേര്. മാനിനെ അമ്പെയ്തു വീഴ്ത്തിയ ഇടം എന്നാണർഥം. കുറിച്യർ എന്ന ആദ്യകാല സ്വാതന്ത്ര്യഭടന്മാരുടെ ആയുധം അമ്പും വില്ലുമായിരുന്നല്ലോ.  ഇവർ പഴശ്ശിരാജയുടെ നേതൃത്വത്തിൽ  ബ്രിട്ടീഷുകാരോടു പോരാടിയപ്പോൾ മാനന്തവാടി മൂകസാക്ഷിയായിരുന്നു. 

ബി സ്ട്രീറ്റ്

മാനന്തവാടിയിലെ ഗ്രീൻ റസിഡൻസിയുടെ മാനേജർ തോമസ് വഴിയാണ് ആദ്യമായി  മുനീശ്വരമുടിയെപ്പറ്റി കേൾക്കുന്നത്. മാനന്തവാടി – തലശ്ശേരി റോഡിലെ ബി സ്ട്രീറ്റ് എന്ന തെരുവിലാണ്. ഈ ഹോട്ടൽ. ബഫല്ലോ സ്ട്രീറ്റ് എന്നു മുഴുവൻ പേര്. തമിഴ് വംശജർ ആദ്യകാലത്തു ജീവിച്ചിരുന്നു ഇവിടെ. തമിഴരുമായി മുനീശ്വരമുടിക്കും ബന്ധമുണ്ട്. മുനീശ്വര മുടിയിലേക്കു പോവുമ്പോള്‍ ഒന്നുകിൽ മാനന്തവാടിയില്‍ തങ്ങണം. പക്ഷേ, ഇത്രയും വന്നിട്ട് ഹോട്ടലിൽ തങ്ങണോ?

2wayanad
മുനീശ്വരമുടിയുടെ മുകളിലൂടെയുള്ള നടപ്പാത

തോമസ് ഒരാളെ പരിചയപ്പെടുത്തിത്തന്നു. സന്തോഷ്. അദ്ദേഹം വളരെ സന്തോഷത്തോടെ ഞങ്ങളോടൊപ്പം ചേർന്നു. സ്വന്തമായി ഒരു ട്രാവൽസൈറ്റും (Wayanadtravelogue. com) യാത്ര ചെയ്യാൻ‌ വളരെ കൊതിയുമുള്ള സന്തോഷായിരുന്നു പിന്നീടു ഞങ്ങളുടെ വഴികാട്ടി. ആ രാത്രി പൂന്തോയുടെ ലൈറ്റിൽ ഞങ്ങളൊരു മലയടിവാരത്തിലേക്കു ചെന്നു. നല്ല മഞ്ഞിൽ ലൈറ്റ് ഹൗസ് പോലെ അങ്ങകലെ, ഉയരത്തിൽ ഒരു വീട് ഉറങ്ങാതെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. 

മഞ്ഞിൻ ചിറകുള്ള വില്ല – Nature Inn

മഴ പെയ്തു ചാലുകളായിക്കിടക്കുന്ന ടാറിടാത്ത റോഡ്.  പോരാത്തതിനു ചെറിയ ചാറ്റൽ മഴയും. പക്ഷേ, ഇവോയുടെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസിനെ പരീക്ഷിക്കാൻ ഇതൊന്നു പര്യാപ്തമായിരുന്നില്ല. വീടിന്റെ തൊട്ടടുത്തുവരെ ഞങ്ങൾ എത്തി. പിന്നീട് ഉയരത്തിലേക്കു നടന്നു തുടങ്ങി. 

4wayanad
കാടിനടുത്തു താമസിക്കാൻ ഇവിടെയെത്താം

തൊട്ടടുത്തു കാടാണെന്നു വീടുനോക്കുന്ന ജയിംസേട്ടൻ പറഞ്ഞു. അഥവാ വല്ല അനക്കവും കേട്ടാൽ വിളിക്കണം. ആന വരാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പും. പക്ഷേ, ആന തൊട്ടു വിളിച്ചു ഫ്രണ്ട് റിക്വസ്റ്റ് അയച്ചാലും തിരിച്ചറിയാത്ത മഞ്ഞ്. വീടിന്റെ ഉമ്മറം കഴിഞ്ഞ് രണ്ടടിവച്ചാൽ ഒരു വേലിയുണ്ട്. അതിനപ്പുറത്തേക്ക് ഒന്നുമേ കാൺമതില്ലൈ.... അകലെ നിന്ന് ആരോ കൂവുന്നുണ്ട്. ഏതോ വാഹനങ്ങൾ ഇരച്ചു പായുന്നത് ഉറക്കത്തിലെന്നവണ്ണം അവ്യക്തമായി കേൾക്കാം. മറ്റൊരു ശബ്ദവുമില്ല. വേലിക്കൽ നിന്ന് കൈകൾ വിടർത്തി ടൈറ്റാനിക്കിലെ ജാക്കും റോസും കളിക്കാൻ തോന്നി. ഉമ്മറത്തു ചാഞ്ഞിരുന്നു അത്താഴം അകത്താക്കുന്നതിനിടയിൽ മൊബൈലിൽ നിന്ന് ആ സുന്ദരഗാനം ഒഴുകി വന്നു.... മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ....ഉള്ളിന്റെയുള്ളിൽ തിരയുന്നതെന്തേ?..... പാട്ടുകേട്ടിട്ടാണോ എന്തോ മഞ്ഞ് ഞങ്ങളെ ഗാഢമായി ആലിംഗനം ചെയ്യുന്നുണ്ടായിരുന്നു. 

താമരശ്ശേരി ചുരം
താമരശ്ശേരി ചുരം

രാവിലെ കാഴ്ചയ്ക്കു മുകളിലെ മേഘം മാഞ്ഞു. വാനം തെളിഞ്ഞിരിക്കുന്നു. ഫോറസ്റ്റിന്റെ  അതിർത്തിക്കല്ലുകൾ ഇതാ തൊട്ടടുത്ത്. പേരറിയാകിളികൾ നമസ്കാരം പറഞ്ഞു (അതോ ശല്യപ്പെടുത്തിയതിനുള്ള ചീത്തയോ?). മലമുഴക്കി വേഴാമ്പലിനെ ഇവിടെവച്ചു ജയിംസേട്ടൻ കണ്ടിട്ടുണ്ടത്രേ. ഏതായാലും കോഴിവേഴാമ്പൽ ധാരാളമുണ്ട്.  കുടുംബവുമൊത്തു കാടിനടുത്തു താമസിക്കണമെങ്കിൽ ഇവിടേക്കു വരാം. (സന്തോഷ്–09747606780)

മുനീശ്വരന്റെ മകൾ

എന്റെ പൊന്നേ, പെണ്ണുകാണാൻ വന്നിട്ട് നാടിന്റെ വിവരണ മാണല്ലോ മുഴുവൻ എന്നു തോന്നുന്നുണ്ടോ? ക്ഷമിക്കുക. നാമിതാ മുനീശ്വരന്റെ മകളെ കാണാൻ പോവുന്നു.  ഇവോ മടി കൂടാതെ മലയിറങ്ങി. തലപ്പുഴ കഴിഞ്ഞ് രണ്ടു കിലോമീറ്റർ മുന്നോട്ടു പോവുമ്പോള്‍ വലത്തോട്ട് ചെറിയൊരു വഴി കാണാം. മൂന്നു കിലോമീറ്റർ ദൂരം കഴിഞ്ഞാൽ മുനീശ്വരമുടിയുടെ അടിവാരമായി. ഇനിയങ്ങോട്ടു കാർ പോവില്ല. ഫോർവീൽ ഡ്രൈവ് ജീപ്പ് മാത്രം കയറുന്ന വഴിയിലൂടെ. അരക്കിലോമീറ്റർ ഞങ്ങൾ നടന്നു. നടപ്പിന്റെ ക്ഷീണമറിയാതിരിക്കാനായി തണുത്ത കാറ്റ് വീശിത്തരുന്നുണ്ട് പ്രകൃതി. ഗട്ടറുകളുള്ള ടാറിടാത്ത റോഡ് അങ്ങുമലമുകളിൽ വരെ പോവുന്നു. 

6wayanad
ഇക്കാണുന്നത് വാഗമൺ പോലെയില്ലേ

മുകളിലെത്തുമ്പോഴാണ് ഈ സുന്ദരിയെ കാണുക. ഇതാ വയനാടിന്റെ വാഗമൺ മുന്നിൽ. നല്ല പച്ചക്കുന്നുകൾ. മുടികളിൽ കുസൃതി കാണിക്കുന്ന കാറ്റ്. െചരിവുകളിൽ ക്ലാവു പിടിച്ചതു പോലെ ചോലക്കാടുകൾ. താഴ‍‍്‍‍വാരത്തിൽ കോതിയൊരുക്കിയ തേയിലത്തോട്ടങ്ങളിൽ ധാരാളം തമിഴ് വശംജരെ ജോലിക്കായി ബ്രിട്ടീഷുകാർ കൊണ്ടു വന്നു താമസിപ്പിച്ചിരിക്കുന്നു. അവരുടെ ചെറിയൊരമ്പലമാണ് മുനീശ്വരൻ കോവിൽ. ഇതു ഉള്ളതുകൊണ്ടാണ് മുനീശ്വരമുടിയെന്ന പേര്. മുനീശ്വരൻ കോവിലുകൾ തമിഴ്നാട്ടിലെ  കുന്നിൻ പുറങ്ങളിലാണു കാണപ്പെടാറ്. ഒരു സുന്ദരമായ സ്ഥലത്തു ചെന്നിട്ട് ആദ്യമായി സങ്കടം തോന്നി. തന്റെ പ്രിയപ്പെട്ട ആരോ ഒരാൾ കൂടെയുണ്ടായിരുന്നെങ്കിൽ.....

പഴശ്ശിരാജയ്ക്കെന്താ ഈ കുന്നിൽ കാര്യം

ഞങ്ങൾ ആ പുൽമേട്ടിലൂടെ ചുറ്റിയടിച്ചു. നവദമ്പതികളായ രാജേഷും ലാൽബിയും കാറ്റും തണുപ്പും ആസ്വദിച്ചു നടക്കുന്നു. അനേകം പിള്ളേരു ഈ കുന്നിന്‍ മുകളിലെത്തുന്നുണ്ട്. ധാരാളം സെൽഫികളെടുക്കുന്നവരിൽ ഒരുത്തൻ പറഞ്ഞ കാര്യം ശ്രദ്ധയിൽപ്പെട്ടു. ഡാ.....ഇവിടെവച്ചാണ് പഴശ്ശിരാജയും കുറിച്യരും തമ്മിൽ യുദ്ധമുണ്ടായത്......

അതേടാ മക്കളേ, ബ്രിട്ടീഷുകാരുടെ കമാൻഡറായിരുന്നു പഴശ്ശിരാജ. അദ്ദേഹത്തിന്റെ  അഹങ്കാരം കണ്ടു സഹിക്കവയ്യാ തെ കുറിച്യർ അങ്കത്തിനൊരുങ്ങുകയായിരുന്നു....ഹും.

ചരിത്രബോധത്തിന്റെ കാറ്റടിക്കാത്ത ഫേയ്സ്ബുക്ക് പയ്യൻസിനു നമോവാകം. ധീരദേശാഭിമാനികളേ ക്ഷമിക്കുക. 

പഴശ്ശിരാജ ഇവിടെവന്നു വിശ്രമിച്ചിട്ടുണ്ട് എന്നൊരു നാട്ടുകാരൻ പറഞ്ഞു. ഏതു യുദ്ധം കഴിഞ്ഞിവിടെ വന്നാലും മനസ്സു ശാന്തമാകും. വയനാടിന്റെ ഓരോ പുൽക്കൊടിയിലും ആ വീരഭടന്മാരുടെ കയ്യൊപ്പുണ്ടല്ലോ. 

മുനീശ്വരമുടിയിലെ അപ്പുക്കിളി

ഖസാക്കിന്റെ ഇതിഹാസത്തിലെ അപ്പുക്കിളിയെപ്പോലെയല്ലെങ്കിലും ഈ താഴ്‍‍‍വാരത്തിലെ  അനൗദ്യോഗിക ഗാർഡ് ആണ് ബൈജു.  മിണ്ടാൻ കഴിയില്ല. പക്ഷേ, കേൾവിയുണ്ട്. തന്റെ കുഞ്ഞുഡയറിയിൽ ഫോറസ്റ്റുകാരുടെ മുന്നറിയിപ്പ് സന്ദർശകർക്കു നൽകുകയാണു ബൈജു. മലമുകളിലേക്കു കൂടെ വരുന്നതിനു ഫീസ് മുപ്പതുരൂപയെന്നു കയ്യിൽ എഴുതി ക്കാണിക്കും. ബൈജുവുള്ളതുകൊണ്ടാണോ എന്നറിയില്ല.  പ്ലാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളും ഈ പുല്ലുകളെ വേദനിപ്പിച്ചു തുടങ്ങിയിട്ടില്ല. 

ബ്രഹ്മഗിരി പർവത നിരയുടെ  ഒരു ഭാഗമാണ് മുനീശ്വരമുടി. ട്രക്കിങ് ചെയ്യണമെന്നാഗ്രഹിക്കുന്നവർക്ക് ഈ കുന്നിനുമപ്പുറത്ത് മക്കിമലയുണ്ട്. പിന്നെ കാടിനപ്പുറം തിരുനെല്ലിയും. തിരിച്ചിറങ്ങുമ്പോൾ പാൽച്ചുരവും കൊട്ടിയൂർ അമ്പലവും. ആറളം സാങ്ച്വറിയും സഞ്ചാരികൾക്കായുണ്ട്. 

പാൽച്ചുരത്തിലേക്ക്

താമരശ്ശേരി കയറിയാല്‍ പാൽച്ചുരവും ഇറങ്ങേണ്ടേ? അങ്ങനെ നിയമമൊന്നുമില്ലെങ്കിലും കുത്തനെ ഇറക്കമുള്ള പാൽച്ചുരം കൂടി കാണാന്‍ തോന്നി. ഇരിട്ടിയിലേക്കാണ് പണ്ടത്തെ ഈ വ്യാപാര വഴി. വലതു വശത്ത് അത്യഗാധമായ കൊക്കയും നല്ല ഇടതൂർന്ന കാടും. കുറച്ചു നടക്കുകയാണെങ്കിൽ ഒരു കുഞ്ഞു വെള്ളച്ചാട്ടം കാണാം. ധാരാളം അട്ടയുണ്ട് സൂക്ഷിക്കുക. 

തിരികെ മാനന്തവാടി–പനമരം–താമരശ്ശേരിച്ചുരം–കോഴിക്കോട്–ചാവക്കാട്–പറവൂർ–എറണാകുളം–കോട്ടയം. രാത്രിയിലെ ഡ്രൈവിങ്ങിലും ഒട്ടും മടുപ്പുളവാക്കാതെ കോട്ടയത്തെത്തു മ്പോൾ രാവിലെയായി. ആ ലെതര്‍ സ്റ്റിയറിങ്ങിൽ നിന്നു കയ്യെടുക്കുമ്പോൾ മനസ്സു പറഞ്ഞു– എന്റെയും അടുത്ത വണ്ടി പുന്തോ ഇവോ തന്നെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA