ട്രക്കിങ്ങിന് ഇതിലും മികച്ചൊരു സ്ഥലം കേരളത്തിലുണ്ടാകില്ല 

vellarimala-1
SHARE

സഞ്ചാരികൾ തങ്ങൾക്ക് യാത്ര ചെയ്യാനുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത് പലവിധത്തിലാണ് . ചിലർക്ക് നല്ല റൊമാന്റിക് സ്ഥലം വേണം, ചിലർക്ക് ബീച്ച് സൈഡ്, മറ്റുചിലർക്ക് നല്ല തണുപ്പ് കിട്ടുന്ന സ്ഥലം, ചിലരാകട്ടെ സാഹസിക യാത്രകൾ ഇഷ്‌ടപ്പെടുന്നവരാണ്. ഇങ്ങനെ ഏതുതരം സ്ഥലവും തിരഞ്ഞെടുത്ത് യാത്ര ചെയ്യാവുന്ന അനുഗ്രഹീതയിടമാണ് നമ്മുടെ കൊച്ചു കേരളമെന്നത് മലയാളികൾക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

vellarimala2

കാനനഭംഗി ആസ്വാദനവും അല്പം സാഹസികതയും ഇഷ്‌ടപ്പെടുന്നവർ മിക്കവാറും ട്രക്കിങ് സ്പോട്ടുകളായിരിക്കും യാത്രയ്ക്കായി തിരഞ്ഞെടുക്കുക. മാനസികമായും ശാരീരികമായും മുൻകരുതലുകൾ എടുക്കേണ്ട ഒരു യാത്രയാണ് ട്രക്കിങ്. കേരളത്തിൽ ഏറ്റവും മികച്ച ട്രക്കിങ് നടത്താൻ കഴിയുന്ന സ്ഥലങ്ങളാണ് കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന വെള്ളരിമല, വാവുൽ മല എന്നിവ. സമുദ്രനിരപ്പിൽ നിന്നും 2339 മീറ്റർ മുകളിലായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടത്തിലെ അതിമനോഹരമായൊരു ഇടമാണ് വാവുൽ മല.

കോഴിക്കോട് നിന്നും എകദേശം അൻപത് കിലോമീറ്റർ ദൂരം സഞ്ചരിക്കണം വെള്ളരിമലയിലേക്ക്. സഹ്യാദ്രിയോട് അടുത്ത് കിടക്കുന്ന മുത്തപ്പൻപുഴ ഗ്രാമത്തിൽ നിന്നുമാണ് വെള്ളരിമലയിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത്. സാധാരണ ഇവിടേക്ക് വരുന്ന ആൾക്കാർ രണ്ട് മൂന്നു ദിവസത്തെ യാത്ര കണക്കാക്കിയാണ് വരാറ്. കാരണം  വെള്ളരിമലയും വാവുൽ മലയും മസ്തകപ്പാറയുമൊക്കെ കീഴടക്കണമെങ്കിൽ എത്ര ഫയൽവാന്മാർ ആണെങ്കിലും രണ്ട് ദിവസം കുറഞ്ഞത് വേണം.

vellarimala3

ഇരുവഞ്ഞിപ്പുഴ ഉത്ഭവിക്കുന്ന മലനിരകളിലേക്കാണ് ഇവിടുത്തെ ട്രക്കിങ്. കാണാനും ആസ്വദിക്കാനും അനുഭവിക്കാനും നിരവധി ഘടകങ്ങൾ ഈ ട്രക്കിങ്ങിനിടയിൽ സഞ്ചാരികളെ കാത്തിരിക്കുന്നു. മുത്തപ്പൻപുഴ അല്ലെങ്കിൽ ആനക്കാംപൊയിൽ നിന്നും ആവശ്യത്തിന് വേണ്ട വെള്ളവും ഭക്ഷണവും കരുതണം. പിന്നീടങ്ങോട് ജനവാസമില്ല. വെറും കാട് മാത്രമാണ്. വിശന്നാൽ, ദാഹിച്ചാൽ മലയിറങ്ങേണ്ടി വരും എന്തെങ്കിലും കിട്ടാൻ. വെള്ളരിമലയിലേക്കാണ് മിക്കവരും ട്രക്കിങ് ആരംഭിക്കാറ്. നേരെ അടുത്താണ് തലയുയർത്തി നിൽക്കുന്ന വാവുൽ മല. കോടമഞ്ഞു പൊതിഞ്ഞ നിരവധി പർവതനിരകളും ഗൂഡവനവും വന്യമൃഗങ്ങളുടെ സാന്നിധ്യവും സാഹസിക യാത്രികരെ കൂടുതൽ ആവേശത്തിലാക്കും.

വന്യമൃഗങ്ങളുടെ കാൽപ്പാടുകൾ ആനപിണ്ഡവുമൊക്കെ (ചിലപ്പോഴൊക്കെ ഈ മൃഗങ്ങളെയൊക്കെ തന്നെ വഴിയിൽ കാണാം. വന്യമൃഗങ്ങള്‍ തെളിച്ച വഴിയിലൂടെ കാടുകയറുമ്പോഴാണ് ട്രക്കിങിന്റെ യഥാർത്ഥ അനുഭവം ലഭിക്കുന്നത്. കുത്തനെയുള്ള തീരെ വീതി കുറഞ്ഞ വഴികളും മനം കുളിർപ്പിക്കുന്ന കാഴ്ചകളും. കേതന്‍ പാറ, റെക് പാറ (REC പാറ), മസ്തകപാറ എന്നിവയെല്ലാം കണ്ട് അവിടെ നിന്നും തിരിച്ചിറങ്ങാം.

vellarimala4

വിശ്രമിച്ച ശേഷം വീണ്ടും കാട്ടിലൂടെ യാത്രചെയ്ത് വാവുൽ മല കയറാം. വെള്ളരിമലയേക്കാൾ ഉയരമുള്ള മാലയാണിത്. വനസൗന്ദര്യവും തണുപ്പും ആസ്വദിച്ച് കാട്ടരുവികളോട് കിന്നാരം പറഞ്ഞ് പോകുന്ന യാത്ര നയന മനോഹരം കൂടിയാണ്. ചെറുമലകൾക്ക് തൊപ്പി പോലെ അലകൃതമായ മേഘക്കെട്ടുകൾ ഏതൊരു യാത്രികന്റെയും മനസിൽ മറക്കാനാവാത്ത മനോഹര ദൃശ്യങ്ങളുടെ ഒപ്പിയെടുക്കലാകും. ചെറിയ കിടങ്ങുകൾ കണ്ട്, വനത്തിന്റെ തണുപ്പും സുഗന്ധവും ആസ്വദിച്ച് വാവുൽമല ട്രക്കിങ് പൂർത്തിയാക്കി ഇറങ്ങാം.

ട്രക്കിങ്ങിന് പോകുന്നവർക്ക് ടെന്റ് അടിക്കാനുള്ള സൗകര്യമുണ്ട്. അതല്ലെങ്കിൽ താമസത്തിന് ചില സ്വകാര്യ റിസോർട്ടുകളും പുതുതായി ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെക്കുറിച്ച് കൂടുതൽ അറിവില്ലാത്തവരാണ് പോകുന്നതെങ്കിൽ ഗൈഡിനെ കൂട്ടുന്നത് നന്നായിരിക്കും. നാട്ടുകാരോട് അന്വേഷിച്ചാൽ സ്ഥലത്തെക്കുറിച്ചുള്ള നിരവധി കഥകളും നിങ്ങൾക്ക് അറിയാൻ കഴിയും. ശാരിരികക്ഷമതയുള്ളവർ ട്രക്കിങ് തിരഞ്ഞെടുക്കുന്നതാകും നല്ലത്. കാരണം മണിക്കൂറുകൾ നീണ്ട് ട്രക്കിങിന് ശേഷം മലമുകളിൽ വച്ച് എന്തെങ്കിലും അസുഖം ബാധിച്ചാൽ പ്രാഥമിക ശുശ്രൂഷ അത്ര എളുപ്പമാകില്ല.

വെള്ളരിമലയുടെ സൗന്ദര്യം ആസ്വദിച്ച് ഒരു രാത്രി ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കായി ആധുനിക സൗകര്യങ്ങൾ കോർത്തിണക്കിയ റിസോർട്ടുകളുമുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വെള്ളരിമല ഇക്കോ ടൂറിസവുമായി ബന്ധപ്പെടാം. +91 9544 828180, +91 9961 078577

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA