sections
MORE

990 രൂപയ്ക്ക് കന്യാകുമാരിയിലേക്ക്... ഒരു ലക്ഷ്വറി യാത്ര

SHARE

എന്തിന് കന്യാകുമാരിയിലേക്ക് യാത്ര ചെയ്യണം? കന്യാകുമാരിയെ കുറിച്ചറിയാവുന്നവർക്ക് മുന്നിൽ ഈ ചോദ്യം അപ്രസക്തമാണ്. ഇന്ത്യയുടെ കീഴ്ഭാഗം അവസാനിക്കുന്നിടം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവയുടെ സംഗമസ്ഥലം, കടലിന്റെ വെള്ളത്തിനും തീരത്തെ മണൽത്തരികൾക്കും പോലും വ്യത്യസ്ത നിറം, ഉദയവും അസ്തമയവും കാണാവുന്നിടം, പശ്ചിമഘട്ടവും പൂർവ്വഘട്ടവും അവസാനിക്കുന്ന സ്ഥലം. വിവേകാനന്ദന്റെ പാദാരവിന്ദങ്ങൾ പതിച്ചയിടം. കന്യാകുമാരി ക്ഷേത്രം, തിരുവള്ളുവർ പ്രതിമ എന്നിങ്ങനെ നിരവധി അപൂർവകാഴ്ചകൾ ഒരിടത്ത് നിന്നും ലഭിക്കുമെങ്കിൽ പിന്നെയെന്ത് ചിന്തിക്കാൻ? പോകുക തന്നെ നേരേ കന്യാകുമാരിയിലേക്ക്...

ലക്ഷ്വറി ബസ്, ചെലവ് തുച്ഛം

വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുന്ന പാക്കേജുകൾ നടപ്പിലാക്കാൻ എന്നും മുൻപന്തിയിൽ നിൽക്കുന്ന സർക്കാർ സംരംഭമാണ് കെടിഡിസി. ഓരോ കാലാവസ്ഥാ വ്യതിയാനത്തിനും അനുസൃതമായി വിനോദസഞ്ചാരികളെ ആകർഷിക്കാൻ വ്യത്യസ്ത പാക്കേജുകൾ നടപ്പിലാക്കുന്ന കെടിഡിസി, ലാഭേച്ഛയില്ലാതെ സാധാരണക്കാരന്റെ 'പോക്കറ്റ്' മനസിലാക്കി പ്രഖ്യാപിച്ചതാണ് ലക്ഷ്വറി ബസിലെ കണ്ടക്റ്റഡ് ടൂറുകൾ.

kanyakumari
കന്യാകുമാരി

അത്യാധുനിക സംവിധാനങ്ങളോട് കൂടിയ എസി ബസിൽ ഒറ്റയ്ക്കോ കൂട്ടമായോ പാക്കേജുകൾ തിരഞ്ഞെടുത്ത് ബുക്കുചെയ്ത് യാത്ര പോകാവുന്ന സംവിധാനമാണ് കണ്ടക്റ്റഡ് ടൂറുകളിലൂടെ നടപ്പിലാക്കുന്നത്. 

kanyakumari9
കന്യാകുമാരിയിലെ കാഴ്ചകൾ

ബസ്: കണ്ടക്റ്റഡ് ടൂറിനുള്ള ബസ് റോഡിലേക്കിറങ്ങിയാൽ നാലാൾ ശ്രദ്ധിക്കും. ബസിന് പുറത്തുള്ള അലങ്കാരപണികൾ ആദ്യക്കാഴ്ചയിൽ തന്നെ കണ്ണിൽ പതിയുന്നതാണ് ഇതിനുകാരണം. 24 പേർക്ക് സുഖകരമായിരുന്ന് യാത്ര ചെയ്യാവുന്ന ലക്ഷ്വറി എസി ബസാണ് കണ്ടക്റ്റഡ് ടൂറിനായി ഒരുക്കിയിരിക്കുന്നത്. സെമി സ്ലീപ്പർ പുഷ്ബാക്ക് സീറ്റുകളും ഇൻ-ബിൽറ്റ് ഓഡിയോ, വിഡിയോ സൗകര്യങ്ങളുമുള്ളതാണീ വാഹനം. ഉള്ളിൽ പിൻവശത്തായി വെള്ളം തണുപ്പിക്കാനായി ചെറിയ ഫ്രിഡ്ജും വെള്ളം ചൂടാക്കാനായി കെറ്റിലും ഉണ്ട്. കുറഞ്ഞ ചെലവിൽ ബസ് വാടകയ്ക്കെടുത്ത് സ്വന്തം ടൂർ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനുള്ള അവസരവും കെടിഡിസി നൽകുന്നു. 

കുറഞ്ഞചെലവിൽ 'മെസ്മറൈസിങ് കന്യാകുമാരി' ടൂർ

സമയം: 7.30 AM - 10.00 PM 

ചെലവ്: 990 രൂപ 

kanyakumari4
കന്യാകുമാരി

തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്കൊരു യാത്ര. പോകും വഴി കേരളത്തിന്റെ സാംസ്കാരിക പൈതൃകമായ പത്മനാഭപുരം കൊട്ടാരത്തിൽ കയറി കാഴ്ചകൾ കാണാം. രാവിലെ 7.30 ആണ് തിരുവനന്തപുരം പിഎംജി ജംഗ്ഷനിലെ മസ്ക്കറ്റ് ഹോട്ടലിൽ നിന്നും 'മെസ്മറൈസിങ് കന്യാകുമാരി' ടൂർ ആരംഭിക്കുന്നത്.

KTDC_BUS

ചൈത്രം ഹോട്ടലിന്റെ മുന്നിൽ നിന്നും സെക്കന്റ് പിക്കപ്പ്. പാറശാല മോട്ടൽ ആരാമത്തിൽ പ്രഭാത ഭക്ഷണത്തിനായി അരമണിക്കൂർ സമയം അനുവദിക്കും. അവിടെ നിന്നുമാണ് നേരെ പത്മനാഭപുരം കൊട്ടാരത്തിലേക്ക് പോകുന്നത്.

പത്മനാഭപുരം കൊട്ടാരം

1592 മുതൽ 1609 വരെ തിരുവിതാംകൂർ ഭരിച്ച ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാളാണ് 1601ൽ പത്മനാഭപുരം കൊട്ടാരനിർമ്മാണത്തിന് തുടക്കമിട്ടത്. കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണ് കൊട്ടാരം. 1741-ൽ കുളച്ചൽ യുദ്ധത്തിനു ശേഷമാണ് മാർത്താണ്ഡവർമ്മ മഹാരാജാവ് ഇന്നു കാണുന്ന തരത്തിൽ കൊട്ടാരം പുതുക്കി പണിതത്. കേരളാ സർക്കാരിന്റെ പുരാവസ്തു വകുപ്പാണ് ഇപ്പോൾ കൊട്ടാരം നോക്കി നടത്തുന്നത്. 

kanyakumari3
പത്മനാഭപുരം കൊട്ടാരം

ഒന്നേക്കാൽ മണിക്കൂറാണ് കൊട്ടാരം കാണാൻ അനുവദിക്കപ്പെട്ടിട്ടുള്ളത്. 35 രൂപയാണ് ഒരാൾക്ക് കൊട്ടാര സന്ദർശനത്തിനുള്ള ടിക്കറ്റ് നിരക്ക്. മൊബൈൽ ക്യാമറ ഉപയോഗിക്കണമെങ്കിൽ 50 രൂപ ടിക്കറ്റ് വേറെയെടുക്കണം. വിഡിയോ ക്യാമറയ്ക്ക് പ്രത്യേക നിരക്കുണ്ട്. നമ്മൾ കേട്ടറിഞ്ഞ തിരുവിതാംകൂർ കഥകളിലെ പലകാഴ്ചകളും വസ്തുവകകളും കൊട്ടാരത്തിൽ കാണാം. പഴമ കാത്തുസൂക്ഷിക്കുന്നതോടൊപ്പം കാര്യങ്ങൾ വിശദീകരിച്ചു നൽകാൻ ഗൈഡുകളും കൊട്ടാരത്തിലുള്ളത് കൂടുതൽ ഉപയോഗപ്രദമാണ്.

kanyakumari5
വിവേകാനന്ദപ്പാറ

ഇന്ത്യയുടെ ത്രിവേണി സംഗമം

അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവയുടെ സംഗമസ്ഥലം. കന്യാകുമാരിയെ വ്യത്യസ്തമാക്കുന്ന മുഖ്യഘടകം ഇതുതന്നെയെന്ന് പറയാം. ഒരു മണിയോട് കൂടി ടൂർ ബസ് കന്യാകുമാരിയിലെത്തും. അവിടെ നിന്നും ഉച്ച ഭക്ഷണമാകാം. രണ്ട് മണിമുതൽ 5.45 വരെ കന്യാകുമാരി കാണാനുള്ള സമയം കിട്ടും.

kanyakumari8
കന്യാകുമാരിയിലെ കാഴ്ചകൾ

അൽപം കടൽക്കാറ്റേറ്റ് നേരേ ബോട്ട് യാത്രയ്ക്ക് തിരിക്കുന്നതാകും കൂടുതൽ അഭികാമ്യം. കാരണം കടലിന്റെ സ്വഭാവമനുസരിച്ച് 4 മണി കഴിഞ്ഞാൽ ബോട്ടുകൾ ഒതുക്കി തുടങ്ങും. കന്യാകുമാരിയുടെ ഹൈലേറ്റ് വിവേകാന്ദപ്പാറയും തിരുവള്ളൂവർ പ്രതിമയും അടുത്തുകാണാനുള്ള അവസരം പാഴാക്കരുത്.

വിവേകാന്ദപ്പാറയും തിരുവള്ളൂവർ പ്രതിമയും 

34 രൂപയാണ് ബോട്ട് യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക്. അൻപത് പേരോളം കൊള്ളുന്ന ജങ്കാർ പോലുള്ള വലിയ ബോട്ടിൽ പൂർണ സുരക്ഷാസംവിധാനങ്ങളുമായി 3 മിനിറ്റ് കടലിലൂടെ സഞ്ചരിക്കുമ്പോൾ വിവേകാന്ദപ്പാറയിലെത്താം. അവിടെ നിന്നും 20 രൂപ ടിക്കറ്റ് വേറെ എടുക്കണം. ഉച്ചയിക്കുള്ള പൊരിവെയിലത്തും ശക്തമായ നനുത്ത കടൽക്കാറ്റ് ഏവർക്കും പുത്തൻ അനുഭവമാകും. ഒരു വൻപ്പാറ... നാലുപാടും കടൽമാത്രം. ദൂരെ കന്യാകുമാരി ദേവിയുടെ ക്ഷേത്രവും ഗാന്ധി സ്മാരകവും തൊട്ടടുത്ത് തിരുവള്ളൂവറിന്റെ 133 അടി ഉയരമുള്ള പ്രതിമയും കാണാം. വിവേകാനന്ദസ്വാമികൾ കടൽ നീന്തിക്കടന്ന് 1892 ഡിസംബർ 23,24,25 തീയതികളിൽ ഈ പാറയിൽ വന്നു ധ്യാനിച്ചിരുന്നിരുന്നു എന്നാണ് ഐതിഹ്യം. വിവേകാനന്ദ സ്വാമികളുടെ സ്മരണാർത്ഥമാണ് ഈ സ്മാകരം പണിത് 1970ൽ രാഷ്ട്രത്തിന് സമർപ്പിച്ചത്.

കന്യാകുമാരി
തിരുവള്ളുവർ പ്രതിമ

വിവേകാന്ദപ്പാറയിൽ അൽപസമയം ചിലവഴിച്ച ശേഷം അടുത്ത ബോട്ടിൽ കയറി തിരുവള്ളൂവർ പ്രതിമ സ്ഥിതി ചെയ്യുന്ന പാറയിലേക്ക് പോകാം. 133 അടി ഉയരമുള്ള തിരുവള്ളുവറിന്റെ ശിലാപ്രതിമ രണ്ടായിരത്തിലാണ് അനാച്ഛാദനം ചെയ്തത്. തിരുവള്ളുവർ പ്രതിമയുടെ അടുത്തെത്താൻ മുകളിലേക്ക് പടവുകളുണ്ട്. കയറുന്നിടത്ത് തമിഴിലും ഇംഗ്ലീഷിലും തിരുക്കുറളിലെ 133 അധ്യായത്തെ അനുസ്മരിപ്പിക്കും വിധം ലിഖിതങ്ങളുണ്ട്. കരിക്കൽക്കെട്ടിനുള്ളിലൂടെ മുകളിലേക്ക് നടക്കുമ്പോൾ പുറത്ത് വെയിലാണെന്ന് തോന്നുക പോലുമില്ല. നല്ല തണുപ്പ്. പ്രതിമയുടെ കാൽപാദത്തിന് അരികിലായി മുകളിലെത്തുമ്പോൾ കടലിനെ ഏരിയൽ വ്യൂവിൽ കാണാം. വിവേകാന്ദപ്പാറ മുഴുവനായി ക്യമറയിൽ പകർത്താൻ ഇവിടെ നിന്നും മാത്രമേ പറ്റൂ. ഇവിടെ നിന്നും തിരിച്ചിറങ്ങി ബോട്ടിൽ തിരികെ കരയിലേക്ക് മടങ്ങാം.

കന്യാകുമാരി
കന്യാകുമാരിയിലെ കാഴ്ചകൾ

കന്യാകുമാരി ക്ഷേത്രവും ഗാന്ധി മണ്ഡപവും

മഹാത്മാഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ച സ്ഥലത്ത് 1956 ല്‍ പണി കഴിപ്പിച്ചതാണ് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപം. 79 അടി ഉയരം മണ്ഡപത്തിനുണ്ട്. കരയിലെത്തിയാൽ ഗാന്ധി മണ്ഡപം സന്ദർശിക്കാം. കടലിന്റെ തീരത്തായി തന്നെ ദേവീ കന്യാകുമാരിയുടെ ക്ഷേത്രവുമുണ്ട്. ഈ ക്ഷേത്രത്തിന്റെ കടലിന് അഭിമുഖമായുള്ള കിഴക്കേനട തുറക്കാറില്ല. രാവിലെ 4.30 നു നട തുറക്കും. 11.45 ന് നട അടയ്ക്കും. പിന്നെ വൈകിട്ട് 4 ന് നടതുറന്ന് 8 ന് അടയ്ക്കും. ആദിപരാശക്തിയുടെ അവതാരമാണ് കന്യാകുമാരി എന്നാണ് ഐതീഹ്യം. ഇവിടെയും തൊഴുത് കന്യാകുമാരി കടൽത്തീരത്തെ വിശാലമായ വിപണന കേന്ദ്രങ്ങളിൽ ഇറങ്ങാം. 

Gandhi_Memorial_Kanyakumari1
ഗാന്ധി മണ്ഡപം

കന്യാകുമാരിയിൽ നിന്നും ആറുമണിക്കാണ് ബസ് തിരിക്കുക. ഇടയ്ക്ക് കെടിഡിസി പാറശ്ശാലയിൽ അത്താഴത്തിലായി ഇറങ്ങും. തുടർന്ന് നേരേ തിരുവനന്തപുരത്തേക്ക്. 990 രൂപയ്ക്ക് മികച്ചൊരു കന്യാകുമാരി പാക്കേജാണ് കെടിഡിസി മുന്നിൽ വയ്ക്കുന്നത്. ആളുകളെ എണ്ണം നോക്കിയല്ല ടൂർ ബസുകൾ പുറപ്പെടുന്നത്. എണ്ണം കുറവാണെങ്കിലും ടൂർ മുടങ്ങാതെ സംഘടിപ്പിക്കുക എന്നൊരു നിലപാടാണ് അധികൃതരെടുത്തിരിക്കുന്നത്. കണ്ടക്റ്റഡ് ടൂറുകൾ കൂടുതൽ ജനകീയമാക്കുന്നയെന്നത് തന്നെയാണ് ലക്ഷ്യം. എന്തായാലും ആകർഷകമായ ഈ പാക്കേജുകൾ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള യാത്രാപ്രേമികളുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.

മറ്റ് ടൂർ പാക്കേജുകൾ

kanyakumari
കന്യാകുമാരി

മെസ്മറൈസിങ് കന്യാകുമാരി കൂടാതെ ഗ്ലോറിയസ് തിരുവനന്തപുരം, റിഫ്രഷിങ് പൊന്‍മുടി, കൊച്ചി സ്‌പ്ലെന്‍ഡർ, അള്‍ട്ടിമേറ്റ് കൊച്ചി എന്നീ ടൂര്‍ പാക്കേജുകളും നടപ്പിലാക്കുന്നുണ്ട്.

ഗ്ലോറിയസ് തിരുവനന്തപുരം: അനന്തപുരിയിലെ കാഴ്ചകൾ ഒറ്റ ദിവസം കൊണ്ട് കാണാൻ കഴിയുന്ന പാക്കേജാണിത്. മസ്ക്കറ്റ് ഹോട്ടലിൽ നിന്നും ആരംഭിക്കുന്ന ഈ ട്രിപ്പിൽ കോട്ടൂർ ആന പലിപാലനകേന്ദ്രം, നെയ്യാർ ഡാം, ബോട്ടിങ്, തിരുവനന്തപുരം സൂ, മ്യൂസിയം, ആർട്ട് ഗാലറി, കോവളം ബീച്ച് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ 7.30 തുടങ്ങുന്ന ട്രിപ്പ് വൈകുന്നേരം 7 മണിക്ക് അവസാനിക്കും. 795 രൂപയാണ് ഈ പാക്കേജിന് ഒരാളിൽ നിന്നും ഈടാക്കുന്നത്.

kanyakumari-temple
കന്യാകുമാരി ക്ഷേത്രം

കൊച്ചി സ്‌പ്ലെന്‍ഡർ & അള്‍ട്ടിമേറ്റ് കൊച്ചി: കൊച്ചിയിലെ കാഴ്ചകളിലേക്കുള്ള യാത്രയാണിത്. ബോളിഗാട്ടി പാലസിൽ നിന്നുമാണ് ബസ് ആരംഭിക്കുന്നത്. മറൈൻ ഡ്രൈവിലെ കെടിഡിസിയുടെ ഇൻഫർമേഷൻ സെന്ററിൽ നിന്നും ഒരു പിക്കപ്പ് ഉണ്ട്. ഇവിടെ നിന്നും നേരെ തൃപ്പൂണിത്തുറ ഹിൽ പാലസിലേക്ക് പോകും. ഉച്ച ഭക്ഷണവും കഴിഞ്ഞ് മട്ടാഞ്ചേരി, ഡച്ച് പാലസ്, ജൂത പള്ളി, ഫോർട്ട് കൊച്ചി, സാന്റക്രൂസ് ബസലിക്ക, സെന്റ്. ഫ്രാൻസിസ് ചർച്ച്, ചീനവല കാഴ്ചകൾ എന്നിവ കവർ ചെയ്യും. അവിടെ നിന്നും തിരികെ ഇൻഫർമേഷൻ സെന്ററിലേക്കും ബോൾഗാട്ടി പാലസിലേക്കും. 825 രൂപയാണ് പാക്കേജിന്റെ റേറ്റ്.

148423909

അള്‍ട്ടിമേറ്റ് കൊച്ചി പാക്കേജിൽ തൃപ്പൂണിത്തുറ ഹിൽ പാലസ് ഒഴിവാക്കി ചേറായി ബീച്ച് ഉൾപ്പെടുത്തിയിരിക്കുന്നു. ബാക്കിയുള്ളതെല്ലാം കൊച്ചി സ്‌പ്ലെന്‍ഡറിൽ ഉള്ള സ്ഥലങ്ങൾ തന്നെയാണ്.

റിഫ്രഷിങ് പൊന്‍മുടി: ടെക്നോപാർക്കിലെ ജീവനക്കാർക്കുള്ള പാക്കേജാണിത്. പൊൻമുടിയിൽ ഗോൾഡൻ പീക്ക് റസ്റ്റോറന്റിൽ ഒു ദിവസത്തെ താമസം ഉൾപ്പെടെ ചെലവു കുറവിൽ വളരെ ആകർഷകമായ പാക്കേജു കൂടിയാണിത്. താമസവും യാത്രാ നിരക്കും ഉൾപ്പെടെ 2455 രൂപയാണ് ചെലവ്.

ponmudi

തിരുവനന്തപുരത്തെ കണ്ടക്റ്റഡ് ടൂർ പാക്കേജുകൾ ബുക്കുചെയ്യുന്നതിനും ബസ് വാടകയ്ക്ക് എടുക്കുന്നതിനും വിളിക്കുക:

9400008761

04712316736, 2725213

Email: centralreservations@ktdc.com

website: www.ktdc.com/bustours

കൊച്ചിയിലെ കണ്ടക്റ്റഡ് ടൂർ പാക്കേജുകൾ ബുക്കുചെയ്യുന്നതിനും ബസ് വാടകയ്ക്ക് എടുക്കുന്നതിനും വിളിക്കുക:

9400008762

04842353234, 2382199

Email: trckochi@ktdc.com

website: www.ktdc.com/bustours

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA